Follow Us On

25

September

2020

Friday

ഒരു ‘സോറി’യിൽ തീരാവുന്നത്…

ഒരു ‘സോറി’യിൽ  തീരാവുന്നത്…

റവ. ഡോ. റോയ് പാലാട്ടി. സി.എം.ഐ.

2018ലെ വലിയ നോമ്പിൽ ഇടവകധ്യാനം നടത്തുകയായിരുന്നു, ന്യൂയോർക്കിൽ. അന്നത്തെ ഒരനുഭവം പ്രചോദനാത്മകമാണ്. ഓശാന ഞായറിലെ കർമങ്ങളോടുകൂടിയാണ് ധ്യാനം അവസാനിക്കുന്നത്. രാവിലെ 10.00ന് തിരുക്കർമങ്ങൾ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ധ്യാനം തീരുന്ന ദിവസമായതിനാൽ 9.00ന് തുടങ്ങാമെന്ന് വികാരിയച്ചന് തോന്നി. കുറച്ചു ഗാന പരിശീലനമെല്ലാം നടത്തി 9.30ഓടെ ജെറുസലേം ദൈവാലയത്തിലേക്കുള്ള ക്രിസ്തുവിന്റെ പ്രവേശനത്തെ അനുസ്മരിപ്പിക്കുന്ന പ്രദിക്ഷിണം ആരംഭിച്ചു.

കടുത്ത ശൈത്യത്തെ അതിജീവിച്ച് വാഹനമോടിച്ചെത്തുന്ന വിശ്വാസികൾ പാർക്കിംങ്ങിന് ഇടമൊരുക്കി വരുന്ന സമയത്താണ് പ്രദിക്ഷണം കാണുന്നത്. പലർക്കും ദേഷ്യം വന്നു. ചിലരൊക്കെ വികാരിയച്ചന്റെ ചെവിയിൽവന്ന് സുഖകരമല്ലാത്ത വിധത്തിൽ സംസാരിക്കുന്നുണ്ട്. പിറുപിറുക്കുന്നവർ വേറെ ചിലർ. ഇതൊന്നും കൂട്ടാക്കാതെ മറ്റു ചിലരും. എന്തായാലും ദൈവാലയ പ്രവേശനം കഴിഞ്ഞ് കുർബാനയുടെ സമയമായി.

അന്നാപെസഹാ ഗാനത്തിനുമുമ്പ് വികാരിയച്ചൻ എല്ലാവരോടുമായി പറഞ്ഞു: ‘എനിക്കൊരു കാര്യം നിങ്ങളോടു പറയാനുണ്ട്. നിങ്ങൾ എന്നോടു ക്ഷമിക്കണം. കർമങ്ങൾ കുറച്ചുനേരത്തെ തുടങ്ങിപ്പോയി. നിങ്ങൾ ക്ഷമിച്ചെങ്കിലേ എനിക്കീ ബലി യോഗ്യതയോടെ അർപ്പിക്കാൻ കഴിയൂ.’ആഴമേറിയ നിശബ്ദത ദൈവാലയത്തിൽ നിറഞ്ഞപ്പോൾ പലരുടെയും കണ്ണുകൾ നിറയുന്നത് ഞാൻ ശ്രദ്ധിച്ചു. പിന്നെയാരും ഈ വിഷയം സംസാരിച്ചിട്ടില്ല.

എന്നെ ഈ സംഭവം ഒരുപാട് ആകർഷിച്ചു. ഞാനദ്ദേഹത്തോട് പറയുകയും ചെയ്തു. തിരുപ്പട്ടം കഴിഞ്ഞ് നാലര പതിറ്റാണ്ട് പിന്നിട്ട ആ വൈദികന് വേണമെങ്കിൽ വാശിപിടിക്കാം. ഇടവക വികാരിക്ക് എല്ലാത്തിനും അധികാരമുണ്ടെന്ന് ശാ~്യം പറയാം. അല്ലെങ്കിൽ നീണ്ട വർഷങ്ങൾ ഈ ഇടവകയിൽ ആയിരുന്നുകൊണ്ട് ജനത്തിൽ കുറേപ്പേർ തന്നോടൊപ്പം നിൽക്കുമെന്നു ചിന്തിക്കാം. അതുമല്ലെങ്കിൽ, തലേന്ന് ധ്യാനത്തിന് സമയ മാറ്റത്തെക്കുറിച്ചുള്ള സൂചന നൽകിയിരുന്നല്ലോ എന്നു പറയാം. അതുകൊണ്ട് ധ്യാനത്തിന് വരാത്തവരാണ് തെറ്റുകാർ എന്നു വാദിക്കാം.

