Follow Us On

26

January

2020

Sunday

സഭയിലെ ഐക്യം സഭ നേരിടുന്ന എല്ലാ ആന്തരികസംഘര്‍ഷങ്ങളെക്കാളും ശക്തമാണെന്ന് മാര്‍പാപ്പ

സഭയിലെ ഐക്യം സഭ നേരിടുന്ന എല്ലാ ആന്തരികസംഘര്‍ഷങ്ങളെക്കാളും ശക്തമാണെന്ന്  മാര്‍പാപ്പ

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അങ്കണത്തില്‍ അപ്പസ്‌തോലപ്രവര്‍ത്തനങ്ങളെ ആസ്പദമാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ എല്ലാ ആഴ്ചയും നല്‍കിവരുന്ന വചനവിചിന്തനപഠനപരമ്പരയില്‍ സഭാസ്ഥാപനസമയത്തും തുടര്‍ന്നും സഭയില്‍ സംലഭ്യമാവുന്ന പരിശുദ്ധാത്മാവിന്റെ ഇടപെടലുകളെകുറിച്ചാണ് കഴിഞ്ഞ മാസം പ്രതിപാദിച്ചത്. ആദിമക്രൈസ്തവസമൂഹം ദൈവസ്‌നേഹത്തിലും അംഗങ്ങള്‍ തമ്മിലുള്ള പരസ്പരമുള്ള കരുതലിലും വളര്‍ന്നത് പരിശുദ്ധാത്മാഭിക്ഷേകത്തിലൂടെയാണ്. പരി ശുദ്ധാത്മാവ് ആദിമശിക്ഷ്യരില്‍ ദൈവസ്‌നേഹത്തിന്റെ അഗ്നിയും ദൈവവചനശക്തിയും നിറച്ചു. തുടര്‍ന്ന് അവര്‍ സധൈര്യം ഉത്ഥിതനെ പ്രഘോഷിക്കുവാന്‍ തുടങ്ങി.
സെഹിയോന്‍ ഊട്ടുശാലയില്‍ പരിശുദ്ധ കന്യാമറിയത്തിന്റെമേലും ശിഷ്യരുടെമേലും ഇറങ്ങിവന്ന പരിശുദ്ധാത്മാവ് ഇന്നും നമ്മുടെ ഇടയില്‍ വസിക്കുന്നു. ആ സമയത്ത് അവര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ നാമിതെക്കുറിച്ച് വായിക്കുന്നത്. പ്രാര്‍ത്ഥന ഏതൊരു കാലഘട്ടത്തിലും ശിഷ്യര്‍ക്ക് ജീവശ്വാസം നല്‍കുന്നു. പ്രാര്‍ത്ഥനയില്ലാതെ ഒരുവനും ശിഷ്യനായിരിക്കുവാന്‍ സാധ്യമല്ല.
പരിശുദ്ധാത്മാവിന്റെ ആഗമനം അവരുടെ എല്ലാ കണക്കുകൂട്ടലുകളെയും അതിലംഘിച്ച് ആശ്ചര്യപ്പെടുത്തി. ആ അനുഭവം അവര്‍ക്ക് കുഞ്ഞിന്റെ ആദ്യശ്വാസം പോലെ തീവ്രവും ശക്തവുമായിരുന്നു.
വിശുദ്ധ പത്രോസ് ദുര്‍ബലനായിരുന്നെങ്കിലും പരിശുദ്ധാത്മാവ് അഗ്നിരൂപത്തില്‍ വന്നപ്പോള്‍ ശക്തി സംഭരിച്ച് ദൈവവചനം പ്രസംഗിച്ചു. ബൈബിള്‍ പാരമ്പര്യത്തില്‍ അഗ്നിയെന്നത് ദൈവത്തിന്റെ പ്രത്യക്ഷപ്പെടലിന്റെ പ്രതീകമാണ്. തീനാളങ്ങളുടെ ഇടയില്‍ ദൈവം തന്റെ വചനം നല്‍കി. അഗ്നി ചൂടും പ്രകാശവും നല്‍കുന്നു. അതിന്റെ വെളിച്ചത്തില്‍ ഹൃദയങ്ങളെ പരിശോധിച്ച് അവയെ ശക്തിപ്പെടുത്തുന്നത് ദൈവമാകുന്നു. കര്‍ത്താവ് തന്റെ പ്രവൃത്തികള്‍ക്കായി ദുര്‍ബലരെ തിരഞ്ഞെടുത്ത് ശക്തരെ അസ്വസ്ഥരാക്കുന്നു.
