Follow Us On

22

February

2024

Thursday

വൈദികരത്‌നം

വൈദികരത്‌നം

സീറോ മലബാര്‍ സഭ ഈ വര്‍ഷം വൈദികരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ച കോതമംഗലം രൂപതയുടെ മുന്‍ വികാരി ജനറാള്‍ റവ. ഡോ. ജോര്‍ജ് ഓലിയപ്പുറത്തിന്റെ വ്യത്യസ്തത നിറഞ്ഞ പ്രവര്‍ത്തനമണ്ഡലങ്ങളിലൂടെ.

”ജറുസലേമില്‍നിന്ന് ജറീക്കോയിലേക്കുള്ള വഴിയൊക്കെ വളരെ പഴയതാ. നമ്മളിന്നും അതിന്റെ കഥയും പറഞ്ഞിരുന്നിട്ട് കാര്യമില്ല. ഇനി പുതിയ വഴികളെപ്പറ്റി പറയണം. അവിടെ മുറിവേറ്റവനും സഹായം ആവശ്യമുള്ളവനും കിടപ്പുണ്ടാകും. ആ വഴിയില്‍വച്ച് കഴിഞ്ഞ ദിവസം കണ്ടുമുട്ടിയ സമരിയക്കാരനെക്കുറിച്ചാണ് പറയേണ്ടത്. അത്തരം പുതിയ കഥ പറയുമ്പോഴാണ് അത് ഇന്നത്തെ ജനത്തിന് പ്രചോദനമാകുന്നത്” റവ. ഡോ. ജോര്‍ജ് ഓലിയപ്പുറം പറയുന്നു.
എന്നും എവിടെയും കാലത്തിന് ചേര്‍ന്ന സുവിശേഷകഥകള്‍ ചികഞ്ഞെടുക്കാന്‍ വെമ്പല്‍കൊള്ളുന്ന അജപാലകനാണ് റവ. ഡോ. ജോര്‍ജ് ഓലിയപ്പുറം. ഈ വര്‍ഷം സീറോ മലബാര്‍ സഭ വൈദികരത്‌ന പുരസ്‌കാരം നല്‍കി ആദരിച്ച വൈദികശ്രേഷ്ഠന്‍.
ജോര്‍ജച്ചന്റെ ജീവിതം അടുത്തറിയുമ്പോള്‍ ബോധ്യപ്പെടും, അദ്ദേഹത്തിന്റെ ശുശ്രൂഷാമേഖലകളിലൊക്കെ നല്ല സമരിയാക്കാരന്റെ കാല്‍പ്പാടുകള്‍ പതിഞ്ഞിട്ടുണ്ടെന്ന്. കോതമംഗലം രൂപതയിലെ വിവിധ സംഘടനകളുടെ ഡയറക്ടറായും രൂപതാ ചാന്‍സിലറായും വിവിധ ഇടവകകളില്‍ വികാരിയായും ആലുവ സെമിനാരിയുടെ റെക്ടറായും ഏറ്റവുമൊടുവില്‍ വികാരി ജനറാളായും സേവനം ചെയ്ത ഇടങ്ങളിലൊക്കെ ജോര്‍ജച്ചനെ നല്ല അയല്‍ക്കാരനായി കാണുന്ന ആയിരക്കണക്കിനാളുകള്‍ ഉണ്ട്. കാരണം ആത്മീയതയെന്നാല്‍ പള്ളിയില്‍ പറയാനുള്ളതല്ല, അത് വിവിധ ജീവിതത്തിലൂടെ കാണിക്കേണ്ടതാണെന്ന ഉത്തമബോധ്യമാണ് അദ്ദേഹത്തെ മുന്നോട്ട് നയിച്ചത്.
1945 ജനുവരി പത്തിന് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ ഇടവകയിലെ ഓലിയപ്പുറം പീറ്റര്‍-റോസി ദമ്പതികളുടെ ഒമ്പത് മക്കളില്‍ മൂന്നാമനായിട്ടാണ് ജോര്‍ജ് ഓലിയപ്പുറത്തിന്റെ ജനനം. ജീവിതപാതയില്‍ ഏഴര പതിറ്റാണ്ട് പിന്നിടുന്ന അദ്ദേഹം എന്നും കാണപ്പെട്ടത് സന്തോഷവാനായിട്ടാണ്.
വത്തിക്കാനില്‍ നടന്ന പൗരോഹിത്യസ്വീകരണം
