Follow Us On

22

July

2019

Monday

സത്യം അറിയുമ്പോള്‍ പറഞ്ഞതു പലതും വിഴുങ്ങേണ്ടി വരും

സത്യം അറിയുമ്പോള്‍ പറഞ്ഞതു  പലതും വിഴുങ്ങേണ്ടി വരും

ജൂലൈ മൂന്നിന് സെന്റ് തോമസ് ഡേ ആണ്. അതുമായി ബന്ധപ്പെട്ട ഒരു ചിന്തയാണ് ഈ ആഴ്ചയിലെ മറുപുറം. ഉത്ഥാനശേഷം യേശു ശിഷ്യന്മാര്‍ക്ക് പലതവണ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒരു തവണ പ്രത്യക്ഷപ്പെടുമ്പോള്‍ തോമസ് അവരോടുകൂടി ഉണ്ടായിരുന്നില്ല. എന്തുകൊണ്ടാണ് അദ്ദേഹം കൂടെ ഉണ്ടാകാതിരുന്നത് എന്ന് നമുക്ക് അറിഞ്ഞുകൂടാ. ഏതായാലും തോമസ് തിരിച്ചെത്തിയപ്പോള്‍ യേശു പ്രത്യക്ഷപ്പെട്ട കാര്യം മറ്റ് ശ്ലീഹന്മാര്‍ അദ്ദേഹത്തോട് പറഞ്ഞു. തോമസ് അത് വിശ്വസിച്ചില്ല. അദ്ദേഹം പറഞ്ഞു: അവന്റെ കൈകളില്‍ ആണികളുടെ പഴുതുകള്‍ ഞാന്‍ കാണുകയും അവയില്‍ എന്റെ വിരല്‍ ഇടുകയും അവന്റെ പാര്‍ശ്വത്തില്‍ എന്റെ കൈ വയ്ക്കുകയും ചെയ്താലല്ലാതെ ഞാന്‍ വിശ്വസിക്കുകയില്ല.
തോമസ് ഇത് പറഞ്ഞ് എട്ടുദിവസങ്ങള്‍ക്കുശേഷം പറഞ്ഞത് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം കിട്ടി. അന്ന് യേശു വീണ്ടും പ്രത്യക്ഷപ്പെട്ടു. അപ്പോള്‍ തോമസും അവിടെ ഉണ്ടായിരുന്നു. വാതില്‍ അടച്ചിട്ടിരുന്ന ആ മുറിയില്‍ യേശു കടന്നുവന്ന് അവര്‍ക്ക് സമാധാനം ആശംസിച്ചു. തന്റെ അടുത്തുവന്ന്, കൈനീട്ടി പാര്‍ശ്വത്തില്‍ വയ്ക്കുവാന്‍ യേശു തോമസിനെ ക്ഷണിച്ചു. പക്ഷേ, തോമസ് അതിന് തയാറായില്ല. യേശുവിന്റെ അടുത്തേക്ക് തോമസ് പോയില്ല. മുറിവുകളില്‍ വിരല്‍ ഇട്ടില്ല. തന്റെ നിലപാടില്‍നിന്ന് അദ്ദേഹം പുറകോട്ടുപോയി. എന്റെ കര്‍ത്താവേ, എന്റെ ദൈവമേ എന്ന് മാത്രം പറഞ്ഞ് അവിടെ അടിയറവ് പറഞ്ഞു.
ദൈവത്തിന്റെ മുമ്പിലും മനുഷ്യരുടെ മുമ്പിലും നമ്മള്‍ ചിലപ്പോള്‍ വീരവാദങ്ങള്‍ മുഴക്കാറുണ്ട്. വലിയ വ്യവസ്ഥകള്‍ വയ്ക്കാറുണ്ട്. പക്ഷേ, നമ്മള്‍ പറഞ്ഞ വ്യവസ്ഥകള്‍, വീരവാദങ്ങള്‍ നിറവേറ്റാന്‍ അവസരം കിട്ടുമ്പോള്‍ അത് നിറവേറ്റാറില്ല. നമ്മള്‍ പുറകോട്ട് പോകുന്നു. നമ്മള്‍ അടിയറവ് പറയുന്നു. അത് മോശമാണ് എന്നല്ല പറയുന്നത്. അത് നല്ലതാണ്. വീരവാദം