Follow Us On

22

February

2024

Thursday

കണക്ക് എളുപ്പമുള്ളതാക്കിയ ഒരു വൈദികൻ

കണക്ക്  എളുപ്പമുള്ളതാക്കിയ  ഒരു  വൈദികൻ

സി.എം.ഐ സന്യാസ സഭയുടെ വിഭിന്നങ്ങളായ ശുശ്രൂഷകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിദ്യാഭ്യാസം. സഭാസ്ഥാപകനായ വിശുദ്ധ ചാവറപിതാവ് മുതല്‍ ഇന്നുവരെയുള്ള കര്‍മലീത്താ സന്യാസികളില്‍ ബഹുഭൂരിപക്ഷവും സമൂഹത്തെ ഉന്നതിയിലേക്ക് നയിക്കുവാന്‍ വിദ്യാദാനം പ്രവര്‍ത്തനമേഖലയാക്കിയവരാണ്. ആ ഗണത്തില്‍ എടുത്തുപറയേണ്ട പേരാണ് ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐയുടേത്. കുട്ടികളെയും അധ്യാപകരെയും ഇത്രയേറെ ചേര്‍ത്തുപിടിച്ച മറ്റൊരു വിദ്യാഭ്യാസ ശ്രേഷ്ഠന്‍ ഉണ്ടോയെന്നത് സംശയമാണ്.
തന്റെ സന്യാസ ജീവിതത്തിന്റെ ആദ്യനാളുകള്‍ എല്‍ത്തുരുത്ത് ആശ്രമത്തിന്റെ അധീനതയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ച ജോസഫച്ചനിലെ ഗുരുഭാവം ഏറ്റവും പ്രോജ്വലമായത് അച്ചന്‍ പാവറട്ടി സെന്റ് ജോസഫ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഗണിത അധ്യാപകനായതുമുതലാണ്. ആദ്യം ഹയര്‍ സെക്കന്ററി അധ്യാപകനായും പിന്നീട് പാവറട്ടി വിദ്യാഭ്യാസ സമുച്ചയത്തിന്റെ മാനേജരായും തുടര്‍ന്ന് ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പലായും നിറവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച ജോസഫച്ചന്‍ 2019 മെയ് 31-ന് യാത്രാമൊഴി പറഞ്ഞിറങ്ങി, തികഞ്ഞ അഭിമാനത്തോടെ. ചരിത്രത്തിലേക്ക് കുറെ ജോസഫച്ചന്‍ ടച്ച് ബാക്കിവച്ചുകൊണ്ട്.
കണക്കിലെ കളികള്‍
തൃശൂര്‍ ദേവമാതാ പ്രൊവിന്‍സിന്റെ പല വിദ്യാലയങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ടെങ്കിലും ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐ എന്ന വൈദികനിലെ ഗണിതാധ്യാപകന്‍ അതിന്റെ തനിമയില്‍ പ്രശോഭിക്കുന്നത് അദ്ദേഹം ഹയര്‍ സെക്കന്ററി അധ്യാപകനായി പാവറട്ടി സെന്റ് ജോസഫ്‌സില്‍ എത്തിയശേഷമാണ്. കണക്ക് കുട്ടികള്‍ക്ക് തലവേദനയായ കാലത്ത് ഗണിതത്തെ വിനോദത്തിലൂടെ ആസ്വാദ്യകരമായി മാറ്റുന്നതിന് അദേഹത്തിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്.
