Follow Us On

29

March

2024

Friday

കൃപകളുടെ വസന്തകാലം…

കൃപകളുടെ വസന്തകാലം…

വളരുന്ന തലമുറയെ വിദ്യാസമ്പന്നരാക്കണം എന്ന ലക്ഷ്യത്തോടെയാണ് ഫാ. തോമസ് കൊച്ചുപറമ്പില്‍ എന്നും പ്രവര്‍ത്തിച്ചിരുന്നത്. ഇന്ന് വിശ്രമജീവിതത്തിലാണെങ്കിലും തന്റെ നേട്ടങ്ങളില്‍ അദേഹം ഏറെ അഭിമാനം കൊള്ളുന്നു…

താമരശേരി രൂപതയിലെ മഞ്ഞുവയല്‍ ദൈവാലയത്തില്‍ സേവനം അനുഷ്ഠിക്കാന്‍ 1965 ലാണ് ഫാ. തോമസ് കൊച്ചുപറമ്പില്‍ എത്തുന്നത്. ദൈവാലയം എന്നു വിളിക്കാവുന്ന ഒന്നുമുണ്ടായിരുന്നില്ല അവിടെ. വെറും പുല്ലുമേഞ്ഞ ഷെഡുമാത്രം. ചാണകം മെഴുകിയ തറ. വിശുദ്ധ കുര്‍ബാനയുള്ള ദിവസങ്ങളില്‍ തലേന്ന് ഏതാനും സ്ത്രീകള്‍ വന്ന് തറ അടിച്ച് വൃത്തിയാക്കും, അതേയുള്ളൂ. വള്ളോപ്പിള്ളി പിതാവിന്റെ നിര്‍ദേശമനുസരിച്ചാണ് അച്ചന്‍ അങ്ങോട്ട് പോകുന്നത്. താമസസൗകര്യത്തിന്റെ അഭാവം മൂലം കോടഞ്ചേരിയില്‍ താമസിച്ചാണ് മഞ്ഞുവയല്‍ ഇടവകയിലെ ആത്മീയ കാര്യങ്ങള്‍ ചെയ്തത്.
പക്ഷേ സുദീര്‍ഘമായ കാല്‍നടയാത്ര മൂലം മഞ്ഞുവയലില്‍ ഒരു പള്ളിമുറി നിര്‍മ്മിക്കണമെന്ന് അച്ചന് തോന്നി. അങ്ങനെ പുല്ലുമേഞ്ഞ ഒറ്റമുറിയില്‍ താമസിച്ച് അച്ചന്‍ ഇടവകജനത്തിനുവേണ്ടി ജീവിക്കാന്‍ തുടങ്ങി. കുടിയേറ്റക്കാലത്ത് ആദ്യമെത്തിയ ഇടവകജനം അച്ചന് പൂര്‍ണ പിന്തുണനല്‍കി. തീര്‍ത്തും സാധാരണക്കാരായ ജനം അധ്വാനവും സമ്പാദ്യവുമെല്ലാം ദൈവാലയ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവച്ചു. അങ്ങനെ മനോഹരമായ ദൈവാലയം തോമസച്ചന്റെ നേതൃത്വത്തില്‍ ഉയര്‍ന്നുവന്നു. ഇടവകജനം ഒറ്റക്കെട്ടായി എന്നും അച്ചനോടൊപ്പമുണ്ടായിരുന്നു.
താമരശേരി രൂപതയിലെ ഇരൂഡ് വൈദിക മന്ദിരത്തില്‍ വിശ്രമജീവിതം നയിക്കുന്ന ഫാ. തോമസ് കൊച്ചുപറമ്പിലിന് ഓര്‍ക്കാന്‍ ഇതുപോലുള്ള നൂറുനൂറനുഭവങ്ങളുണ്ട്.
1990-2000 വരെ കല്യാണ്‍ രൂപതയിലായിരുന്നു അച്ചന്‍. രൂപതയുടെ ആരംഭകാലം. അന്ന് രൂപതയ്ക്ക് ബിഷപ്‌സ് ഹൗസോ ഇടവക ദൈവാലയങ്ങളോ ഉണ്ടായിരുന്നില്ല. മുംബൈയിലെ കലീനയില്‍ കേരള കാത്തലിക് അസോസിയേഷന് ഒരു കെട്ടിടമുണ്ട്. അവിടെയാണ് ബിഷപ് ഹൗസും ഓഫിസുമൊക്കെ പ്രവര്‍ത്തിച്ചിരുന്നത്.
