Follow Us On

30

November

2020

Monday

ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലേക്ക് …

ഒന്നുമില്ലായ്മയില്‍ നിന്നും ഉയരങ്ങളിലേക്ക് …

എന്നും ആത്മീയതയെ ചേര്‍ത്തു പിടിച്ച സാബു ആരക്കുഴയുടെ ഒരു പ്രോഗ്രാം കൈരളി ചാനലില്‍ കണ്ടപ്പോഴാണ് അദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എത്ര വലുതെന്ന് മനസിലാകുന്നത്.
ഒരേ സമയത്ത് മൂന്നു കാര്യങ്ങള്‍ ചെയ്യുന്ന മഹത്തായ ഒരു കലാവിരുന്നാണ് അദേഹം ആ പ്രോഗ്രാം അവതാരകയുടെ മുന്നില്‍ ചെയ്ത് കാണിച്ചത്.
അധരംകൊണ്ട് പാടുകയും വലതുകൈ കൊണ്ട് വരയ്ക്കുകയും ഇടതു കൈകൊണ്ട് ശില്‍പ്പം മെനഞ്ഞും സാബു ജനഹൃദയങ്ങള്‍ കീഴടക്കുകയാണ്. ഇപ്പോള്‍ തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ അധ്യാപകനായി സാബു ജോലി ചെയ്യുന്നു.
വീട്ടിലെ ദാരിദ്യം മൂലം ബാല്യത്തില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്ക് ഇറങ്ങിയ ഒരു കാലമുണ്ടായിരുന്നു ഈ കലാകാരന്.
അന്ന് പാറമടയില്‍ പണി, ടാപ്പിംഗ്, പെയിന്റിംഗ്, കോലഞ്ചേരി ടൗണ്‍ ചുമട്ടുപണി ഇങ്ങനെ അനേകം ജോലികള്‍ ചെയ്ത ശേഷമാണ് കഠിനമായി കഷ്ടപ്പെട്ട് പഠിച്ച് സാബു ഈ നിലയില്‍ എത്തുന്നത്.
ബിരുദധാരിയായ ഭാര്യയുടെ സഹായത്തോടെയാണ് 16 കൊല്ലങ്ങള്‍ക്കുശേഷം സാബു പത്താം ക്ലാസ് പഠനം പൂര്‍ത്തീകരിച്ചതുതന്നെ. അതും എസ്എസ്എല്‍സിക്ക് എറണാകുളം ജില്ലയിലെ ഏറ്റവും കൂടുതല്‍ മാര്‍ക്കോടെ.
തൊട്ടടുത്ത വര്‍ഷം കോതമംഗലം സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തൂപ്പ് ജോലിക്കാരനായി ജോലികിട്ടി.
തുടര്‍ന്ന് ഹയര്‍സെക്കന്‍ഡറി കുട്ടികളുടെ പുസ്തകം വാങ്ങി, പഠിച്ച് ഹയര്‍ സെക്കന്‍ഡറിയും പാസായി, ചിത്രകലയില്‍ ഡിപ്ലോമ എടുത്തു. ഒപ്പം ബി എ സോഷ്യോളജിയും.
കുട്ടികളെ നാടന്‍ പാട്ട്, മിമിക്രി, മോണോ ആക്ട്, നാടകം, ചിത്രകല, കാര്‍ട്ടൂണ്‍ ഇവ എല്ലാം പഠിപ്പിച്ചു, ആരോടും പത്തു പൈസ പോലും പ്രതിഫലം വാങ്ങാതെ സംസ്ഥാന കലാമേളയില്‍ കഴിഞ്ഞ നാലുവര്‍ഷമായി സാബു പഠിപ്പിച്ച കുട്ടികള്‍ നാടന്‍പാട്ട്, മിമിക്രി, മോണോ ആക്ട് കാര്‍ട്ടൂണ്‍ എന്നീ മത്സരങ്ങളില്‍ പങ്കെടുക്കുന്നു.
ഈ വര്‍ഷം ‘മേരാ നാം ഷാജി’ എന്ന സിനിമയില്‍ ‘കുണുങ്ങിക്കുണുങ്ങി’ എന്ന ഗാനം എഴുതി സംഗീതം നല്‍കി. ഇപ്പോള്‍ 150 ലേറെ ആല്‍ബങ്ങള്‍ക്കും സംഗീതം നിര്‍വഹിച്ചു കഴിഞ്ഞു. കലാഭവന്‍ മണിയുടെ നാടന്‍ പാട്ടുകള്‍ എഴുതി സംഗീതം നല്‍കി. പത്ത് പുസ്തകങ്ങള്‍ രചിച്ചു. അദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ മാനിച്ച് 2017-ല്‍ ഡോക്ടര്‍ അംബേദ്കര്‍ കലാശ്രീ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.
കലാപ്രവര്‍ത്തനങ്ങള്‍ക്കും പഠനത്തിനും എല്ലാം ഭാര്യ അനുവിന്റെ പ്രോത്സാഹനം ഉണ്ട്. അധ്യാപകനായി ജോലി കിട്ടിയതില്‍ ഏറ്റവും അധികം സന്തോഷിച്ചത് അമ്മച്ചിയാണെന്ന് സാബു പറയുന്നു.
‘അമ്മച്ചിക്ക് ഇപ്പോള്‍ 72 വയസ്സ്, സംസാരശേഷി നഷ്ടമായിരിക്കുന്നു. അധ്യാപകനായി ജോലി കിട്ടിയ സന്തോഷത്തില്‍ അമ്മയും അച്ഛനും കൂടി വീട്ടില്‍ കേക്ക് മുറിച്ചിരുന്നു. അമ്മയുടെ കണ്ണുകള്‍ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
കലാരംഗത്ത് നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും പഠിക്കാന്‍ തയ്യാറായതും തൂപ്പ് പണി ചെയ്തതും, ചാച്ചന്റെയും അമ്മയുടെയും ആഗ്രഹം നിര്‍വഹിക്കാന്‍ വേണ്ടി മാത്രമായിരുന്നു, അവര്‍ക്ക് സ്‌കൂള്‍ വിദ്യാഭ്യാസം ലഭിച്ചിരുന്നില്ലല്ലോ. എല്ലാത്തിനും ദൈവത്തോട് നന്ദി പറയുന്നു,’ ഇതുപറയുമ്പോള്‍ സാബുവിന്റെ കണ്ണുകളും നിറഞ്ഞിട്ടുണ്ട്.
കൊടുക്കാം കഠിന പരിശ്രമിയായ ഈ കലാകാരന് ഒരു ബിഗ് സല്യൂട്ട്…

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?