Follow Us On

22

September

2023

Friday

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ രഹസ്യങ്ങള്‍

സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ രഹസ്യങ്ങള്‍

കോഴഞ്ചേരി: ‘ആത്മാവ് നക്ഷത്രഗോളങ്ങള്‍ക്കപ്പുറം കര്‍ത്താവിനെ എതിരേല്‍പ്പാന്‍ പോയിരിക്കുന്നു. എന്റെ കര്‍ത്താവിന്റെ വരവില്‍ ദിവ്യക്കൂടിക്കാഴ്ചയില്‍ എല്ലാവരുമായി കണ്ടുകൊള്ളാം.’ പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിക്ക് സമീപമുള്ള ഇടയാറന്മുള ഗ്രാമത്തില്‍ 1883 നവംബര്‍ 30-ന് ജനിച്ച്, നാല് ദശവര്‍ഷക്കാലം വിശ്രമമറിയാതെ സുവിശേഷം പ്രഘോഷിച്ച് 1945 നവംബര്‍ 29-ന് (കൃത്യം 62 വര്‍ഷം) നിത്യതയിലേക്ക് യാത്രയായ മൂത്താമ്പാക്കല്‍ സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ ഭൗതികശരീരം അടക്കം ചെയ്തിട്ടുള്ള ഇടയാറന്മുള ളാക സെന്റ് തോമസ് മാര്‍ത്തോമ പള്ളിയിലെ കല്ലറയില്‍ രേഖപ്പെടുത്തിയിട്ടുള്ള വരികളാണിവ.
തന്റെ ആത്മനാഥനോടുള്ള സ്‌നേഹാധിക്യത്തില്‍ സര്‍വവും സമര്‍പ്പിച്ചുകൊണ്ട് ആഴമായ ആത്മീയാനുഭവങ്ങളില്‍നിന്ന് നിര്‍ഗളിച്ച ഗാനങ്ങള്‍ കൊച്ചുകുഞ്ഞ് ഉപദേശിയെ അനശ്വരനാക്കുന്നു.
ലൗകിക സുഖസന്തോഷങ്ങള്‍ ലക്ഷ്യമാക്കി ജീവിതത്തിന്റെ ഉന്നതമൂല്യങ്ങളെ നഷ്ടമാക്കുന്ന ജനങ്ങളുടെയിടയില്‍ ആത്മനിയന്ത്രണം, പരിത്യാഗം, പരസേവനം എന്നിവയുടെ വശ്യശക്തി എത്രമാത്രമാണെന്ന് സാധുകൊച്ചുകുഞ്ഞ് ഉപദേശി ഇഹലോകവാസം വെടിഞ്ഞിട്ട് 74 വര്‍ഷങ്ങളായിട്ടും അദ്ദേഹത്തിന്റെ അസാധാരണവ്യക്തിത്വം നമ്മെ പഠിപ്പിക്കുന്നു.
അഞ്ചേമുക്കാല്‍ അടി ഉയരം, കൃശഗാത്രം, അഗാധചിന്തയെ സൂചിപ്പിക്കുന്ന നയനങ്ങള്‍, ചുളുങ്ങിയ നെറ്റിത്തടം, ശുഭ്രനിറത്തിലുള്ള മുണ്ടും ഷര്‍ട്ടും നേരിയതും വേഷം.
