Follow Us On

23

August

2019

Friday

ബന്ധവും സ്വന്തവും

ബന്ധവും സ്വന്തവും

വാട്‌സാപ്പില്‍ നിന്നും കിട്ടിയൊരു കഥയാണിത്. അജ്ഞാതനായ എഴുത്തുകാരന് നന്ദി.
ഇന്ത്യയില്‍നിന്നുള്ള സന്യാസിയുമായി ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന്റെ പ്രതിനിധി അഭിമുഖസംഭാഷണം നടത്തുകയായിരുന്നു. പത്രപ്രവര്‍ത്തകന്‍ ചോദിച്ചു.
‘സാര്‍ താങ്കള്‍ ബന്ധം (contact), അടുപ്പം (connetion) എന്നിവയെക്കുറിച്ച് സംസാരിച്ചിരുന്നല്ലോ. എനിക്കത് വ്യക്തമായില്ല. വിശദമാക്കാമോ?’
ഇതിനുത്തരം പറയാതെ സന്യാസി ഒരു മറുചോദ്യംചോദിച്ചു. ‘താങ്കള്‍ ന്യൂയോര്‍ക്കില്‍ നിന്നാണോ വരുന്നത്?’
പത്ര: ‘അതെ’
സന്യാ: ‘താങ്കളുടെ വീട്ടില്‍ ആരൊക്കെയുണ്ട്?’
പത്ര:’അമ്മ മരിച്ചു പോയി. അച്ഛനും മൂന്നു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. സഹോദരങ്ങള്‍ വിവാഹിതരാണ്.’
സന്യാ:’താങ്കളുടെ അച്ഛനുമായി സംസാരിക്കാറുണ്ടോ?’പത്രപ്രവര്‍ത്തകന്‍ അസ്വസ്ഥനായപ്പോള്‍ സന്യാസി ചോദ്യത്തിന്റെ ശൈലിയൊന്നുപുതുക്കി. ‘എന്നാണ് ഒടുവില്‍ അച്ഛനുമായി സംസാരിച്ചത്?’
അസ്വസ്ഥതയോടെ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു. ‘ഒരു മാസം മുമ്പാണെന്ന് തോന്നുന്നു…’
സന്യാ: താങ്കള്‍ സഹോദരങ്ങളെ ഇടക്കിടെ കാണാറുണ്ടോ? അവസാനമായി എന്നാണ് നിങ്ങളൊന്നിച്ച് കൂടിയത് ?’
പത്രപ്രതിനിധിയുടെ നെറ്റിയില്‍ വിയര്‍പ്പുതുള്ളികള്‍ പൊടിഞ്ഞു. സന്യാസിയാണ് പത്രപ്രവര്‍ത്തകനെ അഭിമുഖം നടത്തുന്നത് എന്നപോലെയായി കാര്യങ്ങള്‍. ദീര്‍ഘനിശ്വാസത്തോടെ പത്രപ്രവര്‍ത്തകന്‍ പറഞ്ഞു.’രണ്ടു വര്‍ഷം മുമ്പുളള ക്രിസ്മസ്സിനാണ് ഞങ്ങളൊന്നിച്ചത്.”
സന്യാസി:’എത്ര ദിവസങ്ങള്‍ എല്ലാവരും ഒന്നിച്ച് താമസിച്ചു?’
പത്ര:’മൂന്നു ദിവസം…’
സന്യാ: ‘അന്ന് അച്ഛന്റെ അരികത്തിരുന്നുവോ?’
സന്യാസിയുടെ ചോദ്യങ്ങള്‍ പത്രപ്രവര്‍ത്തകന്റെ ഹൃദയത്തില്‍ കൊണ്ടു. അയാള്‍ക്ക് മറുപടിയൊന്നും പറയാന്‍ കഴിഞ്ഞില്ല. ആകെ അസ്വസ്ഥനായി തലയും താഴ്ത്തി കയ്യിലിരുന്ന പേപ്പറില്‍ അയാള്‍ വെറുതെ എന്തൊക്കെയോ കുത്തിക്കുറിച്ചുകൊണ്ടിരുന്നു.
