Follow Us On

31

May

2020

Sunday

ഗുരുക്കന്മാരില്‍ അഗ്രഗണ്യന്‍ വര്‍ക്കിയച്ചന്‍

ഗുരുക്കന്മാരില്‍ അഗ്രഗണ്യന്‍ വര്‍ക്കിയച്ചന്‍

 

മോണ്‍. സി.ജെ വര്‍ക്കിയുടെ 10-ാം ചരമവാര്‍ഷികത്തില്‍  തലശേരി അതിരൂപാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ഞരളക്കാട്ട് നടത്തിയ അനുസ്മരണ പ്രഭാഷണത്തിലെ പ്രസക്തഭാഗങ്ങള്‍

 

 

 

വിശുദ്ധരായ വ്യക്തികള്‍ മരണത്തിലൂടെ നമ്മില്‍നിന്നു വേര്‍പെട്ടാലും അവരുടെ ഓര്‍മ ഒളിമങ്ങാതെ നമ്മുടെ മുമ്പില്‍ സദാ ഉണ്ടാകും. അവരെപ്പറ്റി കൂടുതല്‍ അറിയുന്തോറും ചിന്തകള്‍ക്ക് മനോഹാരിതയേറുകയും ചെയ്യും. അതിനുദാഹരണമാണ് മോണ്‍. സി.ജെ. വര്‍ക്കിയച്ചന്‍.
വര്‍ക്കിയച്ചന്റെ ജീവിതം ദൈവത്തിന് അര്‍പ്പിക്കപ്പെട്ടതും ദൈവത്താല്‍ നിയന്ത്രിക്കപ്പെട്ടതുമായിരുന്നു. അതിനാല്‍ത്തന്നെ അത് സംഭവബഹുലവും. ഒരു മിഷനറിയാകണമെന്ന തീവ്രമായ ആഗ്രഹമാണ് വര്‍ക്കിയച്ചനെ കോഴിക്കോട് രൂപതയില്‍ കൊണ്ടെത്തിച്ചത്. പിന്നീട് വര്‍ക്കിയച്ചന്‍ തലശേരി രൂപതയില്‍ ചേര്‍ന്നു. 1962-ല്‍ വര്‍ക്കിയച്ചന്‍ എം.എസ്.എം.ഐ സന്യാസിനി സമൂഹത്തിന് രൂപംകൊടുത്തു. ലോകപ്രശസ്ത ധ്യാനകേന്ദ്രമായ നിര്‍മ്മല റിട്രീറ്റ് സെന്റര്‍ ആരംഭിച്ചതിലൂടെ സമാനതകളില്ലാത്ത സംഭാവനയാണ് ലോകത്തിനും തിരുസഭയ്ക്കും അദ്ദേഹം സമ്മാനിച്ചത്. പിന്നീട് ഷെവ.ബെന്നി പുന്നത്തറയോട് ചേര്‍ന്ന് ശാലോം പ്രസിദ്ധീകരണങ്ങള്‍ക്കും ശാലോം ടി.വിക്കുമൊക്കെ പ്രചോദനവും മാര്‍ഗദര്‍ശിയുമായി.
വ്യത്യസ്തനായ ധ്യാനഗുരു
വര്‍ക്കിയച്ചന്‍ വലിയൊരു വചനപ്രഘോഷകനായിരുന്നെന്നു മാത്രമല്ല, അച്ചന്റെ വചനപ്രഘോഷണം ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. നമ്മുടെ പ്രിയങ്കരനായ അച്ചന്റെ വാക്കുകള്‍ കേള്‍ക്കാന്‍ നമുക്കും ഭാഗ്യമുണ്ടായി എന്നതില്‍ നമുക്കഭിമാനിക്കാം. അച്ചന്റെ രണ്ടുമൂന്ന് ധ്യാനങ്ങളില്‍ പങ്കെടുക്കാന്‍ എനിക്കും അവസരം ലഭിച്ചിട്ടുണ്ട്. മനസുകളെ രൂപാന്തരപ്പെടുത്തുന്ന വചനമാണ് അച്ചന്‍ എപ്പോഴും പറയുക. ഈശോയെപ്പോലെ, കഥകളിലൂടെയും സംഭവങ്ങളിലൂടെയും തമാശകളിലൂടെയുമെല്ലാം സ്വതസിദ്ധമായ ശൈലിയില്‍ അച്ചന്‍ പ്രഘോഷിക്കുന്ന വചനം നമുക്കൊരിക്കലും മറക്കുവാന്‍ കഴിയില്ല.
