സീറോ മലങ്കര സഭയുടെ പുനരൈക്യ ശിൽപ്പി ദൈവദാസൻ മാർ ഇവാസിയോസിന്റെ 66-ാം ചരമദിനത്തിൽ, ഭാരത മഹർഷിയെന്ന് വിശേഷിപ്പിക്കാവുന്ന മാർ ഇവാനിയോസിന്റെ കർമമണ്ഡലങ്ങളിലൂടെ ഒരു തീർത്ഥാടന പദയാത്ര നടത്തുന്നു ലേഖകൻ.
ഷാജി കൊറ്റിനാട്ട്, സ്‌കോട്‌ലൻഡ്
‘നീതിമാന്മാരെ സ്മരിക്കുന്നത് അനുഗ്രഹമാണ്,’ (സുഭാ. 10.7)
*******
വളരെ പ്രാചീനവും ആത്മീയ ഫലങ്ങളാൽ സമ്പുഷ്ടവുമായ ആർഷഭാരത സംസ്‌ക്കാരത്തിൽ നിലനിന്നതും നിലനിൽക്കുന്നതുമായ ഋഷി പാരമ്പര്യത്തിൽ ലോകം മുഴുവൻ സ്മരിക്കപ്പെടുന്ന ഒരു ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ വേർപാടിന് ഈ ജൂലൈ 15ന് 66 വർഷം പിന്നിടുകയാണ്- ഭാരത മഹർഷി മാർ ഇവാനിയോസ്.
എക്കാലവും നവോത്ഥാന നായകൻ കടന്നുവന്ന് ചരിത്രം തിരുത്തിയിട്ടുണ്ട് ഭാരതത്തിൽ വിശിഷ്യാ, കേരളത്തിൽ. ശ്രീനാരായണ ഗുരു, മന്നത്തു പത്ഭനാഭൻ, ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ, അയ്യൻകാളി, കേളപ്പൻ തുടങ്ങിയവർ വിപ്ലവകരമായ സാമൂഹിക മാറ്റങ്ങൾക്ക് തുടക്കം കുറിച്ചവരിൽ ചിലരാണ്.
കേരള ക്രൈസ്തവസഭയിൽ, വിശിഷ്യാ, മലങ്കര സുറിയാനി സഭയിൽ പുനഃരൈക്യ പ്രസ്ഥാനത്തിലൂടെ ധീരമായ ആത്മീയ വിപ്ലവത്തിന് (1930 സെപ്തംബർ 20) നേതൃത്വം കൊടുത്ത ശ്രേഷ്ഠ വ്യക്തിയാണ് സീറോ മലങ്കര സഭയുടെ പ്രഥമ ആർച്ച്ബിഷപ്പ് ദൈവദാസൻ ഗീവർഗീസ് മാർ ഈവാനിയോസ്.
അദ്ദേഹത്തിന്റെ വിയോഗത്തിന്റെ 66-ാം വർഷം ആചരിക്കുമ്പോൾ, അദ്ദേഹത്തിലൂടെ ഭാരതത്തിന്, സമൂഹത്തിന്, സഭയ്ക്ക്, ലഭിച്ച ചില അമൂല്യ സംഭാവനകൾ കുറിക്കുകയാണിവിടെ. 45 വർഷത്തെ ശുശ്രൂഷാകാലഘട്ടത്തിനിടയിൽ അസംഖ്യം കർമപദ്ധതികൾ ആവിഷ്‌ക്കരിച്ച് നടപ്പാക്കിയ ഒരു നിതാന്ത പരിശ്രമയോഗിയെ നമുക്ക് അദ്ദേഹത്തിൽ ദർശിക്കാനാകും.
മഹർഷി എന്നത് അതിശയോക്തിയല്ല
‘മഹർഷി’ എന്നാൽ വലിയ ഋഷി എന്നർത്ഥം. സന്യാസശ്രേഷ്~ൻ, താപസൻ, തപസുകൊണ്ട് ആത്മജ്ഞാനം നേടിയവൻ, വേദ മന്ത്രങ്ങളിൽ പ്രാവീണ്യം നേടിയ മഹത് വ്യക്തി, ജ്ഞാനി എന്നീ അർത്ഥങ്ങളുമുണ്ട് ഋഷിക്ക്. ഇതെല്ലാം നന്നായി ഇണങ്ങുന്ന വ്യക്തിത്വമായിരുന്നു ദൈവദാസൻ മാർ ഇവാനിയോസ് എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല അത്.