കോതമംഗലത്തെ സ്‌കൂള്‍ വിദ്യാഭ്യാസം, മൈനര്‍ സെമിനാരി പ്രവേശനം, തിരുച്ചിറപ്പിള്ളി സെന്റ് പോള്‍സ് മേജര്‍ സെമിനാരിയിലെ ഫിലോസഫി പഠനം, റോമിലെ ഉര്‍ബാനിയന്‍ യൂണിവേഴ്‌സിറ്റിയിലെ ദൈവശാസ്ത്രപരിശീലനം തുടങ്ങിയവയൊക്കെ ഉത്സാഹത്തോടും താല്‍പര്യത്തോടുംകൂടി പൂര്‍ത്തിയാക്കിയ ജോര്‍ജ് ഓലിയപ്പുറം 1969 മെയ് മൂന്നിന് റോമില്‍വച്ച് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍ പിതാവില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്റെ കബറിടത്തില്‍ പ്രഥമ ബലിയര്‍പ്പിച്ചു.
മുതലക്കോടം പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി തുടങ്ങിയ പൗരോഹിത്യശുശ്രൂഷ 2019-ല്‍ ഔദ്യോഗികമായി സമാപിച്ചു. വാഴക്കുളം, മൂവാറ്റുപുഴ, ആരക്കുഴ, മുതലക്കോടം പള്ളികളില്‍ വികാരിയായി സേവനം ചെയ്തു. അതിനുമുമ്പ് ഊര്‍ജസ്വലമായ എത്രയോ കര്‍മരംഗങ്ങളിലാണ് അച്ചന്‍ പ്രശോഭിച്ചത്. അതിലാദ്യത്തേത് കോതമംഗലം രൂപതയിലെ ആദ്യത്തെ ഫുള്‍ടൈം ഡയറക്ടറായി ചെറുപുഷ്പ മിഷന്‍ലീഗിനെ നയിച്ചതാണ്. അക്കാലയളവിലും തുടര്‍ന്നുമായി കെ.സി.എസ്.എല്‍, വൊക്കേഷന്‍ ബ്യൂറോ, സോഷ്യല്‍ സര്‍വീസ്, മതബോധനം തുടങ്ങി ഒട്ടുമിക്ക പ്രസ്ഥാനങ്ങളുടെയും സാരഥ്യം അച്ചന്‍ വഹിച്ചിട്ടുണ്ട്. ഹൈറേഞ്ചിന്റെ മലമടക്കുകളില്‍ സാഹസികവും പ്രേഷിതതീക്ഷ്ണത നിറഞ്ഞതുമായ എത്രയെത്ര യാത്രകള്‍ ജോര്‍ജച്ചന്‍ നടത്തി. ആ നാളുകളെക്കുറിച്ച് അച്ചന്‍ ഇങ്ങനെ പറയും: ”അതൊന്നും ത്യാഗമല്ലായിരുന്നു. അതൊക്കെ വലിയ സന്തോഷമായിരുന്നു. സ്‌നേഹത്തിന്റെ പേരിലുള്ള സ്വാതന്ത്ര്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളായിരുന്നു.”
സെമിനാരി റെക്ടര്‍
അതിനിടെ റോമിലേക്ക് പോയ ജോര്‍ജച്ചന്‍ അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ഡോക്ടറേറ്റ് നേടി തിരിച്ചെത്തി. തുടര്‍ന്ന് പത്തുവര്‍ഷത്തോളം കോതമംഗലം രൂപതയിലെ ചാന്‍സിലര്‍ ആയി സേവനമനുഷ്ഠിച്ചു. ജോര്‍ജച്ചന്റെ മറ്റൊരു സുപ്രധാന ശുശ്രൂഷ ആലുവ സെമിനാരിയുടെ റെക്ടര്‍ എന്ന നിലയിലായിരുന്നു. 