Follow Us On

22

October

2020

Thursday

കേരളസഭയുടെ ത്യാഗം ഇന്ധനമായി; ഏറ്റവും പുതുതായി കുതിച്ചുയർന്നു ‘ചന്ദ്രയാൻ II’

കേരളസഭയുടെ ത്യാഗം ഇന്ധനമായി; ഏറ്റവും പുതുതായി കുതിച്ചുയർന്നു ‘ചന്ദ്രയാൻ II’

ചന്ദ്രയാൻ II ദൗത്യത്തോടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം (ഐ.എസ്.ആർ.ഒ.) ചരിത്രം സൃഷ്ടിക്കുമ്പോൾ കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് വിശിഷ്യാ, തിരുവനന്തപുരം അതിരൂപതയ്ക്കും അഭിമാനിക്കാം.

 

ആന്റണി ജോസഫ്

2019 ജൂലൈ 22; ഇന്ത്യൻ സമയം: ഉച്ചയ്ക്ക് 2.43- ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്ന് ‘ചന്ദ്രയാൻ II’ കുതിച്ചുയർന്നപ്പോൾ ഐ.എസ്.ആർ.ഒയ്‌ക്കൊപ്പം വാനോളമുയർന്നത് കേരളത്തിലെ കത്തോലിക്കാസഭയുടെ അഭിമാനംകൂടിയാണ്. ബഹിരാകാശ ഗവേഷണവും കേരളസഭയും തമ്മിൽ എന്തെന്നല്ലേ? തിരുവനന്തപുരം അതിരൂപതയുടെയും തുമ്പയിലെ മേരി മഗ്ദലിൻ ഇടവകാംഗങ്ങളുടെയും ത്യാഗമാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണങ്ങൾക്ക് ഊർജം പകർന്ന ഐ.എസ്.ആർ.ഒയ്ക്ക് അടിസ്ഥാനശിലപാകിയത്.

റോക്കറ്റ് വിക്ഷേപണകേന്ദ്രവും ബഹിരാകാശ ഗവേഷണകേന്ദ്രവും യാഥാർത്ഥ്യമാക്കാൻ തിരുവനന്തപുരം അതിരൂപത (അന്ന് രൂപത) ചെയ്ത ത്യാഗത്തിന് ആദരവും നന്ദിയുമർപ്പിക്കാൻ ആ ദൈവാലയം ഭാരതസർക്കാർ ഇന്നും അതേപടി സൂക്ഷിച്ചിട്ടുണ്ട്, ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ ചരിത്രവഴികൾ പകർന്നുകൊടുക്കുന്ന മ്യൂസിയത്തിന്റെ രൂപത്തിൽ.

കുതിപ്പുകളിൽനിന്ന് കുതിപ്പുകളിലേക്ക് കുതിക്കുന്ന ഐ.എസ്.ആർ.ഒ.യുടെ ചരിത്രം അനുസ്മരിക്കുമ്പോൾ തങ്കലിപികളിൽ എഴുതേണ്ട ഒരു പേരുകൂടിയുണ്ട്: തിരുവനന്തപുരം രൂപതയുടെ പ്രഥമ ഏതദ്ദേശീയ ബിഷപ്പായിരുന്ന ഡോ. പീറ്റർ ബർണാഡ് പെരേര. സംഭബഹുലവും ത്യാഗോജ്‌വലവുമായ ആ ചരിത്രത്തിലേക്കൊന്ന് നമുക്കൊന്ന് തിരിഞ്ഞുനോക്കാം.

ജനം പ്രത്യുത്തരിച്ചു: ആമേൻ!

ബഹിരാകാശ ഗവേഷണകേന്ദ്രത്തിന് ഉചിതമായ സ്ഥലംതേടിയുള്ള അന്വേഷത്തിലായിരുന്നു ഡോ. ഹോമി ജെ. ഭാബയും ഡോ. വിക്രം സാരാഭായിയും. രാജ്യത്തിന്റെ മുക്കിലേക്കും മൂലയിലേക്കും വ്യാപിച്ച അന്വേഷണത്തിനൊടുവിൽ വന്നെത്തിയത് തിരുവനന്തപുരത്തെ കടലോരഗ്രാമമായ തുമ്പയിൽ. മത്സ്യത്തൊഴിലാളികൾ അധിവസിക്കുന്ന കുടിലുകളും പുരാതനമായ ഒരു ദൈവാലയവും അതിനോടു ചേർന്നുള്ള ബിഷപ്പിന്റെ വിശ്രമമന്ദിരവും സ്ഥിതിചെയ്യുന്ന പ്രദേശം. സ്ഥലം വിട്ടുകിട്ടാനായി ഉദ്യോഗ, രാഷ്ട്രീയതലങ്ങളിൽ ചർച്ചകൾ നടത്തിയെങ്കിലും കാര്യമായ ഫലം ഉണ്ടായില്ല. ഒടുവിൽ, തിരുവനന്തപുരം രൂപതയുടെ ഇടയൻ ഡോ. പീറ്റർ ബർണാഡ് പെരേരയെ കാണാൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവായ വിക്രം സാരാഭായി നേരിട്ടെത്തി; 1962ൽ.

തിരുവനന്തപുരം രൂപതയുടെ ഇടയൻ ഡോ. പീറ്റർ ബർണാഡ് പെരേര

അദ്ദേഹത്തിൽനിന്ന് കാര്യങ്ങൾ മനസിലാക്കിയ ബിഷപ്പ്, അടുത്ത ദിവസം വരൂ എന്ന് പറഞ്ഞുകൊണ്ടാണ് സാരാഭായിയെ യാത്രയാക്കിയത്. അന്ന് ഒരു ശനിയാഴ്ചയായിരുന്നു. പിറ്റേന്ന് ഞായറാഴ്ച ദിവ്യബലിയർപ്പിച്ചശേഷം ബിഷപ്പ്, ബഹിരാകാശ കേന്ദ്രത്തിന് നമ്മുടെ സ്ഥലം ആവശ്യമുള്ള കാര്യം ജനങ്ങളെ അറിയിച്ചു. ഒപ്പം, അതു നൽകേണ്ടതിന്റെ പ്രാധാന്യവും വ്യക്തമാക്കി. ശാസ്ത്രവും ആത്മീയതയും ജനങ്ങൾക്ക് നന്മ ചെയ്യാനുള്ള ദിവ്യമായ അനുഗ്രഹമാണെന്ന് ഉദ്‌ബോധിപ്പിച്ച അദ്ദേഹം ചോദിച്ചു: ‘ശാസ്ത്ര ഗവേഷണത്തിനായി ദൈവത്തിന്റെ ആലയം നമുക്ക് വിട്ടുകൊടുക്കാമോ?’

നൽകാം എന്ന അർത്ഥത്തിൽ ‘ആമേൻ’ എന്ന് ജനം പ്രത്യുത്തരിച്ചു.

സൈക്കിളിൽനിന്ന് ചന്ദ്രനിലേക്ക്‌

അതോടെ വേളി, പള്ളിത്തുറ തുടങ്ങിയ തീരദേശമേഖലകളിൽനിന്ന് ആയിരക്കണക്കിന് കുടുംബങ്ങൾ വീടുപേക്ഷിച്ച് യാത്രയായി, ഐ.എസ്.ആർ.ഒയും ഫിഷറീസ് വകുപ്പും ചേർന്ന് നിർമിച്ചുകൊടുത്ത കോളനികളിലേക്ക്. മേരി മാഗ്ദലിൻ ഇടവകക്കാർക്കായി പുതിയ ദൈവാലയവും തയാറായി. സ്ഥലം വിട്ടുകിട്ടിയതോടെ തുമ്പ ഇക്യുറ്റേറിയൽ റോക്കറ്റ് ലോഞ്ജിംഗ് സ്റ്റേഷൻ തയാർ. ദൈവാലയം ശാസ്ത്രജ്ഞരുടെ ഓഫീസായി, ബിഷപ്പിന്റെ വിശ്രമമന്ദിരത്തിന്റെ ഒരു ഭാഗം വർക്ക് ഷോപ്പായി, അതിനോട് ചേർന്നുണ്ടായിരുന്ന തൊഴുത്ത് ലബോറട്ടറി, ലോഞ്ചിംഗ്പാഡ് തെങ്ങിൻതോപ്പിനു നടുവിലും.

1963 നവംബർ 21നായിരുന്നു ആദ്യ റോക്കറ്റ് വിക്ഷേപണം. കൈയിലൊതുങ്ങുന്ന ആ ചെറുറോക്കറ്റ് വിക്ഷേപണത്തിനായി എത്തിച്ചത് എങ്ങിനെയെന്നോ? സൈക്കിളിന്റെ പിന്നിൽ കെട്ടിവെച്ച്, രണ്ടാമത്തെ വിക്ഷേപണത്തിന് റോക്കറ്റ് എത്തിച്ചത് കാളവണ്ടിയിലും! പരിമിതികളിലൂടെ വളർന്നുവന്ന ഇന്ത്യൻ ബഹിരാകാശ ഗവേഷണകേന്ദ്രം കൈവരിച്ചത് അത്ഭുതാവഹമായ നേട്ടങ്ങളാണ്. 1963ലെ ആദ്യ ദൗത്യത്തിൽ പങ്കാളിയായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാം നിരവധി വേദികളിൽ കേരളസഭയുടെ ത്യാഗം എടുത്തു പറഞ്ഞ് അഭിനന്ദനം രേഖപ്പെടുത്തിയിട്ടുണ്ട്.

സ്റ്റോപ്പ് പ്രസ്: രാജ്യസേവനത്തിനുവേണ്ടിയുള്ള ത്യാഗം കേരളത്തിലെ കത്തോലിക്കാസഭയ്ക്ക് പുത്തരിയല്ല. അതിന് മറ്റൊരു തെളിവാണ് വിമാനവാഹിനി കപ്പൽ നിർമാണത്തിലേക്കുവരെ വളർന്നിരിക്കുന്ന കൊച്ചിൻ ഷിപ്പ് യാർഡിന്റെ ചരിത്രം. വരാപ്പുഴ അതിരൂപതയാണ് അന്ന് ത്യാഗസന്നദ്ധയായത്. പദ്ധതിപ്രദേശത്തുണ്ടായ ദൈവാലയംമാത്രമല്ല പൂർവീകരെ അടക്കം ചെയ്ത സെമിത്തേരിയും വിട്ടുകൊടുക്കാൻ വിശ്വാസികൾ കാട്ടിയ മഹാമനസ്‌ക്കതയാണ് കപ്പൽ നിർമാണശാലയെ യാഥാർത്ഥ്യമാക്കിയത്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?