വര്‍ക്കിയച്ചന്‍ വലിയൊരു തീക്ഷ്ണമതിയായിരുന്നു; ആത്മാക്കളെ രക്ഷിക്കണം എന്ന തീക്ഷ്ണത. അദ്ദേഹത്തിന്റെ ദീര്‍ഘനാളത്തെ ജീവിതത്തിലൂടെ എത്രയെത്ര ആളുകളോട് അച്ചന്‍ ഈശോയെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്, എത്രപേരെ മാനസാന്തരപ്പെടുത്തി, എത്രപേരെ ആശ്വസിപ്പിക്കുകയും സൗഖ്യപ്പെടുത്തുകയും എത്രപേര്‍ക്ക് പ്രചോദനവും ഉത്തേജനവും പകരുകയും ചെയ്തിട്ടുണ്ട്! പ്രാര്‍ത്ഥിച്ചും പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിച്ചും സഹായിച്ചും തെറ്റു തിരുത്തിയുമൊക്കെ അദ്ദേഹം അവരുടെ ആത്മാക്കളെ രക്ഷയിലേക്ക് ആനയിച്ചു. കുറവുകളും പോരായ്മകളും തെറ്റുകളുമൊക്കെയായിട്ട് അച്ചനെ സമീപിച്ചപ്പോള്‍, ഇതൊന്നും സാരമില്ല, കര്‍ത്താവ് ക്ഷമിക്കും, കര്‍ത്താവ് സ്‌നേഹിക്കും എന്ന് പറഞ്ഞ് അച്ചന്‍ പ്രചോദനം കൊടുത്ത് വളര്‍ത്തിയ നൂറുകണക്കിന് വൈദികരും സമര്‍പ്പിതരും അല്മായരും സഭയിലുണ്ട്. അപ്രകാരം ക്രിസ്തുവിന്റെ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും ശാന്തതയുടെയും മുഖമായി അദ്ദേഹം.
ഗുരുക്കന്മാരില്‍ ശ്രേഷ്ഠന്‍
കരിസ്മാറ്റിക് പ്രസ്ഥാനത്തിന്റെ ആദ്യകാലഘട്ടങ്ങളില്‍ത്തന്നെ അതിന്റെ നേതൃത്വനിരയില്‍നിന്ന വ്യക്തിത്വമാണ് വര്‍ക്കിയച്ചന്‍. തുരുത്തിമറ്റത്തില്‍ അച്ചനും വര്‍ക്കിയച്ചനും ജോസ് പാലാട്ടി അച്ചനും ഇങ്ങനെ വളരെയേറെപ്പേര്‍ ആ രംഗത്തുണ്ടായിരുന്നു. പക്ഷേ അവരില്‍ ഉന്നതമായ സ്ഥാനത്താണ് വര്‍ക്കിയച്ചനെ കര്‍ത്താവ് നിര്‍ത്തിയത്. വര്‍ക്കിയച്ചന്റെ ധ്യാനത്തിനും അച്ചന്‍ നയിച്ച കരിസ്മാറ്റിക് പ്രസ്ഥാനത്തിനും പ്രത്യേകതയുണ്ടായിരുന്നു. ചിലര്‍ വലിയ കോലാഹലവും ബഹളവുമൊക്കെ സൃഷ്ടിക്കുമ്പോള്‍, സഭയുടെ പാരമ്പര്യങ്ങളും പ്രബോധനങ്ങളും നഷ്ടപ്പെടുത്താതെ ബാലന്‍സ്ഡ് ആയിട്ടുള്ള, നിശബ്ദപ്രാര്‍ത്ഥനക്കും ആത്മശോധനയ്ക്കും പ്രാധാന്യം കൊടുത്തുകൊണ്ടുള്ള വചനപ്രഘോഷണ രീതിയായിരുന്നു വര്‍ക്കിയച്ചന്റേത്. അതുതന്നെയാണ് അച്ചന്‍ ആരംഭിച്ച ധ്യാനകേന്ദ്രങ്ങളെ ഇതര ധ്യാനകേന്ദ്രങ്ങളില്‍നിന്ന് വ്യത്യസ്തമാക്കുന്നതും. എതിര്‍പ്പുകളും വിമര്‍ശനങ്ങളും ഉണ്ടായിരുന്നപ്പോഴും ഒരിക്കല്‍പോലും തളരാതെ മുന്നോട്ടുപോയ വ്യക്തിത്വം. അച്ചന്റെ ആ പ്രവര്‍ത്തനശൈലിയും അച്ചന്‍ കൊളുത്തിവച്ച ദീപവും ഇന്നും കെടാതെ നില്‍ക്കുന്നുണ്ടെന്നുള്ളത് ചരിത്രസംഭവംതന്നെയാണ്.
വഴികാട്ടുന്ന പരിശുദ്ധ അമ്മ
വര്‍ക്കിയച്ചന്റെ മരിയഭക്തി വളരെ പ്രസിദ്ധമാണ്. എപ്പോഴും കൈയിലെ ജപമാല മുത്തുകളില്‍ വിരലോടിച്ച് മാതാവുമായി നിരന്തര സംഭാഷണത്തിലായിരുന്നു അദ്ദേഹം. സെമിനാരിയിലായിരിക്കെ, അമ്മയുടെ മരണത്തെ തുടര്‍ന്ന് പരിശുദ്ധ അമ്മയെ സ്വന്തം അമ്മയായി അദ്ദേഹം സ്വീകരിച്ചു. പിന്നീടുള്ള ജീവിതകാലം മുഴുവന്‍ പരിശുദ്ധ അമ്മയോട് ഉപദേശം തേടിയും അമ്മയുടെ മാധ്യസ്ഥം തേടിയും അമ്മ നയിക്കുന്ന വഴിയിലൂടെ നടന്ന വിശുദ്ധനായ വൈദികനായിരുന്നു വര്‍ക്കിയച്ചന്‍. അമ്മയോടുള്ള അതീവ താല്‍പര്യവും സ്‌നേഹവുമാണ് അദ്ദേഹം സ്ഥാപിച്ച സന്യാസസമൂഹത്തിനും വിമലമേരി മക്കളെന്ന പേരു കൊടുക്കാന്‍ ഇടയായതെന്നുള്ളത് എടുത്തുപറയേണ്ട കാര്യമാണ്.
വര്‍ക്കിയച്ചനില്‍ നമ്മെ ഏറ്റവുമധികം ആകര്‍ഷിക്കുന്ന കാര്യം അച്ചന്‍ ആഴമേറിയ ആത്മീയ അനുഭവമുള്ള വ്യക്തിയായിരുന്നു എന്നതാണ്. അതുകൊണ്ടുതന്നെ മനുഷ്യരെ ആത്മീയതയിലേക്ക് നയിക്കുവാന്‍ അച്ചന് എളുപ്പമായിരുന്നു. അച്ചന്റെ ചുറ്റുമൊരു പ്രകാശവലയം ഉണ്ടായിരുന്നതായിട്ട് നമുക്ക് കാണാന്‍ സാധിക്കും. അച്ചന്റെ നടപ്പിലും എടുപ്പിലും സംസാരത്തിലും അച്ചന്റെ മുഖത്തേക്ക് നോക്കുമ്പോഴുമൊക്കെ അത് കണ്ടെത്താമായിരുന്നു. അച്ചന്‍ സംസാരിക്കുമ്പോള്‍ ദൈവികമായ വചനങ്ങള്‍ പറഞ്ഞുതരുന്നതുപോലെയാണ് തോന്നുക. അച്ചന്റെ അടുത്തേക്ക് ആര്‍ക്കും കടന്നുചെല്ലാന്‍ സാധിക്കും. കാരണം അച്ചന്‍ എല്ലാവര്‍ക്കും സംലഭ്യനായിരുന്നു, പ്രാപ്യനായിരുന്നു. പ്രാര്‍ത്ഥനയുടെ മനുഷ്യനായിരുന്നു അച്ചന്‍. ഈശോയിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരുന്ന ഒരു മനുഷ്യന്‍.