ഒരു കൈയില്‍ ശീലക്കുട. എല്ലാറ്റിനുമുപരിയായി നെഞ്ചോടു ചേര്‍ത്തുപിടിച്ച ബൈബിള്‍ – സന്യാസിവര്യനായ സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ രൂപം. ഇന്നും ആയിരങ്ങള്‍ക്ക് മാതൃകയാകുന്ന ഉപദേശി; ഇങ്ങനെയൊരു മനുഷ്യന്‍ ഒരു നൂറ്റാണ്ടുമുമ്പ് ജീവിച്ചിരുന്നുവോ എന്ന് ആധുനിക തലമുറ ചോദ്യമുയര്‍ത്തിയാലും അതിശയിക്കാനില്ല. കാരണം അത്രമാത്രം ദൈവികജ്ഞാനവും സുവിശേഷപ്രഘോഷണ തീക്ഷ്ണതയും ആ ദൈവഭക്തനില്‍ ജ്വലിച്ചുനിന്നിരുന്നു.
വിശ്വാസികളുടെ പിതാവായ അബ്രഹാമിനോട് പ്രിയപുത്രന്‍ ഇസഹാക്കിനെ തനിക്ക് സമര്‍പ്പിക്കാന്‍ യഹോവ ആവശ്യപ്പെട്ടതുപോലെ തന്റെ ഓമനമകനെ ദൈവം തിരികെ വിളിക്കുമ്പോള്‍ ഭക്തനായ കൊച്ചുകുഞ്ഞ് ഉപദേശിയുടെ കണ്ഠങ്ങളില്‍നിന്നും ഉതിര്‍ന്ന ‘ദുഃഖത്തിന്റെ പാനപാത്രം കര്‍ത്താവെന്റെ കൈയില്‍തന്നാല്‍….’ ഗാനത്തില്‍ ആഴമേറിയ വിശ്വാസവും പ്രത്യാശയും നിറഞ്ഞുനിന്നു. കുരിശിനെയും ക്രിസ്തുവിന്റെ സ്‌നേഹത്തെയും സ്വര്‍ഗീയാനന്ദത്തെയും ധ്യാനിച്ച് രചിച്ച ഏറ്റവും ഹൃദയാവര്‍ജകമായ വര്‍ണനയാണ് ‘ക്രൂശിന്മേല്‍, ക്രൂശിന്മേല്‍, കാണുന്നതാരിതാ’ ഗീതത്തിലുള്ളത്.
സാധുകൊച്ചുകുഞ്ഞ് ഉപദേശിയുടെ നാമം അമരത്വം നേടിയത് ആശ്വാസഗീതങ്ങളിലൂടെയാണ്. പരിഹരിക്കാനാവാത്ത പ്രശ്‌നങ്ങളില്‍ക്കൂടി കടന്നുപോകുന്നവര്‍ക്കും ഏകാന്തതയിലും ദുഃഖത്തിലും കവിയുന്നവര്‍ക്കും ആശ്വാസവും പ്രകാശവും ചൊരിയുന്ന ‘എന്റെ ദൈവം മഹത്വത്തില്‍ ആര്‍ദ്രവാനായി ജീവിക്കുമ്പോള്‍’ എന്ന ഗാനം ക്രൈസ്തവരുടെ ഹൃദയങ്ങളില്‍ ചേക്കേറിയിട്ട് ദശാബ്ദങ്ങള്‍ കഴിഞ്ഞു. എല്ലാ വിശുദ്ധ ജീവിതങ്ങളും പരിശോധിച്ചാല്‍ ഗത്‌സമേന്‍ അനുഭവങ്ങള്‍ കാണാനാവും. കൊച്ചുകുഞ്ഞ് ഉപദേശിയും നിരവധി അഗ്നിപരീക്ഷണങ്ങളിലൂടെയും മരുഭൂമി അനുഭവങ്ങളിലൂടെയും കടന്നുപോയി. വ്യക്തമായ ദര്‍ശനവും ലക്ഷ്യവും ഉണ്ടായിരുന്നതിനാല്‍ ജീവിതത്തിലെ കടുത്ത സംഘര്‍ഷങ്ങളെയും ശോധനകളെയും പ്രാര്‍ത്ഥനയിലൂടെയും വേദപാരായണത്തിലൂടെയും ഉപദേശി അതിജീവിച്ചു.
