Follow Us On

28

March

2024

Thursday

വെളിച്ചം പരത്തുന്ന മുറിപ്പാടുകള്‍

വെളിച്ചം പരത്തുന്ന മുറിപ്പാടുകള്‍

വിശ്വാസത്തിന്റെ വിത്തുകള്‍ രക്തംതൂകി മുളപ്പിച്ചെടുത്ത മാര്‍ തോമ്മാശ്ലീഹായുടെ ഓര്‍മ്മദിനം ‘ദുക്‌റാന’ ഭാരതത്തിന്റെ ക്രൈസ്തവഭൂമികയിലെ ദീപ്തസ്മരണയാണ്. മാറുന്ന കാലത്തിന്റെ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍ നവസുവിശേഷവത്ക്കരണത്തിന്റെ അന്തര്‍ധാരകള്‍ അന്വേഷിക്കേണ്ടത് അനിവാര്യതയാണ്.
ഉത്തരാധുനിക സമവാക്യങ്ങള്‍
ഉത്തരാധുനികത ഉണര്‍ത്തുന്ന പ്രതിലോമ തരംഗങ്ങള്‍ ലോകവ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. അതിന്റെ അലകള്‍ പുതിയ ചിന്താധാരകളിലേക്ക് മാനവികതയെ വഴിനടത്തുകയാണ്. സത്യനിരാസം, ഉപഭോഗസംസ്‌കാരതൃഷ്ണ, ഇടറിയ സ്വാതന്ത്ര്യവിചാരം, മാധ്യമവത്കൃത സംസ്‌കാരം, ബഹുരാഷ്ട്ര ഭീമന്‍മാരുടെ സര്‍വ്വാധിപത്യം തുടങ്ങിയ ബഹുമുഖ പ്രതിഭാസങ്ങള്‍ സമകാലിക സംകൃതിക്ക് രൂപഭാവങ്ങള്‍ നല്‍കിവരുന്നു.
വിവരസാങ്കേതികവിദ്യയുടെ വിപ്ലവവളര്‍ച്ചയും ആഗോളീകരണത്തിന്റെ കമ്പോളസ്വഭാവവും ഒന്നിക്കുമ്പോള്‍ പല സനാതനബിംബങ്ങളും നിരുപാധികം ഉടയുന്നു. പുതിയ സമവാക്യങ്ങള്‍ വിരചിതമാകുന്നു. മനുഷ്യന്റെ വിശ്വാസസങ്കല്പങ്ങളില്‍ വലിയ വിള്ളലുകള്‍ പ്രത്യക്ഷപ്പെടുകയും വ്യക്തികള്‍ തമ്മില്‍ അകലങ്ങള്‍ വര്‍ധിക്കുകയും ചെയ്യുന്ന ഇത്തരം പരിതാവസ്ഥകളിലൂടെയാണ് ഉത്താരാധുനിക മനുഷ്യന്‍ യാത്ര ചെയ്യുന്നത്. കാലത്തിന്റെ ഇത്തരം സങ്കീര്‍ണ്ണതകളിലേക്കിറങ്ങിച്ചെല്ലാതെ സുവിശേഷവത്ക്കരണത്തിന്റെ തനിമ തിരിച്ചറിയാനും നിര്‍വ്വചിക്കാനുമാവില്ല.
