Follow Us On

27

January

2020

Monday

മഗ്ദലേനയില്‍ ദൈവം കണ്ടത്…

മഗ്ദലേനയില്‍ ദൈവം കണ്ടത്…

പലപ്പോഴും വിധിക്കലിന്റെ കൂരമ്പുകള്‍ക്കിടയില്‍ വ്യക്തികളെ കരുണയോടെ കാണാന്‍ നമുക്ക് സാധിക്കാറില്ല. മഗ്ദലേനയെ പാപിനിയായിമാത്രം കണ്ടവര്‍ക്ക് അവളുടെ ജീവിതസാഹചര്യങ്ങളുടെ പ്രത്യേകതകളും അവളിലെ ഏഴു പിശാചുക്കളുടെ സാന്നിധ്യവുമൊന്നും വിഷയമല്ല. നമ്മുടെ വിധികള്‍ അപൂര്‍ണവും വാസ്തവവിരുദ്ധവുമാകുന്നതിന്റെ കാരണം തെറ്റുകള്‍ ചെയ്യുന്ന മനുഷ്യന്റെ ജീവിതപശ്ചാത്തലത്തെ വിലയിരുത്തുന്നതില്‍ നമുക്ക് കുറവുകള്‍ വരുന്നതുകൊണ്ടാണ്. അതുകൊണ്ടാണല്ലോ ‘നിങ്ങള്‍ വിധിക്കരുത്, വിധിക്കുന്ന അളവുകൊണ്ട് നിങ്ങളും വിധിക്കപ്പെടും’ എന്ന് ഈശോ അരുള്‍ചെയ്തത്.
പാപത്തെ വെറുക്കുമ്പോഴും പാപിയെ സ്‌നേഹിക്കുന്നവനാണ് കര്‍ത്താവ് എന്ന് സുവിശേഷങ്ങള്‍ വ്യക്തമാക്കുന്നു. പ്രവൃത്തിദോഷത്തിന്റെ പേരില്‍ വ്യക്തികളെ മുദ്രയടിച്ച് മാറ്റിനിര്‍ത്തുന്നതില്‍ ഈശോ എന്നും വിമുഖത കാട്ടി. സര്‍വ പാപികളോടും അഗാധമായ കരുണയായിരുന്നു ഈശോയ്ക്ക്. നാമോരോരുത്തരും നമ്മുടെ പ്രവൃത്തികളെക്കാള്‍ വിലയുള്ളവരാണ്. പ്രവൃത്തി പാപമാകുമ്പോഴും പരാജയമാകുമ്പോഴും നാം ദൈവസന്നിധിയില്‍നിന്ന് പുറത്താകുന്നില്ല. ദൈവത്തില്‍ വിശ്വസിക്കുകയും ദൈവത്തോട് ഐക്യപ്പെട്ട് ജീവിക്കുകയും ചെയ്യുന്നിടത്തോളം നമ്മുടെ പാപങ്ങള്‍ മറക്കാനും നമ്മെ വീണ്ടെടുക്കാനും കര്‍ത്താവ് തയാറാണ്. ഇതാണ് സുവിശേഷത്തിന്റെ അനന്യത.
പാപിയെ സ്‌നേഹിക്കുന്നയാളാണ് ദൈവമെങ്കില്‍ പാപത്തില്‍ ജീവിച്ചാല്‍ എന്താണ് കുഴപ്പം എന്ന് ചോദിക്കുന്നവരുണ്ടാകാം. ദൈവസ്‌നേഹത്തിന്റെ അല്പമെങ്കിലും ആസ്വദിച്ചവര്‍ക്ക് പാപത്തില്‍ ജീവിക്കാനാവില്ല എന്നതാണ് വാസ്തവം. ദൈവസ്‌നേഹാനുഭവം അത്രമാത്രം വിമോചകമാണ്. സ്വാതന്ത്ര്യം ആസ്വദിച്ച പക്ഷി, കൂട്ടിലെ സുഖകരമായ ഭക്ഷണത്തിനുവേണ്ടി കൂട്ടിലേക്ക് മടങ്ങുമോ? പാപത്തിന്റെ സുഖത്തെക്കാളും ദൈവസ്‌നേഹത്തിന്റെ സ്വാതന്ത്ര്യം ആസ്വദിക്കുന്ന ആത്മാവ് ഒരിക്കലും