Follow Us On

22

February

2024

Thursday

വഴിവിളക്കായി മാറിയ വചനം

വഴിവിളക്കായി മാറിയ വചനം

മാനസികനില തെറ്റി തെരുവില്‍  അലയുന്നവര്‍ക്ക് സ്വന്തം ഭവനത്തിന്റെ വാതിലുകള്‍ തുറന്നുകൊടുത്തുകൊണ്ട് ആരംഭിച്ച ജീവകാരുണ്യ ശുശ്രൂഷയെ ദൈവം  വഴിനടത്തിയ അനുഭവങ്ങള്‍.

നിസഹായരും പരിത്യക്തരുമായി വഴിയോരങ്ങളില്‍ അലയുന്ന മനോരോഗികളും അശരണരുമായവര്‍ക്കുള്ള അഭയകേന്ദ്രമാണ് തിരുരക്താശ്രമം. കണ്ണൂര്‍ ജില്ലയിലെ ആലക്കോട് ആശാന്‍കവലയില്‍ പ്രവര്‍ത്തിക്കുന്ന തിരുരക്താശ്രമത്തിന് നേതൃത്വം നല്‍കുന്നത് പാലക്കാട്ട് ബേബിയാണ്. ദൈവവചനം ജീവിതത്തില്‍ പകര്‍ത്തുകയാണ് ബേബിയും കുടുംബവും. തെരുവില്‍ അലഞ്ഞു നശിക്കുന്നവരെ പ്രത്യാശയിലേക്കും രക്ഷയിലേക്കും നയിക്കുന്ന ശുശ്രൂഷ. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലോ തെരുവോരങ്ങളിലോ മനോനില തെറ്റി, ആരോരുമില്ലാത്തവരെ കണ്ടെത്തിയാല്‍ പോലിസ്, റവന്യു അധികാരികള്‍ ആദ്യം വിളിക്കുന്നത് ബേബിച്ചേട്ടനെയാണ്. വാഹനവുമായി എത്തിയോ വാഹനം വാടകയ്ക്ക് വിളിച്ചോ ഇത്തരക്കാരെ തിരുരക്താശ്രമത്തിലെത്തിക്കും. തുടര്‍ച്ചയായ ചികിത്സയും പരിചരണവുംവഴി ഇവരെ രോഗമുക്തിയിലേക്കും ജീവിതത്തിലേക്കും കൊണ്ടുവരാന്‍ ക്രിസ്തുനാമത്തിലുള്ള ശുശ്രൂഷയിലൂടെ കഴിയുന്നു.
കരുണ നിറഞ്ഞ പ്രവൃത്തികള്‍
”കരുണയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ക്ക് കരുണ ലഭിക്കും. ഹൃദയശുദ്ധിയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ദൈവത്തെ കാണും” (മത്തായി 5:7-8). പാലക്കാട്ട് ബേബിയുടെ ജീവിതം കരുണ നിറഞ്ഞതാണ്. ദൈവവചനം സാക്ഷ്യപ്പെടുത്തുംവിധം ബേബിയുടെ ശുശ്രൂഷകളിലൂടെ അനേകര്‍ക്ക് ദൈവകരുണ അനുഭവപ്പെടുന്നു. ബേബിയും കുടുംബവും ഏറ്റെടുത്തതും വര്‍ഷങ്ങളായി തുടരുന്നതുമായ ശുശ്രൂഷ സമാനതകളില്ലാത്തതാണ്. നൂറ്റിമുപ്പതോളം മനോരോഗികളെ – അവരിലേറെയും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവരാണ്. അവരെ സ്വന്തം വീടിനോടുചേര്‍ന്ന സ്ഥാപനത്തില്‍ കൊണ്ടുവന്ന് സംരക്ഷിക്കുകയാണ്. ഭാഷയും സംസ്‌കാരവും എല്ലാം വിഭിന്നരായവരാണിവര്‍. മനോനില തെറ്റിയവര്‍. ഇവരെ ദൈവമക്കളായി കണ്ട് ചികിത്സാസൗകര്യം നല്‍കി, ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തുന്നു. ഇവര്‍ക്ക് ചികിത്സയും ഭക്ഷണവും മറ്റ് ഭൗതിക സാഹചര്യങ്ങളും സ്വന്തമായി ഒരുക്കിക്കൊടുക്കുകയാണ് ബേബിയും കുടുംബവും ചെയ്യുന്നത്.
