Follow Us On

30

November

2020

Monday

കരുണാമയന്റെ തണലില്‍ അഭയം…

കരുണാമയന്റെ തണലില്‍ അഭയം…

കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ആഫ്രോ-അമേരിക്കന്‍ കമ്യൂണിറ്റികളില്‍ ക്രിസ്തുസാക്ഷ്യത്തിന്റെ നിറസാന്നിധ്യമാകാന്‍ ദൈവം അയോഗ്യനായ എന്നെയും ഉപയോഗിക്കുന്നു. ഇതിനോടകം 40 രാഷ്ട്രങ്ങളില്‍ ദൈവവചനം പ്രഘോഷിക്കാന്‍ ദൈവം എന്നെ ഉപകരണമാക്കി.
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഘാനയില്‍ 20 മില്ല്യന്‍ ആളുകളില്‍ പത്തു ശതമാനം കത്തോലിക്കരാണ്. ഘാന കിംഗോസ് യൂണിവേഴ്‌സിറ്റിയിലെ സൈക്കോളജി വിഭാഗം തലവനായിരുന്നു എന്റെ പിതാവ് ജോണ്‍ നിമോ. അമ്മ മേരി നിമോ അധ്യാപികയും. രണ്ടുപേരും റിട്ടയറായി. ഏഴുമക്കളില്‍ അഞ്ചാമനായിരുന്നു ഞാന്‍. നാട്ടിലെ കത്തോലിക്കാ സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. എന്നിട്ടും ദൈവവുമായുള്ള ഉറച്ചബന്ധം ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എനിക്കായില്ല. മാത്രവുമല്ല ഒരു വലിയ ദുരന്തവും അക്കാലത്ത് ഞാന്‍ നേരിട്ടു. ഒരു പെണ്‍കുട്ടി ഞാന്‍മൂലം ഗര്‍ഭിണിയായതായിരുന്നു അത്. ആ വാര്‍ത്ത എനിക്ക് വലിയ ഷോക്കായി. കടുത്ത പരിഭ്രമം എന്നെ പിടികൂടി. ജീവിതത്തില്‍ നിന്ന് ഒളിച്ചോടാന്‍ ഞാന്‍ ആഗ്രഹിച്ചു. പക്ഷേ എങ്ങോട്ട് പോകും?
സമൂഹത്തില്‍ നിലയും വിലയുമുള്ളതാണ് എന്റെ കുടുംബം. കുഞ്ഞിനെ അബോര്‍ഷന്‍ ചെയ്ത് എന്റെയും കുടുംബത്തിന്റെയും മാനം രക്ഷിക്കണം. അതല്ലെങ്കില്‍ ആത്മഹത്യ ചെയ്യണം. ഇതില്‍ ഏതെങ്കിലും ഒന്ന് എന്ന് ഞാന്‍ തീരുമാനിച്ചു. ഇക്കാര്യം എങ്ങനെയോ ഒരു നല്ല സുഹൃത്ത് മണത്തറിഞ്ഞു. അദ്ദേഹത്തിന്റെ നിര്‍ബന്ധപ്രകാരം ഒരു പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്തു. അവിടെനിന്നും കിട്ടിയ പ്രചോദനമനുസരിച്ച് ഒരു കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുത്തു. അവിടെ പറയുന്ന ഓരോ വചനവും അഗ്‌നിഗോളങ്ങളായി എന്നിലേക്ക് തുളച്ച് കയറി. ദൈവസ്‌നേഹം ഞാന്‍ രുചിച്ചറിഞ്ഞു.
