Follow Us On

23

August

2019

Friday

നമ്മുടെ ബലികള്‍ കൂടുതല്‍ സ്വീകാര്യമാകാന്‍

നമ്മുടെ ബലികള്‍ കൂടുതല്‍ സ്വീകാര്യമാകാന്‍

വിശുദ്ധ കുര്‍ബാന എന്ന ബലിയെപ്പറ്റി നമുക്ക് അറിയാം. എന്നാല്‍, നമുക്ക് കേട്ടും അനുഷ്ഠിച്ചും അത്ര പരിചയമില്ലാത്ത ചില ബലികളെപ്പറ്റി പ്രഭാഷകന്‍ 35:1-9 വചനത്തില്‍ പറയുന്നുണ്ട്. ആ വചനങ്ങള്‍ ചുവടെ ഉദ്ധരിക്കുന്നു: നിയമം പാലിക്കുന്നത് നിരവധി ബലികള്‍ അര്‍പ്പിക്കുന്നതിന് തുല്യമാണ്. കല്‍പനകള്‍ അനുസരിക്കുന്നത് സമാധാനബലിക്ക് തുല്യവും. കരുണക്ക് പകരം കരുണ കാണിക്കുന്നത് ധാന്യബലിക്ക് തുല്യമാണ്. ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലി അര്‍പ്പിക്കുന്നു. ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത് കര്‍ത്താവിന് പ്രീതികരമാണ്; അനീതി വര്‍ജിക്കുക പാപപരിഹാരബലിയാണ്. വെറുംകയ്യോടെ കര്‍ത്താവിനെ സമീപിക്കരുത്. എന്തെന്നാല്‍, ഇവയെല്ലാം അനുഷ്ഠിക്കുവാന്‍ നിയമം അനുശാസിക്കുന്നു. നീതിമാന്റെ ബലി, ബലിപീഠത്തെ അഭിഷേകം ചെയ്യുന്നു. അതിന്റെ സുഗന്ധം അത്യുന്നതന്റെ സന്നിധിയിലേക്ക് ഉയരുന്നു. നീതിമാന്റെ ബലി സ്വീകാര്യമാണ്; അത് വിസ്മരിക്കപ്പെടുകയില്ല. ഈ വചനങ്ങളില്‍ പറഞ്ഞിരിക്കുന്ന വിവിധ കാര്യങ്ങളെപ്പറ്റി ചിന്തിക്കാം.
നിയമം പാലിക്കുന്നത് നിരവധി ബലികള്‍ അര്‍പ്പിക്കുന്നതിന് തുല്യമാണ്. ഈ കാര്യത്തെപ്പറ്റി ചിന്തിക്കാം. യഥാര്‍ത്ഥത്തിലുള്ള ഒരു ബലി അര്‍പ്പിക്കുന്നതിന് ത്യാഗമുണ്ട്. നിയമങ്ങള്‍ പാലിച്ചുകൊണ്ട് ജീവിക്കുന്നതിന്, അതിലും വലിയ ത്യാഗം ആവശ്യമാണ്. അതുകൊണ്ട് ബലിയര്‍പ്പിക്കുന്നതിനേക്കാള്‍ കൂടുതല്‍ ത്യാഗം ആവശ്യമുള്ള നിയമങ്ങളുടെ അനുഷ്ഠാനം ഒന്നിലധികം ബലികള്‍ അര്‍പ്പിക്കുന്നതിന് തുല്യമാണ്.
കല്‍പനകള്‍ അനുസരിക്കുന്നത് സമാധാനബലിക്ക് തുല്യമാണ്. പലപ്പോഴും നാം ചെയ്യുന്നത് എന്താണ്? നിയമങ്ങളും കല്‍പനകളും ലംഘിക്കുകയും ദൈവാലയത്തില്‍ ബലിയര്‍പ്പിക്കുകയും ചെയ്യുന്നു. നിയമവും കല്‍പനകളും അനുസരിച്ചശേഷമുള്ള ബലിയര്‍പ്പണമാണ് വിലയേറിയത്.