അതായത് ഗണിത ശാസ്ത്രത്തിന്റെ കര്‍ക്കശഭാവം കുട്ടികള്‍ക്കുമുന്നില്‍ സൗഹൃദപൂര്‍വമായി അവതരിപ്പിക്കുവാന്‍ ആ ഗണിതാധ്യാപകന് അല്പംപോലും ക്ലേശിക്കേണ്ടി വന്നില്ലെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ പേടിയോടെ കണക്കിനെ സമീപിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ കണക്കിന്റെ കൂട്ടുകാരായി മാറുന്നു. കഠിനമായ സൂത്രവാക്യങ്ങള്‍ ജാലവിദ്യക്കാരന്റെ മികവോടെ ലളിതമായി അവതരിപ്പിക്കുന്ന ജോസഫച്ചന്റെ അധ്യാപനചാതുരി അനുകരണീയമാണ്. കുട്ടികളെ കണക്കിന്റെ കൂട്ടുകാരാക്കി മാറ്റിയെന്നതിന് തെളിവ് പ്ലസ്ടു പരീക്ഷയില്‍ വാരിക്കൂട്ടുന്ന എ പ്ലസുകളാണ്. അദ്ദേഹത്തിന്റെ മാന്ത്രിക വിദ്യയാല്‍ അനേകം വിദ്യാര്‍ത്ഥികള്‍ക്ക് കണക്കില്‍ മുഴുവന്‍ മാര്‍ക്കും നേടിയെടുക്കുവാന്‍ സാധിക്കുന്നു.
പൊതുപരീക്ഷയുടെ റിസള്‍ട്ട് വരുമ്പോള്‍ പല വര്‍ഷങ്ങളിലും കണക്കില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉണ്ടാകാറുണ്ട് എന്നത് അച്ചന്റെ അധ്യാപനമികവിന് പൊന്‍തൂവല്‍ ചാര്‍ത്തുന്നതാണെന്ന് പറയാതെ വയ്യ.
അധ്യയനം ആസ്വാദ്യകരം
അധ്യയനം ആസ്വാദ്യമാകണമെങ്കില്‍ അധ്യാപനത്തോടൊപ്പം സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗഹൃദമാകണമെന്ന് തിരിച്ചറിഞ്ഞ ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐ താന്‍ മാനേജരായ 2014-17 കാലഘട്ടത്തില്‍ സെന്റ് ജോസഫ്‌സ് വിദ്യാലയ സമുച്ചയത്തിനുവേണ്ടി ചെയ്തുവച്ച കാര്യങ്ങള്‍ അച്ചന്റെ ദീര്‍ഘവീക്ഷണത്തിന്റെ മൂര്‍ത്തരൂപങ്ങളായി നിലകൊള്ളുന്നു.
ചരിത്രമുറങ്ങുന്ന സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ തനിമ നിലനിര്‍ത്തി, അതിനെ ആധുനിക രീതിയില്‍ മാറ്റിയെടുക്കുന്നതിലാണ് മാനേജര്‍ ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐയുടെ ആദ്യശ്രദ്ധ പതിച്ചത്. നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ലാസ്മുറികളുടെ സീലിങ്ങ് ബലപ്പെടുത്തിയും കാമ്പസിന് മനോഹരമായ ഗ്രാനൈറ്റ് ഫ്‌ളോറിങ്ങ് നല്‍ കിയും അവശ്യമായ റൂഫിങ്ങ് വര്‍ക്ക് ചെയ്തും സ്‌കൂള്‍കെട്ടിടത്തിന്റെ ശില്പമനോഹാരിതയ്ക്ക് അല്‍പംപോലും കോട്ടം തട്ടാതെ അതിനെ ആധുനികരീതിയില്‍ അണിയിച്ചൊരുക്കുവാന്‍ ജോസഫച്ചന്‍ കാണിച്ച ഉത്സാഹം എടുത്തുപറയേണ്ടതാണ്. ജോസഫച്ചന്‍ മാനേജരായിരുന്ന കാലഘട്ടത്തിലാണ് സ്‌കൂള്‍മുറ്റം ഗാര്‍ഡന്‍ ടൈല്‍ പാകി മനോഹരമാക്കിയത്.
അങ്ങനെ ഒരു നല്ല അസംബ്ലി ഏരിയ ആണ് വിദ്യാര്‍ത്ഥികള്‍ക്ക് അച്ചന്‍ സമ്മാനിച്ചത്. അതിന് ചാലകശക്തിയായി വര്‍ത്തിച്ച ഫോസ എന്ന പൂര്‍വവിദ്യാര്‍ത്ഥി സംഘടന രൂപീകരിക്കുന്നതിന് നേതൃത്വം നല്‍കിയതും ജോസഫച്ചനായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്.