മുഴക്കുന്നതും വലിയ കണ്ടീഷന്‍സ് വയ്ക്കുന്നതുമാണ് മോശം. ആവശ്യമില്ലാത്ത, ന്യായമല്ലാത്ത കണ്ടീഷന്‍സ് വയ്ക്കരുത്. വീരവാങ്ങള്‍ പറയരുത്. അല്‍പംകൂടി എളിമയും വിനയവും വിധേയത്വവും വിശ്വാസവും സ്‌നേഹവും സമര്‍പ്പണവും ഉണ്ടെങ്കില്‍ പല വര്‍ത്തമാനങ്ങളും നമ്മള്‍ പറയുകയില്ല. ദൈവത്തെ നേരിട്ട് കാണാത്തപ്പോള്‍ പലരും പലതും പറയും. ദൈവത്തെ വിശ്വാസമില്ല, ദൈവത്തെ ഇഷ്ടമില്ല, ദൈവത്തോട് വെറുപ്പാണ്, ദൈവാനുഗ്രഹം ആവശ്യമില്ല, തന്റെ കാര്യം നോക്കാന്‍ തനിക്കറിയാം, പ്രാര്‍ത്ഥിച്ചിട്ടൊന്നും ഒരു കാര്യവുമില്ല, ദൈവത്തിനും മനുഷ്യര്‍ക്കുംവേണ്ടി കഷ്ടപ്പെട്ടിട്ടും ത്യാഗം ചെയ്തിട്ടും പുണ്യം ചെയ്തിട്ടും മറ്റും ഒരു കാര്യവുമില്ല…. അങ്ങനെ പലതും. പക്ഷേ ഈ പറഞ്ഞവര്‍ ദൈവത്തെ നേരിട്ട് കാണുന്ന സമയം വരട്ടെ. അവര്‍ ആരും ഈ നിലപാടുകളില്‍ ഉറച്ചുനില്‍ക്കില്ല. ദൈവത്തെ നേരിട്ട് കണ്ടപ്പോള്‍ ഏശയ്യാ പ്രവാചകന്‍ വിളിച്ചുപറഞ്ഞു: ഞാന്‍ നശിച്ചു. എന്റെ അധരങ്ങള്‍ അശുദ്ധമാണ്. അശുദ്ധമായ അധരങ്ങള്‍ ഉള്ളവരുടെ മധ്യേയാണ് ഞാന്‍ വസിക്കുന്നത്. യേശുവിനെ കണ്ടപ്പോള്‍ പത്രോസ് പറഞ്ഞു: കര്‍ത്താവേ, ഞാന്‍ പാപിയാണ്; നീ എന്നില്‍നിന്ന് അകന്നുപോകണമേ. യേശുവിനെ കണ്ടപ്പോള്‍ പിശാച് അലറിവിളിച്ചുകൊണ്ട് സ്ഥലംവിട്ടു. അതെ, ദൈവത്തെ നേരിട്ടു കാണുമ്പോള്‍ നമ്മുടെ പിടിവാശിയും അഹന്തയും സ്വന്തം കാര്യം നോക്കാനറിയാം എന്ന ചിന്തയും നന്മ ചെയ്തിട്ട് കാര്യമില്ല എന്ന നിലപാടും പാപം ചെയ്താലും പേടിക്കാനില്ല എന്ന കാഴ്ചപ്പാടുകളുമെല്ലാം മാറും. എല്ലാവരും ദൈവത്തിന്റെ മുമ്പില്‍ അടിയറവ് പറയും. പക്ഷേ, മരണശേഷം അത്തരം ഒരു അടിയറവ് നടത്തിയതുകൊണ്ട് ഉപകാരമില്ല. ജീവിച്ചിരിക്കുന്ന കാലത്ത് ദൈവത്തെ കണ്ടുമുട്ടണം. ദൈവം പറഞ്ഞ കാര്യങ്ങള്‍ വിശ്വസിക്കണം. അപ്പോള്‍ മനോവിശ്വാസത്തോടെ ദൈവത്തിന്റെ മുമ്പില്‍ മരണശേഷം നില്‍ക്കുവാന്‍ നമുക്ക് കഴിയും.
മറ്റുള്ളവരുടെ അസാന്നിധ്യത്തില്‍ അവരെ വിമര്‍ശിച്ചും കുറ്റം പറഞ്ഞും അവഹേളിച്ചുമെല്ലാം പലരും പലതും പറയും. പക്ഷേ അവരെ നേരില്‍ കാണുമ്പോള്‍ ഇതൊന്നുപോലും പറയാന്‍ അവര്‍ക്ക് ധൈര്യം ഉണ്ടാവില്ല.
