Follow Us On

18

November

2019

Monday

സംരക്ഷകരെ വിസ്മരിക്കരുത്‌

സംരക്ഷകരെ  വിസ്മരിക്കരുത്‌

കഴിഞ്ഞ പ്രളയകാലത്ത് കേരളത്തിന്റെ സംരക്ഷകരായി മാറിയത് മത്സ്യത്തൊഴിലാളികളായിരുന്നു. പ്രളയ ദുരന്തത്തിന്റെ ആഘാതം കുറക്കാന്‍ കഴിഞ്ഞത് അവരുടെ ഇടപെടലുകള്‍ വഴിയാണെന്നത് ആര്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. സ്വന്തം ജീവന്‍ തൃണവല്ക്കരിച്ച് അവര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ മരണ സംഖ്യ ഉയരുമായിരുന്നു. അടിയന്തിര സാഹചര്യത്തെ നേരിടാന്‍ പ്രത്യേക പരിശീലനം ലഭിച്ച സൈനികര്‍ക്കുപോലും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളാണ് അവര്‍ നിര്‍വഹിച്ചത്. ലൈഫ് ജാക്കറ്റുകള്‍പോലുമില്ലാതെയായിരുന്നു മത്സ്യത്തൊഴിലാളികള്‍ വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിറങ്ങിയത്. സഹോദരങ്ങളോടുള്ള സ്‌നേഹമായിരുന്നു അതെല്ലാം ചെയ്യാന്‍ അവരെ പ്രേരിപ്പിച്ചത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ നിരവധി വള്ളങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. കേരളം ഒന്നടങ്കം മത്സ്യത്തൊളിലാളികളുടെ സമയോജിതമായ ഇടപെടലുകളെ അഭിനന്ദിക്കുകയും അവര്‍ക്കു നന്ദി പറയുകയും ചെയ്തിരുന്നു. പലപ്പോഴും തീരപ്രദേശത്ത് ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ പൊതുസമൂഹത്തിന്റെ പിന്തുണയും സഹായവും വേണ്ടവിധത്തില്‍ അവര്‍ക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ടാണ് എല്ലാക്കാലത്തും അവരോടൊപ്പം ഈ നാട് ഉണ്ടാകുമെന്ന് ഉറപ്പു പറഞ്ഞത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളില്‍ ഗവണ്‍മെന്റ് കൂടുതല്‍ ശ്രദ്ധ നല്‍കുമെന്ന് സമൂഹം വിചാരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, മഴക്കാലത്തിന്റെ തുടക്കത്തില്‍ത്തന്നെ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിഷേധവുമായി ഇറങ്ങേണ്ടിവന്നു. കടലില്‍ നില്‍പ്പു സമരം സംഘടിപ്പിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തി. കടല്‍ ഭിത്തിയില്ലാത്തതിനാല്‍ തീരപ്രദേശത്തിന്റെ പലഭാഗങ്ങളിലും വീടുകളില്‍ വെള്ളം കയറുകയും വീടുകള്‍ തകരുകയും ചെയ്തു. ചേര്‍ത്തലക്കടുത്ത് ഒറ്റമശേരി കടലില്‍ അവര്‍ക്ക് നില്‍പ്പ് സമരം നടത്തേണ്ടിവന്നു. കടല്‍ഭിത്തി നിര്‍മിക്കാമെന്ന് ഗവണ്‍മെന്റ് നല്‍കിയ വാഗ്ദാനം പാലിക്കാത്തതിനെ തുടര്‍ന്നായിരുന്നു അങ്ങനെയൊരു സമരം. ഒരു ജീവിതകാലംകൊണ്ട് സ്വരുക്കൂട്ടിയ സമ്പാദ്യം ഉപയോഗിച്ച് നിര്‍മിച്ച വീടും മറ്റു സമ്പാദ്യങ്ങളും കടല്‍ കവര്‍ന്നെടുക്കുന്നത് നിസഹായരായി നോക്കിനില്‌ക്കേണ്ടിവരുന്ന അവസ്ഥ എത്ര ഹൃദയഭേദകമാണ്. കടല്‍ക്ഷോഭത്തെ തടയാന്‍ മനുഷ്യനെ കഴിയില്ല. എന്നാല്‍, അതിന്റെ അന്തരഫലമായി സംഭവിക്കുന്ന ദുരന്തങ്ങള്‍ വലിയൊരളവുവരെ തടഞ്ഞുനിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ മനസുവച്ചാല്‍ സാധിക്കുമെന്നത് തീര്‍ച്ച. കടല്‍ഭിത്തി നിര്‍മിക്കുകയായിരുന്നെങ്കില്‍ ആ വീടുകള്‍ കടലെടുക്കുമായിരുന്നില്ല.