കരുണയ്ക്ക് പകരം കരുണ കാണിക്കുന്നത് സമാധാനബലിക്ക് തുല്യമാണ്. പലവിധത്തിലെങ്കിലും കരുണ കാണിക്കാന്‍ പറ്റും. ഒന്ന്, കരുണ കാണിച്ചവരോട് തിരിച്ച് കരുണ കാണിക്കുക. രണ്ട്, ഇങ്ങോട്ട് കരുണ കാണിക്കാതിരുന്ന, അഥവാ ഉപദ്രവങ്ങള്‍ വരെ ചെയ്തവരോട് കരുണ കാണിക്കുക. മൂന്ന്, അന്യരും അറിയാത്തവരുമായ, എന്നാല്‍ കരുണ ചോദിച്ചു വരുന്നവരോട് കരുണ കാണിക്കുക. പ്രഭാഷകന്‍ പറയുന്നത്, ഇങ്ങോട്ട് കരുണ കാണിച്ചവരോടെങ്കിലും അങ്ങോട്ട് കരുണ കാണിക്കണം എന്നാണ്.
ഒരു സര്‍ട്ടിഫിക്കറ്റിന് വരുന്ന ആളെ രണ്ടാമത് ഒന്നുകൂടി വരുത്തിക്കാതെ, ആദ്യവരവില്‍ത്തന്നെ കാര്യം നടത്തിക്കൊടുക്കാന്‍ പറ്റുന്ന അവസരങ്ങള്‍ ഇല്ലേ? എന്നിട്ടും അവരെ പലതവണ യാത്ര ചെയ്യിക്കാറില്ലേ? നമ്മുടെ ജോലിയില്‍ നമ്മെ സഹായിച്ചവരെ, അവരുടെ ആവശ്യനേരത്ത് നമുക്ക് സഹായിച്ചുകൂടേ? അന്യരെങ്കിലും നാളെ ഒരു നന്മയും തിരിച്ചുകിട്ടാത്തവര്‍ ആണെങ്കിലും അവരുടെ ആവശ്യങ്ങളില്‍ പറ്റുന്ന വിധത്തില്‍ സഹായിച്ചുകൊണ്ട്, നമുക്ക് അവരോട് കരുണ കാണിച്ചുകൂടേ? നമുക്കെതിരെ പരദൂഷണം പറഞ്ഞു നടന്നവര്‍ക്കെതിരെ പരദൂഷണം പറയാതെ ആത്മസംയമനം പാലിച്ചുകൊണ്ട് നമുക്ക് കരുണ കാണിച്ചുകൂടേ?
ഭിക്ഷ കൊടുക്കുന്നത് കൃതജ്ഞതാ ബലിക്ക് തുല്യമാണ്. എന്തുകൊണ്ടാണ് കൃതജ്ഞതയോടെ ഭിക്ഷ നല്‍കേണ്ടത്? ഭിക്ഷ കൊടുക്കണമെങ്കില്‍, കൊടുക്കാന്‍ കൈയില്‍ എന്തെങ്കിലും വേണം. അത് എങ്ങനെ ഉണ്ടായി? അത് ദൈവം തന്നതാണ്.
ദൈവകൃപയാല്‍ കിട്ടിയതാണ്. മറ്റുള്ളവരുടെ നല്ല മനസിന്റെയും ത്യാഗത്തിന്റെയും ഫലമായി കിട്ടിയതാണ്. അതിനാല്‍, ഉള്ള സകല നല്ലതിനെയും ഓര്‍ത്ത് ദൈവത്തോടും ധാരാളം മനുഷ്യരോടും നാം കടപ്പെട്ടിരിക്കുന്നു. കൊടുക്കുന്നതിന്റെ പിന്നില്‍ നന്ദിയുമുണ്ട്. അതുകൊണ്ട് ദാനധര്‍മ്മം കൃതജ്ഞതാബലിയായി മാറുന്നു.
ഭാഗ്യവശാല്‍, ഈ തിരിച്ചറിവുള്ള ധാരാളം മനുഷ്യര്‍ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട്. ധാരാളം പേര്‍ ഉള്ളതിന്റെ ഒരു വിഹിതം ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നുമുണ്ട്. ചിലര്‍ സ്വയം മുറിവേറ്റുതന്നെ കൊടുക്കുന്നുണ്ട്. അവര്‍ അര്‍പ്പിക്കുന്ന