പാപത്തില്‍ തുടരാന്‍ ആഗ്രഹിക്കില്ല. മഗ്ദലേന മറിയത്തിന്റെ ജീവിതത്തില്‍ നാമത് കണ്ടു. ഈശോ നല്‍കിയ സ്വാതന്ത്ര്യവും സ്‌നേഹവും ശാരീരികസുഖത്തെക്കാളും എത്രയോ വലുതാണെന്ന് ബോധ്യമായപ്പോള്‍ അവള്‍ക്കു പിന്നെ തിരിഞ്ഞുനോട്ടമില്ല. അവള്‍ ഈശോയുടെ സന്തതസഹചാരിയായി മാറി. ഉത്ഥാനത്തിന്റെ പ്രഥമസാക്ഷിയും.
ദൈവം ശിക്ഷിക്കുന്നില്ലെങ്കില്‍ മനുഷ്യന്‍ എന്തിന് ധാര്‍മികമായി ജീവിക്കണം എന്നു ചോദിക്കുന്നവരുണ്ടാകാം. ശിക്ഷയെ ഭയന്നല്ല നാം പുണ്യജീവിതം നയിക്കേണ്ടത്. മറിച്ച്, സ്‌നേഹാനുഭവത്തിന്റെ അടിസ്ഥാനത്തിലാണ്. ഈശോയുടെ സ്‌നേഹത്തോടുള്ള നമ്മുടെ സ്വാഭാവിക പ്രത്യുത്തരമാണ് വിശുദ്ധ ജീവിതം. ഈശോ ഇത്രമാത്രം എന്നെ അനുഗ്രഹിച്ചുയര്‍ത്തി എന്ന ബോധ്യം ഉള്ളില്‍ നിറയുമ്പോള്‍ നാം സ്വഭാവികമായിത്തന്നെ ഉത്തരവാദിത്വപൂര്‍ണമായി വിശുദ്ധ ജീവിതം നയിക്കുന്നു എന്നതാണ് വാസ്തവം.
ശിക്ഷയെ ഭയന്ന് മര്യാദയ്ക്ക് ജീവിക്കുന്നത് വിശുദ്ധിയായി പരിഗണിക്കാന്‍ കഴിയില്ല. സ്വതന്ത്രമായ സാഹചര്യത്തില്‍ ദൈവസ്‌നേഹത്തെപ്രതി പ്രമാണങ്ങള്‍ അനുസരിച്ചും കൂടുതല്‍ സ്‌നേഹിച്ചും ജീവിക്കുമ്പോഴാണ് അത് വിശുദ്ധിയായി മാറുന്നത്. അതുകൊണ്ടുതന്നെ വിശുദ്ധരുടെ ജീവിതത്തില്‍ ഭയവും ആകുലതയുമെല്ലാം കുറഞ്ഞിരിക്കും. സ്‌നേഹവും സ്വാതന്ത്ര്യവുമായിരിക്കും മുമ്പില്‍ നില്‍ക്കുന്നത്. ഇത് വ്യത്യസ്തമായ, അനന്യമായ ധാര്‍മികബോധത്തിന് രൂപം നല്‍കും.
സാഹചര്യങ്ങളുടെ സമ്മര്‍ദംമൂലം പാപത്തില്‍ കഴിയുന്നവരോടുള്ള കരുണ ഈശോയുടെ ജീവിതത്തിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. സക്കേവൂസിനെ ഒരു വാക്കുപോലും കുറ്റപ്പെടുത്താതെ അവന്റെ ഭവനത്തില്‍ ഭക്ഷണത്തിനുപോയി. സ്‌നേഹം സ്പര്‍ശിച്ച സക്കേവൂസിന് വലിയ മാനസാന്തരമുണ്ടായി. ഈശോ ഒരേയൊരു കൂട്ടരെ മാത്രമേ കുറ്റപ്പെടുത്തുന്നുള്ളൂ: വിശ്വാസമില്ലാത്ത പുരോഹിതരെയും പ്രീശന്മാരെയും. ചുങ്കക്കാരും പാപികളുമെല്ലാം ഈശോയുടെ സ്‌നേഹവലയത്തിലായിരുന്നു.