മനോനില തെറ്റിയവര്‍ എന്നു മാത്രമല്ല, അക്രമാസക്തരുമാണ് പലരും. പക്ഷേ ഇവരുടെ ജീവിതത്തില്‍ പ്രത്യാശ പകരാനും സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടുവരാനും ബേബി പാലക്കാട്ടിന്റെ ശുശ്രൂഷ സഹായിക്കുന്നു. തിരുരക്താശ്രമത്തിലെ ശുശ്രൂഷകളും പ്രവര്‍ത്തനങ്ങളും അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിക്കാണുന്നത്. ഒരു കുടുംബം ഒന്നാകെയാണ് കരുണയുടെ വഴിയില്‍ ചരിക്കുന്നത്.
കോഴിക്കോട് ജില്ലയിലെ കൂരാച്ചുണ്ടില്‍ വസ്ത്രാലയം നടത്തി സമാധാനപൂര്‍ണമായ കുടുംബജീവിതം നയിക്കുകയായിരുന്നു ബേബി. സ്വന്തം വാഹനം ദീര്‍ഘദൂര സര്‍വീസിനായി ടാക്‌സിയായും ഓടിച്ചിരുന്നു. കൂട്ടുകാരുമായി ചേര്‍ന്ന് വല്ലപ്പോഴുമുള്ള മദ്യപാനമാണ് ജീവിതത്തിന്റെ താളം തെറ്റിച്ചത്. ഇത് പിന്നീട് സ്ഥിരം മദ്യപാനമായി. ക്രമേണ വ്യാപാരം തകര്‍ന്നു. അവസാനം കടം വീട്ടാന്‍ കഴിയാത്ത നിലയിലെത്തി. കുടുംബത്തിന്റെ സമാധാനം നഷ്ടപ്പെട്ടു. പ്രാര്‍ത്ഥനയും കുറഞ്ഞു. ആകെ തകര്‍ച്ചയിലായതോടെ കടയും മറ്റും വിറ്റ് കടം വീട്ടിയശേഷം പയ്യന്നൂരിനടുത്ത് പുളിങ്ങോത്തേക്ക് താമസം മാറ്റി. ഇവിടെ കൃഷിയായിരുന്നു ജീവിതമാര്‍ഗം.
വീട്ടില്‍ ആരംഭിച്ച അഭയകേന്ദ്രം
ഇടയ്ക്ക് ഭാര്യയുമൊത്ത് കരിസ്മാറ്റിക് ധ്യാനങ്ങളില്‍ പങ്കെടുത്ത് പ്രാര്‍ത്ഥനാജീവിതം വീണ്ടെടുക്കുകയും മദ്യപാനം നിര്‍ത്തുകയും ചെയ്തു. കുടുംബത്തില്‍ സമാധാനമുണ്ടായി. പിന്നീട് സ്ഥലം വിറ്റ് കൂടുതല്‍ സൗകര്യപ്രദമായി കാര്‍ത്തികപുരത്തേക്ക് താമസം മാറി. അവിടെനിന്നാണ് ആശാന്‍കവലയില്‍ അഞ്ചേക്കര്‍ ഭൂമി വാങ്ങി താമസം തുടങ്ങിയത്. എല്ലാ കാര്യങ്ങളും പങ്കുവയ്ക്കുന്നതിനും പ്രാര്‍ത്ഥനാസഹായം തേടുന്നതിനുമായി ഫാ. ജോര്‍ജ് കുറ്റിക്കലച്ചനുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. അച്ചന്റെ നിര്‍ദേശപ്രകാരം ഭാര്യ ആനിസുമൊത്ത് തൃശൂര്‍ ചെന്നായ്പ്പാറയില്‍ കുറ്റിക്കലച്ചന്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്തു. ജീവിതത്തെ ആകെ മാറ്റിമറിച്ച സംഭവമായിരുന്നു ഈ ധ്യാനത്തിലെ അനുഭവം.