പാവറട്ടിയെ ആധുനിക വിദ്യാഭ്യാസ ഹബ് ആക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് ജോസഫ്‌സ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജ് ആരംഭിച്ചതും സെന്റ് ജോസഫ്‌സ് സി.എം.ഐ സ്‌കൂള്‍ (സി.ബി.എസ്.ഇ) കെട്ടിടം ഉദ്ഘാടനം ചെയ്തതും ജോസഫച്ചന്‍ മാനേജരായിരുന്ന കാലഘട്ടത്തിലാണ്.
2015 മുതല്‍ സെന്റ് ജോസഫ്‌സ് ഹയര്‍സെക്കന്ററി സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍ സ്ഥാനം അലങ്കരിക്കുന്ന ഫാ. ജോസഫ് ആലപ്പാട്ട് സി.എം.ഐ വിദ്യാര്‍ത്ഥികള്‍ക്ക് നല്ലൊരു ആചാര്യനും സഹപ്രവര്‍ത്തകര്‍ക്ക് സഹിഷ്ണുതയാര്‍ന്ന സഹപ്രവര്‍ത്തകനുമാണ്. ഗണിതശാസ്ത്രത്തിന്റെ സൂക്ഷ്മതയും വേഗതയും തന്റെ ജീവിതമന്ത്രമാക്കിയ ജോസഫച്ചന്‍ തന്റെ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുംവേണ്ടി ഓടിനടന്ന് പ്രവര്‍ത്തിക്കുന്നത് ആരും മറക്കുമെന്നുതോന്നുന്നില്ല. പ്ലസ്ടുവിന്റെ ലാബുകള്‍ ആധുനികവത്കരിക്കുന്നതിനും ഓഡിയോ വിഷ്വല്‍ റൂം സുസജ്ജമാക്കുന്നതിനും അച്ചന്‍ കാണിച്ച ഉത്സാഹം അച്ചന്‍ കാലത്തിനുമുമ്പേ നടക്കുന്നവനാണ് എന്ന് വിളിച്ചു പറയുന്നു.
വിസ്മരിക്കാന്‍ കഴിയാത്ത സംഭാവനകള്‍
വിദ്യാര്‍ത്ഥികളില്‍ സാമൂഹികാവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സ്‌കൂളില്‍ എന്‍.എസ്.എസ് യൂണിറ്റ് ആരംഭിച്ചതും കലോത്സവങ്ങളില്‍ സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് നിറസാന്നിധ്യമാകണമെന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ ബാന്റ്‌സെറ്റ് പുനഃസംഘടിപ്പിച്ച് നവീകരിച്ചതും ഈ കാലഘട്ടത്തില്‍ത്തന്നെയാണ്. അതുകൊണ്ടുതന്നെ അക്കാദമിക് മികവിനൊപ്പം കലാ-കായിക മേഖലയില്‍ ദേശീയ/സംസ്ഥാന തലത്തില്‍ സെന്റ് ജോസഫിന്റെ നാമധേയം സുവര്‍ണലിപികളില്‍ ആലേഖനം ചെയ്യുമ്പോള്‍ എല്ലാവരും ആദ്യം പരാമര്‍ശിക്കുന്നത് അച്ചന്റെ പേരാണ്.
ലക്ഷ്മി ചന്ദന എന്ന വിദ്യാര്‍ത്ഥിനി പ്ലസ്ടു പൊതുപരീക്ഷയില്‍ 1200/1200 സ്‌കോര്‍ നേടി സ്‌കൂളിന് പൊന്‍തൂവല്‍ ചാര്‍ത്തിയത് ഈ അവസരത്തിലാണ്. വിവിധ മേഖലയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ കൃതജ്ഞതാഞ്ജലിയുമായി സ്‌കൂളില്‍ എത്തുമ്പോള്‍ പ്രിന്‍സിപ്പല്‍ ജോസഫച്ചനോടൊപ്പം അധ്യാപകരും അഭിമാനം കൊള്ളുന്നു.
