Follow Us On

24

August

2019

Saturday

ജ്ഞാനിയും വിശ്വസ്തനുമായിരുന്നു മാര്‍ ഈവാനിയോസ് കോപ്റ്റിക് പാത്രിയാര്‍ക്കിസ്

ജ്ഞാനിയും വിശ്വസ്തനുമായിരുന്നു മാര്‍ ഈവാനിയോസ്  കോപ്റ്റിക് പാത്രിയാര്‍ക്കിസ്

തിരുവനന്തപുരംഃ ജ്ഞാനിയും വിശ്വസ്തനുമായിരുന്നു ദൈവദാസന്‍ മാര്‍ ഈവാനിയോസ് എന്ന് കോപ്റ്റിക് പാത്രിയാര്‍ക്കിസ് ഇബ്രാഹിം ഇസാക്ക് സെദ്രാക്ക് ബാവ പറഞ്ഞു. ഐക്യത്തിന്റെ ഭക്ഷണമാണ് മാര്‍ ഈവാനിയോസ് തന്റെ ജനത്തിന് നല്‍കിയത്. ഐക്യം ഐകരൂപ്യമല്ല വ്യത്യസ്ത സ്വരങ്ങള്‍ സ്‌നേഹത്തില്‍ സംഗീതമാകുന്ന അനുഭവമാണെന്ന് ഓര്‍മ്മപ്പെരുന്നാളിനോട് അനുബന്ധിച്ചു നടന്ന കുര്‍ബാന മദ്ധ്യേ നല്‍കിയ വചന സന്ദേശത്തില്‍ പാത്രിയാര്‍ക്കിസ് പറഞ്ഞു. തന്നോടും ദൈവത്തോടും ഐക്യപ്പെടാത്ത ഒരു വ്യക്തിക്കും ഈ ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയില്ലായെന്ന് ബാവ പറഞ്ഞു. രാവിലെ കത്തീഡ്രല്‍ ഗേറ്റിലെത്തിയ പാത്രിയാര്‍ക്കിസ് ബാവയ്ക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ ഔദ്യോഗിക സ്വീകരണം നല്‍കി. തുടര്‍ന്ന് അംശവസ്ത്രങ്ങള്‍(ഘശൗേൃഴശരമഹ ഢലേൊലിെേ) ധരിച്ച വൈദികരും മേല്‍പ്പട്ടക്കാരും കത്തീഡ്രല്‍ മദ്ബഹായിലേക്ക് പ്രദക്ഷിണമായി നീങ്ങി. മേജര്‍ ആര്‍ച്ചു ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമൂഹ ബലി നടന്നു. ആര്‍ച്ചു ബിഷപ്പ് തോമസ് മാര്‍ കൂറിലോസ്, ബിഷപ്പുമാരായ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ജോസഫ് മാര്‍ തോമസ്, വിന്‍സന്റ് മാര്‍ പൗലോസ്, സാമുവല്‍ മാര്‍ ഐറേനിയോസ്, ജേക്കബ് മാര്‍ ബര്‍ണബാസ്, തോമസ് മാര്‍ യൗസേബിയോസ്, ഗീവര്‍ഗ്ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, എബ്രഹാം മാര്‍ യൂലിയോസ്, തോമസ് മാര്‍ അന്തോണിയോസ്, കോപ്റ്റിക് കത്തോലിക്കാ സഭയിലെ ബിഷപ്പ് തോമസ് എന്നിവരും വികാരി ജനറല്‍മാര്‍, സുപ്പീരിയര്‍ ജനറല്‍, പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍മാര്‍, കോര്‍ എപ്പിസ്‌ക്കോപ്പാമാര്‍, വൈദികര്‍ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. കുര്‍ബാനയ്ക്കുശേഷം കാതോലിക്കാ ബാവായുടെ അറുപതാം ജന്മദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന സ്‌നേഹവിരുന്ന്, സ്‌നേഹ സുരക്ഷ എന്നീ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനം നടന്നു. മേജര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജേക്കബ് പുന്നൂസ്, മലങ്കര സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ റവ.ഫാ.തോമസ് മുകളുംപുറത്ത് എന്നിവര്‍ പ്രസംഗിച്ചു. പദ്ധതികളുടെ ലോഗോ കോപ്റ്റിക് പാത്രിയാര്‍ക്കിസും തിരുവല്ല ആര്‍ച്ചു ബിഷപ്പ തോമസ് മാര്‍ കൂറിലോസും നിര്‍വ്വഹിച്ചു. മേജര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. ഡോ.മാത്യു മനക്കരക്കാവിലും മുന്‍ ചീഫ് സെക്രട്ടറി ജോണ്‍ മത്തായിയും ലോഗോ ഏറ്റുവാങ്ങി. സഭാതല കുടുംബ പ്രേക്ഷിത കാര്യാലയം നിര്‍മ്മിച്ച മാട്രിമോണിയല്‍ വെബ് സൈറ്റ് കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. മലങ്കര കത്തോലിക്കാ സുവിശേഷ സംഘത്തിലെ 67 അംഗങ്ങളുടെ കൈവയ്പ്പ് ശുശ്രൂഷയും നടന്നു. തുടര്‍ന്ന് കബറില്‍ അനുസ്മരണ പ്രാര്‍ത്ഥനയും നേര്‍ച്ചയും നടന്നു. 66-ാം ഓര്‍മ്മപ്പെരുന്നാള്‍ സമാപിച്ചു. ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ കബറിടത്തില്‍ നാടിന്റെ നാനാഭാഗത്തു നിന്നും ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ രാവിലെ മുതല്‍ തന്നെ എത്തിച്ചേര്‍ന്നു. പ്രാര്‍ത്ഥനകളര്‍പ്പിച്ച് കബറുമുത്തി അനുഗ്രഹ സായൂജ്യം നേടി അവര്‍ മടങ്ങി.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?