സഭാശുശ്രൂഷകരുടെ കുറവുകളെ പരിഹാസത്തിന്റെ ആഘോഷമാക്കി സഭയെ സമൂഹമദ്ധ്യത്തില്‍ ഇകഴ്ത്തിക്കാട്ടാന്‍ മത്സരിക്കുന്ന സഭാമക്കള്‍ ഉള്‍പ്പടെയുളളവരുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു വിസ്മയിച്ചിരിക്കുകയാണ് നാം. സഭ വിശുദ്ധിയെ ലക്ഷ്യമാക്കി ജീവിക്കുന്ന പാപികളുടെ സമൂഹമാണ്. സഭാശുശ്രൂഷകരും ഉന്നതമായ വ്രതശുദ്ധിയോടെ ജീവിക്കാന്‍ ആത്മാര്‍ത്ഥമായി പരിശ്രമിക്കുന്ന സാധാരണക്കാര്‍ മാത്രം. ദൈവകൃപയോട് സഹകരിക്കുന്ന അളവില്‍ മാത്രമാണ് നമുക്ക് ക്രൈസ്തവ ജീവിതം സാധ്യമാകുന്നത്. ഇതിന് മകുടോദാഹരണമാണ് വിശുദ്ധ മഗ്ദലേനാമറിയം. ഈശോയുടെ സന്തത സഹചാരിയെന്നു നാല് സുവിശേഷകന്‍മാരും സാക്ഷിക്കുന്ന മഗ്ദലേനാമറിയത്തില്‍നിന്ന് ഈശോ ഏഴു പിശാചുക്കളെ പുറത്താക്കിയെന്നു (ലൂക്കാ 8:2-3) സാക്ഷ്യപ്പെടുത്തുന്നു. എങ്കിലും ബാധയുടെ ചരിത്രം അവള്‍ക്ക് അയോഗ്യതയായി മാറുന്നില്ല. ഈശോയുടെ അടുത്ത ശിഷ്യയായി മാറിയ മറിയം അവന്റെ ഉത്ഥാനത്തിന്റെ പ്രഥമ സാക്ഷികൂടിയാണ്.‘അപ്പസ്‌തോലന്‍മാരുടെ അപ്പസ്‌തോല’എന്നറിയപ്പെടുന്ന മറിയം അപൂര്‍ണ്ണതകളുടെ മധ്യേ വിശുദ്ധയായിരിക്കാന്‍ പരിശ്രമിച്ചവളാണ്. മറ്റുളളവരെ അവരുടെ ചരിത്രത്തെയും പ്രവൃത്തികളെയുംപ്രതി വിധിക്കാന്‍ നമുക്ക് എളുപ്പമാണ്. എന്നാല്‍ ഈശോ ആരെയും പ്രവൃത്തികളെ പ്രതി വിധിക്കുന്നില്ല. അവിടുത്തെ ചുറ്റും അപൂര്‍ണരുടെ ഒരു ഗണംതന്നെയുണ്ടായിരുന്നു.
യോഹന്നാന്റെ സുവിശേഷം 8-ാം അദ്ധ്യായത്തില്‍ പാപിനിയായ സ്ത്രീയെ ഈശോ വിമോചിപ്പിക്കുന്ന സംഭവം നാം വായിക്കുന്നു. മഗ്ദലേനമറിയവും പാപിനിയായ സ്ത്രീയും ഒരാള്‍തന്നെ എന്ന രീതിയിലായിരുന്നു നൂറ്റാണ്ടുകളോളം വചനവ്യാഖ്യാനം നടത്തിയിരുന്നത്. ഈശോയുടെ അത്ഭുതകരമായ അജപാലനശൈലിയുടെ മിഴിവാര്‍ന്ന ഉദാഹരണമാണ് പാപിനിക്കു നല്‍കിയ ആത്മീയ സൗഖ്യം. ഒരു വാക്കുകൊണ്ടുപോലും കുറ്റപ്പെടുത്താതെ ഈശോ അവളെ പ്രകാശത്തിന്റെ ജീവിതത്തിലേയ്ക്കു നയിച്ചു. കല്ലെറിയാന്‍ വന്ന പുരുഷാരത്തില്‍നിന്ന് അവളെ രക്ഷിച്ചു. ആ ജനക്കൂട്ടത്തെയും മാനസാന്തരത്തിലേയ്ക്കു നയിച്ചു. തങ്ങളുടെ തെറ്റുകള്‍ ഏറ്റുപറഞ്ഞാണ് അവര്‍ കല്ലുകള്‍ താഴെയിട്ടുപോയത്. ഈശോ അവളോടു ചോദിക്കുന്നു: ‘സ്ത്രീയേ, ആരും നിന്നെ വിധിച്ചില്ലേ? എങ്കില്‍ ഞാനും നിന്നെ വിധിക്കുന്നില്ല. ഇനിമേല്‍ പാപം ചെയ്യരുത്’.
