Follow Us On

31

May

2020

Sunday

ശാലോമിന്റെ വളര്‍ച്ച ദൈവപദ്ധതി പ്രകാരം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ

ശാലോമിന്റെ വളര്‍ച്ച ദൈവപദ്ധതി പ്രകാരം: കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ

ഫാ. ഫ്രാന്‍സിസ് കാരക്കാട്ട് കാതോലിക്കാ ബാവയില്‍ നിന്നും ശാലോം മീഡിയ അവാര്‍ഡ് ഏറ്റുവാങ്ങി.

പെരുവണ്ണാമൂഴി: ‘മാധ്യമ രംഗത്ത് ശബ്ദമായും അടയാളമായും അനുകരിക്കാവുന്ന മാതൃകയായും ശാലോം ഇന്ന് വളര്‍ന്നിരിക്കുന്നത് ദൈവിക പദ്ധതിയുടെ ഭാഗമായിട്ടാണെന്ന് മലങ്കര കത്തോലിക്ക സഭയുടെ മേജര്‍ ആര്‍ച്ബിഷപ്പും ശാലോം മാധ്യമ ശുശ്രൂഷകളുടെ രക്ഷാധികാരിയുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ. ക്രൈസ്തവ എഴുത്തുകാരെയും മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ശാലോം മീഡിയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മോണ്‍. സി.ജെ. വര്‍ക്കി മെമ്മോറിയല്‍ ശാലോം മീഡിയ അവാര്‍ഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തിന് ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ധാര്‍മികതയിലും ദൈവവിശ്വാസത്തിലും ഊന്നിയുള്ള എഴുത്തുകളിലൂടെ വേറിട്ട ശബ്ദം ലോകത്തിന് നല്‍കുന്നവരാണ് എഴുത്തുകാര്‍. മാധ്യമ ലോകത്തെക്കുറിച്ചുള്ള യഥാര്‍ത്ഥചിത്രം കൊടുക്കാന്‍ പൗരോഹിത്യത്തിന്റയും സന്യാസസൗഹൃദത്തിന്റയും അഭിഷേകം അച്ചനെ സഹായിക്കുന്നുണ്ട്. സുവിശേഷത്തിന്റെ വ്യാഖ്യാനങ്ങളും അവയുടെ ബന്ധവുമാണ് ശാലോമിന്റെ പ്രവര്‍ത്തന മികവ് നിര്‍ണയിക്കുന്ന ആധാരം. ദൈവത്തില്‍ നിന്നകറ്റുന്ന മാധ്യമ സംസ്‌കാരം വളരുന്നൊരു കാലഘട്ടത്തില്‍ ശാലോമിന്റെ വേറിട്ട ഈ പുരസ്‌കാരം അനുകരണീയമാണ്. ശാലോമിന്റെ നിലപാടുകളോട് സമാനമായി ചിന്തിക്കുന്നവര്‍ക്ക് ലഭിക്കുന്ന ഈ അംഗീകാരം ദൈവാനുഗ്രഹം ചൊരിയപ്പെടുന്നതിനുള്ള വലിയ സ്രോതസായി എന്നും നിലകൊള്ളുമെന്നതില്‍ സംശയമില്ല. കര്‍ദ്ദിനാള്‍ വ്യക്തമാക്കി.
സലേഷ്യന്‍സ് ഓഫ് ഡോണ്‍ ബോസ്‌കോ വൈദികന്‍ റവ. ഡോ. ഫ്രാന്‍സിസ് കാരക്കാട്ട് കര്‍ദിനാളില്‍ നിന്നും 25,000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്ന അവാര്‍ഡ് ഏറ്റുവാങ്ങി.