പലവിധത്തിലുള്ള പിന്നാക്കവസ്ഥകളുടെ നടുവിലാണ് തീരപ്രദേശം. മഴക്കാലം ആരംഭിക്കുമ്പോള്‍ അവരുടെ ജീവിതങ്ങള്‍ കൂടുതല്‍ ദുരിതപൂര്‍ണമാകുകയാണ്. ഏതു പ്രദേശത്ത് ഉള്ളവരുടെയും ജീവനും വസ്തുവകകളും സംരക്ഷിക്കേണ്ടത് ഗവണ്‍മെന്റിന്റെ ചുമതലയാണ്. എന്നാല്‍, കേരളത്തെ സംബന്ധിച്ചിടത്തോളം മത്സ്യത്തൊളിലാളികളോട് പ്രത്യേകിച്ചൊരു കടപ്പാടിന്റെ തലംകൂടിയുണ്ട്. ജീവന്‍ തൃണവല്ക്കരിച്ചുള്ള അവരുടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കഴിഞ്ഞ പ്രളയകാലത്ത് സംസ്ഥാനത്തിന്റെ അവസ്ഥ നമുക്ക് ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നേനെ. എന്നിട്ടും മഴക്കാലം ആരംഭിച്ചപ്പോള്‍ സ്വന്തം വീടും വസ്തുവകകളും സംരക്ഷിക്കുവാന്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സമരഭൂമിയില്‍ ഇറങ്ങേണ്ടിവന്നു. വളരെ പരിതാപകരമാണ് നമ്മുടെ നാട്ടിലെ അവസ്ഥ. അന്ന് അധികാരികള്‍ ചൊരിഞ്ഞ പ്രശംസകളും നന്ദിവാക്കുകളും വെറും പൊള്ളയായിരുന്നു എന്ന് പറയേണ്ട നിലയിലേക്കാണ് കാര്യങ്ങള്‍. കടല്‍ഭിത്തി നിര്‍മിക്കുമെന്ന വാഗ്ദാനം ജലരേഖപോലെയായി. ഗവണ്‍മെന്റുകള്‍ നല്‍കുന്ന വാഗ്ദാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഓരോ ദിവസവും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. കാരണം, അധികൃതര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെടുന്നില്ല.
ദുരന്തം ഉണ്ടാകുന്നത് പരമാവധി തടയാനാണ് ആധുനിക ലോകം ശ്രമിക്കുന്നത്. പക്ഷേ, നമ്മുടെ നാട്ടില്‍ പലപ്പോഴും തിരിച്ചാണ് സംഭവിക്കുന്നത്. ദുരന്തങ്ങള്‍ക്കുശേഷമാണ് ബന്ധപ്പെട്ടവര്‍ ഉണര്‍ന്നെഴുന്നേല്ക്കുന്നത്. എന്നാല്‍, ആ സംഭവങ്ങള്‍ ചര്‍ച്ചകളില്‍നിന്നും മാഞ്ഞുകഴിയുമ്പോള്‍ നല്‍കിയ വാഗ്ദാനങ്ങളും വിസ്മരിക്കപ്പെടുകയാണ് പതിവ്. മത്സ്യത്തൊഴിലാളികള്‍ കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ രക്ഷകര്‍ ആയതുകൊണ്ടുമാത്രമല്ല അവരെ സംരക്ഷിക്കണമെന്നു പറയുന്നത്. അത് അവരുടെ അവകാശമാണ്. ഒപ്പം ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വവുമാണ്. അവശ്യസമയത്ത് സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി സഹായിച്ചവരെ നന്ദിയോടെ സ്മരിക്കുന്നത് മനുഷ്യത്വത്തിന്റെ തെളിവാണ്. ആവശ്യസമയത്ത് തിരിച്ചു സഹായിക്കുമ്പോഴാണ് നന്ദിയുള്ള ഹൃദയത്തിന്റെ ഉടമകളായിത്തീരുന്നത്.

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?