അനുരജ്ഞനവും കൂട്ടായ്മയും
സ്‌നേഹത്തിന്റെ അഗ്നിയിലാണ് സഭ ജനിച്ചത്. അവിടെ എല്ലാവര്‍ക്കും മനസിലാകുന്ന ഭാഷ ഉടലെടുത്തു. യഹൂദനും ഗ്രീക്കുകാരനും സ്വതന്ത്രനും അടിമക്കും ഇടയിലുള്ള വിഭാഗീയതയുടെ വരമ്പുകള്‍ മാറ്റിയ പരിശുദ്ധാത്മാവ് കൂട്ടായ്മയുടെ സൃഷ്ടാവും അനുരജ്ഞനത്തിന്റെ ശില്‍പിയുമാണ്.
പാപത്തിന്റെയും ദുരാരോപണങ്ങളുടെയും പരിമിതികള്‍ക്കപ്പുറം സഭ വളര്‍ന്നു. സ്‌നേഹത്തിന്റെ അടിത്തറയില്‍ എല്ലാ ബന്ധങ്ങളും സൃഷ്ടിക്കപ്പെട്ടതും വളര്‍ത്തപ്പെട്ടതും പരിശൂദ്ധാത്മാവിലാണ്.
വി. ലൂക്കാ ആദിമക്രൈസ്തവസമൂഹത്തെ അവതരിപ്പിക്കുന്നത് ക്രൈസ്തവ കൂട്ടായ്മാജീവിതത്തിന്റെ മാതൃകയായാണ്. ”അവര്‍ അപ്പസ്‌തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പം മുറിക്കല്‍, പ്രാര്‍ത്ഥന എന്നിവയില്‍ സദാ താല്‍പര്യപൂര്‍വം പങ്കുചേര്‍ന്നു.” (അപ്പ. 2.42 ) സ്‌നേഹാധിഷ്ഠിതമായ ആദിമസഭയില്‍ ആത്മീയവും ഭൗതികവുമായ വസ്തുക്കളുടെ പങ്കുവയ്പിലൂടെ ആഴവും സുദൃഡവുമായ വ്യക്തിബന്ധങ്ങളും ഉണ്ടായിരുന്നു. കൗദാശികജീവിതത്തിന്റെയും ആരാധനക്രമ അനുഷ്ഠാനങ്ങളുടേയും തനിമ ഈ പങ്കുവക്കലാണ്. വിശുദ്ധകുര്‍ബാനയുടെ ആഘോഷത്തെ അനുസ്മരിക്കുന്ന തരത്തില്‍ സഭയുടെ ഈ കൂട്ടായ്മ ചൈതന്യം ആധുനിക ലോകത്തിന്റെ പ്രവണതയായ വ്യക്തിത്വവാദത്തിനും താന്‍പോരിമക്കും എതിരാണ്. ആദിമക്രൈസ്തവസമൂഹത്തിന്റെ വളര്‍ച്ചയും ഈ കൂട്ടായ്മയ്ക്ക് ദൈവം നല്‍കിയ സമ്മാനമാണ്. സ്വാര്‍ത്ഥതക്ക് അവിടെ ഒരു സ്ഥാനവും ഉണ്ടായിരുന്നില്ല. അപ്പസ്‌തോലന്മാരുടെ പ്രബോധനങ്ങള്‍ അവര്‍ നിരന്തരം ശ്രവിച്ചിരുന്നു.