അതായത്, ദൈവത്തെയും മനുഷ്യരെയും കാണാത്തപ്പോള്‍ വായില്‍ തോന്നിയ വര്‍ത്തമാനങ്ങളൊക്കെ പറയാന്‍ കഴിയുന്നവര്‍ ഉണ്ട്. എന്നാല്‍ ദൈവത്തെയോ മനുഷ്യരെയോ നേരില്‍ കാണുമ്പോള്‍ ഇവയൊന്നും പറയാന്‍ ധൈര്യം ഉണ്ടാവില്ല. എങ്കില്‍ പിന്നെ ഈ വേണ്ടാത്ത വര്‍ത്തമാനങ്ങള്‍ ദൈവത്തെപ്പറ്റിയും മനുഷ്യരെപ്പറ്റിയും പറയുന്നത് നമുക്ക് ഒഴിവാക്കിക്കൂടെ?
യേശുവിനെ കണ്ടശേഷം തോമസിന് ബോധ്യം കിട്ടി. പിന്നീട് അദ്ദേഹം പുറകോട്ടുപോയില്ല. പിന്നീടുള്ള ജീവിതം യേശുവിനും സുവിശേഷത്തിനുംവേണ്ടി ആയിരുന്നു. എത്ര ക്ലേശങ്ങള്‍ സഹിച്ചാണ് ഇന്ത്യയില്‍ വന്നതും ജീവിച്ചതും സുവിശേഷം പ്രസംഗിച്ചതും സഭയ്ക്ക് അടിസ്ഥാനം ഇട്ടതും. അദ്ദേഹത്തിലൂടെ കിട്ടിയ ആ വിശ്വാസം രണ്ടായിരം വര്‍ഷങ്ങള്‍ക്കധികമായി നമ്മള്‍ സൂക്ഷിക്കുന്നു. തലമുറകളായി അത് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. കാണാതെ വിശ്വസിച്ച നമ്മുടെ പൂര്‍വികരുടെ വിശ്വാസതീക്ഷ്ണതയെ ഓര്‍ത്ത് നമുക്ക് അഭിമാനിക്കാം. ഇത്രയും കാലം ആ വിശ്വാസം കൈമാറി നമ്മുടെ കൈകളില്‍ എത്തി. ഒട്ടും കുറവ് കൂടാതെ അടുത്ത തലമുറകള്‍ക്കും അത് കൈമാറിക്കൊണ്ടിരിക്കണം.
മിഷനറി ആയി വന്ന തോമാശ്ലീഹായുടെ മിഷനറി ചൈതന്യം വഹിക്കുന്നവരാണ് നമ്മള്‍. കേരളത്തില്‍ മാത്രമല്ല, ഇന്ത്യ മുഴുവനും അനേകം വിദേശ രാജ്യങ്ങളിലും ഇന്ന് സുവിശേഷവേല ചെയ്യുന്നത് മലയാളികളാണ്. ലോകത്തിലെ അനേക ഇടവകകളില്‍ പുരോഹിതശുശ്രൂഷ ചെയ്യുന്നത് മലയാളി വൈദികരാണ്. വിദേശത്തുള്ള അനേകം ഇടവകകളെ സജീവമായി നിലനിര്‍ത്തുന്നത് അവിടെ കുടിയേറി താമസിക്കുന്ന മലയാളി കത്തോലിക്കരാണ്. ഇന്ത്യയില്‍ത്തന്നെയുള്ള നിരവധി ഇടവകകളില്‍ സേവനം ചെയ്യുന്ന വൈദികരും സിസ്റ്റര്‍മാരും മലയാളികളാണ്. കേരളത്തിന് പുറത്തുള്ള അനേകം ഇടവകകളിലെ ഊര്‍ജം മലയാളികളാണ്. അതെ, ലോകം മുഴുവനും സുവിശേഷത്തിന്റെ അഗ്നി കൊളുത്തുകയും കാത്തുസൂക്ഷിക്കുകയും ചെയ്യുന്നത് മലയാളി ക്രൈസ്തവരാണ്.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?