Follow Us On

31

July

2021

Saturday

സുബോധം ഉണ്ടാകുമ്പോഴാണ് തെറ്റുകള്‍ തിരിച്ചറിയുന്നത്‌

സുബോധം ഉണ്ടാകുമ്പോഴാണ്  തെറ്റുകള്‍ തിരിച്ചറിയുന്നത്‌

ധൂര്‍ത്തപുത്രന്റെ ഉപമയാണ് ലൂക്കാ 15:11-32 വചനങ്ങളില്‍ വായിക്കുന്നത്. അതില്‍ പതിനാറാമത്തെ വചനത്തിലെ അവസാനത്തെ വാചകമാണ് ഇന്ന് ധ്യാനവിഷയമാക്കുന്നത്. ആ വാചകം ഇങ്ങനെയാണ്: അപ്പോള്‍ അവന് (ധൂര്‍ത്തപുത്രന്) സുബോധമുണ്ടായി. അപ്പോള്‍ എന്നുവച്ചാല്‍ എപ്പോള്‍? ധൂര്‍ത്തപുത്രന്‍ ഓഹരി വാങ്ങി, വിറ്റ്, ആ പണവുമായി നാടുവിട്ട്, ഉഴപ്പി ജീവിച്ച്, പണമെല്ലാം തീര്‍ന്ന്, സഹായിക്കാന്‍ ആരുമില്ലാതെ, പന്നി കഴിക്കുന്ന തവിടുപോലും തിന്നാന്‍ കിട്ടാതെ, വയറു വിശന്ന് ഏകനായി, പന്നിക്കൂട്ടില്‍ ഇരിക്കുമ്പോള്‍. അപ്പോഴാണ് അവന് സുബോധം ഉണ്ടായത്. അതിനര്‍ത്ഥം എന്താണ്? അതുവരെ അവന്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും മുഴുവന്‍ സുബോധം ഇല്ലാതെയാണ് എന്നുത്തരം. അപ്പന്റെയും അമ്മയുടെയും ചേട്ടന്റെയും കൂടെ സ്വന്തം വീട്ടില്‍ സമൃദ്ധിയില്‍ കഴിഞ്ഞപ്പോള്‍ അവന് ഒന്നിനും വില തോന്നിയില്ല. അപ്പനും അമ്മയ്ക്കും ചേട്ടനും ഭക്ഷണത്തിനും സമൃദ്ധിക്കും വേലക്കാരുടെ സേവനത്തിനും ജീവിതത്തിന്റെ സുരക്ഷിതത്വത്തിനും ഒന്നും വിലയുണ്ടായില്ല. അന്ന് വിലയുള്ളതായി തോന്നിയ വേറെ ചില കാര്യങ്ങളുണ്ട്. വഴിതെറ്റിക്കുന്ന കൂട്ടുകാര്‍, തോന്ന്യവാസ ജീവിതം, വീടിനു പുറത്തുള്ള സ്വാതന്ത്ര്യം, നിയന്ത്രിക്കുവാന്‍ ആരുമില്ലാത്ത സാഹചര്യങ്ങള്‍. ഇതെല്ലാം നേടുവാനാണ് വീതവും വാങ്ങി വിറ്റ് കാശുമായി ഇറങ്ങിയത്. ആഗ്രഹിച്ചവരോടൊപ്പം ആഗ്രഹിച്ചതുപോലെയൊക്കെ ജീവിച്ചു. അങ്ങനെ പണം തീര്‍ന്നു. പണം തീര്‍ന്നപ്പോള്‍ കൂടെ നില്‍ക്കുന്നവര്‍ക്ക് ഗുണമില്ലാതായി. അവര്‍ കൈവിട്ടു. അങ്ങനെ ഏകനും ദരിദ്രനും ഭക്ഷണവും കിടപ്പാടവും തൊഴിലും വരുമാനവും ഇല്ലാത്തവനായി. അതിനാല്‍ തൊഴില്‍ അന്വേഷണമായി. അങ്ങനെയാണ് പന്നികളെ മേയ്ക്കുന്ന പണി