Follow Us On

18

November

2019

Monday

കരുണാമയന്റെ തണലില്‍ മുമ്പോട്ട് പോയപ്പോള്‍

കരുണാമയന്റെ തണലില്‍ മുമ്പോട്ട് പോയപ്പോള്‍

പൗരോഹിത്യജീവിതത്തില്‍ രണ്ടരപതിറ്റാണ്ട് എത്തുമ്പോള്‍ ദൈവം നല്‍കിയ അനന്തകൃപകള്‍ക്ക് നന്ദിയര്‍പ്പിക്കാന്‍ വാക്കുകളില്ല.
പൗരോഹിത്യത്തിന്റെ ആദ്യകാലങ്ങളില്‍ ചാപ്പന്‍തോട്ടം പള്ളിമേടയില്‍ താമസിച്ചുകൊണ്ട് രണ്ടര കിലോമീറ്റര്‍ ദൂരെയുള്ള കുരിശുപള്ളിയില്‍ കാല്‍നടയായിപ്പോയി എല്ലാ ദിവസവും വി. കുര്‍ബാന അര്‍പ്പിച്ച കാലങ്ങള്‍ മറക്കാനാവില്ല. കുരിശുപള്ളിയുടെ സമീപവാസികളായ 120 കുടുംബക്കാര്‍ ഇത് ഒരു ഇടവകയായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. ചാപ്പന്‍തോട്ടം പള്ളിയിലേക്ക് ഏറ്റവും അകലെയുള്ള ഇടവകാംഗത്തിന് എത്തിച്ചേരാന്‍ ഏഴരകിലോമീറ്ററെങ്കിലും നടക്കണം. ഈ സാഹചര്യത്തില്‍ ഇടവക രൂപീകരണത്തിനുള്ള സാധ്യതയെക്കുറിച്ച് പഠിക്കുന്നതിനും സാധ്യമെങ്കില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിക്കുന്നതിനും രൂപതാ അധികാരികള്‍ എന്നെ ചുമതലപ്പെടുത്തി.
കുരിശുപള്ളിയോട് ചേര്‍ന്ന് വൈദികമന്ദിരം പണിയുന്നതിനുള്ള സ്ഥലം വാങ്ങി. വിദൂരത്ത് താമസിച്ചിരുന്നതിനാല്‍ ജനങ്ങളുമായി ബന്ധമുണ്ടായിരുന്നില്ല എന്നത് ഒരു പ്രശ്‌നമായിരുന്നു. ആയതിനാല്‍ കുരിശുപള്ളിക്കടുത്ത് ഒരു വീട് വാടകക്കെടുത്ത് താമസം തുടങ്ങി. വൈദ്യുതിയോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഒന്നുമില്ലാത്ത വീട്.
ഒരു പള്ളി നിര്‍മ്മിക്കുന്നതിന് അനുയോജ്യമായി അവിടെയുള്ള സ്ഥലം മറ്റൊരു മതസ്ഥന്റെ കൈവശമാണുണ്ടായിരുന്നത്. പള്ളി നിര്‍മ്മിക്കുന്നതിന്, ആറര ഏക്കര്‍ വരുന്ന ആ സ്ഥലം വില്ക്കാന്‍ അദ്ദേഹം അന്ന് തയ്യാറായിരുന്നില്ല. എന്നാല്‍ ഈ പ്രദേശത്തെ ദൈവജനത്തെ ഇടവകാ സമൂഹമാക്കുന്നതിന് ദൈവം ആഗ്രഹിക്കുന്നു എന്ന ബോധ്യം ഉണ്ടായിരുന്നു. എല്ലാ സമ്പത്തിന്റെയും ഉടമ ദൈവമാണല്ലോ. ഈ ബോധ്യത്തോടെ പ്രാര്‍ത്ഥന ആരംഭിച്ചു.