ഉത്തരാധുനികതയുടെ കമ്പോളസംസ്‌ക്കാരത്തില്‍ അപരനെ പരിഗണിക്കുന്നവിധമുള്ള ദൈവരാജ്യസങ്കല്പങ്ങള്‍ അപ്രസക്തങ്ങളായി മാറുന്നു. ദരിദ്രര്‍ക്കും മുറിവേറ്റവര്‍ക്കും മൂല്യം കല്പിച്ച മിശിഹായുടെ പ്രബോധനങ്ങളും ശൈലികളും ലോകത്തിന്റെ ചിന്താധാരകള്‍ക്ക് തീര്‍ത്തും എതിരാണ്. സുവിശേഷദര്‍ശനം നല്‍കുന്ന മാനവികതയുടെ സമവാക്യങ്ങള്‍ മനുഷ്യരാശിയുടെ ഹൃദയത്തില്‍ തൊടുന്ന ഭരണസംവിധാനത്തിന്റെ ഉള്‍ക്കാമ്പാണ്. ബനഡിക്ട് പാപ്പാ എഴുതുന്നു: ”സഭയുടെ സാമൂഹികസിദ്ധാന്തത്തിന്റെ കേന്ദ്രസ്ഥാനത്ത് സ്‌നേഹം നിലകൊള്ളുന്നു. ആ സിദ്ധാന്തം ആവശ്യപ്പെടുന്ന ഓരോ ഉത്തരവാദിത്വവും ഓരോ സമര്‍പ്പണവും സ്‌നേഹത്തില്‍ നിന്നുത്ഭവിക്കുന്നതാണ്” (സത്യത്തില്‍ സ്‌നേഹം 2). ഈ പശ്ചാത്തലത്തില്‍ ഉത്ഥിതന്റെ മുറിപ്പാടുകളിലേക്കാണ് നമ്മുടെ ചിന്തകള്‍ ഉണരേണ്ടത്.
മുറിപ്പാടുകള്‍ മഹത്വത്തിന്റെ അടയാളം
”ഭൂമിക്കേറ്റ ഏറ്റവും ഗുരുതരമായ മുറിവാണ് ഈശോമിശിഹായുടെ കല്ലറ” എന്ന് വിഖ്യാതനായ ഫുള്‍ട്ടന്‍ ഷീനിന്റെ നിരീക്ഷണം പ്രസക്തമാണ്. മിശിഹായുടെ ശരീരത്തിലേറ്റ മാരകമുറിവുകള്‍ രക്ഷാകരമായ ദൈവിക വെളിപാടിലേക്കുള്ള വാതായനമായിരുന്നു. ഉത്ഥാനത്തോടെ ആ മുറിപ്പാടുകള്‍ മഹത്വത്തിന്റെ അടയാളങ്ങളായി ഈ സൃഷ്ടപ്രപഞ്ചത്തില്‍ പ്രഘോഷിക്കപ്പെട്ടു. ഉത്ഥിതന്റെ കല്ലറയെന്ന ഭൂമിയുടെ മുറിവ് ലോകരക്ഷകനെ വെളിപ്പെടുത്തുന്ന സുവിശേഷസാക്ഷ്യമായി ചരിത്രത്തില്‍ നിലകൊള്ളുന്നു. മുറിവുകള്‍ ജീവന്റെ, രക്ഷയുടെ ഉറവിടമായിത്തീര്‍ന്ന മഹാത്ഭുതംകൂടിയാണ് ക്രിസ്തുവിന്റെ തിരുവുത്ഥാനമെന്ന വിശ്വാസസത്യം.
മുറിപ്പെട്ടവന്റെ സംസ്‌കാരം
ശൂന്യവത്ക്കരണത്തിലൂടെയാണ് മിശിഹാ മനുഷ്യരക്ഷ നേടിത്തന്നത് (ഫിലി. 2:6-8) എന്ന യാഥാര്‍ത്ഥ്യത്തെ സമഗ്രവിമോചനത്തിന്റെ അന്തസത്തയായി നമ്മള്‍ മനസിലാക്കണം. സാക്ഷാല്‍ ദൈവമായിരുന്നവന്‍ ദൈവരാജ്യത്തിന്റെ ജീവിതക്രമം നല്‍കുന്നതിനു സ്വീകരിച്ച നിലപാടുതന്നെയാണിവിടെ വിവക്ഷ. രക്ഷയുടെ അടയാളമായി ഈശോ സ്വന്തം ശരീരത്തില്‍ സംവഹിച്ച സഹനത്തിന്റെ മുറിപ്പാടുകള്‍ ജീവനും സൗഖ്യവും നല്‍കുന്ന തിരുമുറിവുകളായി പരിണമിച്ചു. മനുഷ്യജന്മത്തിനേല്‍ക്കേണ്ടി വരുന്ന മുറിവുകള്‍ക്കെല്ലാം മിശിഹായില്‍ അര്‍ത്ഥം കണ്ടെത്തുമ്പോള്‍ ജീവന്റെ മുകുളങ്ങള്‍ സൃഷ്ടിക്കാനുള്ള സാധ്യതയുണ്ടെന്ന ഉള്‍വിചാരമിവിടെ പ്രസക്തമാകുന്നു.
