Follow Us On

22

February

2024

Thursday

ഹീസോപ്പുകൊണ്ട് പവിത്രീകരിക്കുന്ന നേരങ്ങളില്‍…

ഹീസോപ്പുകൊണ്ട് പവിത്രീകരിക്കുന്ന നേരങ്ങളില്‍…

കാന്‍സറിന്റെ അവസാന ഘട്ടത്തിലെത്തിയ നിമ്മിക്ക് ഡോക്ടര്‍മാര്‍  നിശ്ചയിച്ച പരമാവധി ആയുസ് ആറ് മാസമായിരുന്നു. എന്നാല്‍ ആ  19-കാരി 13 വര്‍ഷത്തിനുശേഷവും പൂര്‍ണ ആരോഗ്യവതിയായി കുടുംബ ജീവിതം നയിക്കുന്നു. ഇപ്പോള്‍ നാല് മക്കളുടെ അമ്മയുമാണ്.  കാന്‍സര്‍ രോഗത്തില്‍നിന്നും കര്‍ത്താവ് നല്‍കിയ അത്ഭുതകരമായ സൗഖ്യത്തിന്റെ വഴികളിലൂടെ….

കര്‍ത്താവ് ചിലരെ പ്രത്യേകമാംവിധം തിരഞ്ഞെടുക്കാറുണ്ട്. ദൈവത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ കഴിയാതെ ലോകത്തിന്റെ വഴികളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് അടയാളമായി ഉയര്‍ന്നുനില്‍ക്കുവാന്‍വേണ്ടിയാണ് ഇത്തരം തിരഞ്ഞെടുപ്പുകള്‍. ദൈവം അടയാളപ്പെടുത്തിയ വ്യക്തികളുടെ ജീവിതവും സാക്ഷ്യങ്ങളും അനേകരെ ദൈവത്തിലേക്ക് അടുപ്പിക്കുന്നു.
ഇടുക്കി ജില്ലയില്‍ അടിമാലി സ്വദേശിനിയായ നിമ്മി ജെയ്‌സന്റെ ജീവിതം ഇന്നൊരു സാക്ഷ്യമാണ്. കാന്‍സര്‍ രോഗത്തിനടിമയായി മരണം കാത്തുകിടന്ന നാളുകള്‍. ദൈവത്തിന്റെ കരംപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഇന്ന് കര്‍ത്താവിന് സാക്ഷിയായി ജീവിതം നയിക്കുകയാണവര്‍. കര്‍ത്താവ് അവരുടെ ജീവിതത്തില്‍ ഇടപെട്ട വഴികളെയാണ് പരിചയപ്പെടുത്തുന്നത്.
പരമാവധി ആറുമാസം
മാതാപിതാക്കളോടൊപ്പം സന്തോഷത്തോടെ ജീവിച്ചുവരികയായിരുന്നു നിമ്മി. അലച്ചിലുകള്‍ ഒന്നുമില്ലാത്ത ജീവിതമായതുകൊണ്ടുതന്നെ കാര്യമായി പ്രാര്‍ത്ഥിച്ചിരുന്നില്ല. അധ്യാപികയായ അമ്മയുടെ പ്രാര്‍ത്ഥനയെ നിമ്മിയും മറ്റു കുടുംബാംഗങ്ങളും കാര്യമായി എടുത്തതുമില്ല. ജീവിതം സന്തോഷകരമായി മുന്നേറിക്കൊണ്ടിരുന്നു. നിമ്മി ഡിഗ്രി പഠനം ആരംഭിച്ചു. ആ നാളുകളില്‍ നിമ്മിക്ക് തൊണ്ടവേദന ആരംഭിച്ചു. പല മരുന്നുകള്‍ കഴിച്ചെങ്കിലും പ്രശ്‌നം വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു. കഴുത്തിലെ വളയെല്ലിനോട് ചേര്‍ന്ന് ചെറിയൊരു മുഴ കാണപ്പെട്ടു. അത് അനുദിനം വളര്‍ന്നുവന്നുകൊണ്ടിരുന്നു. മുന്‍ പരിചയം ഉണ്ടായിരുന്ന മാന്‍കടവിലുള്ള ദൈവമാതാ ആശ്രമത്തിലെ സിസ്റ്റേഴ്‌സ് നിമ്മിയുടെ അമ്മ മേരിയെ ഫോണില്‍ വിളിച്ച് ഞങ്ങള്‍ നിമ്മിക്കുവേണ്ടി എത്ര സമയം വേണമെങ്കിലും പ്രാര്‍ത്ഥിക്കാമെന്നും നിങ്ങള്‍ സഹകരിച്ചാല്‍ മതിയെന്നും പറഞ്ഞു. സിസ്റ്റേഴ്‌സിന് പ്രാര്‍ത്ഥനാവേളയില്‍ കിട്ടിയ ബോധ്യം അനുസരിച്ചായിരുന്നു അവര്‍ വിളിച്ചത്. എന്നാല്‍ തൊണ്ടവേദനയ്ക്കുവേണ്ടി എന്തിന് ഇത്ര വലിയ പ്രാര്‍ത്ഥനകളും ഉപവാസവുമൊക്കെ എന്നായിരുന്നു നിമ്മിയുടെ ചിന്ത.
കുടുംബ ഡോക്ടര്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധ പരിശോധനയ്ക്കായി കൊച്ചിയിലെ ആശുപത്രിയില്‍ എത്തി. റിസള്‍ട്ട് വരുംമുമ്പേ ശ്വാസംമുട്ടലും മറ്റ് ശാരീരിക അസ്വസ്ഥതകളും ഉണ്ടായിക്കൊണ്ടിരുന്നു. എങ്കിലും വേദന ഉണ്ടായിരുന്നില്ല. രോഗം കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ഓപ്പറേഷന്‍ നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ ഒരു ധ്യാനത്തില്‍ പങ്കെടുത്തശേഷം ഓപ്പറേഷന്‍ നടത്തിയാല്‍ മതിയെന്ന് തീരുമാനിച്ചു. ധ്യാനത്തിനുശേഷം വീണ്ടും ആശുപത്രിയില്‍ എത്തി. അപ്പോഴേക്കും രോഗം കൂടുതല്‍ അപകടകരമായ അവസ്ഥയില്‍ എത്തി. ഓപ്പറേഷന്‍ ഇനി സാധ്യമല്ലെന്ന നിഗമനത്തില്‍ ഡോക്ടര്‍മാര്‍ എത്തിച്ചേര്‍ന്നു. പരമാവധി ആറുമാസം മാത്രമേ ജീവിക്കുകയുള്ളൂവെന്ന സത്യവും ഡോക്ടര്‍മാര്‍ തുറന്നു പറഞ്ഞു.
അത്ഭുതകരമായ സൗഖ്യം
ഈ നാളുകളിലെല്ലാം സിസ്റ്റേഴ്‌സിന്റെ നിരന്തരമായ പ്രാര്‍ത്ഥന ഇവര്‍ക്ക് ലഭിച്ചുകൊണ്ടിരുന്നു. മാതാപിതാക്കള്‍ സിസ്റ്റേഴ്‌സിനോട് ചേര്‍ന്ന് ത്യാഗത്തോടെ പ്രാര്‍ത്ഥിച്ചു. സിസ്റ്റേഴ്‌സിന്റെ നിര്‍ദേശപ്രകാരം ധ്യാനത്തില്‍ പങ്കെടുക്കാന്‍ പോയി. അപ്പോഴേക്കും നിമ്മിയുടെ നില അതീവ ഗുരുതരാവസ്ഥയില്‍ എത്തിയിരുന്നു. കീമോയെത്തുടര്‍ന്ന് മുടി കൊഴിഞ്ഞ് ശരീരം മുഴുവന്‍ നീരുവച്ച് സംസാരിക്കാന്‍പോലും കഴിയാത്ത അവസ്ഥയിലായി. ജീവഛവംപോലെ ധ്യാനകേന്ദ്രത്തിലെ രോഗികളുടെ സെക്ഷനില്‍ കിടന്ന് ധ്യാനത്തില്‍ പങ്കെടുത്തു. ധ്യാനടീം ഒന്നാകെ കട്ടിലിന് ചുറ്റുംനിന്ന് പ്രാര്‍ത്ഥിച്ചു. ആ സമയം നിമ്മിയുടെ പാദം മുതല്‍ ശരീരം മുഴുവന്‍ തണുത്തുറഞ്ഞു. കുറെസമയം നിശ്ചലയായി കിടന്നു. പെട്ടെന്ന് നിമ്മി രോഗവിമുക്തയായി. രോഗമുണ്ടാകുന്നതിനുമുമ്പുള്ള ആരോഗ്യത്തോടെ ചാടി എഴുന്നേറ്റു.