ഈശോയെ നോക്കിയിരുന്ന്, ഈശോയായി
വര്‍ക്കിയച്ചനെക്കുറിച്ച് പലരും എഴുതി സാക്ഷ്യപ്പെടുത്തുന്നു – വിശുദ്ധ കുര്‍ബാനയിലേക്ക് ഇമവെട്ടാതെ നോക്കിയിരിക്കുന്ന വര്‍ക്കിയച്ചനെ കാണാന്‍ കഴിഞ്ഞിരുന്നുവെന്ന്. ആദരണീയനായ മൂലയിലച്ചന്‍ എഴുതിവച്ചതിങ്ങനെ: മൂലയിലച്ചന് നാല് വയസുള്ളപ്പോള്‍, പള്ളിയില്‍ വര്‍ക്കിയച്ചന്‍ മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിക്കുന്നത് കൗതുകത്തോടെ നോക്കിനില്‍ക്കുമായിരുന്നുവെന്ന്. ആര്‍ച്ച്ബിഷപ് ഫുള്‍ട്ടന്‍ ഷീന്‍ പറഞ്ഞു: നമ്മള്‍ ആരെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നുവോ നാം ആ വ്യക്തിയായി മാറുമെന്ന്. അതുപോലെ ദിവ്യകാരുണ്യ ഈശോയിലേക്ക് എപ്പോഴും നോക്കി ക്കൊണ്ടിരിക്കുന്ന അച്ചന്റെ ചിത്രം നമ്മുടെ എല്ലാവരുടെയും മനസിലുണ്ട്. അത്രമാത്രം ആകര്‍ഷണത്വം വര്‍ക്കിയച്ചന്റെ പ്രാര്‍ത്ഥനാരീതിയില്‍ ഉണ്ടായിരുന്നു എന്നത് ശ്രദ്ധേയമാണ്. ആ അടുപ്പത്തില്‍നിന്നാണ് വര്‍ക്കിയച്ചന്‍ ദൈവത്തില്‍ പരിപൂര്‍ണമായി ആശ്രയിച്ചത്. അച്ചന്റെ ജീവിതയാത്രയില്‍ അത് കാണാന്‍ സാധിക്കും, ദൈവം പറഞ്ഞതുപോലെ, ദൈവം ആഗ്രഹിച്ചതുമാത്രമേ അച്ചന്‍ പ്രവര്‍ത്തിച്ചുള്ളൂവെന്ന്. അവ ചിലപ്പോള്‍ മറ്റുള്ളവര്‍ക്ക് വിഷമത്തിനു കാരണമായിട്ടുണ്ട്. ഏറെ ആലോചിച്ചും ചിന്തിച്ചും പ്ലാന്‍ ചെയ്തുകൊണ്ടുവരുന്ന കാര്യങ്ങള്‍ വര്‍ക്കിയച്ചന്‍ പ്രാര്‍ത്ഥിച്ചിട്ട് അതിനെതിരായി പറയുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്ന് പലരും പറഞ്ഞിട്ടുണ്ട്. പക്ഷേ പിന്നീട് ചിന്തിക്കുമ്പോള്‍ അച്ചന്‍ പറഞ്ഞ തീരുമാനമായിരുന്നു ശരിയെന്ന് കാണാന്‍ കഴിയും.

