Follow Us On

29

March

2024

Friday

അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിശുദ്ധ യാക്കോബ്‌

അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും വിശുദ്ധ യാക്കോബ്‌

ഈശോയുടെ ആദ്യ നാലു ശിഷ്യന്മാരില്‍ ഒരാളായിരുന്നു യാക്കോബ് ശ്ലീഹാ. പന്ത്രണ്ട് അപ്പസ്‌തോലന്മാരില്‍ രണ്ട് യാക്കോബുമാരുള്ളതില്‍ പ്രായക്കൂടുതലിന്റെ പേരില്‍ ഇദ്ദേഹം വലിയ യാക്കോബ് എന്നാണറിയപ്പെടുന്നത്. ബെത്‌സയ്ദാ ഗ്രാമത്തില്‍ സെബദിയുടെയും സലോമിയുടെയും പുത്രനായിരുന്ന യാക്കോബ്, ഈശോയുടെ പ്രിയ ശിഷ്യനായിരുന്ന യോഹന്നാന്റെ ജ്യേഷ്ഠസഹോദരനായിരുന്നു. ഈശോയെ കണ്ടുമുട്ടിയ ദിവസം ഇവര്‍ ഈശോയുടെകൂടെ താമസിച്ചു. ഈശോ ധാരാളം കാര്യങ്ങള്‍ അവരോട് പറഞ്ഞു. അവര്‍ക്കുണ്ടായിരുന്ന സംശയങ്ങള്‍ക്ക് ഈശോ മറുപടി നല്‍കി. അന്നുമുതല്‍ അവര്‍ തങ്ങള്‍ക്കുണ്ടായിരുന്ന സര്‍വതും ഉപേക്ഷിച്ച് ഈശോയുടെ വത്സലശിഷ്യന്മാരായിത്തീര്‍ന്നു.
അനുസരണത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും തീക്ഷ്ണവിശ്വാസത്തിന്റെയും മകുടോദാഹരണമായിരുന്നു യാക്കോബ്. ഇവരുടെ മാതാവായ സലോമി ഈശോയുടെ ശിഷ്യയായിരുന്നു. സുവിശേഷത്തില്‍ നമ്മള്‍ സലോമിയുടെ അഭ്യര്‍ത്ഥന വായിക്കുന്നുണ്ട്. നിന്റെ രാജ്യത്തില്‍ എന്റെ ഈ രണ്ടു പുത്രന്മാരില്‍ ഒരുവനെ വലതുവശത്തും അപരനെ ഇടതുവശത്തും ഇരിക്കുന്നതിന് കല്‍പിക്കണം. അതിനുള്ള വ്യവസ്ഥ രക്തസാക്ഷിത്വമാണെന്ന് ഈശോ വ്യക്തമാക്കി. ഈശോയുടെ ചോദ്യത്തിന് അവര്‍ സധൈര്യം ഉത്തരം പറഞ്ഞു. ‘ഞങ്ങള്‍ക്ക് കഴിയും.’ വര്‍ഷങ്ങള്‍ക്കുശേഷം ശ്ലീഹന്മാരില്‍ ആദ്യ രക്തസാക്ഷിത്വപദവി ലഭിച്ചത് വലിയ യാക്കോബിനായിരുന്നു. ഡൊമിഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് യോഹന്നാനെ എരിയുന്ന തീച്ചൂളയിലേക്ക് എറിഞ്ഞുവെന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടുവെന്നും സഭാപിതാവായ തെര്‍ത്തുല്യന്‍ ഓര്‍മിപ്പിക്കുന്നു.
വിശുദ്ധ യാക്കോബിന്റെ പ്രവര്‍ത്തന മണ്ഡലം സ്‌പെയിന്‍ ആയിരുന്നു. ആദ്യകാലത്ത് തന്റെ സുവിശേഷപ്രവര്‍ത്തനങ്ങള്‍ ഫലം കാണാതെ വന്നതുകൊണ്ട് വേദനിച്ച് തളര്‍ന്നിരുന്നപ്പോള്‍ പരിശുദ്ധ കന്യാമാതാവ് പ്രത്യക്ഷപ്പെട്ട് ആശ്വസിപ്പിക്കുകയും ധൈര്യപ്പെടുത്തുകയും ചെയ്തുവെന്നാണ് വിശ്വാസം.
അന്ന് പരിശുദ്ധ അമ്മ ജീവിച്ചിരുന്ന കാലമായിരുന്നു. പരിശുദ്ധ അമ്മയുടെ ആദ്യ പ്രത്യക്ഷപ്പെടലായിരുന്നത്.
ഒരേസമയത്ത് രണ്ടിടത്ത് ആയിരിക്കാനുള്ള അത്ഭുതസിദ്ധി ദൈവം അമ്മയ്ക്ക് നല്‍കിയതിന്റെ തെളിവുകൂടിയാണ് ഈ സംഭവം. സ്‌പെയിനിലെ ജാര്‍ഗോസായിലാണ് മാതാവ് പ്രത്യക്ഷപ്പെട്ടത്. അവിടെ നദീതീരത്ത് ഒരു സ്തൂപത്തില്‍ അമ്മ ചാരി നില്‍ക്കുന്നതായിട്ടാണ് അദ്ദേഹം കണ്ടത്. ഡാര്‍ഗോസാ എന്ന ആ സ്ഥലം ഇന്ന് ലോകപ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രങ്ങളില്‍ ഒന്നാണ്.