പിന്നീട് നടത്തിയ പരിശോധനയില്‍ രോഗം പൂര്‍ണമായി സൗഖ്യപ്പെട്ടതായി വൈദ്യശാസ്ത്രം സ്ഥിരീകരിച്ചു. കീമോയുടെ രണ്ട് ഡോസ് പിന്നിട്ടിരുന്നതിനാല്‍ ബാക്കികൂടി പൂര്‍ത്തിയാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. അതുപ്രകാരം കോഴ്‌സ് പൂര്‍ത്തിയാക്കി. വിവാഹം കഴിഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മാതാപിതാക്കളെ സംബന്ധിച്ച് ഏറെ വേദനിപ്പിക്കുന്ന വാക്കുകളായിരുന്നു ഇത്. സിസ്റ്റേഴ്‌സിനൊപ്പം പ്രാര്‍ത്ഥനകള്‍ തുടര്‍ന്നുകൊണ്ടിരുന്നു.
വിവാഹാലോചനകള്‍ പലതും വന്നു. പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടവരെല്ലാം മുമ്പ് കാന്‍സര്‍ വന്നതാണെന്നറിഞ്ഞപ്പോള്‍ പിന്‍മാറി. പിന്നീട് ജെയ്‌സന്‍ എന്ന യുവാവിന്റെ വിവാഹാലോചന വന്നു. കാന്‍സര്‍ രോഗത്തിന്റെ വിവരവും കര്‍ത്താവ് സുഖപ്പെടുത്തിയ കാര്യവും മാതാപിതാക്കള്‍ പറഞ്ഞു. കര്‍ത്താവ് സുഖപ്പെടുത്തിയതാണെങ്കില്‍ തനിക്കിനി മറ്റൊന്നും ആലോചിക്കാനില്ലെന്നും വിവാഹത്തിന് സമ്മതമാണെന്നും ജെയ്‌സന്‍ പറഞ്ഞു.
നാല് മക്കള്‍
ഒരിക്കലും മക്കള്‍ ഉണ്ടാവില്ലെന്ന് പറഞ്ഞ നിമ്മിക്ക് വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുള്ളില്‍ കുഞ്ഞിനെ ഗര്‍ഭം ധരിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ ഈ ദമ്പതികള്‍ക്ക് നാല് മക്കളുണ്ട്. എട്ട് വയസുള്ള റോസ്‌ന മരിയ, ജോണ്‍ പോള്‍ (6), ജേക്കബ് (4), ജോര്‍ജ് (1). മനുഷ്യശരീരം കീമോതെറാപ്പിക്കും മറ്റും വിധേയമാകുമ്പോള്‍ രോഗബാധിത കോശങ്ങളും നല്ല കോശങ്ങളും ഒരുപോലെ നശീകരിക്കപ്പെടുകയും പ്രത്യുത്പാദനപരമായ കഴിവുകള്‍ ക്ഷയിക്കുകയും ചെയ്യുക സ്വഭാവികമാണ്. എന്നാല്‍ നിമ്മിയുടെ കാര്യത്തില്‍ അങ്ങനെ സംഭവിക്കാതിരുന്നത് ദൈവത്തിന്റെ പ്രത്യേക ഇടപെടല്‍ കാരണമായിരുന്നു. ദൈവം തിരിച്ചുനല്‍കിയ ജീവിതത്തിന് പകരമായി ഒരു വീട്ടമ്മ എന്ന നിലയില്‍ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അവരെ മൂല്യങ്ങളില്‍ വളര്‍ത്തുക എന്ന ദൗത്യം ഏറ്റെടുക്കുകയാണ് നിമ്മി. കണ്ടുമുട്ടുന്ന ഓരോരുത്തരോടും തന്റെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതുവഴി അനേകര്‍ വിശ്വാസവഴിയിലേക്ക് കടന്നുവന്നു. ചെറുപ്പംമുതല്‍ നിമ്മിയെ പരിചയമുണ്ടായിരുന്ന പലരും അവളുടെ ജീവിതത്തില്‍ കര്‍ത്താവ് ഇടപെട്ട കാര്യങ്ങള്‍ മനസിലാക്കി, ദൈവവിശ്വാസത്തില്‍ ഉണര്‍വുള്ളവരായിത്തീര്‍ന്നു. നിമ്മിയുടെ മാതാപിതാക്കളും സഹോദരങ്ങളുമെല്ലാം വിശ്വാസത്തിന്റെ ആഴങ്ങളിലേക്ക് മുന്നേറുവാന്‍ ഈ സംഭവങ്ങള്‍ കാരണമായി.