ചർച്ച ഏതുപക്ഷം ചേർന്നും നടത്താം. എന്തൊക്കെ ചെയ്താലും, അന്ന് പറഞ്ഞ ‘സോറി’യുടെ ബലം ഒന്നിനുമുണ്ടാകില്ല. നിങ്ങളുടെ ജീവിതത്തിലെ പല പ്രശ്‌നങ്ങളും കെട്ടടങ്ങാൻ ഒരു സോറി മതിയാകും. അതു കൃത്യസമയത്ത് പറയാനാകുന്നതാണ് ദൈവകൃപ.നമ്മുടെ കുടുംബങ്ങളിൽ, സഭാ കൂട്ടായ്മകളിൽ, സംഘടനകളിലൊക്കെ ഇന്ന് കാണുന്ന വലിയ പ്രശ്‌നങ്ങൾ പലതും വളരെ എളുപ്പം കൈകാര്യം ചെയ്യാൻ കഴിയാവുന്നതായിരുന്നു എന്നോർക്കുക.

ഒരു പക്ഷേ, രണ്ടു പേർക്കിടയിൽ പറഞ്ഞു തീർക്കാവുന്നത്. അല്ലെങ്കിൽ, ഒരു പൊതുയോഗത്തിൽ അവസാനിപ്പിക്കാമായിരുന്നത്. പക്ഷേ, ഇന്ന് പൊതുജന മധ്യത്തിൽ വാദപ്രതിവാദങ്ങൾ നടത്തി, ചേരിതിരിഞ്ഞ്, ഒളിയുദ്ധങ്ങൾ നടത്തി, വിജാതീയ കോടതികൾ കയറിയിറങ്ങി എത്രത്തോളം വഷളാകുന്നു എന്നു കാണുക.

ക്ഷമ ചോദിക്കുന്നത് ഒരാളുടെ വലുപ്പത്തേയല്ലേ സൂചിപ്പിക്കുക. ധിക്കാരിക്കും ധാർഷ്ട്യനും ക്ഷമ കരണീയമല്ല. ക്ഷമ ചോദിച്ചതുകൊണ്ട് നിങ്ങൾ തീർത്തും തെറ്റുകാരനും മറ്റുള്ളവരെല്ലാം ശരിയുമെന്നു അർത്ഥവുമില്ല. മറിച്ച്, നിങ്ങൾ നിങ്ങളുടെ അഹന്തയെക്കാൾ മനുഷ്യബന്ധത്തിന് പ്രാധാന്യം കൽപ്പിക്കുന്നു എന്നു കരുതിയാൽ മതി (കൊൽക്കത്തയിലെ വിശുദ്ധ തെരേസ).

2002 മാർച്ച് 12ന് വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പ വളരെ നാടകീയമായ വിധത്തിൽ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലെ കുരിശിനു കീഴെ മുട്ടുകുത്തി ലോകത്തോടു മാപ്പു ചോദിച്ചു. കഴിഞ്ഞ നൂറ്റാണ്ടുകളിൽ സഭയിൽ വന്നുപോയ പിഴവുകൾക്കാണ് മാപ്പിരന്നത്. പഴയ ഫ്യൂഡൽ ചിന്തയുടെ ഉപദേഷ്ടാക്കൾ പലരും പാപ്പയെ തടഞ്ഞു. ക്ഷമ ചോദിച്ചാൽ തെറ്റാവരത്തിന് ക്ഷതമേൽക്കില്ലേ? പാപ്പമാർ ക്ഷമ ചോദിക്കുന്ന ചരിത്രമില്ലല്ലോ? കാലങ്ങൾക്കു മുമ്പു നടന്ന സംഭവങ്ങൾക്ക് ഇന്ന് മാപ്പിരക്കണമോ? പാപ്പയ്ക്ക് സഭാ ചരിത്രത്തിലെ ഇരുൾ വീണ കാലങ്ങളുമായി ബന്ധമൊന്നും ഇല്ലല്ലോ?