കൊച്ചുകുഞ്ഞ് ഉപദേശി 1924 മുതല്‍ 1945 വരെ മാര്‍ത്തോമ സന്നദ്ധ സുവിശേഷസംഘം ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു. മാര്‍ത്തോമ മെത്രാപ്പോലീത്തയുടെ ഔദ്യോഗിക അനുവാദത്തോടും അംഗീകാരത്തോടുംകൂടിയായിരുന്നു അദ്ദേഹത്തിന്റെ സുവിശേഷപ്രവര്‍ത്തനങ്ങളെല്ലാം.
ജീവിച്ചിരുന്നപ്പോള്‍ കൊച്ചുകുഞ്ഞ് ഉപദേശിയിലൂടെ ദൈവം ചെയ്ത അത്ഭുതപ്രവൃത്തികളും ഏറെയുണ്ട്. ഒരിക്കല്‍ ഉപദേശി സുവിശേഷവേല കഴിഞ്ഞ് സായാഹ്നത്തില്‍ ഒരു സ്‌നേഹിതന്റെ ഭവനത്തില്‍ എത്തി. അന്ന് രാത്രി അവിടെ താമസിക്കണമെന്ന് സ്‌നേഹിതന്‍ ഉപദേശിയോട് അഭ്യര്‍ത്ഥിച്ചു. അപ്പോഴാണ് വീടിന് സമീപം പുതിയൊരു കിണര്‍ കുഴിക്കുന്ന വിവരവും ഉപദേശി അറിയുന്നത്. വളരെ ആഴത്തില്‍ കുഴിച്ചിട്ടും വെള്ളമില്ലെന്നും ഇനി കിണര്‍ ആഴപ്പെടുത്തുന്നതുകൊണ്ട് പ്രയോജനമില്ലെന്നും തൊഴിലാളികള്‍ ഉപദേശിയെ ധരിപ്പിച്ചു. ഉപദേശി അല്‍പനേരത്തെ മൗനത്തിനുശേഷം ഇങ്ങനെ പറഞ്ഞു. ‘ഞാന്‍ നാളെ പ്രഭാതത്തില്‍ ഈ കിണറ്റില്‍നിന്നും വെള്ളം കോരി കുളിച്ചിട്ടുമാത്രമേ പോകുകയുള്ളൂ.’ കൊച്ചുകുഞ്ഞ് ഉപദേശിയുടെ വാക്കുകള്‍ കേട്ട ജോലിക്കാര്‍ അദ്ദേഹത്തെ പരിഹസിച്ചു.
രാത്രി ലഘുവായ പതിവ് ഭക്ഷണം കഴിഞ്ഞ് വീട്ടിലുള്ള എല്ലാവരും വിശ്രമത്തിലായപ്പോള്‍ ഉപദേശി ധ്യാനത്തിലും പ്രാര്‍ത്ഥനയിലുമായി. അത് രാത്രി മുഴുവന്‍ നീണ്ടു, നേരം വെളുക്കാറായി, ഉപദേശി മയക്കത്തിലായി. രാത്രിയിലെ ഉറക്കമിളച്ചുള്ള പ്രാര്‍ത്ഥനമൂലം പ്രഭാതമായത് കൊച്ചുകുഞ്ഞുപദേശി അറിഞ്ഞില്ല. സ്‌നേഹിതന്‍ ഉപദേശിയെ വിളിച്ചുണര്‍ത്തി, മാത്രമല്ല അയാള്‍ സന്തോഷാധിക്യത്താല്‍ ആവേശത്തിലുമായിരുന്നു. എന്തായിരുന്നു സന്തോഷത്തിന്റെ കാരണം? സ്‌നേഹിതന്റെ പുതിയ കിണറ്റില്‍ വെള്ളം നിറഞ്ഞുകവിയുന്നു. പ്രവചനംപോലെ ആ കിണറ്റിലെ വെള്ളത്തില്‍ കുളിച്ചശേഷം ഉപദേശി തന്റെ അടുത്ത സുവിശേഷവേലയ്ക്കുള്ള സ്ഥലത്തേക്ക് യാത്രയായി.
