Follow Us On

22

July

2019

Monday

നേടുവാന്‍ ഓടാതെതന്നെ കൂട്ടിച്ചേര്‍ക്കപ്പെടുന്ന അത്ഭുതം

നേടുവാന്‍ ഓടാതെതന്നെ  കൂട്ടിച്ചേര്‍ക്കപ്പെടുന്ന അത്ഭുതം

ലേവ്യരുടെ പുസ്തകം 25:8-21 വചനങ്ങളില്‍ ജൂബിലി വര്‍ഷത്തെപ്പറ്റിയാണ് പറയുന്നത്. ആ ഭാഗത്തുനിന്നും ചില വചനങ്ങള്‍ ഉദ്ധരിക്കാം: അന്‍പതാം വര്‍ഷം നിങ്ങള്‍ക്ക് ജൂബിലിവര്‍ഷം ആയിരിക്കണം. ആ വര്‍ഷം വിതയ്ക്കുകയോ ഭൂമിയില്‍ താനേ വളരുന്നവ കൊയ്യുകയോ മുറിക്കാത്ത മുന്തിരിവള്ളികളിലെ ഫലങ്ങള്‍ ശേഖരിക്കുകയോ അരുത്. എന്തെന്നാല്‍, അത് ജൂബിലിവര്‍ഷമാണ്. അത് നിങ്ങള്‍ക്ക് വിശുദ്ധമായിരിക്കണം. വയലില്‍നിന്ന് കിട്ടുന്നവമാത്രം നിങ്ങള്‍ക്ക് ഭക്ഷിക്കാം…. നിങ്ങള്‍ എന്റെ നിയമങ്ങളും കല്‍പനകളും അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്യുക. എങ്കില്‍ ദേശത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. ഭൂമി അതിന്റെ ഫലം നല്‍കും; നിങ്ങള്‍ തൃപ്തിയാവോളം ഭക്ഷിച്ച് സുരക്ഷിതരായി വസിക്കും. ഞങ്ങള്‍ ഏഴാംവര്‍ഷം വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്നില്ലെങ്കില്‍ എന്ത് ഭക്ഷിക്കും എന്ന് നിങ്ങള്‍ ചോദിച്ചേക്കാം. ആറാം വര്‍ഷം എന്റെ അനുഗ്രഹം ഞാന്‍ നിങ്ങളുടെമേല്‍ ചൊരിയും. മൂന്നുവര്‍ഷത്തേക്കുള്ള വിളവ് അത് നിങ്ങള്‍ക്ക് പ്രദാനം ചെയ്യും.
ഏഴാം വര്‍ഷം കൃഷി ചെയ്യരുത് എന്ന് കര്‍ത്താവ് നിര്‍ദേശിക്കുന്നു. പക്ഷേ അതിന്റെ പേരില്‍ ഒന്നിനും കുറവ് ഉണ്ടാവുകയില്ലെന്ന് കര്‍ത്താവ് വാഗ്ദാനം ചെയ്യുന്നു. കാരണം ആറാം വര്‍ഷം കൃഷി ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് വേണ്ട വിളവ് ദൈവാനുഗ്രഹത്താല്‍ അവര്‍ക്ക് കിട്ടും. സാധാരണ ഗതിയില്‍ ഓരോ വര്‍ഷവും കൃഷി ചെയ്താലേ അതാത് വര്‍ഷം ഭക്ഷിക്കുവാന്‍ കിട്ടൂ. എന്നാല്‍ കര്‍ത്താവ് പറയുന്നത് അനുസരിച്ചാല്‍ ആറാം വര്‍ഷത്തില്‍ കൃഷി ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തേക്ക് വേണ്ട വിഭവങ്ങള്‍ കിട്ടും. കര്‍ത്താവ് എന്നും ഈ വാഗ്ദാനം പാലിക്കുകയും ചെയ്തു. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇതാണ്: കര്‍ത്താവ് പറയുന്നത് അനുസരിക്കുമ്പോഴാണ് ഈ അത്ഭുതം നടക്കുക.