ശിക്ഷിച്ചു മാറ്റം വരുത്തുക എന്നതിനേക്കാള്‍ സ്‌നേഹിച്ചു മാറ്റം വരുത്തുക എന്നതായിരുന്നു ഈശോയുടെ മാര്‍ഗ്ഗം. ശിക്ഷകള്‍കൊണ്ടു പെട്ടെന്നുളള മാറ്റം ഉണ്ടാകുമെങ്കിലും ആ മാറ്റം നിലനില്്ക്കുന്നതാകണമെന്നില്ല. എന്നാല്‍ സ്‌നേഹം ഫലം പുറപ്പെടുവിക്കാന്‍ സമയമെടുക്കുമെങ്കിലും അതിലൂടെ ഉണ്ടാകുന്ന മാറ്റം നിലനില്ക്കുന്നതാണ്. ഈശോ താന്‍ കണ്ടുമുട്ടിയ വ്യക്തികളുടെ ഉള്ളില്‍നിന്നു നാലിരട്ടിയായി നന്മ പുറത്തെടുത്തു. ഈ പാപിനിയായ മറിയം പീന്നിട് ഈശോയുടെ സന്തതസഹചാരിയാകുന്നതും അപ്പസ്‌തോലയാകുന്നതും പരിഗണിക്കുമ്പോള്‍ എത്രമാത്രം ഫലപ്രദമായിരുന്നു ഈശോയുടെ മാര്‍ഗ്ഗം എന്നു നമുക്കു മനസ്സിലാക്കാം.
സഭയിലെ പ്രശ്‌നങ്ങള്‍ക്കുളള ശാശ്വതപരിഹാരം പോലീസും കോടതിയുമൊന്നും നല്‍കില്ല. കര്‍ത്താവിന്റെ കുരിശിനെ മുന്‍നിര്‍ത്തി പരസ്പരം ക്ഷമിക്കുക എന്നൊരു കുറുക്കുവഴി മാത്രമേ അതിനുളളു. പരസ്പരം ശിക്ഷിക്കുന്ന സമൂഹത്തില്‍ സമാധാനമുണ്ടാകില്ല. ക്രൈസ്തവമായ ചൈതന്യത്തില്‍ എളിമയോടെയും വിശ്വാസത്തോടെയും പരസ്പരം ക്ഷമിക്കാന്‍ തയ്യാറായാല്‍ മാത്രമേ നമുക്കു ശാശ്വതപരിഹാരങ്ങള്‍ സാധ്യമാകൂ. കാരണം സഭയെന്നത് കേവലം മാനുഷികമായ സംവിധാനമല്ല. മറിച്ച്് ദൈവികമാണത്. ദൈവികമായതുകൊണ്ടുതന്നെ ദൈവികമായ പരിഹാരങ്ങള്‍ മാത്രമേ സാധ്യമാകൂ. അപൂര്‍ണതകളും കുറവുകളുമുണ്ടായിട്ടും ദൈവത്തിന്റെ കണ്ണുകള്‍ മറിയം മഗ്ദലേനയില്‍ കണ്ടത് രക്ഷിക്കപ്പെടാനുളള സാധ്യതയായിരുന്നു. വളരെയധികം ക്ഷമ അവള്‍ സ്വീകരിച്ചു. ദൈവകൃപയോട് അവള്‍ സഹക രിച്ചു. അങ്ങനെ വിശുദ്ധയായി മാറി. ദൈവകരുണയുടെ അനുഭവത്തില്‍ നമ്മെയും വളര്‍ത്തണമേയെന്നു നമുക്കും പ്രാര്‍ത്ഥിക്കാം.

ബിഷപ് മാര്‍ തോമസ് തറയില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?