ലോകത്തിന്റെ ഇറമ്പുകളിലേക്ക് തള്ളപ്പെടുന്നവരും ചൂഷണത്തിനും പീഡനത്തിനും വിധേയമാകുന്നവരും ക്രൂശിതന്റെ മുറിപ്പാടുകള്‍ വഹിക്കുന്നവരാണെന്നതു സുവിശേഷദര്‍ശനംതന്നെയാണ്. ”ഈ ചെറിയവരില്‍ ഒരുവന് നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണ് ചെയ്തുതന്നത്” (മത്താ. 25:40) എന്ന ക്രിസ്തുമൊഴികളില്‍ ഈ അര്‍ത്ഥം അന്തര്‍ലീനമാണ്. അപരനെ കരുതുന്ന, കണ്ണീരൊപ്പുന്ന, കൈപിടിച്ചുയര്‍ത്തുന്ന ജീവകാരുണ്യമുഖം സഭയില്‍ ശോഭിക്കുന്ന ഇടങ്ങളിലെല്ലാം സുവിശേഷത്തിന്റെ പ്രഘോഷണം ഉച്ചസ്ഥായിയില്‍ സംഭവിക്കുന്നുണ്ട്.
ഉത്തരാധുനികത ഉയര്‍ത്തുന്ന അതിഭൗതികതയുടെയും മൂല്യനിരാസത്തിന്റെയും നടുവില്‍ സ്‌നേഹത്തിന്റെ ഭാഷയ്ക്ക് മാത്രമേ സംവദിക്കാന്‍ ശേഷിയുള്ളു. മാംസം ധരിച്ച സ്‌നേഹത്തിന്റെ ഭാഷയായി മാറിയ വി. ജോണ്‍പോള്‍ പാപ്പ, വി. മദര്‍ തെരേസ തുടങ്ങിയവര്‍ക്ക് സ്വാര്‍ത്ഥപൂരണത്തിന്റെ ലോകക്രമങ്ങളെ തിരുത്തിക്കുറിക്കുന്നതിന് കുറെയെല്ലാം കഴിഞ്ഞുവെന്നത് ചരിത്രമാണ്. ”ഭൗമികനഗരം വളര്‍ത്തപ്പെടുന്നത് അവകാശങ്ങളുടെയും കടമകളുടെയും ബന്ധങ്ങള്‍ കൊണ്ടുമാത്രമല്ല. അതിലേറെയായി, കൂടുതല്‍ മൗലികമായി സൗജന്യദാനത്തിന്റെയും കാരുണ്യത്തിന്റെയും സംസര്‍ഗത്തിന്റെയും ബന്ധങ്ങള്‍ക്കൊണ്ടുകൂടിയാണ്” (സത്യത്തില്‍ സ്‌നേഹം – 6).
അപരന്റെ മുറിവുകളില്‍ മിശിഹായുടെ തിരുമുറിവിന്റെ അടയാളങ്ങള്‍ കാണാനുള്ള വെളിച്ചമാണ് നമുക്കാവശ്യം. ആ മുറിപ്പാടുകളിലേക്കു നോക്കി ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്നുദ്‌ഘോഷിക്കാന്‍ കഴിയുമ്പോള്‍ നമുക്കും മാര്‍ തോമ്മായുടെ മാര്‍ഗത്തിലൂടെ സുവിശേഷസാക്ഷ്യമാകാന്‍ സാധിക്കുമെന്നതില്‍ ക്രൈസ്തവദൗത്യത്തിന്റെ പുനര്‍വായനയുണ്ട്. കരുണാര്‍ദ്രസ്‌നേഹത്തിന്റെ തനിമയുള്ള ജീവിതബന്ധിയായ പ്രഘോഷണങ്ങളാണ് ഉത്തരാധുനികതയുടെ സമകാലികസാഹചര്യങ്ങളില്‍ ഫലപ്രദമാകുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ ഭാഷയില്‍ ‘സഭ യുദ്ധഭൂമിയിലെ ആതുരാലയമാണ്!’