ഈ അറിവ് മനസില്‍ സൂക്ഷിച്ചുകൊണ്ട് ലൂക്കാ 12:22-34 വചനങ്ങളിലേക്ക് വരാം. ദൈവപരിപാലനയില്‍ ആശ്രയിച്ചാല്‍ ദൈവം ഒന്നിനും കുറവ് വരുത്തുകയില്ല എന്ന കാര്യമാണ് ഈ ഭാഗത്ത് പറയുന്നത്. ഇതില്‍ ഒരു വചനം 12:31 നമ്മള്‍ ധ്യാനവിഷയമായി എടുക്കുകയാണ്: നിങ്ങള്‍ അവിടുത്തെ രാജ്യം അന്വേഷിക്കുവിന്‍; ഇവയെല്ലാം അതോടൊപ്പം നിങ്ങള്‍ക്ക് ലഭിക്കും. ദൈവകല്‍പനകള്‍ അനുസരിച്ചും ദൈവത്തെ സ്‌നേഹിച്ചും ജീവിക്കുന്നവരുടെ മാനുഷികമായ ആവശ്യങ്ങള്‍ ദൈവം നിറവേറ്റിക്കൊടുക്കും. അബ്രാഹവും ലോത്തും തമ്മില്‍ വേര്‍പിരിഞ്ഞപ്പോള്‍ ഏറ്റവും നല്ല സ്ഥലം തിരഞ്ഞെടുത്ത ആളാണ് ലോത്ത്. ധാരാളം വെള്ളമുള്ള, വളക്കൂറുള്ള മണ്ണുള്ള, സമതലമായ, കര്‍ത്താവിന്റെ തോട്ടംപോലെ മനോഹരമായ സ്ഥലമായ സോദോം-ഗൊമോറയാണ് ലോത്ത് തിരഞ്ഞെടുത്തത്. എന്നാല്‍ അത് കയ്യടക്കി ഉപയോഗിച്ച മനുഷ്യര്‍ ദൈവകല്‍പനകള്‍ ലംഘിച്ച് ജീവിച്ചപ്പോള്‍ ദൈവം ആ പ്രദേശത്തെയും മനുഷ്യരെയും നശിപ്പിച്ചു. എന്നാല്‍ മരുപ്രദേശത്തേക്ക് പോയ അബ്രാഹം ദൈവകല്‍പനകള്‍ അനുസരിച്ചും ദൈവത്തെ സ്‌നേഹിച്ചും ജീവിച്ചു. ദൈവം അദ്ദേഹത്തെ വലിയ ജനതയുടെ പിതാവാക്കി (ഉല്‍പത്തി അധ്യായങ്ങള്‍ 13, 19).
അതേ, നേടുവാന്‍ ഓടാതെ തന്നെ നല്‍കുന്നവനാണ്, കൂട്ടിച്ചേര്‍ക്കപ്പെടുന്നവനാണ് നമ്മുടെ ദൈവം. അതിന് ദൈവം വയ്ക്കുന്ന ഒരു വ്യവസ്ഥയുണ്ട്: ഒന്നാമതായി, ദൈവരാജ്യം അന്വേഷിക്കുക. അതായത്, ദൈവത്തെ മഹത്വപ്പെടുത്തിയും ആരാധിച്ചും ആത്മരക്ഷയ്ക്ക് പരമ പ്രാധാന്യം നല്‍കിയും ജീവിക്കുകയും അധ്വാനിക്കുകയും ചെയ്യുക. ബാക്കി ദൈവം നോക്കിക്കൊള്ളും. ദൈവം വേണ്ടത് തരും. ദൈവം ആവശ്യമുള്ളത് കൂട്ടിച്ചേര്‍ക്കും. മനുഷ്യന്റെ ആരംഭം മുതല്‍ ഇന്നോളം നമ്മള്‍ കാണുന്ന കാര്യമാണിത്. ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചും ആത്മരക്ഷയ്ക്ക് മുന്‍ഗണന നല്‍കിയും ജീവിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ദൈവം ഇടപെടും. നീ ദൈവത്തെ ആശ്രയിച്ചിട്ട് നിനക്ക് എന്ത് കിട്ടിയെന്ന് ചോദിച്ച് മറ്റുള്ളവര്‍ നിന്നെ കളിയാക്കാന്‍ ദൈവം അനുവദിക്കുകയില്ല. എന്തെന്നാല്‍ നിന്നോട് കരുണ കാണിക്കാന്‍ അവിടുന്ന് അവസരം കണ്ടെത്തും എന്ന് ദൈവവചനം നമ്മോട് പറയുന്നുണ്ട്. ദൈവരാജ്യത്തിന് മുന്‍ഗണന നല്‍കുന്നവരുടെ ജീവിതത്തില്‍ ദൈവം ഇതുപോലെ ഇടപെട്ട് കരുണ കാണിക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങള്‍ നമ്മുടെ കൂടെ ഉള്ളവര്‍ക്കും ഉണ്ട്. ഒന്നുമില്ലായ്മയില്‍നിന്ന് ദൈവം എല്ലാം നല്‍കി കൈപിടിച്ച് ഉയര്‍ത്തിയവരുണ്ട്. സമ്പത്തും ജോലിയും സമൂഹത്തില്‍ അന്തസും നല്‍കി ദൈവം അനുഗ്രഹിച്ച ജീവിതങ്ങളുണ്ട്. കടബാധ്യതകള്‍ ദൈവം അത്ഭുതകരമായി ഇടപെട്ട് വീട്ടിയ ഉദാഹരണങ്ങള്‍ ഉണ്ട്. നല്ല ഭവനം നല്‍കി അനുഗ്രഹിച്ച ഉദാഹരണങ്ങള്‍ ഉണ്ട്. വിവാഹതടസം, വിദേശ ജോലിതടസം, പരീക്ഷകള്‍ പാസാകാനുള്ള പ്രതിബന്ധങ്ങള്‍ തുടങ്ങിയവയെല്ലാം ദൈവം മാറ്റിക്കൊടുത്ത അനുഭവങ്ങളുണ്ട്. കുറെക്കൂടി വിശുദ്ധ ജീവിതത്തിലേക്ക് വന്നപ്പോള്‍ എത്ര വ്യക്തികളുടെയും കുടുംബങ്ങളുടെയും സ്ഥാപനങ്ങളുടെയും കാര്യത്തില്‍ ദൈവം അത്ഭുതകരമായി ഇടപെട്ടു.
ദൈവം കൂട്ടിച്ചേര്‍ക്കപ്പെടുന്ന അവസ്ഥ സംജാതമാക്കുവാനാണ് പല മനുഷ്യരും പരാജയപ്പെടുന്നത്. സ്വന്തമായി നേടുവാനാണ് ധാരാളം പേര്‍ ശ്രമിക്കുന്നത്. അതിനുവേണ്ടി പലരും പലരെയും കൂട്ടുപിടിക്കുകയും തെറ്റായ വഴികള്‍ അവലംബിക്കുകയും ചെയ്യുന്നുണ്ട്. ദൈവം കൂട്ടിച്ചേര്‍ക്കുന്നതല്ലാത്ത നേട്ടങ്ങള്‍ നന്മയ്ക്കായി ഭവിക്കുകയില്ല. ഭൗതികമായ പലതും നേടിയെന്നുവരാം. പക്ഷേ അവ സാവകാശം സഹനത്തിന് കാരണമാകും. ആത്മീയമായി അത് വലിയ നഷ്ടങ്ങള്‍ വരുത്തുകയും ചെയ്യും. ദൈവത്തിന്റെ കൂട്ടിച്ചേര്‍ക്കലില്ലാതെ പലതും നേടിയ പലരെയും കണ്ട് നമുക്ക് അസൂയയും അപകര്‍ഷതാബോധവും വേണ്ട. ദൈവം കൂട്ടിച്ചേര്‍ത്തവകൊണ്ട് സമാധാനത്തോടെ ജീവിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?