കിട്ടിയത്. പണി കിട്ടിയെങ്കിലും ഭക്ഷണം കിട്ടിയില്ല. അപ്പോഴാണ് വീടിനെപ്പറ്റി, വീടിന്റെ സമൃദ്ധിയെപ്പറ്റി ഓര്‍ത്തത്. ചുരുക്കിപ്പറഞ്ഞാല്‍, മണ്ടത്തരങ്ങളും തെറ്റുകളും കാണിച്ചപ്പോള്‍, താന്‍ കാണിക്കുന്നത് മണ്ടത്തരവും തെറ്റുമാണെന്ന് ഈ ചെറുപ്പക്കാരന് മനസിലായില്ല. എല്ലാം നഷ്ടപ്പെട്ടവനായി തനിച്ചിരിക്കുമ്പള്‍ ജീവിതത്തെ, കടന്നുപോന്ന വഴികളെ, ധ്യാനത്തിന് വിഷയമാക്കി. ഈ ധ്യാനത്തിലൂടെ ചില ആത്മീയ ഉള്‍ക്കാഴ്ചകള്‍ ലഭിച്ചു. ഈ ഉള്‍ക്കാഴ്ച ലഭിച്ച അനുഭവത്തെയാണ് സുബോധം ഉണ്ടായി എന്നു പറയുന്നതിലൂടെ അര്‍ത്ഥമാക്കുന്നത്. സുബോധം ഉണ്ടായപ്പോള്‍ മാത്രമാണ് ഈ യുവാവിന് തെറ്റും ശരിയും മനസിലാകുന്നത്. അവ മനസിലായപ്പോള്‍ അയാള്‍ നന്നായി പ്രതികരിച്ചു. അഹങ്കാരവും ദുരഭിമാനവും ഒന്നും വച്ചുപുലര്‍ത്താതെ വേഗത്തില്‍ വീട്ടിലേക്ക് ചെന്നു. അത് ആ യുവാവിന്റെ നന്മയാണ്. അതുകൊണ്ട് അദ്ദേഹത്തിന് ജീവിതം വീണ്ടും നന്മയുള്ളതായി മാറി.
ഞെരുക്കം ഉണ്ടായപ്പോഴാണ് ധൂര്‍ത്തപുത്രന് സുബോധം ഉണ്ടായത്. അന്ധനായി കഴിയവേയാണ് സാവൂളിന് സുബോധം ഉണ്ടായത്. യേശുവിന്റെ സാന്നിധ്യത്തിലാണ് സക്കേവൂസിന് സുബോധം ഉണ്ടായത്. സ്വന്തം അമ്മാവനായ ലാബാനാല്‍ നിരവധി വര്‍ഷങ്ങള്‍ കബളിപ്പിക്കപ്പെട്ടപ്പോഴാണ് ചേട്ടന്‍ ഏസാവിനെ ചതിച്ച യാക്കോബിന് സുബോധം ഉണ്ടാകുന്നത്. ദൈവകല്‍പനയ്ക്ക് വിരുദ്ധമായി സെന്‍സസ് എടുത്ത ദാവീദിന്റെ സുബോധമില്ലാത്ത പ്രവൃത്തികാരണം ദൈവം പകര്‍ച്ചവ്യാധി അയച്ചു. പകര്‍ച്ചവ്യാധിയില്‍ എഴുപതിനായിരം പേര്‍ ഒന്നാം ദിവസം മരിച്ചു. അപ്പോഴാണ് ദാവീദിന് സുബോധം ഉണ്ടായത്.
ഊറിയായെ കൊന്ന് അദ്ദേഹത്തിന്റെ ഭാര്യയെ സ്വന്തമാക്കിയ ദാവീദ് സുബോധമില്ലാതെ പ്രവര്‍ത്തിച്ചു. ആ മനുഷ്യന്‍ നീ തന്നെ എന്ന് പറഞ്ഞ് നാഥാന്‍ പ്രവാചകന്‍ ദാവീദിനെ കുറ്റപ്പെടുത്തിയപ്പോഴാണ് ദാവീദിന് സുബോധം ഉണ്ടായത്. നിനവെയില്‍ പോയി പ്രസംഗിക്കാതെ ദൈവത്തില്‍നിന്ന് ഒളിച്ചോടിയ യോന സുബോധമില്ലാതെ പ്രവര്‍ത്തിച്ചു. കടലിലേക്ക് എറിയപ്പെട്ട്, മത്സ്യം വിഴുങ്ങി, മത്സ്യത്തിന്റെ ഉള്ളില്‍ മരണത്തെ മുഖാഭിമുഖം കാണുമ്പോഴാണ് യോന എന്ന മനുഷ്യന് സുബോധമുണ്ടാകുന്നത്. ആറ് അബോര്‍ഷന്‍ നടത്തിക്കഴിഞ്ഞ്, മക്കളില്ലാതെ ജീവിക്കുമ്പോഴാണ് ഒരു സ്ത്രീയ്ക്ക് അബോര്‍ഷന്‍ തെറ്റാണെന്ന സുബോധം ഉണ്ടാകുന്നത്. അനേകം അബോര്‍ഷന്‍ നടത്തിയ ഡോക്ടര്‍ക്ക് അവസാനം കൈകള്‍ വിറയ്ക്കാന്‍ തുടങ്ങി. ആ സങ്കടത്തില്‍ കഴിഞ്ഞ കാലത്തെപ്പറ്റി ചിന്തിച്ചപ്പോഴാണ് താന്‍ നടത്തിയ അബോര്‍ഷനുകള്‍ തെറ്റായിരുന്നുവെന്ന വിവേകം ആ ഡോക്ടര്‍ക്ക് കിട്ടിയത
ഇവിടെയെല്ലാം ശ്രദ്ധിക്കേണ്ട ഒരു പൊതുകാര്യമുണ്ട്. ഇവരൊക്കെ വലിയ തകര്‍ച്ചകളിലൂടെയും നഷ്ടങ്ങളിലൂടെയും സഹനങ്ങളിലൂടെയും കടന്നുപോയപ്പോഴാണ് അവര്‍ക്ക് എല്ലാവര്‍ക്കും സുബോധം ഉണ്ടായത്. ഓര്‍ക്കുക: സുബോധം ഉണ്ടായതുകൊണ്ട് അവര്‍ക്ക് ഉണ്ടായ നഷ്ടങ്ങള്‍ നികത്തപ്പെടുന്നില്ല; പ്രശ്‌നങ്ങള്‍ പലതും പരിഹരിക്കപ്പെടുന്നില്ല. അതിനാല്‍ തെറ്റുകളും മണ്ടത്തരങ്ങളും കാണിച്ചശേഷമല്ല നമുക്ക് സുബോധം ഉണ്ടാകേണ്ടത്. അതിനുമുമ്പാണ്. അതിനുമുമ്പ് സുബോധം ഉണ്ടായാല്‍ അനേകം തെറ്റുകളും സഹനങ്ങളും ഒഴിവാക്കാം.
നമ്മളില്‍ അനേകര്‍ സുബോധം ഉള്ളവരാണ്. അതിനാല്‍ വലിയ തെറ്റുകളും മണ്ടത്തരങ്ങളും കാണിക്കാത്തവരാണ്. അതിനാല്‍ അനേക സഹനങ്ങള്‍ നമുക്ക് ഒഴിവായി. അനേക നന്മകള്‍ നമുക്കും കുടുംബത്തിനും സ്ഥാപനത്തിനും ഉണ്ടായി. സുബോധം തന്ന്, പരിശുദ്ധാത്മാവിനെ തന്ന് നമ്മെ നയിച്ച ദൈവത്തിന് നന്ദി പറയാം. നമ്മുടെ ജീവിതത്തെ ഓര്‍ത്ത് സന്തോഷിക്കാം. നമ്മളില്‍ തെറ്റും മണ്ടത്തരവും കാണിച്ച് സഹിക്കുന്നവര്‍ ഇനിയെങ്കിലും സുബോധം ഉള്ളവരാകണം. അവര്‍ ധൂര്‍ത്തപുത്രനെപ്പോലെ എളിമപ്പെട്ട്, പ്രായോഗിക ബുദ്ധി കാണിച്ച്, രക്ഷപ്പെടാനായി തിരിച്ചുവരണം. പരിശുദ്ധാത്മാവേ, വിവേകം നല്‍കി, ജ്ഞാനം നല്‍കി, സുബോധം നല്‍കി ഞങ്ങള്‍ എല്ലാവരെയും നയിക്കണമേ.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?