സീറോ മലബാര്‍ സഭാംഗങ്ങളെ അന്വേഷിച്ച് കണ്ടെത്തി ദൈവാലയത്തിലേക്ക് അവരെ ക്ഷണിച്ചത് അച്ചന് വേറിട്ടൊരു ഓര്‍മയാണ്. എല്ലാ തിങ്കളാഴ്ചയും ബിഷപ്‌സ് ഹൗസില്‍ രൂപതാവൈദികര്‍ ഒന്നിച്ചുകൂടും. രൂപതാധ്യക്ഷനായ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിക്കൊപ്പം വൈദികര്‍ ഒന്നിച്ച് തമസിച്ച് അവരുടെ അജപാലന അനുഭവങ്ങള്‍ പങ്കുവച്ച് ഒന്നിച്ച് ഭക്ഷിച്ച് പിരിയുമായിരുന്നു. അതാകാം വൈദികര്‍ക്കിടയില്‍ ഐക്യവും സ്‌നേഹവും ശതഗുണീഭവിക്കുന്നതിന് വഴിയൊരുക്കിയത്. വൈദികരും മെത്രാന്മാരും തമ്മിലുള്ള ഇഴയടുപ്പം വര്‍ധിച്ചത്. പത്തുവര്‍ഷത്തെ മുംബൈ ജീവിതത്തില്‍ ഏറെ സന്തോഷകരമായ ഒട്ടനവധി ഓര്‍മകള്‍ സമ്മാനിച്ച ദിനങ്ങളാണ് അതെന്ന് തോമസച്ചന്‍ ഓര്‍ക്കുന്നു.
വളരുന്ന തലമുറയെ വിദ്യാസമ്പന്നരാക്കുക എന്നതായിരുന്നു അച്ചന്റെ ലക്ഷ്യം. മഞ്ഞുവയല്‍ വിമലമാതാ യു.പി.സ്‌കൂള്‍, കട്ടിപ്പാറ നസ്രത്ത് യു.പി.സ്‌കൂള്‍, കുളക്കാട് ഹൈസ്‌കൂളിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍, ഭീമനടി എല്‍.പി.സ്‌കൂള്‍, പടത്തുകടവ് ഹോളിഫാമിലി ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇങ്ങനെ നീളുന്നു അച്ചന്റെ പ്രവര്‍ത്തന ഫലങ്ങള്‍. പൗരോഹിത്യ ദൈവവിളി ലഭിച്ചതുപോലും ദൈവത്തിന്റെ പ്രത്യേകമായ ഇടപെടല്‍ മാത്രമായിരുന്നുവെന്നാണ് അച്ചന്റെ അഭിപ്രായം.
പാലാ രൂപതയില്‍ ബന്ധുക്കളായ മൂന്ന് വൈദികര്‍ ഉണ്ടായിരുന്നു. ഫാ. ജോസഫ് കൂവളളൂര്‍, ഫാ.ജോര്‍ജ് കാരുവേലില്‍, ഫാ. ദെസീഞ്ഞേവൂസ് സി.എം.ഐ എന്നിവരായിരുന്നു അവര്‍. പൗരോഹിത്യ ദൈവവിളിക്ക് ഏകമകനായ തോമസിന് താല്‍പര്യമുണ്ടെന്ന് അമ്മ ഈ വൈദികരോട് ഒരിക്കല്‍ പറഞ്ഞു. അങ്ങനെ പത്താംക്ലാസ് റിസല്‍ട്ട് അറിഞ്ഞപ്പോള്‍ കടനാട് ഇടവകപ്പള്ളിയില്‍ വള്ളോപ്പിള്ളി പിതാവ് വരുമെന്ന് ഫാ.ജോസ് കൂവള്ളൂര്‍ പറഞ്ഞതനുസരിച്ച് തോമസ് കാണാനെത്തി. അന്ന് സെമിനാരികള്‍ കുറവ്. തലശേരി രൂപതയുടെ ആരംഭകാലഘട്ടമായതിനാല്‍ രൂപതയ്ക്ക് സ്വന്തമായി മൈനര്‍ സെമിനാരിയും ഉണ്ടായിരുന്നില്ല.
ഏതെങ്കിലും മിഷന്‍ രൂപതയില്‍ ചേര്‍ന്ന് വൈദികനാകുന്നതാണ് നല്ലതെന്നായിരുന്നു വള്ളോപ്പിള്ളി പിതാവിന്റെ നിര്‍ദേശം. എന്നാല്‍, ഏകമകന്‍ നാടുവിട്ട് പോകുമെന്ന് കരുതി അമ്മ സങ്കടപ്പെട്ടു. അതുകൊണ്ട് ദൈവവിളിയില്ലെന്ന് കരുതി കോട്ടയം പൈകടാസ് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനിയറിംഗ് കോഴ്‌സിന് തോമസ് ചേര്‍ന്നു. പക്ഷേ, ദൈവവിളിയുള്ള വ്യക്തിയെ ദൈവം കൈവിടില്ലെന്നത് യാഥാര്‍ത്ഥ്യമായി. ആയിടെ പാലാ രൂപതയിലെ സെമിനാരിയില്‍നിന്ന് തലശേരി രൂപതയില്‍ നിന്നുളള വൈദികവിദ്യാര്‍ത്ഥി വീട്ടിലേക്ക് മടങ്ങിയപ്പോള്‍ ആ ഒഴിവിലേക്ക് വൈദികര്‍ ശുപാര്‍ശ ചെയ്തത് തോമസച്ചനെയാണ്. ഒരു മാസത്തെ എഞ്ചിനിയറിംഗ് പഠനം ഉപേക്ഷിച്ച് അച്ചന്‍ ദൈവവിളിക്ക് പ്രത്യുത്തരം നല്‍കി.