പരിശുദ്ധാത്മാവ് ശാശ്വതമായ ഉടമ്പടി സ്ഥാപിച്ച് ദൈവത്തിന്റെ ജീവനുള്ള സാന്നിധ്യം ഉറപ്പാക്കി. ദൈവത്തിന്റെ അരൂപി എല്ലാ സൃഷ്ടികളെയും നവീകരിച്ച്, നമ്മുടെ ഹൃദയത്തില്‍ വസിച്ച്, എല്ലാ വ്യത്യസ്ഥതയിലും ഐക്യം സ്ഥാപിച്ച്, കൂട്ടായ്മയിലേക്കും അനുരജ്ഞനത്തിലേക്ക് നമ്മെ ആനയിക്കുന്നു. അങ്ങനെ ഏവരെയും സാക്ഷ്യജീവതത്തിന് പാകപ്പെടുത്തുന്നു. ഈ സാക്ഷ്യജീവിതം ഏറെ പ്രകടമായത് വി.പത്രോസിലും വി. പൗലോസിലുമാണ്.
വി. പത്രോസ്, വി. പൗലോസ് ശ്ലീഹരുടെ തിരുനാള്‍ ക്രിസ്തുവര്‍ഷം 258 മുതല്‍ സഭ ഒരേ ദിവസം കൊണ്ടാടുന്നുവെന്നാണ് ചരിത്രം പറയുന്നത്. രണ്ടുപേരും വ്യത്യസ്ഥമായ വിധത്തില്‍ ദൈവാനുഭവവും ദൈവത്തില്‍നിന്നുള്ള ക്ഷമയും സ്വീകരിച്ചവരാണ്. ദൈവവുമായുള്ള വ്യക്തിപരമായ കണ്ടുമുട്ടലിലാണ് സാക്ഷ്യമുണ്ടാവുന്നത്. തുടര്‍ന്ന് അവര്‍ ഏറ്റെടുത്ത സുവിശേഷസാക്ഷ്യജീവിതശൈലിയില്‍നിന്നും ഒരിക്കലും വ്യതിചലിച്ചില്ല. മാത്രമല്ല, വിശുദ്ധിയും എളിമയും ജീവിതത്തില്‍ ഉടനീളം നിലനിര്‍ത്തി.
ഇപ്രകാരമുള്ള സാക്ഷികളെയാണ് ദൈവം തേടുന്നത്. ക്രിസ്തു അനുഭവം നിറഞ്ഞ പൗലാസ് ശ്ലീഹാ തന്റെ ലേഖനങ്ങളില്‍ നാന്നൂറിലധികം പ്രാവശ്യം ക്രിസ്തുവെന്ന പദം ഉപയോഗിക്കുന്നുണ്ട്.
ദൈവികമായ തിരഞ്ഞെടുപ്പ്
ലൂക്കാ സുവിശേഷകന്‍ എഴുതുന്നതനുസരിച്ച് അപ്പസ്‌തോലസമൂഹത്തിന് കളങ്കമേല്‍പിച്ചുകൊണ്ട് ഒരുവന്‍ പിന്‍വാങ്ങിയപ്പോള്‍ മറ്റൊരാളെ കണ്ടെത്തി കര്‍ത്താവ് ഏല്‍പിച്ച ശുശ്രൂഷ അനുസ്യൂതം തുടര്‍ന്നുകൊണ്ടുപോവേണ്ടത് ആദിമസഭാഗാത്രത്തിന് ആവശ്യമായി മാറി. വി. പത്രോസ് പറഞ്ഞതനുസരിച്ച് യേശുവിന്റെ ജ്ഞാനസ്‌നാനം മുതല്‍ സ്വര്‍ഗാരോഹണംവരെ സാക്ഷ്യം വഹിച്ച ഒരുവനായിരിക്കണം തിരഞ്ഞെടുക്കപ്പെടേണ്ടത്. (അപ്പ 1.. 21 – 22). തുടര്‍ന്ന് ജോസഫ് ബറാബാസ്, മത്തിയാസ് എന്നീ രണ്ടുപേരുകള്‍ നിര്‍ദേശിക്കപ്പെട്ടു. ഇതില്‍ ആരെ തിരഞ്ഞെടുക്കണമെന്നതിനായി അവര്‍ പ്രാര്‍ത്ഥിച്ചുവെന്ന് വിശുദ്ധഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു (അപ്പ 1.24-25). പിന്നീട് അവര്‍ കുറിയിട്ട് മത്തിയാസിനെ തിരഞ്ഞെടുത്ത് അപ്പസ്‌തോലഗണത്തിലേക്ക് ചേര്‍ത്തു. അങ്ങനെ സഭയുടെ സുവിശേഷപ്രഘോഷണദൗത്യം അഭംഗുരം തുടര്‍ന്നുപോകുവാനായി പന്ത്രണ്ട് പേര്‍ പുനക്രമീകരിക്കപ്പെട്ടു. അന്നും ഇന്നും സഭയുടെ അടിസ്ഥാനവും വളര്‍ച്ചയും പ്രതികൂലസാഹചര്യങ്ങള്‍ക്കു മധ്യേയുള്ള ഈ കൂട്ടായ തീരുമാനവും ഐക്യവുമാണ്.