ബലി തീര്‍ച്ചയായും ദൈവത്തിന് പ്രീതികരമാകും. എന്നാല്‍, ധനം ധാരാളമുള്ള എത്രയോപേര്‍ ആവശ്യക്കാരനെ സഹായിക്കുവാന്‍ മനസില്ലാത്തവരായി നമ്മുടെയിടയില്‍ ഉണ്ട്. അവര്‍ക്ക് അഹങ്കാരവും പുച്ഛവും ധാരാളമായുണ്ട്. തങ്ങള്‍ക്ക് ഉള്ളതെല്ലാം തങ്ങള്‍ ഉണ്ടാക്കിയത് ആണ് എന്ന അഹങ്കാരവും ഇല്ലാത്തവര്‍ ദരിദ്രരായതിനാലും അത് അവരുടെ കഴിവുകേടുകൊണ്ടാണ് എന്ന് ചിന്തിക്കുന്നതിനാലും പുച്ഛവും അവരില്‍ ഉണ്ട്. അതിനാല്‍, ഒന്നും കൊടുക്കാത്തവരായി ജീവിച്ചുകൊണ്ട് അവര്‍ ബലിയര്‍പ്പിക്കുന്നു.
അനീതി വര്‍ജിക്കുക പാപപരിഹാരബലിയാണ്. പാപം ചെയ്യാത്തവരായി ആരുമില്ല. ചെയ്ത പാപത്തിന് പരിഹാരം ഉണ്ടാകുകയും വേണം. ദാനധര്‍മ്മം നിരവധി പാപങ്ങളെ മായിച്ചുകളയുന്നു എന്ന് യാക്കോബിന്റെ ലേഖനത്തില്‍ നാം വായിക്കുന്നുണ്ട്. അപ്പോള്‍, ദാനധര്‍മ്മം, പാപപരിഹാരം നേടിത്തരുന്ന ഒരു പ്രവൃത്തിയാണ്. എന്നാല്‍ അന്യായം കാണിച്ച് സമ്പാദിക്കുകയും സമ്പാദിച്ചുകൊണ്ടിരിക്കുകയും ചെയ്തിട്ട് അതിന്റെ ഒരു വിഹിതം ദാനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല.
വെറുംകയ്യോടെ കര്‍ത്താവിനെ സമീപിക്കരുത്. ബലി അര്‍പ്പിക്കുവാന്‍ ദൈവാലയത്തില്‍ എത്തുമ്പോള്‍, നിത്യജീവിതത്തില്‍, ദൈവാലയത്തിനു പുറത്തുള്ള ലോകത്തില്‍വച്ച്, മേല്‍ വിവരിച്ചതുപോലെയുള്ള ചില ബലികള്‍ അര്‍പ്പിച്ചതിന്റെ സുകൃതവുമായി നാം വരണം. എന്നിട്ട് ബലി അര്‍പ്പിക്കണം. നീതിമാന്റെ ബലി, ബലിപീഠത്തെ അഭിഷേകം ചെയ്യുന്നു എന്ന് പ്രഭാഷകന്‍ 35:8 പറയുന്നു.നീതിമാന്റെ ബലി സ്വീകാര്യമാണ്. അത് വിസ്മരിക്കപ്പെടുകയില്ല എന്നും തുടര്‍ന്നുള്ള വചനങ്ങളില്‍ പറയുന്നു. പ്രഭാഷകന്‍ 35:12 പറയുന്നു: അത്യുന്നതന്‍ നല്‍കിയതുപോലെ അവിടുത്തേക്ക് തിരികെ കൊടുക്കുക; കഴിവിനൊത്ത് ഉദാരമായി കൊടുക്കുക; കര്‍ത്താവ് പ്രതിഫലം നല്‍കുന്നവനാണ്. അവിടുന്ന് ഏഴിരട്ടിയായി തിരികെ തരും.
അതിനാല്‍ ഈ ആഹ്വാനങ്ങള്‍, ഓര്‍മ്മവയ്ക്കാം. ജീവിതചര്യയാക്കാം. നമ്മുടെ ബലികള്‍ കര്‍ത്താവിന് കൂടുതല്‍ സ്വീകാര്യമാക്കാം.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?