‘പിലാര്‍ മാതാവ്’എന്ന പേരില്‍ ഈ സ്ഥലത്തെ ലോകം വന്ദിക്കുന്നു. ഹേറോദേസ് അഗ്രിപ്പ യഹൂദരെ പ്രീണിപ്പിക്കാന്‍വേണ്ടി ക്രിസ്ത്യാനികളുടെ നേരെ മര്‍ദനം ആരംഭിച്ചു. യാക്കോബും പത്രോസുമായിരുന്നു ആദിമ ക്രൈസ്തവ സമൂഹത്തിന്റെ തലവന്മാര്‍. യാക്കോബ് ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് യഹൂദര്‍ അഗ്രിപ്പയെ അറിയിച്ചു. ഈശോ രക്ഷകനാണെന്നും രക്ഷ അവനിലൂടെ മാത്രമേ ഉള്ളൂവെന്നും യാക്കോബ് ജനങ്ങളെ ബോധിപ്പിക്കുന്നു എന്നതായിരുന്നു ആരോപണം. കൊലസ്ഥലംവരെ യാക്കോബ് ക്രിസ്തുവിനെക്കുറിച്ച് പ്രസംഗിക്കുകയും വഴിയിലുടനീളം വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കുകയും ചെയ്തു. എവുസേബിയസിന്റെ സഭാചരിത്രത്തില്‍ വായിക്കുന്നത് യാക്കോബിനെ ന്യായാധിപന്റെ മുമ്പില്‍ ഹാജരാക്കിയ വ്യക്തി, യാക്കോബ് ശ്ലീഹ വിചാരണയിലും വിധിസമയത്തും പ്രകടിപ്പിച്ച ധീരതകണ്ട് മാനസാന്തരപ്പെട്ട് വിളിച്ചുപറഞ്ഞു, താനും ഒരു ക്രിസ്ത്യാനിയാണെന്ന്. അതിനാല്‍ അവരിരുവരും കൊലക്കളത്തിലേക്ക് ഒരുമിച്ച് ആനയിക്കപ്പെട്ടു. വഴിയില്‍വച്ച് അയാള്‍ യാക്കോബിനോട് മാപ്പിരന്നു. യാക്കോബ് അല്‍പനേരത്തെ ആലോചനയ്ക്കുശേഷം സമാധാനം നിന്നോടുകൂടെ എന്ന് പറഞ്ഞ് അവനെ ചുംബിച്ചു. രണ്ടുപേരുടെയും ശിരസ് ഒപ്പം ഛേദിക്കപ്പെട്ടു.
യാക്കോബ് ശ്ലീഹായുടെ പ്രസക്തി
ആരായിരിക്കണം ഒരു ഉത്തമ ക്രിസ്ത്യാനി എന്ന് ശ്ലീഹായുടെ ലേഖനത്തിലെ തലക്കെട്ടുകള്‍തന്നെ വ്യക്തമാക്കുന്നു. അഭിവാദനം, വിശ്വാസവും ജ്ഞാനവും, ദാരിദ്ര്യവും സമ്പത്തും, പരീക്ഷകളെ നേരിടുക, വചനം പാലിക്കുക പക്ഷപാതത്തിനെതിരെ, വിശ്വാസവും പ്രവൃത്തിയും, നാവിന്റെ ദുരുപയോഗം, യഥാര്‍ത്ഥ ജ്ഞാനം, സഹോദരനെ വിധിക്കരുത്, ആത്മപ്രശംസ പാടില്ല, ധനവാന്മാര്‍ക്ക് മുന്നറിയിപ്പ്, കാത്തിരിക്കുവിന്‍, രോഗികള്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥന എന്നിങ്ങനെയുള്ള തലക്കെട്ടുകള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നിര്‍ദേശങ്ങള്‍ ഈ ആധുനിക കാലഘട്ടത്തില്‍ ക്രൈസ്തവര്‍ എങ്ങനെ ജീവിക്കണമെന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങളാണ്.
വിശുദ്ധ യാക്കോബിന്റെ കുരിശ്
വിശ്വാസികള്‍ക്കെതിരെയുള്ള പൈശാചികസേവകളെ നിര്‍വീര്യമാക്കുന്നതിനായും ഉപയോഗിക്കുന്നതാണ് വിശുദ്ധ യാക്കോബിന്റെ കുരിശ്. കാബോസ്റ്റെല്ലയിലെ വിശുദ്ധ യാക്കോബിന്റെ ദൈവാലയത്തില്‍ പ്രധാന വാതിലിന് മുകളില്‍ ഇത് പ്രദര്‍ശിപ്പിച്ചിരിക്കുന്നു.

ജയിംസ് വടക്കന്‍

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?