എന്റെ കര്‍ത്താവേ എന്റെ ദൈവമേ
സുവിശേഷങ്ങളുടെ ചുരുക്കെഴുത്തായ മഹാപ്രഘോഷണമാണ് മാര്‍ തോമ്മാശ്ലീഹ ഉത്ഥിതന്റെ മുറിപ്പാടുകള്‍ ദര്‍ശിച്ചപ്പോള്‍ നടത്തിയ തുറന്ന കുമ്പസാരം, ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!’ ശ്ലീഹായുടെ വാക്കുകളില്‍ കാത്തിരുന്നു കണ്ടതിന്റെ ഗദ്ഗദങ്ങളും തനിക്കുവേണ്ടി മാത്രം പ്രത്യക്ഷം നല്‍കിയ ഗുരുവിനോടുള്ള സ്‌നേഹത്തിന്റെ ഹൃദയത്തുടിപ്പുകളും വികാരപരമായി ഒന്നിക്കുന്നുണ്ട്. താന്‍ വിശ്വസിക്കുന്ന സത്യം മഹത്വീകരിക്കപ്പെട്ട അടയാളങ്ങളുമായി മുമ്പില്‍ നില്ക്കുമ്പോള്‍ തോമ്മാശ്ലീഹ തന്റെ ജീവിതം മുഴുവന്‍ രണ്ടു വിശ്വാസബോധ്യങ്ങള്‍കൊണ്ട് പൂര്‍ത്തിയാക്കി. മാര്‍ തോമ്മായിലൂടെ പരിശുദ്ധാത്മാവ് സഭക്കു നല്‍കുന്ന വലിയൊരു വെളിപ്പെടുത്തല്‍ കൂടിയാണ് ‘എന്റെ കര്‍ത്താവേ, എന്റെ ദൈവമേ’ എന്ന നിലവിളി!
ഉത്ഥിതനായ മിശിഹായെ തന്റെ ജീവിതത്തിന്റെ ഉറവിടവും ഉടമയുമായി ഏറ്റുപറയുന്ന അപ്പസ്‌തോലന്‍ അവിടുത്തെ ദൈവത്വം ഔദ്യോഗികമായി പ്രഘോഷിക്കുകയാണ്. നേരില്‍ കണ്ടതും കേട്ടതും തൊട്ടറിഞ്ഞതുമായ ജീവനുള്ള വചനത്തിന്റെ (മിശിഹാനുഭവത്തിന്റെ) നേര്‍സാക്ഷികളാണ് ശ്ലീഹന്മാര്‍ (1 യോഹ. 1:1). അതുതന്നെയാണ് തിരുമുറിവുകളെ സാക്ഷിനിര്‍ത്തി മാര്‍ തോമ്മാ പങ്കുവയ്ക്കുന്നത്. മിശിഹാ നമ്മുടെ ജീവിതത്തിന്റെ സമസ്തമേഖലകളുടെയും നാഥനും ഉടമയുമാകുമ്പോഴാണ് ക്രൈസ്തവജീവിതം അര്‍ത്ഥപൂര്‍ണവും ആനന്ദഭരിതവുമാകുന്നത്. വിശ്വാസം കേവലം ഇടയ്‌ക്കൊക്കെ എടുത്തണിയുന്ന ആഭരണം പോലെ നിസാരവത്ക്കരിക്കപ്പെടുമ്പോള്‍, ഭൗതികകാര്യ സാധ്യങ്ങള്‍ക്കുവേണ്ടി മാത്രമായി ചുരുങ്ങുമ്പോള്‍ അപ്പസ്‌തോലന്റെ വാക്കുകള്‍ നമ്മില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തുന്നു.
