Follow Us On

31

October

2020

Saturday

തെരുവില്‍ അലയുന്നവരെ തേടുന്ന ക്രിസ്തു

തെരുവില്‍ അലയുന്നവരെ തേടുന്ന ക്രിസ്തു

എന്നെ നടത്തുന്ന ദൈവകൃപയുടെ അനന്ത വഴികളോര്‍ക്കുമ്പോള്‍ നന്ദികൊണ്ട് എന്റെ ഹൃദയം നിറയുന്നു.  അനുദിന ദിവ്യബലി എന്റെ ജീവിതത്തെ പ്രകാശമാനമാക്കുന്നു. മനോനില തെറ്റി തെരുവില്‍ അലയുന്ന അമ്പത് പേര്‍ക്ക് ആശ്വാസകേന്ദ്രമാണ് ‘ആശ്വാസ് ഭവന്‍.’
പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞുള്ള അവധിക്കാലം. വീടിനടുത്തുള്ള കത്തോലിക്കാ ദൈവാലയത്തിലെ വികാരിയച്ചന്‍ വായനയോട് താല്പര്യമുള്ള എനിക്കും രണ്ട് കൂട്ടുകാര്‍ക്കും ബൈബിള്‍ പുതിയ നിയമത്തിന്റെ കോപ്പി നല്‍കി. ഇതര മതഗ്രന്ഥങ്ങളും മറ്റും വായിച്ചും കേട്ടും പരിചയമുള്ള ഞാന്‍ അന്നുരാത്രി ബൈബിള്‍ വായിക്കാന്‍ തുടങ്ങി. വിശുദ്ധ യോഹന്നാന്‍ പതിമൂന്നാം അധ്യായമാണ് ആദ്യമായി തുറന്നപ്പോള്‍ കണ്ണിലുടക്കിയത്. യേശു ശിഷ്യരുടെ പാദം കഴുകുന്ന ഹൃദയസ്പര്‍ശിയായ ഭാഗം. ആ ഭാഗം വായിച്ചപ്പോള്‍ വിരോധാഭാസം തോന്നി.
എങ്ങനെ തോന്നാതിരിക്കും? ഭാരത സംസ്‌കാരത്തില്‍ ശിഷ്യരാണ് ഗുരുപാദം കഴുകുന്നത്. ഇത് നേരെ തിരിച്ചും! വായിച്ചതിന്റെ കുഴപ്പമാണോ? ഒന്നുകൂടി മനസിരുത്തി വായിച്ചുനോക്കി. വായിച്ചതിലല്ല പിശകെന്ന് മനസിലായി. മനുഷ്യരുടെ പാദം കഴുകുന്ന ദൈവത്തോടുള്ള സ്‌നേഹം ഹൃദയത്തില്‍ നിറഞ്ഞു. ഗുരുവെന്ന സ്ഥാനവും ദൈവം എന്ന സ്ഥാനവും മാറ്റിവച്ച് എളിമയും ലാളിത്യവും പ്രകടിപ്പിക്കുന്ന വലിയ ഗുരു. ശിഷ്യരുടെ പാദം കഴുകുകയും തുടച്ച് ആ പാദത്തില്‍ ചുംബിക്കുകയും ചെയ്യുന്ന മഹാഗുരു.
പാദം കഴുകിയ ഗുരുവിനെ പിന്തുടരണമെന്ന ചിന്തയില്‍ നിന്നാണ് തെരുവിലലയുന്ന മനോരോഗികളെ വീണ്ടെടുത്ത് മുടി വെട്ടിച്ച് കുളിപ്പിച്ച് ശുശ്രൂഷിക്കുന്ന ക്രിസ്തുശിഷ്യനാകാന്‍ തീരുമാനിച്ചത്.
എന്നും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോട് പക്ഷം ചേരുന്നവനാണ് ക്രിസ്തു. ആര്‍ക്കും വേണ്ടാതെ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവരെ ആശ്ലേഷിക്കുന്ന ദൈവം. കുഷ്ഠരോഗികളെയും അന്ധരെയും മുടന്തരെയും പിശാച് ബാധിച്ചവനെയും തള്ളിക്കളയാത്ത സ്‌നേഹം.