ജീവിതത്തെ തപസ്യയായി ദര്‍ശിച്ച ഉപദേശി ഒരു ക്രിസ്ത്യാനി പാലിക്കേണ്ട ജീവിതശൈലി സ്വജീവിതത്തില്‍ അനുഷ്ഠിച്ചു കാണിച്ചു. ഉല്ലാസങ്ങളും ഭക്ഷണത്തോടുള്ള ആസക്തിയും ആഡംബരങ്ങളും ജഡമോഹങ്ങളും ക്രിസ്തുകേന്ദ്രീകൃതമായ ജീവിതത്തിന് വിലങ്ങുതടിയാണെന്ന് മാത്രമല്ല, അവ സാത്താന്റെ കരങ്ങളില്‍ നമ്മെ ഉപകരണങ്ങളാക്കി മാറ്റുമെന്നും അദ്ദേഹം വിശ്വസിച്ചു. പ്രാപഞ്ചികമായ ബഹുമാനം മായയാണെന്നും വലിയ ആളാകാനുള്ള പരിശ്രമം സ്വര്‍ഗപ്രവേശനത്തിന് തടസമാകുമെന്നും കൊച്ചുകുഞ്ഞ് ഉപദേശി പഠിപ്പിച്ചു. അതികഠിനമായ ജീവിതവ്രതങ്ങള്‍ ജീവിതാന്ത്യംവരെ ഉപദേശി തീക്ഷ്ണതയോടെ പാലിച്ചിരുന്നു.
മൂത്താമ്പാക്കല്‍ കൊച്ചുകുഞ്ഞ് ഉപദേശിയോടൊപ്പം സുവിശേഷവേലയിലുണ്ടായിരുന്ന പുഞ്ചമണ്ണില്‍ മാമ്മന്‍ ഉപദേശി (മാരാമണ്‍), ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസിയായിരുന്ന കോഴിമണ്ണില്‍ ചാക്കോ ഉപദേശി (പുറമറ്റം) എന്നിവരും അക്കാലത്തെ ക്രൈസ്തവ സമൂഹത്തില്‍ സ്ഥാനം പിടിച്ചവരാണ്. കൊച്ചുകുഞ്ഞ് ഉപദേശിയുടെ കൊച്ചുമകന്‍ റവ. എം.വി. ബഞ്ചമിനും മാമ്മന്‍ ഉപദേശിയുടെ കൊച്ചുമകന്‍ റവ. പി.ഡി. മാമ്മനും മാര്‍ത്തോമ സഭയില്‍ പട്ടക്കാരായപ്പോള്‍, കത്തോലിക്കാ സഭയില്‍ പിന്നീട് അംഗമായ ചാക്കോ ഉപദേശിയുടെ മകന്‍ ഫാ. സില്‍വെസ്റ്റര്‍ കോഴിമണ്ണില്‍ മലങ്കര കത്തോലിക്കാ സഭയിലും പുരോഹിതനായി.
ദൈവകരങ്ങളിലര്‍പ്പിതനായ ഒരു സാധാരണ മനുഷ്യന്‍ വിശുദ്ധിയുടെയും പുണ്യജീവിതത്തിന്റെയും തിളക്കത്തില്‍ അസാധാരണനായി മാറുക; അതാണ് സാധു കൊച്ചുകുഞ്ഞ് ഉപദേശിയുടെ വ്യക്തിത്വം. ഏതൊരു വ്യക്തിയുടെയും ജീവിതാന്ത്യത്തിലാണ് ആ ആളിന്റെ മഹത്വം തിരിച്ചറിയുന്നത്. കൊച്ചുകുഞ്ഞ് ഉപദേശിയുടെ ശവസംസ്‌കാരവും വലിയ ബഹുമതിയോടെയായിരുന്നു. രണ്ട് ബിഷപ്പുമാരും നൂറിലേറെ വൈദികരും നാല്‍പതിനായിരത്തോളം ജനങ്ങളും ശവസംസ്‌കാരശുശ്രൂഷയില്‍ പങ്കെടുത്തിരുന്നു. ചരമത്തിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോഴും കേരളീയരുടെ മനസില്‍ മോക്ഷയാത്രികനായി കൊച്ചുകുഞ്ഞ് ഉപദേശി ജീവിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?