മാപ്പ് ചോദിക്കാതിരിക്കാൻ ഇങ്ങനെ നിരവധി കാരണങ്ങൾ പലരും നിരത്തി. പക്ഷേ അന്ന് 79 വയസുണ്ടായിരുന്ന പാപ്പ വിറയ്ക്കുന്ന കരങ്ങളോടെ മാപ്പിരന്നു. ഓർമകൾ ശുദ്ധി ചെയ്യാതെ ലോകസുവിശേഷ വത്കരണം സാധ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാപ്പിരന്നപ്പോൾ ആരാണ് വലുതായത്? ഗുരുനാഥൻ ശിഷ്യന്റെ കാലുകഴുകിയപ്പോൾ വലുതായത് ആരാണ്?

നമ്മുടെ വിലയിടിയും എന്നോർത്താണ് പലരും മാപ്പിരക്കാത്തത്. പലരും മൂടിവെക്കാൻ തത്രപ്പെടുന്നതിനിടയിൽ, നിങ്ങളുടെ പക്ഷം സാധൂകരിക്കാൻ വ്യയം ചെയ്യുന്നതിനിടയിൽ ഞെരുങ്ങുന്നത് നിങ്ങളുടെ കുടുംബബന്ധമാണ്. ഉലയുന്നത് സഭാഗാത്രമാണ്. ആ ബന്ധം തകർന്നാൽ കൂട്ടിയിണക്കാൻ കാലമേറെ വേണ്ടിവരും. സഭാഗാത്രത്തെ നിർണായക ദിശാബോധം നൽകി വളർത്താൻ ഉപയോഗിക്കേണ്ട സമയമല്ലേ അനാവശ്യ സമ്മേളനങ്ങളിലും ചർച്ചകളിലും കുരുതികഴിക്കുന്നത്.

നിങ്ങളുടെ പ്രതിച്ഛായ കാക്കാൻ തത്രപ്പെടുന്നതിനിടയിൽ അന്തഃസത്തയ്ക്ക് വല്ലാത്ത ഉലച്ചിൽ സംഭവിക്കുന്നത് നിങ്ങൾ തിരിച്ചറിയുന്നുണ്ടോ? ഇടയൻ ജനത്തോട്, കുടുംബനാഥൻ മക്കളോട്, അധ്യാപകർ കുഞ്ഞുങ്ങളോട് എന്നിങ്ങനെ ആരോടും നിങ്ങൾക്ക് മാപ്പിരക്കാം. അതാണ് നിങ്ങളുടെ വലുപ്പം. വേറെ വഴിയൊന്നുമില്ലാത്തപ്പോഴല്ല മാപ്പിരക്കേണ്ടത്. ആദ്യം മാപ്പു ചോദിക്കുക. പിന്നെ കെട്ടുകളഴിക്കാൻ വഴികൾ താനെതെളിയും. മാപ്പിരക്കാൻ വൈകരുത്. ഇനിയും വൈകിച്ചാൽ ആടുകൾ ആല വിട്ടിറങ്ങിയേക്കും, മക്കൾ ഭവനം വിടും.

ഇരുപത്തിയൊന്നു പ്രാവശ്യം ക്ഷത്രിയരെ വകവരുത്തിയ പരശുരാമനെക്കാൾ ഭാരതീയർ ആദരിക്കുന്നത് 14 വർഷം വനവാസം നടത്തിയ ശ്രീരാമനെയാണ്. സാത്വികരെ നയിക്കുന്നത് കയ്യൂക്കല്ല, കാരുണ്യവും ക്ഷമയുമാണ്. നിങ്ങളെന്നാണ് സാത്വികരാകുന്നത്? എന്നാണ് അവസാനമായി ബോധപൂർവം ക്ഷമചോദിച്ചത്?

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?