‘എന്റെ നാമത്തെപ്രതി ഭവനത്തെയോ സഹോദരന്മാരെയോ സഹോദരിമാരെയോ പിതാവനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ പരിത്യജിക്കുന്ന ഏതൊരുവനും നൂറിരട്ടി ലഭിക്കും,’ എന്ന ക്രിസ്തുവചനമാണ് ക്രിസ്തീയ സന്യാസത്തിനാരാധം. ദൈവസ്‌നേഹമാണ് ഈ ത്യാഗോജ്വലമായ ജീവിതത്തിന് പ്രചോദനമേകുന്ന സ്രോതസ്.
അനുസരണം, ബ്രഹ്മചര്യം, ദാരിദ്ര്യം എന്നീ വ്രതത്രയങ്ങൾ പൂർണഗുരുവായ യേശുമിശിഹാ അനുഷ്~ിക്കുകയും പ്രവർത്തിച്ചുകാട്ടുകയും ചെയ്തു. ഇവയാണ് സന്യാസത്തിന്റെ അടിസ്ഥാന ശിലകൾ. സന്യാസത്തെക്കുറിച്ച് ദൈവദാസന്റെ വാക്കുകൾ ശ്രദ്ധേയമാണ്: ‘യേശുവിനെ അനുകരിച്ചും മൂന്ന് വ്രതങ്ങൾ അനുഷ്~ിച്ചും ദൈവസ്‌നേഹത്താൽ പുണ്യ പൂർണത സമ്പാദിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക ക്രിസ്തീയ സന്യാസമാകുന്നു,’ (മാർ ഈവാനിയോസ് സന്യാസജീവിത സഹായി)
സ്വയം പര്യാപ്തതയുടെ ‘ബഥനി’
ഏകാന്ത സന്യാസത്തേക്കാൾ സമൂഹവാസമാണ് ഉത്തമമെന്ന് ഏകഗുരുവായ യേശുവിന്റെ ജീവിതദൃഷ്~ാന്തത്തിലൂടെ ദൈവദാസൻ പ~ിപ്പിച്ചു. ക്രിസ്തു ദർശനത്തിലും ഭാരതീയ ആധ്യാത്മീക പൈതൃകത്തിലും വേരൂന്നിയ സന്യാസപ്രസ്ഥാനത്തിന് രൂപം നൽകുന്നതിലൂടെ പുതിയൊരു സമന്വയത്തിന്റെ പാതയാണ് അദ്ദേഹം തുറന്നത്. വേദപുസ്തകപ്രകാരമുള്ള ‘ബഥനി’ എന്ന വിശാലമായ കാഴ്ചപ്പാടും ആത്മീയ അർത്ഥവുമുള്ള നാമം തന്റെ താപസസമൂഹത്തിന് നൽകിയ അദ്ദേഹം, ഭാരത സംസ്‌ക്കാരത്തിന്റെ ഭാഗമായ കാഷായ വസ്ത്രവും ആശ്രമസ്ഥർക്ക് തിരഞ്ഞെടുത്ത് നൽകി.
റാന്നി മുണ്ടൻമലയിൽ, ഘോര വനാന്തരത്തിൽ പടുത്തുയർത്തിയ പുല്ലുമേഞ്ഞ വർണശാലയിൽ തുടങ്ങിവെച്ച ബഥനി പ്രസ്ഥാനം തുടക്കംമുതൽ സ്വയം പര്യാപ്തതയ്ക്കായി ശ്രമിച്ചു. നാമ ജപങ്ങളും പ്രാർത്ഥനാ മന്ത്രങ്ങളും കൂടാതെ കൃഷി, ജലസേചനം, ചാപ്പൽ- കെട്ടിട നിർമാണം, പശുവളർത്തൽ എന്നിവയിൽ ആശ്രമസ്ഥർ വ്യാപൃതരായി. അന്നും ഇന്നും ബഥനി ആശ്രമങ്ങൾ സ്വയം പര്യാപ്തതയുടെ പര്യായങ്ങളായി വിരാചിക്കുന്നു.