പ്രാര്‍ത്ഥനക്ക് ഒരു പ്രത്യേകതയുണ്ടായിരുന്നു. പള്ളിക്കായി ദൈവം നിശ്ചയിച്ച സ്ഥലത്ത് വച്ചാണ് പ്രാര്‍ത്ഥന. എല്ലാവരും ഉറങ്ങുമ്പോള്‍ ഒപ്പമുള്ളവര്‍ പ്രാര്‍ത്ഥന ആരംഭിക്കും. പല സ്ഥലങ്ങളില്‍ മാറിമാറി നിന്നാണ് പ്രാര്‍ത്ഥന. മഴയും കാറ്റുമൊന്നും പ്രാര്‍ത്ഥനക്ക് ഒരു മാറ്റവും വരുത്തിയില്ല. രാത്രിയുടെ യാമങ്ങളില്‍ പ്രാര്‍ത്ഥന തുടര്‍ന്നുകൊണ്ടേയിരുന്നു.
കുരിശുപള്ളി ഇടവകക്ക് അന്നു ബാങ്കുബാലന്‍സായി ആയിരം രൂപമാത്രമാണുണ്ടായിരുന്നത്. സ്ഥലം ലഭിക്കുമ്പോള്‍ വാങ്ങാന്‍ പണം പോലും ഇല്ല. ഈ അവസരത്തില്‍ സി.എം.സി സിസ്റ്റേഴ്‌സ് മഠം ആരംഭിക്കുന്നതിന് സ്ഥലം അന്വേഷിച്ച് എത്തി. ആറര ഏക്കറിന്റെ പകുതി അവര്‍ക്ക് കൊടുക്കാമെന്നേറ്റു.
പ്രാര്‍ത്ഥന ഒന്നരവര്‍ഷം പിന്നിട്ടപ്പോ ള്‍ ദൈവം ഇടപെട്ടു. സ്ഥലം വില്കാന്‍ കൈവശക്കാരന്‍ തയ്യാറായി. സ്ഥലം വാങ്ങുന്നതിനാവശ്യമായ തുകയും ക്രമീകരിച്ച് ദൈവം സ്ഥലം ഏല്പിച്ചുതന്നു. ദൈവഹിതം നിറവേറി. അതിന്റെ സജീവസാക്ഷ്യം നല്‍കിക്കൊണ്ട് ആദ്യം നിന്ന് പ്രാര്‍ത്ഥിച്ചിടത്ത് കോണ്‍വെന്റ്, രണ്ടാമത്തെ ഇടത്ത് സിമിത്തേരി, മൂന്നാമത്തെ ഇടത്ത് പള്ളിമുറി, പിന്നെ പള്ളി, സണ്‍ഡേസ്‌കൂള്‍ എന്നിവ സ്ഥാപിതമായി. എല്ലാം ദൈവകൃപ.
തെയ്യപ്പാറയില്‍ ദൈവാലയനിര്‍മ്മാണ സമയത്തുണ്ടായ മറ്റൊരനുഭവംകൂടി പറയാം. രാത്രി ഉറങ്ങുന്നതിനിടയില്‍ എന്തോ ഒരു തണുപ്പ് കഴുത്തില്‍ അനുഭവപ്പെടുന്നതായി എനിക്ക് തോന്നി. ഉണര്‍ന്ന് നോക്കിയപ്പോള്‍ ഒന്നും കണ്ടില്ല. അപ്പോള്‍ സമയം ഒരു മണിയായിട്ടുണ്ടാകും. വീണ്ടും കിടന്നുറങ്ങി. പുലര്‍ച്ചെ മൂന്നുമണിയായപ്പോള്‍ വീണ്ടും ഇതേ അനുഭവം, പക്ഷെ ഒന്നും കണ്ടില്ല. വീണ്ടും ഉറക്കം തുടര്‍ന്നു.
അഞ്ചുമണിക്കെഴുന്നേറ്റു, ലൈറ്റിട്ടു അപ്പോഴാണ് കൂടെയുറങ്ങിയ ആളെ കാണുന്നത്. ഞെട്ടിപ്പോയി, വലിയൊരു ചേനത്തണ്ടന്‍. അവനും ഉറക്കം മതിയാക്കി മെല്ലെ ബെഡില്‍ നിന്ന് പുറത്തേക്ക് എണീറ്റുപോകുന്ന കാഴ്ചയാണ് കണ്ടത്. പൗലോസിന്റെ കൈയില്‍ ചുറ്റി തൂങ്ങിക്കിടന്ന അണലി അവന് അപകടമൊന്നും വരുത്താതെയിരിക്കാന്‍ ദൈവം ഇടപെട്ടതുപോലെ (അപ്പ.പ്രവ. 28:4-5) ഇവിടെ ചേനത്തണ്ടന്റെ വായ് കര്‍ത്താവ് മൂടിക്കെട്ടി. ഓര്‍ത്തുനോക്കിയാല്‍ ദൈവത്തിന്റെ അനന്തകരുണമാത്രമാണ് മുന്നിലെന്നുമുള്ളത്.

ഫാ.ബന്നി മുണ്ടനാട്ട്  (ചാന്‍സിലര്‍, താമരശേരി രൂപത)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?