Follow Us On

09

December

2019

Monday

നസ്രായന്റെ സ്വന്തം പുരോഹിതന്‍

നസ്രായന്റെ സ്വന്തം പുരോഹിതന്‍

ഫാ. അനീഷ് കരിമാലൂര്‍

സോഷ്യല്‍ മീഡിയയുടെ അതിപ്രസരവും തിരക്കേറിയ ജീവിതത്തിലെ ഓട്ടപ്രദക്ഷിണങ്ങളും ഇന്നത്തെ ന്യൂജന്‍ കുട്ടീസിന്റേയും യുവജനങ്ങളുടേയും വിശ്വാസജീവിതവളര്‍ച്ചയ്ക്കും മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനും സഹായിക്കുന്നുണ്ടോ എന്ന് ചിന്തിച്ചു പോയേക്കാവുന്ന സാഹചര്യത്തിലാണ് ഫേസ്ബുക്കിലൂടെ വേറിട്ടൊരു സുവിശേഷണ പ്രഘോഷണവുമായി നോര്‍ബര്‍ട്ടൈന്‍ സഭയിലെ യുവ വൈദികന്‍ ഫാ. അനീഷ് കരിമാലൂര്‍ ശ്രദ്ധേയനാകുന്നത്. അതുകൊണ്ടുതന്നെ അരലക്ഷത്തിലധികം പേര്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് ഫോളോ ചെയ്യുന്നുണ്ട് എന്നതും ശ്രദ്ധേയമാണ്.

ആധുനിക ജീവിതത്തിലെ അനുദിന തിരക്കുകള്‍ക്കിടയില്‍ നമുക്ക് ആവശ്യമേറിയതും എന്നാല്‍ നമുക്കു ലഭിക്കാതെ പോകുന്നതുമായ ഒന്നാണ് ചെറു പുഞ്ചിരിയോ, നല്ല വാക്കോ ഒക്കെ. ജീവിതം കരുപിടിപ്പിക്കാനുള്ള ഓട്ടത്തിനിടയില്‍ ആകുലതകളുടെയും പരാതികളുടെയും സങ്കടങ്ങളുടെയും ഒക്കെ ലോകത്ത് വ്യാപരിക്കുന്നവര്‍ക്ക് തന്റെ ഫേസ്ബുക്ക് പേജിലൂടെ സാന്ത്വനമാവുകയാണ് ഫാ. അനീഷ്.

തന്റെ വിളിക്ക് അനുയോജ്യമായ രീതിയില്‍ സുവിശേഷപ്രഘോഷണം നടത്തി അനേകര്‍ക്ക് ക്രിസ്തുവിനെ എത്തിച്ചു കൊടുക്കുകയും സാന്ത്വനമാവുകയും ചെയ്യുന്ന ഇദ്ദേഹം എഴുത്തുകാരനും നല്ലൊരു പ്രഭാഷകനുമാണ്. ‘വിശുദ്ധ നോര്‍ബര്‍ട്ട്, പരിശുദ്ധ കുര്‍ബാനയുടെ അപ്പസ്‌തോലന്‍’ എന്ന ആദ്യ പുസ്തകത്തിലൂടെ വി. നോര്‍ബര്‍ട്ടിനെ മലയാളികള്‍ക്ക് പരിചയപ്പെടുത്തിയ വ്യക്തിയാണ് അച്ചന്‍.

‘കാത്തിരിക്കുന്ന സ്‌നേഹം’ ‘വോയിസ് ഓഫ് ഗോഡ്’ എന്നീ ക്രിസ്ത്യന്‍ ഭക്തിഗാന ആല്‍ബങ്ങളിലെ മനോഹരമായ വരികളിലൂടെ വളര്‍ന്നു വരുന്ന ഗാനരചയിതാവാണെന്നും തെളിയിച്ചു കഴിഞ്ഞു. കൂടാതെ ‘നസ്രായന്റെ കൂടെ’ എന്ന 50 ദിവസ നോമ്പുകാല വിചിന്തനങ്ങള്‍ (Whatsapp Status Videos & Posters) അനേകരുടെ ശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തിരുന്നു. ഫാ. അനീഷ് വിവിധ ക്രൈസ്തവപ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജുകളില്‍ കൂടി ഷെയര്‍ ചെയ്യപ്പെടുന്ന പ്രാര്‍ത്ഥനകളും, വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും മോട്ടിവേഷണല്‍ വീഡിയോകളുമൊക്കെ അനേകര്‍ക്ക് സാന്ത്വനവും പ്രചോദനവും ആകുന്നു എന്നതിന്റെ തെളിവുകളാണ് വര്‍ദ്ധിച്ചുവരുന്ന ഫോളോവേഴ്‌സിന്റെ എണ്ണം.
ഇമെയിലുകളും സോഷ്യല്‍ നെറ്റ് വര്‍ക്കുകളും ആശയവിനിമയത്തിനുള്ള മാര്‍ഗങ്ങളായിരിക്കെ, ആശയവിനിമയത്തിലെ ആധികാരികത നിശ്ചയിക്കുന്നത് ടെക്‌നോളജിയല്ല മറിച്ച് നമ്മുടെ ഹൃദയവലിപ്പമാണ്.

ബന്ധങ്ങള്‍ വളര്‍ത്തിയെടുക്കാനും, ഒരു നല്ല സമൂഹത്തിന്റെ രൂപീകരണത്തിനും പങ്കു വഹിക്കാന്‍ കഴിയുന്ന അതേ സോഷ്യല്‍ മീഡിയക്ക് സമൂഹത്തില്‍ വില്ലനാകാനും കഴിയും. അതുകൊണ്ട്, വ്യക്തി ബന്ധങ്ങളുടെ, സഭയുടെ, കുടുംബബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ ഒക്കെ കെട്ടുറപ്പിന് നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ ഷെയര്‍ ചെയ്യുന്ന നല്ല ചിന്തകള്‍ കാരണമായാല്‍ അങ്ങനെ മറ്റുള്ളവര്‍ക്ക് സാന്ത്വനമാകുന്ന വാക്കുകളിലൂടെ ഇരുളടഞ്ഞ മനസുകളില്‍ പ്രകാശം പകരാന്‍ കഴിഞ്ഞാല്‍ നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണമാകും.

തിരക്കേറിയ തന്റെ പൗരോഹിത്യജീവിതത്തിനിടയിലും മറ്റുള്ളവര്‍ക്ക് സാന്ത്വനത്തിന്റെ തിരി തെളിക്കുവാനുള്ള ശ്രമങ്ങള്‍ ഇനിയും ഒരുപാടു പേരിലേക്ക് എത്തിച്ചേരട്ടെ. ഒരുപാടുപേര്‍ക്ക് പ്രചോദനമാകുവാന്‍ സാധിക്കട്ടെ. അനീഷച്ചനെ ഫോളോ ചെയ്യാന്‍ https://www.facebook.com/anishkarimalooronline/

ഷീബ റോബിന്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?