എന്റെ വീട്ടില്‍നിന്നും പത്ത് കിലോമീറ്റര്‍ അകലെ വെണ്ണിയൂര്‍ എന്ന സ്ഥലത്തുനിന്നും മൂന്ന് കന്യാസ്ത്രീകള്‍ നടന്നുവന്ന് രോഗികള്‍ക്ക് മരുന്നും മറ്റു ശുശ്രൂഷകളും ചെയ്യുന്നത് കുട്ടിക്കാലത്ത് കണ്ടിട്ടുണ്ട്. അവര്‍ മുറിവുകള്‍ വെച്ചുകെട്ടി മരുന്ന് വയ്ക്കുമായിരുന്നു. ഒരിക്കല്‍ അവര്‍ എന്റെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറി. കൈയിലെ പൊതി സമീപത്തുവച്ച് വെള്ളം കോരുന്നതിനിടയില്‍ കാക്കവന്ന് ആ പൊതി കൊത്തിയെടുത്ത് പറന്നു. മരത്തിന് മുകളില്‍വച്ച് കാക്ക പൊതി കൊത്തിത്തുറന്നപ്പോള്‍ സാദാ ഗോതമ്പുദോശ താഴെ വീണു. അവര്‍ കഴിക്കാന്‍ കൊണ്ടുവന്നതായിരുന്നു അത്. ആ ലളിതമായ ജീവിതശൈലി എന്നെ ആകര്‍ഷിച്ചു. ഞാന്‍ മുന്നോട്ട് പോകേണ്ട പാതയേതെന്ന് എനിക്കന്ന് ബോധ്യമായി.
പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും അകമഴിഞ്ഞ് സ്‌നേഹിച്ച ഈശോയെ ഉള്‍ക്കൊള്ളാന്‍ ജ്ഞാനസ്‌നാനവും ആദ്യകുര്‍ബാനയും സ്വീകരിച്ചു. ബൈബിള്‍ അനുഭവത്തിന്റെ ആഴങ്ങളിലേക്ക് സഞ്ചരിച്ചു. ക്രിസ്തു പറഞ്ഞതുപോലെ, സമൂഹം തിരസ്‌കരിക്കപ്പെട്ടവരെ മാറോട് ചേര്‍ക്കുകയാണ് എന്റെ വിളിയെന്നും ബോധ്യമായി. ആദ്യം തെരുവിലലയുന്നവര്‍ക്ക് ഭക്ഷണം വാരി നല്‍കി. പിന്നെ അവര്‍ക്ക് ഭക്ഷണത്തിനൊപ്പം അഭയവുമേകി. കണ്ടാലറയ്ക്കുന്ന മനോരോഗികളെ വൃത്തിയാക്കിയെടുക്കുക ഏറെ ക്ഷമവേണ്ട ശ്രമകരമായ ജോലിയാണ്.
കിടക്കയില്‍ത്തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നവര്‍, ഉപേക്ഷിക്കപ്പെട്ടവര്‍, തെരുവില്‍ അലഞ്ഞുനടന്നവര്‍ ഇവരെയെല്ലാം ഒരു കുടക്കീഴില്‍ ഏറെ വൃത്തിയായി സംരക്ഷിക്കുന്ന ഭാരിച്ച ഉത്തരവാദിത്വം ദൈവം എനിക്ക് തന്നു. ദൈവത്തെ അറിഞ്ഞ അന്നുമുതല്‍ ദൈവം എന്നെ ഉളളംകയ്യില്‍ ചേര്‍ത്ത് പിടിക്കുന്നു.
വിളപ്പില്‍ശാലയ്ക്കടുത്തുള്ള നെടുംകുഴിയിലാണ് ആശ്വാസ്ഭവന്‍. ഒരുപിടി സുമനസുകളുടെ കാരുണ്യത്തില്‍ പുരുഷന്മാര്‍ക്കുവേണ്ടിയുള്ള ഈ സ്ഥാപനം മുന്നോട്ടുപോകുന്നു- അല്ലലുകളും ബാധ്യതകളുമേറെയുണ്ടെങ്കിലും.

ശശിധരന്‍
(ആശ്വാസ്ഭവന്‍, തിരുവനന്തപുരം)

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?