ജീവന്‍ കൊടുക്കുന്ന സ്‌നേഹം
തോമ്മാശ്ലീഹായുടെ സവിശേഷമായൊരു ഇടപെടല്‍ യോഹന്നാന്റെ സുവിശേഷം രേഖപ്പെടുത്തുന്നുണ്ട്. ലാസറിനെ ഉയിര്‍പ്പിക്കാന്‍ ഈശോ ബഥാനിയായിലേക്ക് നീങ്ങുന്ന വേളയില്‍ ‘അവനോടൊപ്പം മരിക്കാന്‍ നമുക്കും പോകാം’ (യോഹ.11:16) എന്ന വാക്കുകളിലൂടെ ശിഷ്യസമൂഹത്തിനു ധൈര്യം പകരുന്ന തോമ്മായുടെ വേറിട്ട മനസ് ശ്രദ്ധേയമാണ്. ഈശോയെ വധിക്കാന്‍ യഹൂദര്‍ തിരക്കിട്ടന്വേഷിക്കുന്ന നാളുകളില്‍ ശത്രുക്കളുടെ നടുവിലേക്ക് പരസ്യമായ യാത്ര ഒഴിവാക്കണമെന്ന ചിന്തയായിരുന്നു ശിഷ്യസമൂഹത്തിന്റെത്.
ഭീതിയാണ് അവരെ നയിച്ചത്. അവിടെയെല്ലാം ദൈവഹിതത്തിനുവേണ്ടി ജീവന്‍ നല്‍കാനും തയാറാകുന്ന വിശ്വാസധീരത പ്രകടിപ്പിക്കുന്ന തോമ്മാശ്ലീഹ ഈ കാലഘട്ടത്തിന്റെ സുവിശേഷപ്രഘോഷണമുഖമാണ് വെളിപ്പെടുത്തുന്നത്.
ഭീകരരുടെ തോക്കിന്‍മുമ്പിലും കഠാരമുനയിലും പതറാത്ത വിശ്വാസസാക്ഷ്യങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ക്രൈസ്തവത്തനിമയുടെ കറപുരളാത്ത സത്യമായി ഇന്നും ശോഭിക്കുന്നു. ആദിമസഭയെ നയിച്ച രക്തസാക്ഷിത്വ ധീരതയുടെ നൂതനഭാവങ്ങള്‍ സമകാലികലോകത്തിലും കരുത്തു പകരുന്നവയാണ്. ദൈവസ്‌നേഹത്തിന്റെ ചൂടറിഞ്ഞ് പരിശുദ്ധാത്മാവില്‍ ജ്വലിക്കുന്ന മനുഷ്യരാണ് നവസുവിശേഷീകരണത്തിന്റെ പ്രേരകശക്തിയായി നിലകൊള്ളുന്നത്. ഐ.എസ്. ഭീകരതയില്‍ കഴുത്തറുക്കപ്പെടുകയും ബോംബ് സ്‌ഫോടനത്തില്‍ ചിതറിത്തെറിക്കുകയും ചെയ്ത ക്രൈസ്തവജന്മങ്ങള്‍ കണ്ണീരിന്റെ ചരിത്രം രചിക്കുന്നതോടൊപ്പം വിശ്വാസത്തിന്റെ മരിക്കാത്ത അടയാളങ്ങളായി മാറുന്നു.
