Follow Us On

18

November

2019

Monday

കുടുംബം ദൈവവിളിയുടെ വിളനിലം

കുടുംബം ദൈവവിളിയുടെ വിളനിലം

പരസ്പരം സ്‌നേഹിക്കുന്നതിനും തിരുസഭയിലേക്ക് സന്താനങ്ങളെ ജനിപ്പിക്കുന്നതിനും ഒരു കുടുംബത്തിന് അടിത്തറയിടുന്നതിനുമാണ് വിവാഹമെന്ന കൂദാശ സ്ഥാപിച്ചത്. തിരുസഭയുടെ ചെറിയ പകര്‍പ്പും എല്ലാ നന്മകളുടെയും വിളനിലവുമാണ് കുടുംബം. സത്യവും നീതിയും സ്‌നേഹവും കരുണയും സഹാനുഭൂതിയും എളിമയും പഠിക്കുന്ന പഠനക്കളരിയാണ് ഓരോ ക്രൈസ്തവ കുടുംബങ്ങളും. മാതാപിതാക്കളും മുതിര്‍ന്നവരുമാണ് അവിടുത്തെ അധ്യാപകര്‍. അവര്‍ ഇട്ടുകൊടുക്കുന്ന അടിത്തറമേലാണ് ഓരോ വ്യക്തിയുംജീവിതസൗധം ഉയര്‍ത്തുന്നത്.
പാലാ രൂപതയിലെ മരങ്ങാട്ടുപിള്ളി ഇടവകയില്‍ സാധാരണ കര്‍ഷക കുടുംബമായ തോട്ടത്തില്‍ കുടുംബത്തിലാണ് ഞങ്ങള്‍ ജനിച്ചത്. കഠിനമായി അധ്വാനിച്ചാണ് മാതാപിതാക്കള്‍ ഞങ്ങള്‍ ഒമ്പതുമക്കളെയും വളര്‍ത്തിയത്. ഉറച്ച ക്രൈസ്തവ വിശ്വാസമായിരുന്നു കരുത്ത്. അതുപോലെ ഞങ്ങളെയും വളര്‍ത്തിയതുകൊണ്ട് ഒമ്പതുമക്കളില്‍ ആറുപേരും ദൈവികശുശ്രൂഷയ്ക്കായി പോയി. സന്ധ്യാസമയത്ത് കുടുംബപ്രാര്‍ത്ഥന ചൊല്ലുന്നതുപോലെതന്നെ പ്രഭാതത്തിലും അപ്പനും അമ്മച്ചിയും പ്രാര്‍ത്ഥിക്കും. ആ പ്രാര്‍ത്ഥന കേട്ടാണ് ദിവസവും ഞങ്ങള്‍ ഉണരുന്നത്.
അപ്പന്‍ എല്ലാ ദിവസവും രാവിലെ ദിവ്യബലിക്ക് പോകും. സ്‌കൂള്‍ ഇല്ലാത്ത ദിവസങ്ങളില്‍ അമ്മച്ചിയും ഞങ്ങളും പോകും. ഇന്ന് ഞങ്ങള്‍ ഈ നിലയില്‍ എത്തിയതിന്റെ രഹസ്യവും ഇതുതന്നെയാണ്. സ്‌കൂള്‍ അടച്ച് അവധിയായാല്‍ ഞങ്ങള്‍ എല്ലാ ദിവസവും രാവിലെ പള്ളിയില്‍ പോകണമെന്നത് നിര്‍ബന്ധമാണ്. അധ്വാനിച്ച് ജോലി ചെയ്യുന്നതിന്റെ മഹത്വവും വൈദിക-സന്യാസ ജീവിതത്തിന്റെ മാഹാത്മ്യവും അപ്പന്‍ ചെറുപ്പത്തില്‍ത്തന്നെ പറഞ്ഞുതരുമായിരുന്നു. അതുപോലെ അപ്പനും അമ്മച്ചിയും തമ്മിലോ മറ്റുള്ളവര്‍ തമ്മിലോ ഒരിക്കല്‍പോലും വഴക്കിട്ടതായി ഓര്‍മയില്ല. ഒരു പരിഭവമോ കുറ്റപ്പെടുത്തലോ ആവലാതി പറയലോ അമ്മച്ചിയുടെ വായില്‍നിന്നും വന്നതായി കേട്ടിട്ടില്ല. യാതൊരു വിധത്തിലുള്ള വേര്‍തിരിവുമില്ലാതെ എല്ലാ മനുഷ്യരെയും ദൈവത്തിന്റെ മക്കളായി കണ്ട് ബഹുമാനിക്കണമെന്ന് പഠിപ്പിക്കുക മാത്രമല്ല, അവര്‍ വീട്ടില്‍ വരുമ്പോള്‍ പണമായും സാധനങ്ങളായും ഞങ്ങളെക്കൊണ്ടുതന്നെ സഹായങ്ങള്‍ നല്‍കുകയും ചെയ്തത് ഞങ്ങള്‍ക്കിന്നും പ്രചോദനമായി മനസില്‍ മായാതെ നിലനില്‍ക്കുന്നു. ചെറുപ്പത്തില്‍ത്തന്നെ വിശുദ്ധരുടെ കഥകള്‍ പറഞ്ഞുതരികയും വിശുദ്ധരുടെ പുസ്തകങ്ങള്‍ വാങ്ങിച്ച് അത് വായിക്കാന്‍ പ്രചോദിപ്പിക്കുകയും ചെയ്തിരുന്നു. ഒരു ദിവസം അപ്പന്‍ ചന്തയില്‍ പോയി വന്നപ്പോള്‍ പല നിറത്തിലുള്ള പേപ്പര്‍കൊണ്ട് പൊതിഞ്ഞ കുറെ മിഠായി കൊണ്ടുവന്ന് തന്നിട്ട് പറഞ്ഞു, എല്ലാവരും മിഠായിയുടെ പേപ്പര്‍ മാറ്റി മിഠായി തിന്നാന്‍ എടുക്കുക. ഞങ്ങള്‍ അതുപോലെ ചെയ്തു. അപ്പോള്‍ അപ്പന്‍ ഞങ്ങളോടായി പറഞ്ഞു: നോക്കൂ മക്കളെ, പലതരത്തിലുള്ള പേപ്പറില്‍ പൊതിഞ്ഞ മിഠായി എല്ലാം ഒന്നുപോലെയിരിക്കുന്നു. ഇതുപോലെയാണ് മനുഷ്യന്റെ ഉള്ളിലുള്ള ആത്മാവും. മനുഷ്യര്‍ പുറമെ സമ്പന്നര്‍, ദരിദ്രര്‍, കറുത്തവര്‍, വെളുത്തവര്‍, വിദ്യാസമ്പന്നര്‍, വിദ്യാവിഹീനര്‍ എന്നിങ്ങനെ വ്യത്യസ്തരായി കാണപ്പെടുന്നുവെങ്കിലും അവരുടെയെല്ലാം ഉള്ളിലുള്ള ആത്മാവ് ദൈവത്തിന്റേതാണ്. അതുകൊണ്ട് മനുഷ്യരെ തരംതിരിച്ച് കാണരുതെന്ന് ഞങ്ങളെ പഠിപ്പിച്ചു.
ഒമ്പതുമക്കളില്‍ ആറുപേരും സന്യാസജീവിതം നയിക്കുന്നവരാണെന്ന് ഞാന്‍ നേരത്തെ സൂചിപ്പിച്ചുവല്ലോ. ഒരിക്കല്‍ അപ്പന്‍ മഠത്തില്‍ ഞങ്ങളെ കാണാന്‍ വന്നപ്പോള്‍ എന്നോട് പറഞ്ഞു: ”നിങ്ങളുടെ സന്യാസ വിളിയനുസരിച്ച് നിങ്ങള്‍ ജീവിക്കുന്നില്ല എന്നു കേള്‍ക്കുന്നതിനെക്കാള്‍ നിങ്ങള്‍ മരിച്ചുവെന്ന് കേള്‍ക്കുന്നതാണ് എനിക്ക് കൂടുതല്‍ സന്തോഷമെന്ന്.” അതുപോലെ മാസത്തിലൊരിക്കല്‍ ഉപദേശങ്ങള്‍ നിറഞ്ഞ കത്ത് മഠത്തിലേക്ക് അയക്കുമായിരുന്നു. ഇന്നും ആ എഴുത്തുകള്‍ ഒരു നിധിപോലെ ഞാന്‍ സൂക്ഷിക്കുന്നുണ്ട്.
ഞങ്ങള്‍ മക്കള്‍ നാല് ആണും അഞ്ച് പെണ്ണുമാണ്. ഏറ്റവും മൂത്ത ചേച്ചിയും ആങ്ങളയും വിവാഹിതരാണ്. ചേച്ചിയുടെ ഒരു മകള്‍ ഹോളിഫാമിലി സഭയിലെ സിസ്റ്റര്‍ ആണ്. ആങ്ങളയുടെ കൊച്ചുമകന്‍ വി.സി സന്യാസ സഭയിലെ വൈദികവിദ്യാര്‍ത്ഥിയാണ്. രണ്ടാമത്തെ ചേച്ചി സിസ്റ്റര്‍ റോസ്‌മേരി എല്‍.എഫ് സഭയില്‍ തിരുവനന്തപുരത്ത് സേവനം ചെയ്യുന്നു. മൂന്നാമത്തെ ചേച്ചി സിസ്റ്റര്‍ ആനി മാത്യു എല്‍.എസ്.റ്റി സഭയിലെ സുപ്പീരിയര്‍ ജനറലാണ്, യു.പിയില്‍. ബ്ര. ജോസ് മാത്യു കട്ടപ്പനയിലെ ജോണ്‍ ഓഫ് ഗോഡ് സഭയില്‍ പ്രതീക്ഷാഭവന്റെ ഡയറക്ടറായി സേവനം ചെയ്യുന്നു. സിസ്റ്റര്‍ ഫിലോ മാത്യുവും സിസ്റ്റര്‍ റോസ് മാത്യുവും ആലപ്പുഴ വിസിറ്റേഷന്‍ സന്യാസ സഭയിലെ അംഗങ്ങളാണ്. സിസ്റ്റര്‍ ഫിലോ മാത്യു ഫാത്തിമ മഠത്തിലെയും സിസ്റ്റര്‍ റോസ് ആലുവ സെന്റ് ജോസഫ് മഠത്തിലെയും സുപ്പീരിയര്‍മാരായി സേവനം ചെയ്യുന്നു. സെബാസ്റ്റ്യന്‍ മാത്യു വിവാഹിതനാണ്. ഹില്‍ ഏലൂരില്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു. ഏറ്റവും ഇളയ ഫാ. റോയി മാത്യു ഈശോസഭ വൈദികനായി കലൂര്‍ ‘ലൂമെന്‍ ജ്യോതിഷില്‍’ സുപ്പീരിയറായും ‘എഴുത്ത്’ മാസികയുടെ എഡിറ്റോറിയല്‍ അംഗമായും പ്രവര്‍ത്തിക്കുന്നു. ഞങ്ങളുടെ പ്രവര്‍ത്തനരംഗങ്ങളില്‍ ആത്മാര്‍ത്ഥമായി ജീവിക്കുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കുന്നത് കുടുംബത്തില്‍നിന്നും ലഭിച്ച നല്ല മാതൃകയും പരിശീലനവും കാരണമാണ്.

സിസ്റ്റര്‍ ഫിലോ മാത്യു  svc

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?