സ്‌കൂളിന്റെ അടിസ്ഥാനസൗകര്യ നവീകരണത്തില്‍ പ്രിന്‍സിപ്പല്‍ എന്ന നിലയില്‍ ജോസഫച്ചന്റെ ഇടപെടല്‍ വളരെ വലുതായിരുന്നു. കുട്ടികളുടെ നന്മയാണ് അച്ചനെന്നും മുന്നില്‍ കണ്ടിരുന്നത്. അവരുടെ പഠനം, അടിസ്ഥാന സൗകര്യങ്ങള്‍ ഇവയെല്ലാം കുട്ടികളെ ഏറെ സ്വാധീനിക്കുമെന്ന് അച്ചനറിയാം. അതുകൊണ്ട് അതനുസരിച്ചാണ് കാര്യങ്ങളെല്ലാം ക്രമീകരിക്കപ്പെട്ടിരുന്നത്. ഇതിനാവശ്യമായ സമ്പത്ത് ദൈവം തരുമെന്ന തിരിച്ചറിവോടെയാണ് കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. അത്ഭുതകരമായി അത് ദൈവം തന്നെ ഏറ്റെടുത്തുനയിക്കുകയും ചെയ്തു.
ഉദാഹരണത്തിന്, കാലഘട്ടത്തിനനുസൃതമല്ലെന്ന് തിരിച്ചറിഞ്ഞ ഓഡിറ്റോറിയം അച്ചന്‍ ഹൈടെക് ആക്കി. പ്രൊഫഷണല്‍ ടീമിന്റെ കലാരൂപങ്ങളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന തരത്തിലുള്ള അരങ്ങ് അവിടെ പണിതുയര്‍ത്തി. അതുകൊണ്ടുകൂടിയാകാം വിദ്യാര്‍ത്ഥികള്‍ സംസ്ഥാന/ജില്ലാ തലങ്ങളില്‍ കലോത്സവങ്ങളില്‍ മികച്ചുനില്‍ക്കുന്നത് എന്ന് നമുക്ക് അഭിമാനിക്കാം.
പ്രിന്‍സിപ്പല്‍ പദവിയില്‍നിന്ന് വിട്ടൊഴിയുന്നതിന് തൊട്ടുമുമ്പ് അച്ചന്‍ പണിതീര്‍ത്ത ഗേള്‍സ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ശൃംഖല വിദ്യാര്‍ത്ഥികളില്‍ പകുതിയധികവും പെണ്‍കുട്ടികളായ പ്ലസ്ടു സ്‌കൂളിന് അനുഗ്രഹമാണ്. അതുപോലെ സ്‌കൂള്‍ കാമ്പസ് വര്‍ണച്ചായം പൂശി മനോഹരമാക്കിയാണ് ജോസഫൈന്‍ ടച്ച് പൂര്‍ത്തിയാക്കിയത്. പാവറട്ടി വിശുദ്ധ യൗസേപ്പിതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെത്തുന്ന ഓരോരുത്തരുടെയും ശ്രദ്ധയാകര്‍ഷിച്ച് ദൈവാലയത്തിന് അഭിമുഖമായി നില്‍ക്കുന്ന പ്ലസ്ടു പ്രൊഫഷണല്‍ കോളജ് കാമ്പസ് ആണെന്ന് ആരും സംശയിച്ചുപോകും.
കേവലം ഒന്നര ദശാബ്ദത്തെ സാന്നിധ്യംകൊണ്ട് ഒരുപാട് നന്മകള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് സംഭാവന ചെയ്ത ജോസഫച്ചന്‍, അധ്യാപകനും മാനേജരും പ്രിന്‍സിപ്പലുമായി നിറഞ്ഞുനിന്ന വേദിയില്‍ നിന്നും വിരമിച്ചു. എന്നാല്‍ അച്ചന്റെ സേവനം വിദ്യാഭ്യാസമേഖലയില്‍ തുടര്‍ന്നും ലഭിക്കും. വിദ്യാഭ്യാസരംഗത്ത് നിറസാന്നിധ്യമായിരുന്ന സി.എം.ഐ വൈദികരുടെ ഗണത്തില്‍ ജോസഫച്ചന്റെ പേരും ഉയര്‍ന്നുനില്ക്കുമെന്നത് തീര്‍ച്ച.

ജോയ് കെ.ഡി

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?