ആരോരുമില്ലാതെ, തെരുവില്‍ അലയുന്ന മനോനില തെറ്റിയ സഹോദരരെ സംരക്ഷിച്ച് ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരുന്നതിനുള്ള ശുശ്രൂഷ ചെയ്യാന്‍ തീരുമാനിച്ചു. ഭാര്യ ആനിസും പൂര്‍ണ പിന്തുണയുമായി കൂടെ ഉണ്ടായിരുന്നു. സമൂഹത്തില്‍ അവഗണിക്കപ്പെടുന്നവരെയും ഭക്ഷണമില്ലാത്തവരെ യും വേദനിക്കുന്ന ശരീരവും ഉറക്കമില്ലാത്ത രാത്രികളുമായി തെരുവുകളില്‍ അലയുന്ന മനോരോഗികളെക്കുറിച്ചുമുള്ള ചിന്തയാണ് പുതിയ ശുശ്രൂഷയിലേക്ക് തിരിയുവാന്‍ ബേബിയെ പ്രേരിപ്പിച്ചത്.
ഇവരുടെ ശുശ്രൂഷയും സ്‌നേഹപരിചരണവും സംരക്ഷണവും സ്വന്തം വീട്ടില്‍ത്തന്നെ തുടങ്ങുവാന്‍ തീരുമാനിച്ചു. മരുന്നും ഭക്ഷണവും വസ്ത്രവും താമസവും ശുശ്രൂഷയും നല്‍കി പുതിയ ഒരു ജീവിതം പകരുകയാണ് അന്നുമുതല്‍ ബേബിയും കുടുംബവും. ദൈവപരിപാലനയും ആഴമായ ദൈവാശ്രയവും അദൃശ്യമായ ദൈവത്തിന്റെ ശക്തമായ കരങ്ങളുമാണ് ഈ പ്രസ്ഥാനത്തിന്റെ താങ്ങും തണലുമെന്ന് ബേബിയും കുടുംബവും വിശ്വസിക്കുന്നു. സ്വന്തം വീടിന്റെ ഒരു ഭാഗത്തെ മുറി തിരിച്ച് ഉറപ്പുള്ള വാതിലും മറ്റും ഉണ്ടാക്കി അവിടെയായിരുന്നു ആദ്യനാളുകളില്‍ രോഗികളെ സംരക്ഷിച്ചിരുന്നത്. അതിരാവിലെ ഉണര്‍ന്ന് പ്രാര്‍ത്ഥനയ്ക്കുശേഷം ആയിരുന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ സൗകര്യങ്ങളും കൂട്ടേണ്ടിവന്നു.
ആദ്യത്തെ അന്തേവാസി ഒഡീഷയില്‍നിന്ന്
കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നായിരുന്നു ആദ്യമായി ഒരു രോഗിയെ കൊണ്ടുവന്നത്. മറുനാട്ടില്‍നിന്ന് രോഗിയായി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെത്തി, അവിടെ അലഞ്ഞു നടക്കുകയായിരുന്ന ബീരുഭായി എന്ന നാല്‍പതുകാരനാണ് ആദ്യമായി ഇവിടെ എത്തിയത്. ഒഡീഷയിലെ ഏതോ ആദിവാസി ഗോത്രത്തില്‍നിന്നുള്ളയാളാണ്. ഇയാള്‍ക്ക് രോഗവിമുക്തി ഉണ്ടായശേഷം പറഞ്ഞറിയിച്ച വിലാസത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. വീട്ടില്‍ കൊണ്ടുവരുമ്പോള്‍ അക്രമപ്രവണത പ്രകടിപ്പിച്ചിരുന്നു. രോഗികളുടെ എണ്ണം കൂടിയതോടെ വീടിനടുത്ത് സുരക്ഷിതത്വമുള്ള പുതിയ കെട്ടിടം പണിതു. ഫാ. ജോര്‍ജ് കുറ്റിക്കലച്ചനാണ് തിരുരക്താശ്രമം എന്ന പേര് നല്‍കി സ്ഥാപനം വെഞ്ചരിച്ചത്. ബീരുഭായി ആയിരുന്നു ഇവിടെയും ആദ്യത്തെ അന്തേവാസി.
പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചായിരുന്നു ഓരോ ദിവസവും മുന്നോട്ടുപോയിരുന്നത്. കെട്ടിടനിര്‍മാണത്തിനും ദൈനംദിന ആവശ്യങ്ങള്‍ക്കുമുള്ള പണം, ഭക്ഷണം, വസ്ത്രം, മരുന്ന് തുടങ്ങിയവയും മുടക്കം കൂടാതെ ദൈവപരിപാലനയില്‍ ലഭിച്ചു. സമീപപ്രദേശങ്ങളിലെ പള്ളികള്‍, സ്‌കൂളുകള്‍, സംഘടനകള്‍ തുടങ്ങിയവരും വ്യക്തികളും സഹായങ്ങള്‍ നല്‍കി. ഭാര്യ ആനിസ്, മകന്‍ ലിജോ ബേബി, മകന്റെ ഭാര്യ അഞ്ജലി എന്നിവരാണ് ഇപ്പോള്‍ ശുശ്രൂഷകള്‍ നടത്തുന്നത്. മകള്‍ ഡാലിയ ആദ്യകാലത്ത് ശുശ്രൂഷയില്‍ സജീവമായിരുന്നു. ഇപ്പോള്‍ വിവാഹിതയായി ഭര്‍ത്താവിനൊപ്പമാണ്.
പിതാവിന്റെ പാത പിന്തുടരുന്ന മകന്‍
2001-ല്‍ ട്രസ്റ്റായി രൂപീകരിച്ച് തിരുരക്താശ്രമം പ്രവര്‍ത്തിക്കാന്‍ കെട്ടിടനിര്‍മാണം ആരംഭിച്ചു. ഭാര്യയുടെ പേരിലുണ്ടായിരുന്ന ഒന്നര ഏക്കര്‍ ഭൂമി ട്രസ്റ്റിനായി എഴുതി നല്‍കി. ഇടവകകളിലെ ആത്മീയ സംഘടനകളും മറ്റും ആത്മാര്‍ത്ഥമായി സഹകരിച്ചാണ് കെട്ടിടം പൂര്‍ത്തിയാക്കിയത്. നൂറുമുതല്‍ 130 വരെ രോഗികളാണിവിടെ സ്ഥിരമായി ഉണ്ടാകുക. രോഗശാന്തി ലഭിച്ചവരും ശുശ്രൂഷകളില്‍ സഹായിക്കുന്നു. തിരുരക്താശ്രമത്തോട് ചേര്‍ന്ന ചാപ്പലില്‍ എല്ലാ സമയത്തും പ്രാര്‍ത്ഥനയുണ്ട്. രോഗമുക്തി ലഭിച്ചവരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നു. കാല്‍നൂറ്റാണ്ടിലേറെയായി സ്വന്തമായ ആവശ്യങ്ങളെല്ലാം മാറ്റിവച്ചാണ് ബേബി ശുശ്രൂഷ ചെയ്യുന്നത്. വീടുവിട്ടുള്ള യാത്ര വളരെ അപൂര്‍വമാണ്. ഇപ്പോള്‍ മകന്‍ ലിജോ ബേബി ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തത് ഏറെ സഹായകരമായി. ഈ ശുശ്രൂഷയ്ക്കായി ദൈവം തന്നെ തിരഞ്ഞെടുത്തതായി ബേബി വിശ്വസിക്കുന്നു. തൃശൂര്‍ മേരിവിജയം മാസിക ഉള്‍പ്പെടെയുള്ളവരുടെ അവാര്‍ഡുകളാല്‍ അംഗീകരിക്കുകയുണ്ടായി. ലയണ്‍സ് ക്ലബ് വാഹനം നല്‍കി സഹായിച്ചു. കഴിയുന്നിടത്തോളം കാലം ദൈവമഹത്വം പ്രഘോഷിക്കുകയും ദൈവനാമത്തില്‍ ശുശ്രൂഷകള്‍ നടത്തുകയും ചെയ്യുകയാണ് ലക്ഷ്യമെന്ന് ബേബി പാലക്കാട്ട് പറയുന്നു.

പ്ലാത്തോട്ടം മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?