Follow Us On

31

May

2020

Sunday

വാത്സല്യമൂറുന്ന ദൈവസാന്നിധ്യം

വാത്സല്യമൂറുന്ന  ദൈവസാന്നിധ്യം

ചാലിശേരി എന്ന ഗ്രാമത്തിന് ദൈവാനുഗ്രഹം പകര്‍ന്നുകൊണ്ട് നിലകൊള്ളുന്ന ദൈവാലയം; സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി ദൈവാലയത്തിന് ആ വിശേഷണം ഏറെ ഇണങ്ങും. പാലക്കാട് ജില്ലയുടെ ഒരറ്റത്ത്, തൃശൂര്‍ ജില്ലാതിര്‍ത്തിക്കരികിലാണ് ഈ ദൈവാലയം സ്ഥിതി ചെയ്യുന്നത്. മലങ്കര യാക്കോബായ സുറിയാനി സഭയുടെ തൃശൂര്‍ ഭദ്രാസനത്തിന്‍കീഴിലാണ് ഈ ഇടവക.
ചാലിശേരി പള്ളിയെന്ന് സാധാരണ വിശ്വാസികള്‍ വിളിക്കുന്ന ഈ ദൈവാലയത്തിലേക്ക് ധ്യാനപൂര്‍വ്വം ഒന്ന് പ്രവേശിക്കുക. വാത്സല്യത്തിന്റെ നനവുള്ള ഒരു ദൈവസാന്നിധ്യസ്മരണ നമ്മിലുദിക്കും. കാരണം അന്വേഷിച്ച് അധികമൊന്നും അലയേണ്ടതില്ല. ദൈവമാതാവിന്റെ പ്രത്യേകസാന്നിധ്യമാണ് ഈ ദൈവാനുഭവത്തിനു പിന്നില്‍. അധികം ദൈവാലയങ്ങള്‍ സ്വീകരിക്കാത്ത മധ്യസ്ഥരായ വിശുദ്ധ പത്രോസ്, പൗലോസ് ശ്ലീഹന്‍മാരുടെ നാമധേയത്തിലാണ് ഈ ദൈവാലയം സ്ഥാപിക്കപ്പെട്ടിരിക്കുന്നതെങ്കിലും അവരുടെ മധ്യസ്ഥതയോടൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ പ്രത്യേകമാധ്യസ്ഥ്യവും ഈ ദൈവാലത്തിന്റെ സവിശേഷതയാണ് എന്നു പറയാം. ദൈവമാതാവിന്റെ സൂനോറോ (മാതാവിന്റെ അരക്കച്ചയുടെ ഒരു തുണ്ട്) ഇവിടെ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.
ഓരോ സെപ്റ്റംബര്‍ മാസത്തിലെയും എട്ട് ദിനങ്ങള്‍ ഇവിടെ മാതൃഭക്തിയുടെ പരിമളം കലര്‍ന്ന പ്രാര്‍ത്ഥനകള്‍ ഉയരുന്നു. സെപ്റ്റംബര്‍ എട്ടിന് ദൈവജനനിയുടെ ജനനപ്പെരുന്നാള്‍ ആഘോഷിക്കുമ്പോള്‍ ഇവിടത്തുകാര്‍ക്ക് അത് ഒരു വലിയ ദിനംതന്നെയാണ്. സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെ അനേകര്‍ ഇവിടെ താമസിച്ച് നോമ്പിലും പ്രാര്‍ത്ഥനയിലും ആയിരിക്കുന്നു. ഒന്നുമുതല്‍ ഏഴുവരെ പകല്‍ ധ്യാനയോഗങ്ങള്‍ ക്രമീകരിക്കും. കൂടാതെ സെപ്റ്റംബര്‍ ഒന്നുമുതല്‍ ആറുവരെ വൈകിട്ട് അയല്‍ദേശങ്ങളില്‍നിന്നുള്‍പ്പെടെ വിശ്വാസികള്‍ പങ്കെടുക്കുന്ന സായാഹ്ന കണ്‍വെന്‍ഷനും ഒരുക്കും. മാതാവിന്റെ ജനനപ്പെരുന്നാളിനോടനുബന്ധിച്ച് അവര്‍ക്ക് ലഭിക്കുന്ന ആത്മീയ വിരുന്നാണത്. പ്രശസ്തരായ വചനപ്രഘോഷകരാണ് ഈ കണ്‍വന്‍ഷനില്‍ പ്രസംഗിക്കാനെത്തുക.
ഏഴാം തിയതി വൈകിട്ട് ഭക്തിനിറവാര്‍ന്ന റാസ അഥവാ പ്രദക്ഷിണം സംഘടിപ്പിക്കുന്നു. പരിശുദ്ധ ദൈവമാതാവിന്റെ മാധ്യസ്ഥ്യം അപേക്ഷിക്കുന്ന ലുത്തിനിയ പാടിക്കൊണ്ട് കത്തിച്ച മെഴുകുതിരികളുമായി മുന്നോട്ടു നീങ്ങുന്ന ഈ റാസ കണ്ണുകള്‍ക്കും മനസ്സിനും ഒരുപോലെ ആനന്ദം പ്രദാനം ചെയ്യും. നാടിന് മുഴുവന്‍ ദൈവാനുഗ്രഹം പരത്തിക്കൊണ്ടുള്ള ഒരു യാത്രയാണിത്. ഇരുളില്‍ ദീപമാകാന്‍ വിളിക്കപ്പെട്ട ഓരോ ക്രിസ്തുവിശ്വാസിയുടെയും ദൗത്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട് മെഴുകുതിരിനാളവുമേന്തി നീങ്ങുന്ന വിശ്വാസികളുടെ നിരയെ ഭക്തി കലര്‍ന്ന കൗതുകത്തോടെ നോക്കിക്കൊണ്ട് വഴിയരികില്‍ അക്രൈസ്തവരുള്‍പ്പെടുന്ന അനേകരുണ്ടാകും. അവരിലും ദൈവസാന്നിധ്യസ്മരണ ഉണര്‍ത്തുന്ന ഒരു മനോഹരദൃശ്യമാണ് ഈ റാസ.
സെപ്റ്റംബറിലെ ദൈവജനനിയുടെ ജനനപ്പെരുന്നാള്‍ കൂടാതെ നവംബര്‍ മാസത്തില്‍ ഇടവകയുടെ പ്രധാനപെരുന്നാളും സാഘോഷം ഇവിടെ കൊണ്ടാടുന്നു. വികാരി ഫാ. യെല്‍ദോ എം. ജോയ് ഇടവകയ്ക്ക് നേതൃത്വം നല്കുന്നു. സജീവമായി ഇടവകയോട് ചേര്‍ന്നു നില്ക്കുന്ന ഒരു യുവസമൂഹം ഈ ഇടവകയുടെ സമ്പത്താണ്. സണ്‍ഡേ സ്‌കൂള്‍ പ്രവര്‍ത്തനങ്ങളും ഊര്‍ജസ്വലമായി നടക്കുന്നു.
കഴിഞ്ഞ നാളുകളിലെല്ലാം വിവിധ ജാതിമതസ്ഥരായ ജനങ്ങള്‍ക്ക് അഭയമായിത്തീര്‍ന്ന ഈ ദൈവാലയം ഇപ്പോഴും യഥാര്‍ത്ഥ ക്രിസ്തുസാക്ഷ്യം അനേകരെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?