Follow Us On

18

November

2019

Monday

സ്വന്തം പ്രവൃത്തികള്‍ അവനവന്റെ ആത്മരക്ഷയില്‍ നിര്‍ണായകമാണ്‌

സ്വന്തം പ്രവൃത്തികള്‍ അവനവന്റെ  ആത്മരക്ഷയില്‍ നിര്‍ണായകമാണ്‌

നല്ല സമരിയാക്കാരന്റെ ഉപമയാണ് ലൂക്കാ 10:25-37-ല്‍ വിവരിച്ചിരിക്കുന്നത്. ഈ ഉപമയിലൂടെ യേശു പറഞ്ഞിരിക്കുന്ന കാര്യങ്ങളുടെ ഗൗരവം മനസിലാക്കാന്‍ അല്‍പം ചരിത്രപശ്ചാത്തലം സഹായിക്കും. അതിനാല്‍ ആദ്യമേ അത് പറയട്ടെ. ജറുസലേം-ജറീക്കോ റോഡ് ദൂരം 26 കിലോമീറ്ററോളം ആണ്. ജറുസലേം സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരം അടി ഉയരത്തില്‍. ജറീക്കോ സമുദ്രനിരപ്പിന് താഴെയും. ജറീക്കോയില്‍നിന്നും ജറുസലേമിലേക്ക് എത്തുമ്പോഴേക്കും ഏകദേശം മൂവായിരം അടി ഉയര വ്യത്യാസമുണ്ട്. ഈ വഴിയുടെ രണ്ടുവശവും മരുഭൂമിയാണ്. മരുഭൂമി എന്നു പറഞ്ഞാല്‍, പരന്നു കിടക്കുന്ന മണല്‍ക്കാട് എന്ന് കരുതരുത്. മരങ്ങളും ചെടികളും നിറഞ്ഞ സ്ഥലമാണത്. അവിടെ മനുഷ്യവാസവും ഇല്ല. അതിനാല്‍ കള്ളന്മാര്‍ക്ക് ഏറ്റവും പറ്റിയ സ്ഥലമാണത്. ഏതാണ്ട് ഇന്ത്യയിലെ ചമ്പല്‍ക്കാടുകളുടെ ഒരവസ്ഥ. അതിനാല്‍ ഈ വഴിയില്‍ക്കൂടി യാത്ര ചെയ്യുന്നവര്‍ക്ക് രണ്ട് നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നു. ഒന്ന്, ഒറ്റയ്ക്ക് ഈ വഴിയില്‍ക്കൂടി യാത്ര ചെയ്യരുത്. ഗ്രൂപ്പായിട്ടേ സഞ്ചരിക്കാവൂ. രണ്ട്, രാത്രിയില്‍ ഈ വഴിയില്‍ക്കൂടി യാത്ര ചെയ്യരുത്. ജനങ്ങള്‍ ഈ നിര്‍ദേശങ്ങള്‍ അനുസരിച്ചിരുന്നു. വഴിയില്‍ ആരെങ്കിലും കിടക്കുന്നത് കണ്ടാലും ആരും പേടിമൂലം സഹായിക്കുകയുമില്ലായിരുന്നു.
ഈ അറിവുകള്‍ക്ക് പുറമേ, യഹൂദമതത്തിലെ ഒന്നുരണ്ട് നിയമങ്ങള്‍ കൂടി ഓര്‍ക്കാനുണ്ട്. അതില്‍ ഒന്ന് മൃതശരീരത്തെ തൊടുന്നതുമൂലമുള്ള അശുദ്ധിയെപ്പറ്റിയാണ്. സംഖ്യ 19:11 മുതലുള്ള ഏതാനും വചനങ്ങളില്‍ മൃതശരീരത്തെ തൊടുന്നവന്‍ അശുദ്ധനാകുമെന്നും അവന്‍ തന്നെ എങ്ങനെ ശുദ്ധീകരിക്കണമെന്നും ശുദ്ധീകരിച്ചില്ലെങ്കില്‍ അവനെ എന്തു ചെയ്യണമെന്നും പറയുന്നുണ്ട്. അതിന്റെ സംഗ്രഹം ഇതാണ്: ഒന്ന്, മൃതശരീരത്തെ തൊടുന്നവന്‍ ഏഴ് ദിവസത്തേക്ക് അശുദ്ധനായിരിക്കും. രണ്ട്, മൂന്നാം ദിവസവും ഏഴാം ദിവസവും അവന്‍ തന്നെത്തന്നെ ശുദ്ധീകരണ ജലംകൊണ്ട് ശുദ്ധീകരിക്കണം. മൂന്ന്, അങ്ങനെ തന്നെത്തന്നെ ശുദ്ധീകരിക്കാത്തവനെ ഇസ്രായേലില്‍നിന്ന് വിഛേദിക്കണം.