ഫാ. തോമസ് മൂത്തേടന്‍ ആയിരുന്നു റെക്ടര്‍. അച്ചന്റെ പ്രോത്സാഹനവും പിന്തുണയും തോമസച്ചന് തുണയായി. രണ്ടു വര്‍ഷത്തെ പെറ്റിസെമിനാരി പരിശീലനത്തിന് ശേഷം ആലുവ പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്നും ഫിലോസഫിയും മംഗലപ്പുഴ സെമിനാരിയില്‍ നിന്നും തിയോളജി പഠനവും കഴിഞ്ഞു. 1964 ഡിസംബര്‍ ഒന്നിന് മുംബൈയില്‍ നടന്ന ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ തലശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവില്‍നിന്നും പൗരോഹിത്യം സ്വീകരിച്ചു. ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ പോള്‍ ആറാമന്‍ പാപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു.
എന്നും ജനത്തെ കൂട്ടായ്മയായി വളര്‍ത്താന്‍ അച്ചന് കഴിഞ്ഞിട്ടുണ്ട്. മഞ്ഞുവയലില്‍ ജനപങ്കാളിത്തത്തോടെ നിര്‍മിച്ച യു.പി സ്‌കൂളും കട്ടിപ്പാറയില്‍ നടന്ന റോഡ് നിര്‍മാണവുമൊക്കെ ഇടവകജനത്തിന്റെ സഹകരണത്തിന്റെ പ്രതീകമാണെന്ന് അച്ചന്‍ ഓര്‍മിപ്പിക്കുന്നു.
കോടഞ്ചേരി-മഞ്ഞുവയല്‍ റൂട്ടില്‍ പുലിക്കയം ഭാഗത്ത് പുഴയ്ക്ക് കുറുകെ അന്ന് പാലം ഉണ്ടായിരുന്നില്ല. ഇതുമൂലം ഇരുകരയിലെയും ജനങ്ങള്‍ ഏറെ കഷ്ടപ്പെട്ടു. പുതുപ്പാടി ഭാഗത്ത് ബ്രിട്ടീഷുകാര്‍ നിര്‍മിച്ച ഇരുമ്പ് പാലം ഉപയോഗശൂന്യമായി കിടന്നിരുന്നു. ഈ കേഡര്‍ പാലം ഉപയോഗിച്ചാല്‍ പുലിക്കയം ഭാഗത്ത് പുഴയ്ക്ക് കുറുകെ പാലം നിര്‍മിക്കാമെന്ന് ഇടവകക്കാരില്‍ പലരും പറഞ്ഞു. അങ്ങനെ 25 രൂപയ്ക്ക് ഈ കേഡര്‍ വാങ്ങാന്‍ അച്ചന്‍ തയ്യാറായി. നാട്ടുകാര്‍ ഉത്സവംപോലെ അത് കയറ്റികൊണ്ടുവന്നതും പാലം നിര്‍മിച്ചതും കൂട്ടായ്മയുടെ പ്രതീകമായി അച്ചന്‍ ഉയര്‍ത്തിക്കാട്ടുന്നു.
”കാഴ്ചക്കാരായി ആരും മാറിനില്‍ക്കില്ല. ദൈവാലയനിര്‍മാണത്തിനായി സ്വന്തം ഭവനംപോലെ ആവേശത്തോടെ ജനം അധ്വാനിക്കും. പ്രത്യേകിച്ച് യുവജനങ്ങളും സ്ത്രീകളും. ”വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പ് പള്ളിയുടെ നിര്‍മ്മാണത്തിനുള്ള കല്ല് ചുമന്നശേഷം വിശുദ്ധ കുര്‍ബാനയക്ക് ഭക്തിപൂര്‍വം പങ്കെടുത്ത പഴയകാല ജനതയുടെ മനസ് അച്ചന് മറക്കാനാവുന്നില്ല.