അച്ചന്റെ ചുറ്റുമൊരു പ്രകാശവലയം ഉണ്ടായിരുന്നതായിട്ട് നമുക്ക് കാണാന്‍ സാധിക്കും. അച്ചന്റെ നടപ്പിലും എടുപ്പിലും സംസാരത്തിലും അച്ചന്റെ മുഖത്തേക്ക് നോക്കുമ്പോഴുമൊക്കെ അത് നമുക്ക് കണ്ടെത്താമായിരുന്നു. അച്ചന്‍ സംസാരിക്കുമ്പോള്‍ ദൈവികമായ വചനങ്ങള്‍ പറഞ്ഞുതരുന്നതുപോലെയാണ് തോന്നുക.

ദൈവത്തില്‍ ആശ്രയിക്കുക, ദൈവം പറയുന്നതുപോലെ ചെയ്യുക, ദൈവം നയിക്കുന്നിടത്തേക്ക് പോകുക. പഴയ നിയമത്തിലെ അബ്രാഹത്തെപ്പോലെതന്നെയായിരുന്നു അച്ചനും. അതുപോലെ ഈശോയെ നോക്കിയിരുന്ന ആ വ്യക്തി ഈശോയെപ്പോലെയായി മാറി. ആ മുഖത്തും ഭാവങ്ങളിലും അത് കാണാന്‍ സാധിക്കും. നാല്‍പതു ദിവസം മലയില്‍ ദൈവത്തോടൊപ്പമായിരുന്ന മോശ ഇറങ്ങിവന്നപ്പോള്‍ ജനത്തിന് മോശയുടെ മുഖത്തേക്ക് നോക്കാന്‍ കഴിഞ്ഞില്ല. കാരണം മോശയുടെ മുഖം പ്രഭാപൂരിതമായിരുന്നു.
ഇതുപോലെതന്നെയായിരുന്നു വര്‍ക്കിയച്ചന്റെ മുഖഭാവവും. നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്ന വര്‍ക്കിയച്ചന്റെ മുഖത്തൊരു പ്രസന്നത, എപ്പോഴുമൊരു ശോഭ കാണാന്‍ സാധിക്കും. അദ്ദേഹത്തിന്റെ ആത്മീയതയുടെ ഈ പ്രത്യേകത അച്ചനിലൂടെ അനേകരെ ഈശോയുടെ പക്കലേക്ക് കൊണ്ടുവരാന്‍ കാരണമായി.
വചനപ്രഘോഷകരുടെ പ്രഘോഷകന്‍
അനേകരെ വളര്‍ത്തിയെടുത്ത വ്യക്തിത്വമാണ് വര്‍ക്കിയച്ചന്‍. സകലരോടും സമഭാവേനയുള്ള പെരുമാറ്റം, സ്‌നേഹത്തോടുകൂടിയ സമീപനങ്ങള്‍, കരംഗ്രഹിച്ചുകൊണ്ടുള്ള സംസാരം, സുഖമാണോ എന്നുള്ള ചോദ്യം. അതുമാത്രമല്ല, ഓരോരുത്തര്‍ക്കും അവര്‍ അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്ത് അവരെ വളര്‍ത്തുന്ന ഒരു പ്രത്യേക ശൈലിയും അച്ചനുണ്ടായിരുന്നു, അത് വൈദികരായാലും സിസ്റ്റേഴ്‌സായാലും അല്മായ സഹോദരങ്ങളായാലും.