1994 മുതല്‍ അവിഭക്ത സെമിനാരിയെ മൂന്നുവര്‍ഷം നയിച്ചു. തുടര്‍ന്ന് സെമിനാരി വിഭജിച്ചു. സെമിനാരിയുടെ ചരിത്രഗതിയിലെ ആ ദശാസന്ധിയെ വലിയ പരിക്കുകള്‍ കൂടാതെ അതിജീവിക്കാന്‍ അച്ചന്റെ സാന്നിധ്യം വലിയൊരളവില്‍ സഹായിച്ചുവെന്നത് പരമാര്‍ത്ഥമാണ്. ഒരു സെമിനാരിയിലും പഠിപ്പിച്ചു പരിചയസമ്പത്തില്ലാത്ത ഓലിയപ്പുറമച്ചനെ കേരളത്തിലെ ഏറ്റവും പ്രശസ്തമായ സെമിനാരിയുടെ തലപ്പത്ത് നിയോഗിച്ചുവെന്നത് ദൈവഹിതമായിരുന്നു. അതിന് കാരണമായി അച്ചന്‍ പറയുന്നത് ഇങ്ങനെയാണ്. ”ഞാന്‍ അക്കാലങ്ങളില്‍ കേരളത്തിലെ മിക്ക രൂപതകളിലും വൈദികരെ ധ്യാനിപ്പിച്ചിരുന്നു. പിതാക്കന്മാരുമായി നല്ല അടുപ്പമുണ്ടാക്കാനും ഇത് ഇടയാക്കി. അതൊക്കെയാവാം സെമിനാരിയില്‍ എന്നെ എത്തിച്ചത്.”
സ്‌നേഹത്തിന് എന്തും സാധ്യമാണെന്ന് അച്ചന്‍ പ്രവൃത്തികളിലൂടെ തെളിയിച്ചു. തുടര്‍ന്ന് മൂന്നുവര്‍ഷം അച്ചന്‍ മംഗലപ്പുഴ സെമിനാരിയുടെ റെക്ടര്‍ പദവി വഹിച്ചശേഷമാണ് കോതമംഗലത്തേക്ക് മടങ്ങിയെത്തിയത്. അച്ചന്റെ ഔദ്യോഗിക ജീവിതത്തിലെ അവസാനത്തെ ആറുവര്‍ഷം രൂപതയുടെ വികാരി ജനറാളായിരുന്നു. രൂപതയുടെ ഭിന്നമുഖങ്ങളെ പ്രകാശമാനമാക്കാന്‍ അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ക്ക് സാധിച്ചു. മിഷന്‍ലീഗിലൂടെ തുടങ്ങിവച്ച സംഘാടകമികവ് ഔന്നത്യത്തിലെത്തിയത് അച്ചന്‍ എ.കെ.സി.സിയുടെ ചുമതല വഹിച്ച നാളുകളിലാണ്. അല്മായര്‍ക്ക് സ്വീകാര്യമാവുന്ന വിധത്തിലുള്ള വൈദിക നേതൃത്വത്തെ പ്രായോഗികമാക്കാന്‍ അച്ചന് കഴിഞ്ഞു.
മാര്‍ മാത്യു പോത്തനാമൂഴി, മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍, മാര്‍ ജോര്‍ജ് മഠത്തക്കണ്ടം എന്നീ മൂന്നൂ പിതാക്കന്മാരോടൊപ്പം വൈദികശുശ്രൂഷ ചെയ്ത ജോര്‍ജച്ചന്റെ പൗരോഹിത്യ സുവര്‍ണജൂബിലി ഈയിടെ ആഘോഷിച്ചതേയുള്ളൂ. വൈദികര്‍ക്കും സന്യസ്തര്‍ക്കുമായി നിരവധി ധ്യാനപ്രസംഗങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
തനിമയുള്ള ചിന്തകള്‍
വിശുദ്ധ പൗലോസ് ശ്ലീഹ യേശുക്രിസ്തുവില്‍ നമ്മെക്കുറിച്ചുള്ള ദൈവഹിതം വെളിപ്പെടുത്തുന്നത് ഇപ്രകാരമാണല്ലോ: ”എപ്പോഴും സന്തോഷത്തോടെയിരിക്കുവിന്‍, ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാ കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍” (1 തെസ. 5:16-17). ഈ വചനം ജോര്‍ജച്ചന്റെ ജീവിതത്തില്‍ അന്വര്‍ത്ഥമാണെന്നു കാണാം. എല്ലായിടത്തും സന്തോഷം പകരുന്ന വ്യക്തികളെയും സന്ദര്‍ഭങ്ങളെയും