ഹൃദയം നുറുങ്ങി ഒരു കുഞ്ഞിനെപ്പോലെ അന്ന് വാവിട്ട് പൊട്ടിക്കരഞ്ഞു. എല്ലാ പാപങ്ങളും ഏറ്റുപറഞ്ഞ് നല്ലൊരു കുമ്പസാരം നടത്തി. ആഴമായ പശ്ചാത്താപവും ചെയ്തുകൂട്ടിയ വൃത്തികേടുകളുടെ ഗൗരവത്തെക്കുറിച്ചുള്ള ബോധ്യവും എനിക്കുണ്ടായി. ജീവിതത്തിലാദ്യമായി അനുരഞ്ജന കൂദാശയുടെ ശക്തി അനുഭവിച്ചറിഞ്ഞു. എന്നെ ദൈ വം അവിടുത്തെ മാറോട് ചേര്‍ത്തുപിടിക്കുന്നതായി എനിക്കനുഭവപ്പെട്ടു.
എന്റെ പാപങ്ങളുടെയെല്ലാം പരിഹാരമായി എന്റെ ജീവിതം പൂര്‍ണമായും കര്‍ത്താവിന് സമര്‍പ്പിച്ചു. ജീവിതത്തിന് നൂതനമായ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തി. അബോര്‍ഷന് വിധേയപ്പെടാത്ത എന്റെ കുഞ്ഞ് എലിസബത്തിനെ മകളാക്കി വളര്‍ത്തി.
ഇക്കണോമിക്‌സില്‍ ആയിടെ ഞാന്‍ ബിരുദം പൂര്‍ത്തിയാക്കി. ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സും പൂര്‍ത്തിയാക്കി. അധ്യാപകനായി കുറേനാള്‍ ജോലി നോക്കി. പിന്നീടത് രാജിവച്ച് മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ മാള്‍ട്ട ദ്വീപിലെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനില്‍ പരിശീലനം നടത്തി. അതോടൊപ്പം തന്നെ പാസ്റ്ററല്‍ സ്റ്റഡീസില്‍ പോസ്റ്റ് ഗ്രാജുവേഷനും പൂര്‍ത്തിയാക്കി. തുടര്‍ന്ന് കിഴക്കനാഫ്രിക്കന്‍ രാജ്യമായ ഉഗാണ്ടയില്‍ അല്മായ മിഷനറിയായി എയ്ഡ്‌സ് രോഗത്താല്‍ കഷ്ടപ്പെടുന്നവര്‍ക്കിടയില്‍ സേവനം ചെയ്യാന്‍ പോയി. വേദനാജനകമായ സാഹചര്യങ്ങളായിരുന്നു അവിടെ.
മതബോധകനായി തുടര്‍ന്ന് അമേരിക്കയിലേക്ക് പോയി. നാല്‍പ്പതാം വയസില്‍ മേഴ്‌സി എന്നൊരു സ്ത്രീയെ സഭാനിയമപ്രകാരം വിവാഹം കഴിച്ചു. എലിസബത്തിനുശേഷം ഞങ്ങള്‍ക്ക് ദൈവം മിഷായേല്‍ എന്നൊരു പെണ്‍കുട്ടിയെക്കൂടി തന്നു.
ദൈവവുമായുള്ള എന്റെ ബന്ധവും വചനപ്രഘോഷണവും ബാലന്‍സ് ചെയ്തുപോകുന്നതിന് ഞങ്ങള്‍ കുടുംബമൊരുമിച്ച് പരിശുദ്ധാത്മാവിനോട് പ്രാര്‍ത്ഥിക്കുന്നു. മേഴ്‌സി എല്ലാ കാര്യങ്ങളിലും പിന്തുണ തരുന്നുണ്ട്. അമേരിക്കന്‍ സമൂഹത്തില്‍ കുടുംബം എന്ന സങ്കല്‍പം വലിയ പ്രതിസന്ധി നേരിടുകയാണിന്ന്. പക്ഷേ കുടിയേറ്റക്കാര്‍ കുടുംബബന്ധങ്ങള്‍ നിലനിര്‍ത്തുന്നവരാണ്. ചിലരെങ്കിലും അവരില്‍നിന്ന് കുടുംബജീവിതത്തിന്റെ നല്ല വശങ്ങള്‍ സ്വാംശീകരിച്ച് വരുന്നുണ്ട് എന്നത് പ്രത്യാശയ്ക്ക് വക നല്‍കുന്നു.

മാര്‍ക്ക് നിമോ
(വചനപ്രഘോഷകന്‍)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?