2019 ജൂണ്‍ രണ്ടിന് റൊമേനിയയിലെ ബ്ലാജില്‍ ഫീല്‍ഡ് ഓഫ് ലിബര്‍ട്ടിയില്‍ വച്ച് ഗ്രീക്ക് കത്തോലിക്കാ മെത്രാന്മാരായ ഏഴ് രക്തസാക്ഷികള്‍ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ടു. വിശ്വാസ മൂല്യങ്ങള്‍ക്കുവേണ്ടി ജീവന്‍ കൊടുത്ത ആ പിതാക്കന്മാരുടെ ഓര്‍മ്മകളോടു ചേര്‍ത്ത് ഫ്രാന്‍സിസ് പാപ്പാ പറഞ്ഞു: ”വിശ്വാസത്തിനുവേണ്ടി കഠിനമായ പീഡനങ്ങളെ അതിജീവിച്ച ഇടയന്മാര്‍ റൊമേനിയന്‍ ജനതയ്ക്ക് സ്വാതന്ത്ര്യം, കാരുണ്യം എന്ന രണ്ടു വാക്കുകളില്‍ സംക്ഷേപിക്കാവുന്ന അമൂല്യമായ ഒരു പൈതൃകം കൈമാറിയിരിക്കുന്നു.” ചുരുക്കത്തില്‍, കുരിശിന്റെ വഴികളിലൂടെ ആഴമേറിയ വിശ്വാസത്തില്‍ ജീവിക്കാന്‍ കഴിയുമ്പോഴാണ് സുവിശേഷവത്കരണം തീക്ഷ്ണമാകുന്നത്.
വഴിയും സത്യവും ജീവനും
യോഹന്നാന്റെ സുവിശേഷം 14-ാം അധ്യായത്തിന്റെ ആരംഭത്തില്‍ പിതൃഭവനത്തിലേക്കുള്ള ഈശോയുടെ മടക്കയാത്രയെപ്പറ്റിയുള്ള വിവരണവേളയില്‍ തോമ്മാശ്ലീഹ ഉന്നയിക്കുന്ന ചോദ്യം വലിയൊരു വെളിപ്പെടുത്തലിനു വഴിയൊരുക്കുന്നു. ‘ഞാന്‍ പോകുന്നിടത്തേക്കുള്ള വഴി നിങ്ങള്‍ക്കറിയാം’ എന്ന് ഈശോ പറയുമ്പോള്‍ ശിഷ്യസമൂഹം നിശബ്ദരാകുന്നു. അവിടെ നിറഞ്ഞ അജ്ഞതയുടെ മൗനം ഭജ്ഞിച്ചുകൊണ്ട് ധീരമായി ഇടപെടുന്ന തോമ്മായ്ക്ക് ഈശോ ഉത്തരം നല്‍കുന്നു. ”വഴിയും സത്യവും ജീവനും ഞാനാകുന്നു, എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ പക്കലേക്ക് വരുന്നില്ല” (യോഹ:14:6). നിത്യജീവനിലേക്കു നയിക്കുന്ന ഏകവും സത്യവും പൂര്‍ണവുമായ വഴി മിശിഹാ മാത്രമാണെന്ന് അവിടുന്ന് വെളിപ്പെടുത്തുന്നു. ഈ വഴി മിശിഹായുടെ മനുഷ്യാവതാരത്തിലൂടെയും സഹന, മരണോത്ഥാനങ്ങളിലൂടെയും തുറക്കപ്പെട്ട രക്ഷയുടെ പാതയാണ്. സുവിശേഷാധിഷ്ഠിതമായ ജീവിത ശൈലിയില്‍ ഉള്‍ച്ചേരുന്ന അനന്യമായ വിശ്വാസതീര്‍ത്ഥാടനവഴിയാണിത്. ഈശോയിലൂടെ വെളിപ്പെടുത്തപ്പെട്ട രക്ഷയുടെ ഏകത്വവും സാര്‍വ്വത്രികതയും വ്യക്തമായി പഠിപ്പിക്കുന്ന Dominus lesus(കര്‍ത്താവായ ഈശോ) എന്ന വിശ്വാസതിരുസംഘത്തിന്റെ പ്രബോധനരേഖ ഇവിടെ ചേര്‍ത്തു വായിക്കേണ്ടതാണ്.