എത്രയെത്ര വചനപ്രഘോഷകരെയാണ് അച്ചന്‍ വളര്‍ത്തിയെടുത്തത്. എല്ലാവരും വലിയ പ്രഘോഷകരായല്ലല്ലോ ജനിക്കുന്നത്. എന്നാല്‍ കൂടെ കൊണ്ടുനടന്ന്, പരിശീലിപ്പിച്ച്, തെറ്റുകള്‍ തിരുത്തി, പ്രോത്സാഹിപ്പിച്ച് പ്രഗത്ഭരാക്കും. ആദ്യമൊക്കെ ഒരു മണിക്കൂര്‍ വചനം പ്രസംഗിക്കാന്‍ കയറ്റിവിട്ടാല്‍ അരമണിക്കൂറിനുള്ളില്‍ എല്ലാം തീര്‍ന്ന് ഇറങ്ങിപ്പോരേണ്ട അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴൊന്നും തെല്ലും കുറ്റപ്പെടുത്താതെ അച്ചന്‍തന്നെ അത് പരിഹരിക്കും. അനേകരെ അച്ചനിങ്ങനെ വചനപ്രഘോഷകരാക്കിയിട്ടുണ്ട്, കൗണ്‍സിലേഴ്‌സായി ഉയര്‍ത്തിയിട്ടുണ്ട്. എന്‍.ആര്‍.സിയിലും അച്ചന്‍ സ്ഥാപിച്ച മറ്റു ധ്യാനകേന്ദ്രങ്ങളിലുമൊക്കെ വര്‍ക്കിയച്ചനും സിസ്റ്റേഴ്‌സും മാത്രമല്ല ധാരാളം അല്മായരും വചനം പറയുകയും കൗണ്‍സലിങ്ങ് നടത്തുകയും പ്രാര്‍ത്ഥനകള്‍ ലീഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. അവരൊക്കെ വര്‍ക്കിയച്ചന്‍ എന്ന വലിയ വ്യക്തിയുടെ പരിശീലനത്തില്‍ വളര്‍ന്നുവന്നവരാണ്. അതായത്, അച്ചനില്‍നിന്ന് ഏതെങ്കിലും വിധത്തിലുള്ള വളര്‍ച്ച അനുഭവിക്കുവാന്‍ ഭാഗ്യം ലഭിച്ചവരാണ് നമ്മള്‍.
ഞാന്‍ വര്‍ക്കിയച്ചന്റെ ഒന്നുരണ്ടു ധ്യാനം കൂടികഴിഞ്ഞപ്പോള്‍ അച്ചന്‍ എന്നെയും കൂട്ടി പുറത്ത് ധ്യാനപ്പിക്കാന്‍ പോയി. വര്‍ക്കിയച്ചന്‍ എല്ലാവരെയും വളര്‍ത്തിയിരുന്നു. എല്ലാവരും വളര്‍ന്നു വരണം, ഈശോയെ അറിയണം, അനുഭവിക്കണം, അവര്‍ മുഖേന ഈശോ മഹത്വപ്പെടണം എന്ന ചിന്തയുണ്ടായിരുന്നതുകൊണ്ടാണ് അച്ചന്‍ അപ്രകാരം ചെയ്തിരുന്നത്.
അനുസരണത്തിന്റെ മാതൃക-മെത്രാന്‍മാരുടെ സാക്ഷ്യം
അധികാരികളോട് അച്ചന്‍ വളരെയധികം വിധേയത്വം പുലര്‍ത്തിയിരുന്നുവെന്നത് എടുത്തുപറയേണ്ടതുണ്ട്. അച്ചന്റെ ജീവചരിത്രത്തിലെ വിവിധ സംഭവങ്ങള്‍ അത് വ്യക്തമാക്കുന്നു.
താമരശേരി രൂപതാധ്യക്ഷന്‍ റെമിജിയോസ് ഇഞ്ചനാനി പിതാവിന്റെ ലേഖനത്തിലെ ഒരു സംഭവം: റെമിജിയോസ് പിതാവ്, പ്രഥമ താമരശേരി രൂപതാധ്യക്ഷന്‍ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവിന്റെ സെക്രട്ടറിയായിരുന്ന അവസരം. എം.എസ്.എം.ഐ സഭയുടെ തിരഞ്ഞെടുപ്പിനോടുബന്ധിച്ച് മങ്കുഴിക്കരി പിതാവിനൊപ്പം ജനറലേറ്റിലേക്ക് പോകുംവഴി മങ്കുഴിക്കരി പിതാവ് റെമിജിയോസ് പിതാവിനോട് പറഞ്ഞു, അവരുടെ തിരഞ്ഞെടുപ്പ് സ്വതന്ത്രമായി നടക്കണം.