ഈ അറിവുകളെല്ലാം ഓര്‍മയില്‍ വച്ചുകൊണ്ട് നല്ല സമരിയാക്കാരന്റെ ഉപമയിലേക്ക് വരാം. ഇവിടെ ആക്രമിക്കപ്പെട്ട യാത്രക്കാരന്‍ തനിച്ചാണ് യാത്ര പോയത് (10:30). ആ യാത്രക്കാരന്‍, തനിച്ചുപോകരുത് എന്ന നിര്‍ദേശം അവഗണിച്ചു. അതിനാല്‍ ഈ അപകടം സ്വയം വരുത്തിവച്ചതാണ്. അതിലെ വന്ന പുരോഹിതന്‍ ഈ മനുഷ്യന്‍ മുറിവേറ്റു കിടക്കുന്നത് കണ്ടെങ്കിലും സഹായിച്ചില്ല. മൃതശരീരത്തെ തൊട്ടാല്‍ അശുദ്ധമാകും എന്നതാകാം കാരണം. ലേവായനും സഹായിക്കാതെ കടന്നുപോയി. കാരണങ്ങള്‍ രണ്ടാണ്. ഒന്ന്, സ്വയം അശുദ്ധനാകും. പിന്നെ ശുദ്ധീകരണകര്‍മത്തിന് പോകണം. രണ്ട്, കള്ളന്മാര്‍ തന്നെയും ആക്രമിച്ചേക്കാം. അതിനാല്‍ ലേവ്യനും പുരോഹിതനും സേഫ് സൈഡ് നോക്കി. എന്നുവച്ചാല്‍ സ്വന്തം സുരക്ഷിതത്വം ഉറപ്പാക്കി; മൃതശരീരമാണെങ്കില്‍ തൊടുന്നതുമൂലമുള്ള അശുദ്ധി ഒഴിവാക്കാന്‍ വേണ്ട കഷ്ടപ്പാടുകള്‍ ഒഴിവാക്കി.
യഹൂദര്‍ക്ക് കണ്ടുകൂടാത്തവരാണ് സമരിയാക്കാര്‍. ദൈവംപോലും വെറുക്കുന്നവര്‍ എന്നാണ് സമരിയാക്കാരെപ്പറ്റി യഹൂദരുടെ അഭിപ്രായം. അങ്ങനെയുള്ള സമരിയാക്കാരനാണ് മുറിവേറ്റു കിടന്ന യഹൂദനെ സഹായിക്കാനെത്തിയത്. മൃതശരീരത്തെ തൊടുന്നതുകൊണ്ടുള്ള അശുദ്ധിയുടെ നിയമപ്രശ്‌നങ്ങളൊന്നും സമരിയാക്കാരന് ഉണ്ടാവില്ല. പക്ഷേ, കള്ളന്മാര്‍ ആക്രമിക്കാനും കൊള്ളയടിക്കാനുമുള്ള സാധ്യത അദ്ദേഹത്തിനും ഉണ്ട്. ലേവ്യനും പുരോഹിതനും മുറിവേറ്റു കിടക്കുന്ന, സഹായം ആവശ്യമുള്ള, ഒരുവനുവേണ്ടി റിസ്‌ക്കെടുക്കാന്‍ തയാറായില്ല. എന്നാല്‍ സമരിയാക്കാരന്‍ തയാറായി. അതാണ് അദ്ദേഹത്തിന്റെ വലുപ്പം. ആ വലുപ്പത്തെയാണ് യേശു ആദരിച്ചത്. നിയമജ്ഞന്‍ യേശുവിനോട് ചോദിച്ചത് ഇതാണ്: നിത്യജീവന്‍ അവകാശമാക്കാന്‍ ഞാന്‍ എന്തു ചെയ്യണം? നല്ല സമരിയാക്കാരന്റെ ഉപമ പറഞ്ഞശേഷം യേശു മറുപടി പറഞ്ഞു: നിത്യജീവന്‍ പ്രാപിക്കാന്‍ നല്ല സമരിയാക്കാരന്‍ ചെയ്തതുപോലെ നീയും ചെയ്യുക. എന്നുവച്ചാല്‍ ചെയ്യുന്ന നന്മപ്രവൃത്തികളാണ് നിത്യജീവനില്‍ പ്രവേശിക്കാന്‍ സഹായിക്കുന്നത്.