ബനഡിക്ട് പാപ്പ കഴിഞ്ഞ മാസം ഇറ്റാലിയന്‍ മാസികക്ക് അനുവദിച്ച അഭിമുഖത്തില്‍ സഭയിലെ ഐക്യം സഭ നേരിടുന്ന എല്ലാ ആന്തരികസംഘര്‍ഷങ്ങളെക്കാളും ശക്തമാണെന്ന് വ്യക്തമാക്കി. പാപ്പയുടെ വാക്കുകളില്‍, ”നമുക്ക് ഒരു മാര്‍പാപ്പയേയുള്ളു. അത് ഫ്രാന്‍സിസ് പാപ്പയാണ്. ആന്തരികസംഘര്‍ഷങ്ങളും വിവാദങ്ങളും ഭീക്ഷണികളും എന്നും സഭയിലുണ്ടായിരുന്നു. എന്നാല്‍ സഭ ക്രിസ്തുവിന്റെ തുടര്‍ച്ചയായി ഐക്യത്തില്‍ മാര്‍പാപ്പായുടെ നേതൃത്വത്തില്‍ സംയോജിതമാണ്. ക്രൈസ്തവസമൂഹത്തിന്റെ ‘ഡി. എന്‍. എ’ എന്നത് ഈ ഐക്യവും സ്‌നേഹവും വ്യത്യസ്ഥവും വ്യതിരക്തവുമായ ക്രൈസ്തവ സ്വാതന്ത്ര്യവുമാണ്.”
ക്രൈസ്തവ പ്രത്യാശയെന്നത് വെറും ശുഭാപ്തിവിശ്വാസമല്ല. അത് ഉത്ഥിതനിലുള്ള ആഴമേറിയ പ്രത്യാശയാണ്. എന്തുതന്നെ സംഭവിച്ചാലും, ഏതു പ്രതികൂലസാഹചര്യത്തിലും ദൈവത്തിലുള്ള ആശ്രയവും പ്രത്യാശയും കൈവിടാതെ ഉത്ഥിതനെ പ്രഘോഷിക്കാനകണം. ഈ പ്രത്യാശയാണ് ആന്തരികമായുള്ള ആനന്ദവും സമാധാനവും നമ്മില്‍ നിറക്കുന്നത്. പ്രത്യാശ ഒരിക്കലും അവസാനിക്കുന്നില്ല, കാരണം അത് ദൈവത്തോടുള്ള വിശ്വസ്ഥതയില്‍ ആഴപ്പെട്ടതാണ്. പ്രത്യാശക്ക് ആഴമായ വേരുകളുണ്ട്. ജീവിതത്തിന്റെ കൊടുങ്കാറ്റുകള്‍ക്ക് ഈ വേരുകളെ പിഴുതെറിയാനാവില്ല. അതുകൊണ്ടാണ് പ്രത്യാശ നമ്മളെ നിരാശരാക്കുന്നില്ല എന്ന് പൗലോസ് അപ്പസ്‌തോലന്‍ പറഞ്ഞത്. എല്ലാ പരീക്ഷണങ്ങളെയും അതിജീവിക്കുവാനുള്ള കരുത്ത് പ്രത്യാശ നല്‍കുന്നു.
അതുകൊണ്ട് ഒരു പുതിയ പന്തകുസ്താനുഭവം നല്‍കണമേ എന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. ശുശ്രൂഷയില്‍ മന്ദോഷ്ണരാകാതെ ഉത്ഥിതനായ ക്രിസ്തുവിനെ പ്രഘോഷിക്കുന്നതിനുള്ള നമ്മുടെ വിളിയെ നവീകരിച്ച് മുന്നോട്ട് പോകാം.

 പ്രഫ. കൊച്ചുറാണി ജോസഫ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?