Follow Us On

31

July

2021

Saturday

അന്ന് തനിക്കായി മാത്രം നടത്തിയ ഇൻ്റർവ്യൂ

അന്ന്  തനിക്കായി  മാത്രം  നടത്തിയ  ഇൻ്റർവ്യൂ

ഇരുപത്തിയാറാം വയസില്‍ 1991 ജൂണ്‍ മാസത്തില്‍ കോഴിക്കോട് ക്രൈസ്റ്റ് ഹാളില്‍ നടന്ന കരിസ്മാറ്റിക് ധ്യാനത്തിലൂടെയാണ് ഞാന്‍ നവീകരണത്തിലേക്കു വരുന്നത്. ധ്യാനത്തില്‍ പങ്കെടുക്കാനുണ്ടായ മുഖ്യകാരണം, ദിവസങ്ങള്‍ക്കുമുമ്പ് ടൈഫോയിഡ് പനി പിടിപെട്ട് ആശുപത്രികിടക്കയില്‍ ആയിരുന്നപ്പോള്‍ എടുത്ത തീരുമാനത്തിന്റെ ഫലമാണ്. അവിടെവച്ചാണ്  മരണത്തേക്കുറിച്ചും ജീവിതത്തിന്റെ നിസാരതയേകുറിച്ചുള്ള ചിന്തകള്‍ മനസിലേക്കു വരുന്നത്. ദൈവമെന്നത് മനുഷ്യന്റെ സങ്കല്‍പ സൃഷ്ടിമാത്രമെന്നു വിശ്വസിച്ച ഞാന്‍, ധ്യാനം കൂടുവാനും തുടര്‍ന്ന് എന്നാല്‍ കഴിയും വിധം നന്നായി ജീവിക്കുവാനും തീരുമാനമെടുത്തത് ഇത്തരമൊരു സാഹചര്യത്തിലാണ്. ധ്യാനവേളയില്‍, ദൈവത്തേക്കുറിച്ച് എനിക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് എന്റെ ഉള്ളിലിരുന്ന് ആരോ മറുപടി തരുന്നതു പോലുള്ള അനുഭവമുണ്ടായി. തുടര്‍ന്ന് വലിയ ആവേശത്തോടും ഉല്‍സാഹത്തോടു കൂടെ ജീസസ് യൂത്ത് പ്രവര്‍ത്തനങ്ങളില്‍ മുഴുകി.
ഈ സാഹചര്യത്തിലാണ് അന്നത്തെ ജീസസ്‌യൂത്ത് കോ-ഓര്‍ഡിനേറ്ററായിരുന്ന ജ്യേഷ്ഠ സഹോദരന്‍ എല്‍ഡറിംഗിന്റെ ആവശ്യകതയേക്കുറിച്ച് എന്നോടു സംസാരിക്കുന്നതും പ്രാര്‍ത്ഥിച്ച് എനിക്കായി എല്‍ഡറിനെ കണ്ടെത്തിത്തന്നതും.
1991 നവംബര്‍ 20-ാം തിയതിയാണ് ആദ്യമായി ഞാന്‍ എല്‍ഡറുടെ പക്കല്‍ പ്രാര്‍ത്ഥിക്കുവാനായി പോകുന്നത്. കേവലം ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസം മാത്രമുള്ള സാധാരണ കര്‍ഷകനായിരുന്നു അദ്ദേഹം (2008 നവംബര്‍ നാലിന് നിത്യസമ്മാനത്തിനായി അദ്ദേഹത്തെ കര്‍ത്താവു വിളിച്ചു). ആദ്യ ദിവസം തന്നെ പ്രാര്‍ത്ഥിച്ചിട്ട് അദ്ദേഹം പറഞ്ഞു: ”കര്‍ത്താവിന് നിന്നെക്കുറിച്ച് ഒരു പദ്ധതി ഉണ്ട്; അതിനാല്‍ കര്‍ത്താവു നിര്‍ദ്ദേശിക്കുന്ന വഴിയിലൂടെ മാത്രം മുമ്പോട്ടു പോവുക. മറ്റുള്ളവര്‍ പറയുന്നത് ചെവിക്കൊള്ളേണ്ട. നിനക്കു വേണ്ടതെല്ലാം അവിടുന്നു നല്‍കും. കൂടാതെ മറ്റു പൊതു പ്രവര്‍ത്തനങ്ങളില്‍ നിന്നെല്ലാം മാറി പ്രാര്‍ത്ഥനയില്‍ ശക്തി പ്രാപിക്കുക” പിന്നീട് അദ്ദേഹം പറഞ്ഞു: തുടര്‍ന്നു പഠിക്കുവാനാണ് കര്‍ത്താവ് ആവശ്യപ്പെടുന്നത് എന്ന്. അതിനാല്‍ ജോലിക്കായി ഇപ്പോള്‍ ശ്രമിക്കുക പോലുമരുത്. ആ കാലഘട്ടത്തി ല്‍ ഞാന്‍ കോഴിക്കോട് ആര്‍.