ചുരുക്കിപ്പറഞ്ഞാൽ സന്യാസി എന്ന സങ്കൽപ്പത്തിനുതന്നെ ഒരു നൂതന ഭാവം കൊടുത്ത ജ്ഞാനിയായിരുന്നു ദൈവദാസൻ മാർ ഇവാനിയോസ്. പുരാതന കിഴക്കിന്റെ ആശ്രമ പിതാവായിരുന്ന വിശുദ്ധ ബേസിലിന്റെ സന്യാസ നിയമങ്ങളാണ് ‘ബഥനി’ ആശ്രമ പ്രസ്ഥാനത്തിന് ബീജാവാപമായിത്തീർന്നത്. കൂടാതെ അദ്ദേഹത്തിന്റെ സമകാലീകരായിരുന്ന മഹാത്മഗാന്ധിയുടെ ‘സബർമതി ആശ്രമ’വും രവീന്ദ്രനാഥ ടാഗോറിന്റെ ‘ശാന്തിനികേത’നും സ്വാധീനം ചെലുത്തിയിട്ടുണ്ട്. അദ്ദേഹം പറയുകയുണ്ടായി, ‘ക്രിസ്തീയ സന്യാസം കേവലം ത്യാഗമല്ല അത് ദൈവസമ്പാദ്യമാകുന്നു,’ (മാർ ഇവാനിയോസ് സന്യാസ ജീവിതസഹായി)
നവോത്ഥാന നായകൻ
‘ലോകത്തിന്റെ ചരിത്രം എന്നത് ഒന്നുമല്ല, എന്നാൽ, മഹാനായ മനുഷ്യന്റെ ചരിത്രം ഇവിടെ ജീവിക്കുന്നു,’ ആംഗലേയ സാഹിത്യകാരൻ തോമസ് കാർഡിയൽ ഉദ്ധരിച്ചതുപോലെ, ധീരവും ശക്തവുമായ പ്രവൃത്തികളുടെ ഉപജ്ഞാതാക്കളാണ് മഹാന്മാർ. ആ പട്ടികയിൽപ്പെടുത്താവുന്ന ഭാരതീയ മഹർഷിയാണ് മഹാനായ നവോത്ഥാന നായകൻ മാർ ഇവാനിയോസ്. അദ്ദേഹം സ്ഥാപിച്ച ‘ബഥനി’ ആശ്രമങ്ങൾ, പുനഃരൈക്യ പ്രസ്ഥാനം, ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അനാഥാലയങ്ങൾ, ദൈവാലയങ്ങൾ, മിഷനറി സംരംഭങ്ങൾ എന്നിവ അദ്ദേഹത്തിന്റെ കർമധീരതയ്ക്ക് മകുടോദാഹരണങ്ങളാണ്.
ഈ വിശിഷ്ട ജീവിതം വിദ്യാർത്ഥികൾക്കൊരു അതിശയമാണ്, പ~നകാലത്ത് എല്ലാത്തലത്തിലും ഒന്നാമൻ, ആദ്യമായി എം.എ എടുത്ത കേരളത്തിലെ സുറിയാനി വൈദികൻ, സന്യസ്തർക്കും വൈദീകർക്കും എന്നും പ്രചോദനം. അങ്ങനെ പ~ിച്ചാലും വായിച്ചാലും തീരാത്ത ബൃഹത് ഗ്രന്ഥമായി അദ്ദേഹത്തിന്റെ കത്തിജ്വലിച്ച പ്രൗഢഗംഭീരമായ മഹർഷി ജീവിതം നിലനിൽക്കുന്നു. ‘ആ ദീപം പൊലിഞ്ഞു പോയെങ്കിലുമതിൽ ദിവ്യ ഭാവുകപ്രകാശങ്ങൾ തുടരുമന്യൂനമായ്,’ (മുട്ടത്തുവർക്കി)
സീറോ മലങ്കര സഭ
‘ബഥനി’ ആശ്രമത്തിന്റെ പിള്ളത്തൊട്ടിലിൽനിന്ന് രൂപീകൃതമായ 1930ലെ പുനഃരൈക്യ പ്രസ്ഥാനത്തിന്റെ സംഘടിതരൂപമായി 1932ൽ മലങ്കര കത്തോലിക്കാ ഹയരാർക്കി നിലവിൽവന്നു. മാർ ഇവാനിയോസ് തിരുവനന്തപുരം ആർച്ച്ബിഷപ്പായും മാർ തെയോഫിലോസ് തിരുവല്ല ബിഷപ്പായും ചുമതലയേറ്റു.
ദൈവദാസൻ മാർ ഇവാനിയോസിന്റെ പുണ്യപാദ സ്പർശനമേറ്റ ഒട്ടുമിക്ക സ്ഥലങ്ങളിലും- ഭാരതത്തിനകത്തും പുറത്തും- സീറോ മലങ്കര സമൂഹങ്ങളും മിഷനുകളും രൂപം കൊണ്ടു. 1932ൽ നടത്തിയ വത്തിക്കാൻ സന്ദർശനമധ്യേ മാർ ഇവാനിയോസ് ദിവ്യബലി അർപ്പിച്ച ബസിലിക്കയാണ് മാർ ക്ലീമിസ് ബാവ കർദിനാളായി ഉയർത്തപ്പെട്ടശേഷം കൃതജ്ഞതാ ദിവ്യബലിയർപ്പണത്തിന് ലഭിച്ചതെന്നത് മറ്റൊരു ദൈവനിയോഗം!