അതുകൊണ്ട് സ്ഥാപക പിതാവ് അവരോടൊപ്പം ഇല്ലാതിരിക്കുകയാകും ഉചിതം. വര്‍ക്കിയച്ചന്‍ അവിടെയുണ്ടെങ്കില്‍ അച്ചനോട് ദയവായി തിരഞ്ഞെടുപ്പുഹാളില്‍നിന്ന് പുറത്തുപോകാന്‍ പറയണം. അപ്പോള്‍ റെമിജിയോസ് പിതാവ് ചിന്തിച്ചു, ഞാനിതെങ്ങനെ അച്ചനോട് പറയും, അച്ചന് വിഷമമാകില്ലേ? എങ്കിലും പിതാവ് അക്കാര്യം വര്‍ക്കിയച്ചനോട് പറഞ്ഞു. തല്ക്ഷണം ഒരു ഭാവഭേദവുമില്ലാതെ, വളരെ പുഞ്ചിരിയോെട വര്‍ക്കിയച്ചന്‍ ആ തിരഞ്ഞെടുപ്പ് ഹാളില്‍നിന്ന് ഇറങ്ങി വരുന്നത് കാണാന്‍കഴിഞ്ഞു.
വലിയ ദിവ്യകാരുണ്യ ഭക്തനായ വര്‍ക്കിയച്ചന്‍ അവസാന നാളുകളില്‍ തന്റെ മുറിയില്‍ത്തന്നെ വിശുദ്ധ കുര്‍ബാന വച്ച് പ്രാര്‍ത്ഥിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. താമരശേരി രൂപതയുടെ അന്നത്തെ മെത്രാന്‍ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി തന്റെ ലേഖനത്തില്‍ സാക്ഷ്യപ്പെടുത്തുന്നു: വര്‍ക്കിയച്ചന്‍ സ്വന്തംമുറിയില്‍ ദിവ്യകാരുണ്യം വക്കാന്‍ അനുവാദം ചോദിച്ചപ്പോള്‍ ചിറ്റിലപ്പിള്ളി പിതാവ് പറഞ്ഞു, മുറിയില്‍വച്ച് പ്രാര്‍ത്ഥിക്കണ്ട, അച്ചന്‍ വിശുദ്ധനായ വ്യക്തിയാണെന്ന് അറിയാം. പക്ഷേ അച്ചന്റെ മുറിയില്‍ വരുന്ന എല്ലാവരും വേണ്ടവിധത്തില്‍ വിശുദ്ധ കുര്‍ബാനയോട് ആദരവ് കാണിക്കണമെന്നില്ലല്ലോ. അതുകൊണ്ട് അടുത്ത മുറിയില്‍ ദിവ്യകാരുണ്യ ഈശോയെ വച്ച് പ്രാര്‍ത്ഥിക്കാം. മേലധികാരിയുടെ ആ നിര്‍ദേശത്തിനും അച്ചന്‍ വിധേയപ്പെട്ടു. അദ്ദേഹം പ്രാര്‍ത്ഥിച്ചിരുന്ന ചാപ്പല്‍ ഇപ്പോഴും ഇവിടെയുണ്ട്. അദ്ദേഹത്തിന്റെ ആഴമേറിയ ആധ്യാത്മികതയുടെ അടയാളമാണത്.
ഈ കാലഘട്ടത്തില്‍ അനുസരണവും വിധേയപ്പെടലുമൊക്കെ വിഷമകരമാണ്. പക്ഷേ വര്‍ക്കിയച്ചന്റെ ജീവിതം വലിയൊരു പ്രചോദനമാണ്. വിശുദ്ധരായ വ്യക്തികളെല്ലാം അങ്ങനെയായിരുന്നല്ലോ.
പൗലോസ്ശ്ലീഹ പറയുന്നു, എല്ലാ അധികാരവും ദൈവത്തില്‍നിന്ന് വരുന്നു. അതിനാല്‍ അധികാരികള്‍ക്ക് വിധേയപ്പെടുന്നത് ദൈവത്തിനുതന്നെ വിധേയപ്പെടുകയാണ്. അതുകൊണ്ട് വര്‍ക്കിയച്ചന്‍ എവിടെയെല്ലാം വിധേയപ്പെട്ടോ അവിടെയെല്ലാം അച്ചനെ ദൈവം ഉയര്‍ത്തി.