രണ്ടാമത്തെ പ്രസവം സങ്കീര്‍ണം
നിമ്മിയുടെ രണ്ടാമത്തെ കുട്ടിയുടെ ജനനസമയത്ത് വലിയൊരു പ്രതിസന്ധിയുണ്ടായി. പ്രസവം വളരെ സങ്കീര്‍ണമായിരുന്നതിനാല്‍ ഒരു കൈ ഒടിഞ്ഞ് തളര്‍ന്ന അവസ്ഥയിലാണ് കുട്ടിയെ ലഭിച്ചത്. നവജാത ശിശുവിനുണ്ടായ അവസ്ഥ അതീവ വേദനാജനകമായിരുന്നു. ഇതുമൂലം ഒത്തിരിയേറെ പ്രയാസങ്ങ ള്‍ ഉണ്ടായി. നിമ്മിയുടെ അമ്മ മേരി ശിശുവിനെ പരിചരിക്കുമ്പോഴെല്ലാം 91-ാം സങ്കീര്‍ത്തനം ചൊല്ലിക്കൊണ്ടിരുന്നു. അമ്പതുദിവസം പിന്നിട്ടപ്പോള്‍ സ്തുതിച്ചു പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ കുട്ടി കരമുയര്‍ത്തി. അതുവരെ തളര്‍ന്നു കിടന്ന കൈ ഉയര്‍ത്തുവാന്‍ കഴിഞ്ഞത് വലിയ അത്ഭുതമാണെന്ന് ബോധ്യപ്പെട്ടത് പിന്നീടായിരുന്നു. കുട്ടിയുടെ കൈ സുഖമായതിനുശേഷം ആശുപത്രിയില്‍ ചെന്നപ്പോള്‍ ഡോക്ടര്‍മാര്‍ പറഞ്ഞു, ”നിങ്ങള്‍ വലിയ ദൈവാനുഗ്രഹമുള്ളവരാണ്. ദൈവം അത്ഭുതം പ്രവര്‍ത്തിച്ചതുകൊണ്ടുമാത്രമാണ് സൗഖ്യം ലഭിച്ചത്.”
മനുഷ്യന്റെ സാധ്യതകള്‍ അവസാനിക്കുന്നിടത്ത് ദൈവം തന്റെ പദ്ധതികള്‍ക്ക് തുടക്കംകുറിക്കുന്നു. ദൈവികപദ്ധതികള്‍ യാഥാര്‍ത്ഥ്യമാകാന്‍ പ്രാര്‍ത്ഥന ചാലകശക്തിയായി നിലകൊള്ളുന്നു. ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധിയെയും അതിജീവിക്കുവാന്‍ പ്രാര്‍ത്ഥനയിലൂടെ സാധിക്കും. വ്യക്തിജീവിതത്തില്‍ മാത്രമല്ല, ലോകം നേരിടുന്ന എല്ലാ പ്രതിസന്ധികളെയും പ്രാര്‍ത്ഥനയിലൂടെ അതിജീവിക്കാന്‍ നമുക്ക് സാധിക്കും.
രോഗം വന്നിട്ട് ഇപ്പോള്‍ പതിമൂന്ന് വര്‍ഷങ്ങളായി. നിമ്മിക്കുശേഷം ഇതേ രോഗം വന്ന അനേകായിരങ്ങള്‍ ഈ ലോകംവിട്ട് പോയിട്ടുണ്ട്. അപ്പോഴും പൂര്‍ണ ആരോഗ്യത്തോടെ നിമ്മി ജീവിക്കുന്നു. അനുദിനം കാന്‍സര്‍ രോഗികളുടെ എണ്ണം പെരുകുന്ന ഈ കാലഘട്ടത്തില്‍ നിമ്മിയുടെ ജീവിതം നല്‍കുന്നത് വലിയ പ്രത്യാശയാണ്. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന തിരിച്ചറിവാണ്.

സുബിന്‍ തോമസ്

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?