കുളത്തുവയില്‍വച്ച് 1989 ലായിരുന്നു പൗരോഹിത്യ രജതജൂബിലി. അച്ചനോടൊപ്പം പാലാ ഗുഡ്‌ഷെപ്പേര്‍ഡ് മൈനര്‍ സെമിനാരിയില്‍ പഠിച്ച് പൗരോഹിത്യം സ്വീകരിച്ച 25 വൈദികരും സെമിനാരി പ്രഫസറായ മങ്കുഴിക്കരി പിതാവും അന്ന് വിശുദ്ധ ബലിയില്‍ ഒന്നിച്ചണിനിരന്നു എന്നത് ഏറെ സന്തോഷത്തോടെ അച്ചന്‍ ഓര്‍ക്കുന്നു.
കോട്ടയം ജില്ലയിലെ കടപ്ലാമറ്റം സെന്റ് മേരീസ് ഇടവകയില്‍ 1937 മാര്‍ച്ച് 31ന് കൊച്ചുപറമ്പില്‍ ജോര്‍ജ് – ഏലി ദമ്പതികളുടെ മൂന്നാമത്തെ മകനായാണ് അച്ചന്റെ ജനനം. മൂത്ത രണ്ട് സഹോദരിമാര്‍. ഏലി, അന്ന. തോമസിന് ഒരു വയസ് പ്രായമാകുന്നതിനുമുമ്പ് അപ്പന്‍ മരിച്ചു. അമ്മ മൂന്നു മക്കളെയും ശ്രദ്ധയോടെയും ത്യാഗം സഹിച്ചും വളര്‍ത്തി. 1990 ഡിസംബറില്‍ റോമിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പരിശുദ്ധ പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയോടൊപ്പം ദിവ്യബലിയര്‍പ്പിക്കുവാന്‍ അവസരം ലഭിച്ചതാണ് ജീവിതത്തില്‍ ഏറെ അനുഗ്രഹപ്രദമായ സമയമെന്ന് അദ്ദേഹം ഓര്‍ക്കുന്നു.
കല്യാണ്‍ രൂപതയിലെ പ്രവര്‍ത്തനകാലത്ത് 1992-ല്‍ മുംബൈ പവ്വായില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ഫാ.തോമസിന്റെ ഒരു കൈ ഒടിഞ്ഞിരുന്നു. അടിയന്തിരമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന് രക്തം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. പുറമേ നിന്നും രക്തം എടുക്കേണ്ടെന്നും എന്റെ രക്ത ഗ്രൂപ്പ് അനുകൂലമായതുകൊണ്ട് താന്‍ തയ്യാറാണെന്നും പറഞ്ഞ് മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രക്തം തരാന്‍ തയ്യാറായി ആശുപത്രിയില്‍ കാത്തുനിന്നത് അച്ചന് മറക്കാനാവാത്ത ഓര്‍മയാണ്. ഇങ്ങനെ നിരവധി നിറമുള്ള ഓര്‍മകള്‍ 82-ാം വയസിലും അച്ചന്‍ മനസില്‍ സൂക്ഷിക്കുന്നു.
അതെ, തോമസച്ചന്‍ ഇപ്പോഴും മുമ്പോട്ടുള്ള സ്വപ്‌നങ്ങളുടെ കുതിപ്പിലാണ്. കിതയ്ക്കാതെ ഇനിയും ദീര്‍ഘദൂരം താണ്ടാന്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍ അച്ചനോടൊപ്പം ഉണ്ടാകട്ടെ!

റോസ് മേരി ജെ

 

 

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?