നീതിപൂര്‍ണനായ ഭരണകര്‍ത്താവ്
കുളത്തുവയലിലെ 16-വര്‍ഷത്തെ സേവനത്തിനുശേഷം 1967-മുതല്‍ വര്‍ക്കിയച്ചന്‍ ഏറെ വര്‍ഷങ്ങള്‍ തലശേരി രൂപതയുടെ കോര്‍പ്പറേറ്റ് മാനേജരായിരുന്നു. ആ ദൗത്യനിര്‍വഹണത്തില്‍ അദ്ദേഹം അങ്ങേയറ്റം നീതിബോധത്തോടെ പ്രവര്‍ത്തിച്ചു. അച്ചന്റെ വിടവാങ്ങല്‍ സന്ദേശത്തില്‍ അതു വ്യക്തമാണ് -‘ഞാനെന്റെ മനഃസാക്ഷി അനുസരിച്ച്, ദൈവത്തിന്റെ സ്വരംകേട്ടേ പ്രവര്‍ത്തിച്ചിട്ടുള്ളൂ.’ നീതിപൂര്‍വം ഭരണം നിര്‍വഹിച്ച ഭരണകര്‍ത്താവായിരുന്നു വര്‍ക്കിയച്ചന്‍. അതുകൊണ്ടുതന്നെ അച്ചന് എവിടെ ചെന്നാലും തലയെടുപ്പോടുകൂടി നില്‍ക്കാന്‍ സാധിക്കുമായിരുന്നു.
വര്‍ക്കിയച്ചന്‍ എന്നു പറയുന്ന വ്യക്തിത്വം നമുക്കേവര്‍ക്കും പിതൃതുല്യനാണ്. കര്‍ത്താവിനോട് അടുത്തു നില്‍ക്കുന്ന വ്യക്തികള്‍ക്കുമാത്രമേ അപ്രകാരമുള്ള സ്വഭാവത്തിന്റെ ഉടമകളാകാനും മറ്റുള്ളവരെ അവിടേക്ക് ആകര്‍ഷിക്കാനും സാധിക്കൂ. തന്മൂലം വര്‍ക്കിയച്ചന്റെ ജീവിതം എപ്പോഴും വിജയകരമായിരുന്നു. അനേകം ശ്രദ്ധേയമായ സംരംഭങ്ങള്‍ക്ക് അച്ചനെ ദൈവം ഉപയോഗിച്ചു. അവയിലൂടെ ഇന്നും അനേകര്‍ക്ക് അച്ചന്‍ പ്രചോദനമായി, മാര്‍ഗദീപമായി നിലകൊള്ളുന്നു. നമ്മെ ഏറ്റം സ്‌നേഹിച്ച വര്‍ക്കിയച്ചന്‍, ഈ ഗുണഗണങ്ങളെല്ലാം ഉണ്ടായിരുന്ന വര്‍ക്കിയച്ചന്‍, ദൈവത്തിന്റെ വലതുഭാഗത്ത് ഈശോയോടൊപ്പം, വിശുദ്ധരോടുകൂടി സ്വര്‍ഗത്തില്‍ ഉണ്ടെന്ന കാര്യത്തില്‍ നമുക്ക് യാതൊരു സംശയവുമില്ല. അച്ചന്‍ അവിടെ ആയിരുന്നുകൊണ്ട് നമുക്കോരോരുത്തര്‍ക്കുംവേണ്ടി പ്രാര്‍ത്ഥിക്കുകയാണ്. നമുക്ക് അച്ചനുവേണ്ടിയും അച്ചനോടും പ്രാര്‍ത്ഥിക്കാം. അച്ചന്‍ എന്തിനെല്ലാം വേണ്ടി നിലകൊണ്ടുവോ അത് നമ്മള്‍ മുറുകെ പിടിക്കുവാന്‍ അച്ചന്റെ ജീവിതം നമുക്ക് പ്രചോദനമാകട്ടെ.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?