Follow Us On

15

October

2019

Tuesday

തിരിച്ചെത്തുംവരെ കർത്താവേ!: കഥയാണെങ്കിലും കാര്യമുണ്ട്

തിരിച്ചെത്തുംവരെ കർത്താവേ!: കഥയാണെങ്കിലും കാര്യമുണ്ട്

മരണത്തെ ഗൗരവമായി ധ്യാനിച്ചാൽ ഈ ജീവിതം തന്നവന്റെ കൂടെ വസിക്കേണ്ടത് എങ്ങനെയെന്നു നാം പഠിക്കും. നിത്യത ഗൗരവതരമല്ലാതാകുമ്പോൾ നിത്യനായവന്റെ കുരിശുപോലും ചവിട്ടിനിൽക്കാനുള്ള ഉപകരണമാകും.

റവ. ഡോ. റോയ് പാലാട്ടി സി.എം.ഐ

ഇക്വദോറിന്റെ തലസ്ഥാനമായ കീത്തോയിൽ ‘ഹസ്തലെ പ്യൂൽത്തെ സെഞ്ഞോർ’ (തിരിച്ചെത്തുംവരെ, കർത്താവേ) എന്നൊരു പ്രസിദ്ധമായ ഹോട്ടലുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ഹോട്ടലിന് സവിശേഷമായൊരു ചരിത്രമുണ്ടത്രേ. അക്കഥ ഇങ്ങനെ: ഫാ. അൽമെയ്ദ എന്നൊരു സന്യാസ വൈദികനുണ്ടായിരുന്നു കീത്തോയിൽ. സന്ധ്യാപ്രാർത്ഥനയും നമസ്‌ക്കാരങ്ങളും ഭക്ഷണവും കഴിഞ്ഞ് എല്ലാവരും വിശ്രമിക്കാൻ പോകുമ്പോൾ ഇദ്ദേഹം ആശ്രമത്തിന്റെ മതിലുചാടും. ഒരു ദിവസമല്ല, മിക്കവാറും എല്ലാ രാത്രികളും തന്നെ.

പുറത്തുപോയി കുടിച്ച്കൂത്താടാനാണ് ഈ മതിലുചാട്ടം. മതിൽ ഉയർന്നതായതിനാൽ അത് ചാടിക്കടക്കുക എളുപ്പമല്ല. അങ്ങനെയാണ്, അവിടെ വെച്ചിരിക്കുന്ന
ക്രൂശിതരൂപത്തിൽ ചവിട്ടി മതിൽ ചാട്ടം നടത്തുക പതിവാക്കിയത്. അങ്ങനെ ചാടിക്കടക്കുന്നതിനിടയിൽ ഒരു ദിവസം ക്രൂശിതൻ ചോദിച്ചു: ‘ഫാദർ അൽമെയ്ദ, എന്നുവരെ തുടരുമിത്?’

‘തിരിച്ചെത്തുംവരെ കർത്താവേ,’ എന്നായിരുന്നുവത്രേ അദ്ദേഹത്തിന്റെ പ്രതികരണം. അന്നും രാത്രിമുഴുവൻ കുടിച്ചു. കൂട്ടുകാർക്കൊപ്പം നൃത്തം ചെയ്തു. പ്രഭാതത്തോളം നീണ്ടുനിന്നു അത്.

രാവിലെ തിരിച്ച് ആശ്രമത്തിലേക്ക് നടക്കുമ്പോൾ ആരൊക്കെയോ ചേർന്ന് ഒരു ശവമഞ്ചം വഹിച്ചുകൊണ്ടുപോകുന്നു. അക്കാലത്ത് അത് അസാധാരണ കാഴ്ചയാണ്. എന്തായിരുന്നാലും ഫാ. അൽമെയ്ദ ഓടി അതിനടുത്തെത്തി. അവർ ശവമഞ്ചം താഴെയിറക്കിയപ്പോൾ ഇദ്ദേഹം കാണുന്നത് ഫാ. അൽമെയ്ദയുടെ ശവമാണ്! ആറടി പൊക്കമുള്ള, കാവി വസ്ത്രം ധരിച്ച് ദീക്ഷയും നീട്ടിവളർത്തിയ ഫാ. അൽമെയ്ദ തന്നെ. സ്വപ്നമാകാം. മദ്യത്തിന്റെ കെട്ടിൽ കാഴ്ചമങ്ങിയപ്പോൾ തോന്നിയതാകാം.

എന്തായാലും അന്ന് അദ്ദേഹം മടങ്ങിയെത്തി, ആശ്രമത്തിൽ. ആ ക്രൂശിതരൂപമെടുത്തു. എന്നും ചവിട്ടിക്കയറാറുള്ള ആ രൂപം. അതു തലോടുമ്പോൾ എത്രകാലമിത് തുടരുമെന്ന് എപ്പോഴും ചോദിക്കാറുള്ള ക്രിസ്തുവിന് തിരിച്ചെത്തി എന്നുറപ്പിച്ച് ഫാ. അൽമെയ്ദ ആശ്രമവാസത്തിന്റെ ആഴത്തിലേക്കു പ്രവേശിച്ചു.

കീത്തോയിലെ ഒരു ദൈവാലയത്തിൽ ഇടവക ശുശ്രൂഷ നടത്തുന്ന ഫാ. ജോബിയച്ചൻ ഞങ്ങളുടെ സൗഹൃദ സംഭാഷണത്തിനിടയിൽ പങ്കുവെച്ചതാണിത്. മരണത്തെ ഗൗരവമായി ധ്യാനിച്ചാൽ ഈ ജീവിതം തന്നവന്റെ കൂടെ വസിക്കേണ്ടത് എങ്ങനെയെന്നു നാം പ~ിക്കും. നിത്യത ഗൗരവതരമല്ലാതാകുമ്പോൾ നിത്യനായവന്റെ കുരിശുപോലും ചവിട്ടിനിൽക്കാനുള്ള ഉപകരണവും പിടിച്ചു നിൽക്കാനുള്ള ആരവവുമാകും!

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?