ദൈവം തനിക്കായി ഒരുക്കിവച്ചിരുന്നു എന്ന് വിശ്വസിക്കുവാനും ഏറ്റുപറയാനുമാണ് അച്ചനിഷ്ടം. ജീവിതം തരുന്ന നന്മകളെ നിറഞ്ഞ മനസോടെ സ്വീകരിക്കുകയെന്നത് പ്രധാനമാണ്. ദൈവം നല്ല വഴികളേ തന്നിട്ടുള്ളൂ എന്ന് ഹൃദയപൂര്‍വം പറയുന്നൊരാള്‍ക്ക് കൃതജ്ഞതാനിര്‍ഭരമായി ജീവിക്കാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഈ വൈദികന്‍.
”പ്രാര്‍ത്ഥന സത്യസന്ധമായിരിക്കണം. സ്വര്‍ഗസ്ഥനായ പിതാവേ എന്ന പ്രാര്‍ത്ഥന പുത്രന്റെ ആത്മാര്‍ത്ഥതയോടെ ഒരിക്കല്‍ പ്രാര്‍ത്ഥിച്ചാല്‍ മതി. കൊതി തോന്നുന്ന പ്രാര്‍ത്ഥനകള്‍ നമുക്കിടയില്‍ ഉണ്ടാകണം. പതിനഞ്ചു മിനിറ്റ് ദൈവത്തോടൊപ്പം പ്രാര്‍ത്ഥിച്ചാല്‍ നമ്മുടെ പ്രാര്‍ത്ഥനയുടെ നിലവാരം ഉയരും. അതേസമയം നരകം സൃഷ്ടിച്ചിട്ട് സ്വര്‍ഗം വരണേയെന്ന് പ്രാര്‍ത്ഥിച്ചാലോ?” അച്ചന്‍ ചോദിക്കുന്നു.
ഇന്ത്യയുടെ ഇഷ്ടം പാക്കിസ്ഥാന്റെ ഇഷ്ടത്തിന് വിരുദ്ധമാകാം. പക്ഷേ ദൈവത്തിന്റെ ഇഷ്ടം എല്ലാവര്‍ക്കും നന്മയാണ്. ആ നന്മ വരാനാണ് നാം പ്രാര്‍ത്ഥിക്കേണ്ടത്; ജോര്‍ജച്ചന്‍ പറയുന്നു.
തനിമയുള്ള ചിന്തയും ലളിതമായ അവതരണവുംകൊണ്ട് ശ്രദ്ധേയമാണ് ജോര്‍ജച്ചന്റെ പ്രഭാഷണങ്ങളും സംഭാഷണങ്ങളും. ഏതു വിഷയത്തെക്കുറിച്ച് അച്ചന്‍ സംസാരിച്ച് തുടങ്ങിയാലും വളരെ പെട്ടെന്ന് സംസാരം ‘സ്‌നേഹ’ത്തിലെത്തിച്ചേരും. ദൈവത്തിന്റെ അപാരസ്‌നേഹത്തെക്കുറിച്ച്, അതു സ്വീകരിച്ച പുത്രന്റെ കുരിശിലെ സ്‌നേഹത്തെക്കുറിച്ച്, നാം നിരന്തരം പങ്കുവയ്‌ക്കേണ്ട സ്‌നേഹത്തെക്കുറിച്ച് അച്ചന്‍ പറഞ്ഞുകൊണ്ടേയിരിക്കും. ഏതു പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചാലും അച്ചന്‍ പറയും: അത് സ്‌നേഹത്തിന്റെ കുറവുകൊണ്ടാണെന്ന്. എന്തിനുമുള്ള പരിഹാരമായി അച്ചന്‍ നിര്‍ദേശിക്കും; കുറച്ചുകൂടി സ്‌നേഹിച്ചാല്‍ മതിയെന്ന്.
ജോര്‍ജച്ചന്‍ വിരമിക്കുകയാണ്, സ്‌നേഹത്തില്‍ മുഴുവന്‍ സമയം വ്യാപരിക്കാന്‍വേണ്ടി. അപ്പോഴേക്കും സഭ ഒരു പുരസ്‌കാരം നല്‍കുന്നു – വൈദികരത്‌ന പുരസ്‌കാരം. സ്‌നേഹത്തിന്റെ ശോഭ പുറത്തേക്ക് പ്രസരിപ്പിക്കാന്‍ ഈ വിശിഷ്ട രത്‌നത്തിന് കഴിയട്ടെയെന്നാണ് എല്ലാവരുടെയും ആശംസയും.

 ഷാജി മാലിപ്പാറ

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?