അതുപോലെ അയർലൻഡ്, ഇംഗ്ലണ്ട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും ഇത്തരം സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. ചെറിയ കൂട്ടായ്മയാണെങ്കിലും ലോകം മുഴുവൻ സീറോ മലങ്കര സമൂഹം വ്യാപിക്കുന്നതിന് പ്രധാനകാരണം ദൈവദാസന്റെ സ്വർഗീയ മധ്യസ്ഥ്യമല്ലാതെ മറ്റൊന്നല്ല.
‘അവരെല്ലാവരും ഒന്നായിരിക്കാൻവേണ്ടി പിതാവേ അങ്ങ് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരും തമ്മിൽ ആയിരിക്കുന്നതിനുവേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു,’ എന്ന യേശുവിന്റെ പ്രാർത്ഥന സ്വജീവിതത്തിൽ അന്വർത്ഥമാക്കി ഭാരതീയ സന്യാസ ദർശനം ക്രൈസ്തവീകതയുമായി സമന്വയിപ്പിച്ച മാർ ഇവാനിയോസിന്റെ ചിന്തകളും എഴുത്തുകളും പ്രവർത്തനങ്ങളും ഇനിയും കണ്ടെത്താത്ത നിധിശേഖരമായി നിലകൊള്ളുന്നു. ഇവാനിയൻ ദർശനത്തിന്റെ അന്തഃസത്തയായ ആത്മഐക്യവും സാമൂഹിക ഐക്യവും സംജാതമാക്കാൻ നമുക്ക് പ്രാർത്ഥിക്കാം, യത്‌നിക്കാം.
അമൂല്യഗ്രന്ഥങ്ങൾ
നിരവധി അമൂല്യ ഗ്രന്ഥങ്ങളുടെയും ലേഖനങ്ങളുടെയും രചയ്താവുമാണ് ദൈവദാസൻ മാർ ഇവാനിയോസ്. അതിൽ പ്രധാനപ്പെട്ടത് താഴെക്കൊടുക്കുന്നു.
1. ഗിരിദീപം
തന്റെ ശുശ്രൂഷാകാലം വിശിഷ്യാ, ബഥനിയുടെ പ്രാരംഭകാലത്ത് തീച്ചൂളയിൽനിന്നുള്ള ആത്മനൊമ്പരങ്ങളും ദൈവീക നടത്തിപ്പുകളുമാണ് ഉള്ളടക്കം.
2. സന്യാസജീവിതസഹായി
സന്യാസത്തെക്കുറിച്ചും സനസ്തരുടെ ജീവിതചര്യകളെക്കുറിച്ചുമുള്ള മാർഗനിർദേശങ്ങളാണ് ഉള്ളടക്കം.
3. വിശുദ്ധ കുർബാന ഒരു ധ്യാനപഠനം
വിശുദ്ധ കുർബാനയെക്കുറിച്ചും ബാഹ്യമായ അംഗവിക്ഷേപങ്ങളുടെ അർത്ഥവും വ്യാപ്തിയും വെളിവാക്കുന്നു. ദൈവശാസ്ത്രജ്ഞർ ഇന്നു പറയുന്ന വ്യാഖ്യാനങ്ങൾ, അക്കാലത്തുതന്നെ സ്വർഗീയ ജ്ഞാനത്താൽ മാർ ഇവാനിയോസ് വിവരിച്ച പുസ്തകമെന്ന വിശേഷണവും ഇതിനുണ്ട്.
4. വിശുദ്ധ കുമ്പസാരം: ഒരു ധ്യാനപഠനം
വിശുദ്ധ കുമ്പസാരത്തിന്റെ പ്രാധാന്യം, വേദപുസ്തകാധാരമായ വിചിന്തനം എന്നിവ വിശദമായി പ്രതിപാദിക്കുന്നു.
5. ക്രിസ്തീയ സഭാവത്സരം
ഒരു വർഷക്കാലം സഭ ആചരിക്കുന്ന തിരുനാളുകളും നോമ്പുകളും, അവയുടെ വേദപുസ്തക അടിത്തറ, സഭാ പഞ്ചാംഗത്തിന്റെ രൂപീകരണം എന്നിവയെ കുറിച്ച് സൂഷ്മമായി പ്രതിപാദിക്കുന്ന പുസ്തകം.
Leave a Comment
Your email address will not be published. Required fields are marked with *