മത്തായി 25:31 മുതലുള്ള വചനങ്ങളില്‍ അന്ത്യവിധിയെപ്പറ്റി യേശു വിവരിക്കുന്നുണ്ടല്ലോ. അപ്പോള്‍ യേശുവിന്റെ വലതുവശത്തു നില്‍ക്കാനും സ്വര്‍ഗത്തില്‍ പ്രവേശിക്കാനും സഹായിക്കുന്നത് മറ്റുള്ളവര്‍ക്ക്, നിസഹായര്‍ക്ക് ചെയ്ത നന്മകളാണ്. വേറൊരു കൂട്ടര്‍ ഇടതുവശത്ത് നില്‍ക്കാനും ശപിക്കപ്പെട്ടവരെ എന്ന വിളി കേള്‍ക്കാനും നരകത്തില്‍ പോകാനും കാരണമാകുന്നത് നിസഹായര്‍ക്ക് അവര്‍ ഒന്നും ചെയ്തില്ല എന്ന കുറ്റമാണ്.
അതിനാല്‍ നീയും പോയി അങ്ങനെതന്നെ ചെയ്യുക എന്ന് യേശുവിന്റെ വചനം അഥവാ നിര്‍ദേശം നമുക്കുംകൂടി ഉള്ളതാണ്. നമ്മള്‍ എല്ലാവരും സഹായം ആവശ്യമുള്ളവരെ ധാരാളമായി സഹായിക്കുന്നവരാണ് എന്നത് സത്യമാണ്. ചിലര്‍ അവരുടെ ചില പ്രതിസന്ധികള്‍, ഈ ഉപമയിലെ മുറിവേറ്റ മനുഷ്യനെപ്പോലെ, സ്വയം വരുത്തിവയ്ക്കുന്നതാണ്. സ്വയം വരുത്തിവച്ച വിന ആണെങ്കില്‍ക്കൂടി, ഒരു സഹായം ആവശ്യമായി വന്നാല്‍ നമ്മെക്കൊണ്ട് പറ്റുന്നവിധം നമ്മള്‍ സഹായിക്കണം. മറ്റുള്ളവര്‍ വരുത്തിവച്ചതാണെങ്കിലും സ്വയം വരുത്തിവച്ചതാണെങ്കിലും മറ്റ് എന്തെങ്കിലും കാരണംകൊണ്ട് ഉണ്ടായത് ആയാലും ഒരു പ്രതിസന്ധി ഉണ്ടാകുമ്പോള്‍ അത് പ്രതിസന്ധിതന്നെയാണ്. അവിടെ ആരുടെയെങ്കിലും സഹായം അവര്‍ക്ക് ആവശ്യമാണ്. അങ്ങനെ ആര് സഹായം ചെയ്താലും ദൈവം അതിനെ വിലമതിക്കും. ഞാന്‍ എന്റെ കാര്യം നോക്കിപ്പോകുന്നു; ഞാന്‍ ആര്‍ക്കും ഒരു ഉപദ്രവവും ചെയ്യുന്നില്ല; ഞാന്‍ ആര്‍ക്കും ഒരു ഗുണത്തിനും ദോഷത്തിനും ഇല്ല എന്നൊക്കെ ചിലര്‍ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പുച്ഛത്തോടെയുമെല്ലാം പറയുന്നത് നമ്മള്‍ കേട്ടിട്ടില്ലേ? ഓര്‍ക്കുക – ഈ നിലപാടുകളൊന്നും ദൈവം അംഗീകരിക്കുകയില്ല. റിസ്‌ക്ക് എടുത്തും സ്വയം ത്യാഗം എടുത്തും അങ്ങനെ നിസഹായരെ സഹായിക്കുന്നതും അവനവനുതന്നെ നന്മയായിട്ട് വരും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?