ഈ.സി യില്‍ നിന്നും എം.ടെക്ക് പഠനം പൂര്‍ത്തയാക്കി ജോലിക്കു വേണ്ടി ശ്രമിക്കുകയായിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ”ഇനിയിപ്പോള്‍ തുടര്‍ന്നു പഠിക്കാന്‍ പി.എച്ച്.ഡിയാണുള്ളത്. പ്രാര്‍ത്ഥിച്ചിട്ട് അദ്ദേഹം പറഞ്ഞു: അതിനു പോകാനാണ് കര്‍ത്താവു ആവശ്യപ്പെടുന്നത്. ഒരു മാസത്തിനു ശേഷം വീണ്ടും എല്‍ഡറുടെ പക്കല്‍ പ്രാര്‍ത്ഥിക്കുവാന്‍ ചെന്നു. അപ്പോള്‍ അദ്ദേഹത്തിന് ദര്‍ശനത്തില്‍ തിളങ്ങുന്ന അക്ഷരത്തില്‍ ‘RESEARCH’ എന്ന് എഴുതിക്കാണിച്ചു. ഇംഗ്ലീഷ് അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ കഷ്ടിച്ചറിയാവുന്ന അദ്ദേഹം ചോദിച്ചു: ‘റിസേര്‍ച്ച്’ എന്നു പറഞ്ഞാല്‍ എന്താണ്? പി.എച്ച്.ഡി-ക്ക് അല്ല, റിസേര്‍ച്ചിനു പോകാനാണ് കര്‍ത്താവ് ആവശ്യപ്പെടുന്നത്. എന്നെക്കുറിച്ചുള്ള പദ്ധതി അതോടെ ഒരിക്കല്‍ ക്കൂടി വെളിപ്പെട്ടു കിട്ടി.
അതിന്‍ പ്രകാരം ഞാന്‍ കോഴിക്കോട് ആര്‍.ഈ.സിയില്‍ പി.എച്ച്.ഡി അഡ്മിഷന് അപേക്ഷിക്കുകയും തുടര്‍ന്ന് 1992 ജൂണ്‍ മാസത്തില്‍ ഇന്റര്‍വ്യൂ നടക്കുകയും ചെയ്തു. എന്നാല്‍ ഇത്തവണ ആര്‍ക്കും അഡ്മിഷന്‍ ലഭിച്ചില്ല. അതേത്തുടര്‍ന്ന് ഞാന്‍ വല്ലാത്ത പ്രതിസന്ധിയിലായി. അടുത്ത ദിവസങ്ങളില്‍ ഞാന്‍ വീണ്ടും എല്‍ഡറിംഗിനു പോയി. പ്രാര്‍ത്ഥിച്ചിട്ട് അദ്ദേഹം പറഞ്ഞു: ഇതേ ഇന്റര്‍വ്യൂ നിനക്കുവേണ്ടി മാത്രം ഒരിക്കല്‍ കൂടി നടത്തും. ആര്‍. ഈ.സി യുടെ അന്നത്തെ പശ്ചാത്തലത്തില്‍ ഇതു തീര്‍ത്തും അസാധ്യം. എന്നാല്‍ അത്ഭുതകരമെന്നു പറയട്ടെ, 1992-നവംബര്‍ മാസത്തിലെ പത്രത്തില്‍ പി.എച്ച്.ഡി അഡ്മിഷന്് ഒരിക്കല്‍ കൂടി അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ടു. അപ്രകാരം 1993 ജനുവരി 23-ന് നടന്ന ഇന്റര്‍വൃൂവില്‍ അത്ഭുതകരമായി അഡ്മിഷനും ലഭിച്ചു. ഇന്നുമോര്‍ക്കുന്നു. ആ ഇന്റര്‍വ്യൂവിന് ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്തരം ഒരു ഇന്റര്‍വ്യൂ നടത്തുവാനുണ്ടായ കാരണം ഇന്നും എനിക്ക് അജ്ഞാതമാണ്.

ഡോ. ജില്‍സണ്‍ തോമസ്
(പ്രഫസര്‍, മുത്തൂറ്റ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്റ് സയന്‍സസ്)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?