സന്യാ: ‘നിങ്ങള്‍ അച്ഛനോടൊപ്പം അന്ന് ഭക്ഷണം കഴിച്ചോ? അച്ഛന്റെ സുഖവിവരങ്ങള്‍ അന്വേഷിച്ചോ?’
പത്രപ്രവര്‍ത്തകന്റെ കണ്ണു നിറഞ്ഞു. അയാളുടെ കൈകള്‍ ചേര്‍ത്ത് പിടിച്ചു കൊണ്ട് സന്യാസി പറഞ്ഞു:’എന്റെ ചോദ്യങ്ങള്‍ താങ്കളെ വിഷമിപ്പിച്ചുവെങ്കില്‍ ക്ഷമിക്കൂ … ബന്ധം, അടുപ്പം എന്നിവയെക്കുറിച്ചുള്ള അങ്ങയുടെ ചോദ്യത്തിന് ഉത്തരം നല്കാന്‍ വേണ്ടിയാണ് ഞാന്‍ ഈ ചോദ്യങ്ങള്‍ ചോദിച്ചത്. താങ്കളുടെ അച്ഛനുമായി താങ്കള്‍ക്ക് ‘ബന്ധം’ ഉണ്ട്… പക്ഷേ അടുപ്പം ഇല്ല. ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പമാണ് ബന്ധങ്ങളുടെ കാതല്‍. ഒരുമിച്ച് ഇത്തിരി നേരം ചെലവഴിക്കാനും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനും മുഖത്തു നോക്കി സംസാരിക്കാനും പരസ്പരമുള്ള സ്‌നേഹവും വിശ്വാസവും പ്രകടിപ്പിക്കാനും നേരം കണ്ടെത്തുമ്പോള്‍ അവിടെ വ്യക്തികള്‍ തമ്മില്‍ അടുപ്പമുണ്ടാകുന്നു. താങ്കളും സഹോദരങ്ങളും തമ്മില്‍ ബന്ധം ഉണ്ട്; പക്ഷേ അടുപ്പം ഇല്ല…’
പത്രപ്രവര്‍ത്തകന്‍ സന്യാസിയുടെ കരങ്ങള്‍ കൂട്ടിപ്പിടിച്ച് പറഞ്ഞു. ‘വളരെ വിലയേറിയ ഒരു ജീവിതപാഠം അങ്ങ് പഠിപ്പിച്ചു…’
ചെറിയ ചില ചോദ്യങ്ങളിലൂടെ വലിയൊരു കാര്യം വിശദമാക്കിയ ആ സന്യാസി സ്വാമി വിവേകാനന്ദന്‍ ആയിരുന്നു. ഈ സംഭവകഥയ്ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്. ഇന്ന് എല്ലാവര്‍ക്കും ധാരാളം ബന്ധങ്ങള്‍ ഉണ്ട്. പക്ഷേ അടുപ്പം ഇല്ല. അതു മാത്രമല്ല, പരസ്പരമുള്ള ആശയവിനിമയവും കുറഞ്ഞുവരുന്നു.എല്ലാവരും അവരവരുടെ ലോകത്തില്‍ മാത്രം കഴിയുന്നു.
ബന്ധങ്ങള്‍ വെറും കോണ്‍ടാക്ട്‌സ് മാത്രമായി ഒതുങ്ങാതെ അവ ഹൃദയങ്ങള്‍ തമ്മിലുള്ള അടുപ്പമായി വളര്‍ത്തിയെടുക്കാന്‍ നാം ശ്രമിക്കേണ്ടിയിരിക്കുന്നു. പരസ്പരം സ്‌നേഹിച്ചും പ്രോത്സാഹിപ്പിച്ചും ഒത്തൊരുമിക്കാന്‍ സമയം കണ്ടെത്തിയും ജീവിച്ചാല്‍ നമ്മുടെ ജീവിതവും ഈ സമൂഹവും സ്വര്‍ഗ്ഗതുല്യമായി മാറും…

ജയ്‌മോന്‍ കുമരകം

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?