രക്ഷയുടെ സാര്‍വ്വത്രിക മാനങ്ങള്‍
ദൈവത്തിന്റെ സാര്‍വ്വത്രികരക്ഷാപദ്ധതിയില്‍ ദൈവരാജ്യത്തിന്റെ വിരുന്നിലേക്കുള്ള കവാടങ്ങള്‍ എല്ലാവര്‍ക്കുമായി തുറക്കപ്പെട്ടിരിക്കുന്നു (മത്തായി 8:11-12). ഇതരമതങ്ങളിലും സംസ്‌കാരങ്ങളിലും പ്രസരിക്കുന്ന സത്യത്തിന്റെ കിരണങ്ങള്‍ ക്രിസ്തുമനസിനോടു ചേര്‍ന്ന് അംഗീകരിക്കാനുള്ള ആര്‍ജ്ജവത്വം കൂടി സഭാമക്കള്‍ക്കുണ്ടായിരിക്കണം.
രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠിപ്പിക്കുന്നു: ”സഭ മുറുകെപ്പിടിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതില്‍നിന്ന് പല കാര്യങ്ങളിലും അവ വ്യത്യസ്തമാണെങ്കിലും പലപ്പോഴും എല്ലാ മനുഷ്യരെയും പ്രകാശിപ്പിക്കുന്ന ആ നിത്യസത്യത്തിന്റെ രശ്മി അവ സംവഹിക്കുന്നുണ്ട്” (NA-þ2).
ഉത്തരാധുനികതയുടെ അന്വേഷണവഴികളോടും മത, സാംസ്‌കാരിക വൈജാത്യങ്ങളോടും ആദരവും തുറവിയുമുള്ള സുവിശേഷവല്‍ക്കരണമാണ് ഇന്നിന്റെ ആവശ്യം. എന്നാല്‍ രക്ഷയുടെ അടിസ്ഥാനപരമായ ദര്‍ശനങ്ങളില്‍ വിട്ടുവീഴ്ച കൂടാതെയുള്ള സാംസ്‌കാരികാനുരൂപണം നമുക്ക് സ്വീകരിക്കാന്‍ കഴിയണം.
മാര്‍ത്തോമാശ്ലീഹായിലൂടെ ഒന്നാം നൂറ്റാണ്ടില്‍ത്തന്നെ ഭാരതമണ്ണില്‍ ജന്മമെടുത്ത ക്രൈസ്തവ സമൂഹം ഈ നാടിന്റെ മത, സാംസ്‌കാരിക വൈവിധ്യങ്ങളോട് അനുരൂപണം പ്രാപിച്ച് വളര്‍ന്നു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. സസ്രാണി ക്രൈസ്തവ സമൂഹത്തിന്റെ ഈ വിശ്വാസപൈതൃകങ്ങള്‍ സമകാലിക സാഹചര്യങ്ങളോട് സംവദിക്കാന്‍ തികച്ചും പ്രാപ്തമാണ്. അതിനാല്‍ അത് സംരക്ഷിക്കപ്പെടേണ്ടതുമാണ്.
സുവിശേഷപ്രഘോഷണങ്ങള്‍ക്കൊപ്പം മതാന്തര സംവാദങ്ങളും സാംസ്‌കാരിക സമന്വയങ്ങളും സഹിഷ്ണതയുള്ള സമീപനങ്ങളുമെല്ലാം പ്രസക്തമാണ്.
മാംസം ധരിച്ച സുവിശേഷത്തിന്റെ സാക്ഷ്യങ്ങള്‍ നിര്‍മ്മിക്കുന്ന കാരുണ്യത്തിന്റെ പ്ലാറ്റ്‌ഫോമില്‍ എല്ലാ ഭിന്നതകളും മറന്ന് മനുഷ്യര്‍ക്ക് ഒന്നിച്ചു പറയുവാന്‍ കഴിയും ”എന്റെ കര്‍ത്താവേ, എന്റെ ദൈവമേ!’

ബിഷപ് മാര്‍ ജോസ് പുളിക്കല്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?