Follow Us On

28

March

2024

Thursday

വീടിന്റെ പ്രശ്‌നം 'കന്നിമൂലയോ?

വീടിന്റെ പ്രശ്‌നം 'കന്നിമൂലയോ?

കലഹസ്വഭാവം, മദ്യപാനം, പുകയിലമുറുക്ക്, നിർബന്ധബുദ്ധി തുടങ്ങിയ സ്വഭാവങ്ങളുള്ള ഒരു മനുഷ്യൻ നിലവിലുള്ള ടോയ്‌ലറ്റ് പൊളിച്ച് മറ്റൊന്ന് പണിയുന്നത് കാണുവാനിടയായി. അദ്ദേഹത്തിന്റെ കുടുംബത്തിൽ അല്പം പ്രശ്‌നങ്ങളൊക്കെ ഉണ്ടാകാറുണ്ട്. ഭാര്യയുമായി ഇടയ്ക്ക് വഴക്കു കൂടുന്നു, മകൾ അടുത്ത വീട്ടിലെ ചെറുപ്പക്കാരനുമായി പ്രണയം, ഭാര്യയുടെ കണ്ണിന്റെ തിമിര ശസ്ത്രക്രിയ പരാജയം, പണം കൈയിൽ നിൽക്കുന്നില്ല… ഇത്തരം പ്രശ്‌നങ്ങളുടെ കാരണം അന്വേഷിച്ചപ്പോൾ മനസിലായത് നിലവിലുണ്ടായിരുന്ന കക്കൂസ് ‘കന്നിമൂല’യിലായതുകൊണ്ടാണെന്നാണ്. അതുകൊണ്ട്, അത് പൊളിച്ചുകളയാൻ ചിലരൊക്കെ നിർദേശിച്ചു. സ്വന്തം സ്വഭാവവൈകല്യങ്ങളും പ്രവൃത്തികളും തിരിച്ചറിയാതെ ഭൗതിക സാങ്കേതിക സാഹചര്യങ്ങളിൽ കാരണം ആരോപിച്ച് അത് പരിഹരിച്ച് കുടുംബാന്തരീക്ഷം നന്നാക്കാൻ നോക്കുന്നവർ നമ്മുടെ നാട്ടിൽ കൂടിവരികയാണ്. ജാതിമത വ്യത്യാസമില്ലാതെ എല്ലാ മനുഷ്യരും ഇതിന് പിന്നാലെ പോകുന്നു. മനുഷ്യന് പറ്റിയ അബദ്ധങ്ങളെ ആചാരങ്ങളാക്കി പ്രയോഗവൽക്കരിക്കുകയാണ് പലരും. ഏകദൈവവിശ്വാസികളും അതിന്റെ ഇരകളാണ്.
ഭവനനിർമാണത്തിൽ ശാസ്ത്രീയ വാസ്തുവിദ്യ ആവശ്യമാണ്. അത് വെള്ളം, വായു, സൂര്യപ്രകാശം എന്നിവയുടെ ലഭ്യത കണക്കിലെടുത്ത് ആവിഷ്‌കരിച്ചതാണ്. എന്നാൽ, അതിൽ കടന്നുകൂടിയിരിക്കുന്ന അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും സത്യവിശ്വാസികളെങ്കിലും തിരിച്ചറിയണം. ഭാരതീയ വാസ്തുവിദ്യ പുരാതനമാണ്. അത് ഇന്ത്യൻ ഭൂപ്രകൃതിക്കനുസരിച്ചുള്ളതാണ്. അതിൽ ‘കന്നിമൂല’ എന്ന സങ്കൽപമേ ഇല്ല. എല്ലാ മൂലകൾക്കും തുല്യപ്രാധാന്യമാണുള്ളത്. അന്ധവിശ്വാസങ്ങളുടെ കേദാരമായ ചൈനയിൽ ഭവനനിർമാണരംഗത്ത് ഒരുപാട് അന്ധവിശ്വാസങ്ങൾ നിലനിൽക്കുന്നു. അവയിൽ ചിലത് ഇന്ത്യയിലേക്ക് കുടിയേറി. അതിൽ പ്രധാനപ്പെട്ട വാസ്തുവിദ്യയാണ് ‘ഫെൻഷുയി.’ തനതു ഭാരതീയ വാസ്തുവിദ്യയും ഫെൻഷുയിയും കാലാന്തരത്തിൽ ഇടകലരുകയും ചൈനയിലെ ‘കന്നിമൂല’ ഇന്ത്യയിൽ വിരചിതമാവുകയും ചെയ്തു. യാതൊരടിസ്ഥാനവുമില്ലാത്ത ഒരുപാട് അന്ധവിശ്വാസങ്ങൾ നമ്മുടെ നാട്ടിൽ പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. നാളു നോക്കൽ, ദിവസം നോക്കൽ, നേരംനോക്കൽ, ശകുനം നോക്കൽ തുടങ്ങിയവയെല്ലാം അക്കൂട്ടത്തിൽപ്പെടുന്നു. അതുപോലെതന്നെ കന്നിമൂല എന്ന സങ്കൽപ്പത്തിനും സമൂഹം വില കൽപിച്ചു. ഇവയെല്ലാം ഒന്നാം പ്രമാണത്തിന്റെ ഗുരുതരമായ ലംഘനമാണ്. പത്ത് പ്രമാണങ്ങളിൽ ഒന്നാം പ്രമാണമാണ് വിശ്വാസത്തിലധിഷ്ഠിതമായത്. ബാക്കി ഒമ്പതും പ്രവൃത്തിയിലധിഷ്ഠിതമാണ്. ചിന്തയിലധിഷ്ഠിതമായ ഒന്നാം പ്രമാണം ലംഘനമായി തീരുന്നത്, ദൈവത്തെ പ്രതിഷ്ഠിക്കേണ്ട ചിന്തയിലും മനസിലും അന്ധവിശ്വാസങ്ങളെ കുടിയിരുത്തുമ്പോഴാണ്. അത്തരം അന്ധവിശ്വാസങ്ങൾ കേവലം സുഖസൗഭാഗ്യങ്ങൾക്കും ഭൗതിക അഭിവൃദ്ധിക്കുംവേണ്ടി മനുഷ്യൻ പ്രയോഗവൽക്കരിക്കുന്നു. അങ്ങനെ സ്രഷ്ടാവിനെ അവഗണിച്ച് പ്രാശ്‌നികൻ, മഷിനോട്ടം, കുട്ടിച്ചാത്തൻസേവ, ഓജോ ബോർഡ്, ഏലസുകൾ, കൂടോത്രം, പക്ഷിശാസ്ത്രം, ഹസ്തരേഖ, സംഖ്യാശാസ്ത്രം, ധനാകർഷകയന്ത്രം, മന്ത്രച്ചരടുകൾ, മന്ത്രമോതിരം, നാഗമാണിക്യം, സ്വർണച്ചേന, മൃഗബലി, നരബലി, വിഗ്രഹാരാധന തുടങ്ങിയ പൈശാചിക തിന്മകളിലേക്ക് മനുഷ്യൻ വീണുപോകുന്നു. സമൂഹത്തെ ബോധ്യപ്പെടുത്താൻ ഒരു വശത്ത് ദേവാലയപ്രാർത്ഥനകളിൽ പങ്കെടുക്കുകയും രഹസ്യമായി മേൽപ്പറഞ്ഞ തിന്മകൾ പ്രവർത്തിക്കുകയും ചെയ്യുന്ന ധാരാളം ‘വിശ്വാസികൾ’ നമ്മുടെ സമൂഹത്തിലുണ്ട്. ഒടുവിൽ അവർ ദൈവത്തെ പഴിച്ചു സംസാരിക്കുകയും ചെയ്യും. പ്രാർത്ഥനയും പാപവും ഒന്നിച്ചുകൊണ്ടുപോകുന്നവർ നരകാഗ്നി ജ്വലിപ്പിക്കാൻ എണ്ണ ഖനനം ചെയ്യുന്നവരാണ്.
എന്താണ് കന്നിമൂല? ജോലി ആരംഭിക്കുന്ന ആദ്യത്തെ മൂല എന്ന അർത്ഥത്തിൽ ‘കന്നിമൂല’ എന്നു പറയുന്നവരുണ്ട്. (കന്നികായ്ക്കൽ, കന്നിപ്രസവം എന്നെല്ലാം പറയുന്നതുപോലെ.) ഐശ്വര്യദേവത കുടികൊള്ളുന്ന മൂലയാണ് കന്നിമൂല എന്ന് ചൈനക്കാർ പറയുന്നു. അതുകൊണ്ട് തന്നെ കന്നിമൂലയെ പവിത്രമായി കരുതണമെന്നും ഇല്ലെങ്കിൽ ഐശ്വര്യദേവത ആ ഭവനത്തിൽ കുടികൊള്ളുകയില്ലെന്നും അവിടെ പ്രശ്‌നങ്ങൾ ഉണ്ടാകുമെന്നും അവർ പറഞ്ഞുപരത്തി. അതുപോലെ വീടിന്റെ ഓരോ ഭാഗത്തിനും ഓരോ സ്ഥാനങ്ങൾ നിർണയിച്ചിരിക്കുന്നു. അവിടെ മറ്റൊന്നും പാടില്ലപോലും! ഐശ്വര്യം, ഭാഗ്യം എന്നെല്ലാം പറഞ്ഞാൽ പിന്നെ മനുഷ്യൻ മറ്റൊന്നും അന്വേഷിക്കാറില്ല. അതിനുവേണ്ടി എന്തും ചെയ്യാൻ അക്കൂട്ടർ തയാറാണ്. എത്ര ദുരനുഭവങ്ങൾ ഉണ്ടായാലും വീണ്ടും പുതിയത് പരീക്ഷിക്കാൻ തയാർ.