സണ്‍ഡേശാലോം അസോസിയേറ്റ് എഡിറ്റര്‍ ഫാ.ജോസഫ് വയലില്‍ സി.എം. ഐ അധ്യക്ഷതവഹിച്ചു. ദൈവാനുഗ്രത്താല്‍ ലഭിച്ച കഴിവുകള്‍ കഠിനാധ്വാനത്തിലൂടെ സമന്വയിപ്പിച്ചതിനാലും ലഭിച്ച അവസരങ്ങള്‍ വേണ്ട വിധത്തില്‍ വിനിയോഗിച്ചതിനാലുമാണ് ഫാ. ഫ്രാന്‍സിസ് കാരക്കാട്ടിനെ ഈ പുരസ്‌കാരത്തിലേക്ക് എത്തിച്ചതെന്ന് സണ്‍ഡേശാലോം അസോസിയേറ്റ് എഡിറ്റര്‍ ഫാ.ജോസഫ് വയലില്‍ സി.എം. ഐ പറഞ്ഞു.
വര്‍ഷങ്ങളായി മാധ്യമരംഗത്ത് ഡോണ്‍ബോസ്‌കോ സമൂഹം നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകള്‍ക്കുള്ള അംഗീകാരം കൂടിയാണിതെന്ന് സലേഷ്യന്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ ഫാ. ജോയ്‌സ് തോണിക്കുഴി വ്യക്തമാക്കി.
ഫാ. ഫ്രാന്‍സിസ് കാരക്കാട്ടിന്റെ പുസ്തകങ്ങള്‍ എംഎസ്എംഐ സന്യാസിനീ സമൂഹത്തിലുള്ളവരെ വളരെയധികം ശക്തിപ്പെടുത്തിയിട്ടുണ്ട്. തനിക്ക് കിട്ടിയ പ്രകാശം മറ്റുള്ളവര്‍ക്ക് ഉപകരിക്കും എന്ന ബോധ്യത്തോടുകൂടിയാണ് അച്ചന്‍ എഴുതിക്കൊണ്ടിരിക്കുന്നതെന്ന് എംഎസ്എംഐ സമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ റവ. സിസ്റ്റര്‍ ഫിന്‍സിപറഞ്ഞു.
ഒരു ക്രിസ്ത്യന്‍ എഴുത്തുകാരന് കത്തോലിക്കാ സഭയില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് ശാലോം മീഡിയ അവാര്‍ഡെന്നും ലോകമെമ്പാടുമുള്ള കത്തോലിക്കര്‍ ആത്മീയതയുടെ സ്രോതസായി ഏറ്റവും കൂടുതലായി ആശ്രയിക്കുന്നത് ശാലോമിന്റെ വിവിധ മീഡിയ വിഭാഗങ്ങളെയാണെന്നും മറുപടി പ്രസംഗത്തില്‍ ഫാ. ഫ്രാന്‍സിസ് കാരക്കാട്ട് സൂചിപ്പിച്ചു.


ശാലോം ചീഫ് എഡിറ്റര്‍ ബെന്നി പുന്നത്തറ, ശാലോം ടൈംസ് മാസികയുടെ അസോസിയേറ്റ് എഡിറ്റര്‍ സ്‌റ്റെല്ല ബെന്നി, ശാലോം ടെലിവിഷന്‍ മാനേജിംഗ് ഡയറക്ടര്‍ കെ ജെ മാത്യു, പടത്തുകടവ് ഇടവക വികാരി ഫാ. ആന്റണി ചെന്നിക്കര എന്നിവര്‍ പ്രസംഗിച്ചു.
മാധ്യമ അവാര്‍ഡിനോടനുബന്ധിച്ച്, കഴിഞ്ഞ ജൂണില്‍ 60 വയസ് പൂര്‍ത്തിയായ കര്‍ദ്ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവയുടെ ഷഷ്ടിപൂര്‍ത്തി ആഘോഷിച്ചു. സംസ്ഥാന അവാര്‍ഡ് നേടിയ ശാലോം ടെലിവിഷനില്‍ സംപ്രേഷണം ചെയ്ത ജോയ്ഫുള്‍ സിക്‌സ് എന്ന പരിപാടിയുടെ രചയിതാവും സംവിധായകനുമായ പ്രിന്‍സ് അശോകിനെ ആദരിക്കുകയും ചെയ്തു.
അവാര്‍ഡ് ജേതാവിന്റെ 93 വയസുള്ള മാതാവ് ത്രേസ്യാമ്മ, സലേഷ്യന്‍ സഭാ വൈദികര്‍, കുടുംബാംഗങ്ങള്‍, സഹപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പാളും ഡോണ്‍ ബോസ്‌കോ മാസികയുടെ ചീഫ് എഡിറ്ററുമായ ഫാ. ഫ്രാന്‍സിസ് കാരക്കാട്ട് അവാര്‍ഡ് സ്വീകരിച്ചത്.

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?