സ്രഷ്ടാവായ ദൈവത്തിൽ വിശ്വസിക്കുന്ന വ്യക്തികളെ സംബന്ധിച്ച് ഇത്തരം ചിന്തകൾതന്നെ അപകടകരമാണ്. ദൈവത്തിൽനിന്നാണ് സകല ഐശ്വര്യങ്ങളും കടന്നുവരുന്നത്. ആ ഐശ്വര്യം സകല പ്രപഞ്ചത്തിലും നിറഞ്ഞുനിൽക്കുന്നു. അത് വീടിന്റെ ഏതെങ്കിലും മൂലയിലോ മുറിയിലോ ഒതുങ്ങുന്നതല്ല. കിടപ്പുമുറി, അടുക്കള, കിണറിന് സമീപം എന്നിവിടങ്ങളിൽ ടോയ്‌ലറ്റ് പണിയുന്നവർക്ക് കന്നിമൂലയിൽ പണിതാൽ കാലദോഷം! കക്കൂസിൽനിന്ന് വരുന്നത് നെഗറ്റീവ് എനർജിയാണെന്ന് ആധുനിക വാസ്തുവിദ്യക്കാർ ശാസ്ത്രീയമാനം നൽകി വിവക്ഷിക്കുന്നു! അങ്ങനെയെങ്കിൽ വീടിനുള്ളിലോ സമീപത്തോ പോലും കക്കൂസ് പാടില്ല. കന്നിമൂല പവിത്രമായി കാണണമെന്ന് പറയുന്നവർ സ്വന്തം ശരീരത്തിലേക്ക് നോക്കുന്നത് നന്നായിരിക്കും. മനുഷ്യശരീരം ദൈവത്തിന്റെ ആലയമാണെന്നും ഹൃദയം ശ്രീകോവിലാണെന്നും എല്ലാ മതങ്ങളും കരുതിപ്പോരുന്നു. ആ ദൈവാത്മാവ് വസിക്കുന്ന ശരീരത്തിൽ തന്നെയല്ലേ മലാശയം സ്ഥിതി ചെയ്യുന്നത്. അതുകൂടാതെ മനുഷ്യശരീരത്തിൽ ധാരാളം മാലിന്യങ്ങളും സ്രവങ്ങളും രൂപപ്പെട്ടുകൊണ്ടിരിക്കുന്നു. അത്തരം മാലിന്യങ്ങളുടെ അശുദ്ധി കണക്കിലെടുത്താൽ ദൈവാത്മാവ് എങ്ങനെ ഒരു മനുഷ്യശരീരത്തിൽ വസിക്കും? സഞ്ചരിക്കുന്ന സെപ്റ്റിക് ടാങ്കാണ് ഓരോ മനുഷ്യനും! അതിനെ ദൈവം തന്റെ ആത്മാവിന്റെ സാന്നിധ്യം വഴി പവിത്രീകരിച്ചിരിക്കുന്നു.
അറിവില്ലായ്മയാണ് മനുഷ്യജീവിതത്തിലെ പ്രശ്‌നങ്ങൾക്ക് കാരണം. അതിൽത്തന്നെ ദൈവത്തെ അറിയാത്തതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. പണം കൈകാര്യം ചെയ്യാൻ അറിയാത്തവന് സാമ്പത്തിക പ്രശ്‌നമുണ്ടാകും. പങ്കാളിയെ മനസിലാക്കി പെരുമാറാൻ അറിയാത്തവന് ദാമ്പത്യപ്രശ്‌നമുണ്ടാകും. മക്കളെ നല്ല രീതിയിൽ വളർത്താൻ അറിയാത്തവന്റെ മക്കൾ പ്രശ്‌നക്കാരാകും. ശരീരത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും അറിവില്ലാത്തവന് രോഗങ്ങളുണ്ടാകും. മടിയനും വൈദഗ്ധ്യമില്ലാത്തവനും തൊഴിൽപ്രശ്‌നമുണ്ടാകും. പഠിക്കാൻ ശ്രദ്ധയില്ലാത്തവന് വിദ്യാഭ്യാസ പ്രശ്‌നമുണ്ടാകും. ഇത്തരം പ്രശ്‌നങ്ങളിൽ ചുറ്റുപാടുകൾ എന്തു പിഴച്ചു? ശരിയാംവണ്ണം ദൈവത്തെ അറിഞ്ഞാൽ എല്ലാ മേഖലയിലും മനുഷ്യൻ അറിവുള്ളവനായി മാറും. ജീവിതപ്രശ്‌നങ്ങളിൽ ആദ്യം ചെയ്യേണ്ടത് ദൈവികപദ്ധതി തിരിച്ചറിയുക എന്നുള്ളതാണ്. രണ്ടാമത് നമ്മുടെതന്നെ സ്വഭാവം നാം പഠിക്കുക, തിരുത്തുക എന്നുള്ളതാണ്. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുകയും അത്യാഗ്രഹങ്ങൾ അവസാനിപ്പിക്കുകയും കടമകൾ നിർവഹിക്കുകയും ചെയ്യുമ്പോൾ പോസിറ്റീവ് എനർജി നമ്മുടെ ഭവനത്തിൽ നിറയും. പ്രപഞ്ചത്തിലുള്ള സകല പോസിറ്റീവ് എനർജികളും ദൈവത്തിൽനിന്ന് വരുന്നു. നെഗറ്റീവ് എനർജിയാകട്ടെ ദുരാത്മാവിൽ നിന്നുള്ളതും. മദ്യപാനം, പുകയില ഉപയോഗം, വ്യഭിചാരം, ലൈംഗിക തിന്മകൾ എന്നിവയിലേർപ്പെടുമ്പോൾ നെഗറ്റീവ് എനർജി പ്രവർത്തിക്കുന്നു. ബെഡ്‌റൂമിൽ മദ്യവും മറ്റും സൂക്ഷിക്കുന്നവരുണ്ട്. പക്ഷേ, കന്നിമൂലയിൽ ടോയ്‌ലറ്റ് പാടില്ല പോലും? വിരുദ്ധാഹാരവും അമിതാഹാരവും കഴിച്ച് രോഗിയാകുന്നതിന് ടോയ്‌ലറ്റ് എന്തു പിഴച്ചു? അധാർമിക സമ്പത്തുകൊണ്ട് മക്കൾ ധൂർത്തരാകും. മോഷണവും കൈക്കൂലിയും ‘തൊഴിലുഴപ്പും’ ജീവിതത്തിൽ നെഗറ്റീവ് എനർജി കൊണ്ടുവരുന്നു. എന്തിനേറെ നാം പറയുന്ന പരദൂഷണവും നുണകളും കുറ്റംവിധിക്കലുമെല്ലാം നമ്മുടെ ഭവനത്തിൽ നെഗറ്റീവ് എനർജി കടന്നുവരാൻ കാരണമാകുന്നു. ചുരുക്കത്തിൽ ദൈവിക കൽപനകളുടെ ലംഘനവും ചെയ്യേണ്ട നന്മ ചെയ്യാതിരിക്കലും ഭവനത്തിൽനിന്ന് ഐശ്വര്യം (പോസറ്റീവ് എനർജി) കുടിയിറങ്ങാൻ കാരണമാകുന്നു.
നമുക്കുവേണ്ടി കുരിശിൽ മരിച്ചവന്റെ തിരുരക്തം പോസിറ്റീവ് എനർജിയായി ഈ പ്രപഞ്ചത്തിൽ നിറഞ്ഞുനിൽക്കുന്നു. ആ തിരുരക്തത്താൽ കഴുകപ്പെട്ടവന് ദുരാത്മാവിന്റെ ഒരെനർജിയെയും ഭയപ്പെടേണ്ടതില്ല. അവന്റെ ഭവനത്തിൽ നിറഞ്ഞുനിൽക്കുന്നത് പോസിറ്റീവ് എനർജിയാണ്. സൗകര്യംപോലെ എവിടെയും ടോയ്‌ലറ്റ് പണിയാം. കന്നിമൂലയിലല്ല ‘മൂലക്കല്ലായ്’ തീർന്നവനിൽ ആശ്രയിക്കുക. ആ മൂലക്കല്ലുകൊണ്ട് ഭവനം പണിയുക. ആ മൂലക്കല്ലിൽനിന്ന് പോസിറ്റീവ് എനർജി ഭവനം മുഴുവൻ വ്യാപരിക്കട്ടെ.
ചീഞ്ഞുനാറിയ ലാസറിന് എനർജി പകർന്നവനാണ് അവൻ. അതുകൊണ്ട് നമ്മുടെ ഹൃദയത്തിൽ മറവു ചെയ്തിരിക്കുന്ന അഴുകിയ ചിന്തകളെ ക്രിസ്തുവിന്റെ മുമ്പിൽ തുറന്നുവയ്ക്കാം. അവൻ അവയെ പോസിറ്റീവ് എനർജിയുള്ളതാക്കി ജീവിപ്പിക്കട്ടെ.
സജിമോൻ മണിയിലപറമ്പിൽ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?