Follow Us On

29

March

2024

Friday

കലാപഭൂമിയിലെ ശാന്തിദൂതന്‍

കലാപഭൂമിയിലെ ശാന്തിദൂതന്‍

അക്രമരാഷ്ട്രീയത്തിനെതിരെ കണ്ണൂര്‍  കേന്ദ്രമാക്കി റവ. ഡോ. സ്‌കറിയ കല്ലൂര്‍ കപ്പൂച്ചിന്‍ തുടങ്ങിയ ജനകീയ പ്രസ്ഥാനം ഇന്ന് കേരളമെങ്ങും അറിയപ്പെടുന്ന വിധത്തില്‍ വളര്‍ന്നിരിക്കുന്നു. അക്രമസംഭവങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കുറയ്ക്കുവാനും ജനങ്ങളില്‍  പരസ്പര സ്‌നേഹവും വിശ്വാസവും വളര്‍ത്തുവാനും ഇതിന് കഴിയുന്നു. ക്രൈസ്തവര്‍ വിരളമായി മാത്രമുള്ള ഈ പ്രദേശങ്ങളില്‍ അച്ചന്റെ പ്രവര്‍ത്തനം സുവിശേഷസാക്ഷ്യമാണ്.

 

മഴയും തണുപ്പുമുള്ള സായാഹ്നം. കടത്തിണ്ണയില്‍ തണുത്ത് വിറച്ച് ഒരു വൃദ്ധന്‍. കയറിക്കിടക്കാന്‍ മാര്‍ഗമില്ലാതെ വിഷമിച്ചിരുന്ന ഇയാളുടെ അടുത്തുചെന്ന് അപ്പച്ചന്‍ വിവരങ്ങള്‍ ചോദിച്ചു. കൊടുംതണുപ്പില്‍ അവിടെ കഴിഞ്ഞാല്‍ അയാളുടെ ജീവന്‍പോലും അപകടത്തിലായേക്കുമെന്ന നിലയിലായിരുന്നു. അതുകൊണ്ട് അദ്ദേഹത്തെ താങ്ങിയെഴുന്നേല്‍പിച്ച് പതുക്കെ വീട്ടിലെത്തിച്ചു. ചൂടുള്ള ഭക്ഷണം നല്‍കി, തണുപ്പേല്‍ക്കാതെ പുതപ്പും കൊടുത്ത് രാത്രി കിടക്കാനുള്ള സൗകര്യവും കൊടുത്തു. ഈ പ്രവൃത്തി ജീവിതത്തില്‍ മറക്കാനാവാത്ത അനുഭവമാണ് നല്‍കിയത്. പാവങ്ങളോടുള്ള കരുണയും കരുതലും എങ്ങനെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാമെന്ന് അതെനിക്ക് ബോധ്യം തന്നു; ഫാ. സ്‌കറിയ കല്ലൂര്‍ പറയുന്നു.
വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ഭക്തിയും അദ്ദേഹത്തിന്റെ ജീവിതമാതൃകയോടുള്ള ആദരവും സ്‌നേഹവുമാണ് റവ. ഡോ. സ്‌കറിയ കല്ലൂരിനെ കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ത്തത്.
മലബാറിലെ ആദ്യകാല കുടിയേറ്റ ദമ്പതികളായ തലശേരി അതിരൂപതയിലെ കിളിയന്തറ കല്ലൂര്‍ തോമസ്-മേരി ദമ്പതികളുടെ മകനാണ് ഫാ. സ്‌കറിയ കല്ലൂര്‍. ഒമ്പത് മക്കളില്‍ രണ്ടുപേര്‍ ദൈവവിളി സ്വീകരിച്ചു. സഹോദരി സിസ്റ്റര്‍ സിസിലി മേഘാലയയില്‍ ശുശ്രൂഷ ചെയ്യുന്നു. ബാല്യകാലത്ത് പിതാവുമായി ടൗണില്‍നിന്നും വീട്ടിലേക്കുള്ള യാത്രയിലെ ഒരനുഭവം ദൈവവിളിക്ക് വഴിയൊരുക്കി.
വിശുദ്ധ ഫ്രാന്‍സിസിന്റെ സമാധാന പ്രാര്‍ത്ഥന, ജീവചരിത്രം എല്ലാം കപ്പൂച്ചിന്‍ സഭയോട് അടുപ്പിക്കുന്നതായിരുന്നു. 1978-ല്‍ ഭരണങ്ങാനത്തായിരുന്നു സെമിനാരി പരിശീലനം തുടങ്ങിയത്. മൈനര്‍ സെമിനാരി പഠനത്തിനുശേഷം തൃശൂര്‍ കാല്‍വരിയില്‍ ഫിലോസഫി പഠിച്ചു. തിയോളജി പഠനം കോട്ടയത്തായിരുന്നു. 1990 ഡിസംബറില്‍ പൗരോഹിത്യപട്ടം സ്വീകരിച്ചു.
തുടര്‍ന്ന് ഉപരിപഠനത്തിനായി റോമിലേക്ക്. അവിടെ പഠിച്ച് ലൈസന്‍സിയേറ്റ്, ഡോക്ടറേറ്റ് പഠനങ്ങള്‍ക്കുശേഷം 1998-ല്‍ തിരിച്ചെത്തി. പേരാമ്പ്രയില്‍ രണ്ടുവര്‍ഷം വികാരിയായി ശുശ്രൂഷ ചെയ്തു. കോഴിക്കോടിനടുത്ത് കുണ്ടായത്തോട്, വടപുരം, നിലമ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളിലും ഇടവകകളില്‍ സേവനം ചെയ്തു. വെള്ളരിക്കുണ്ട് (കാസര്‍ഗോഡ് ജില്ല), പനമരം എന്നിവിടങ്ങളില്‍ ആശ്രമത്തിലും ശുശ്രൂഷ ചെയ്തിരുന്നു.
2008-ല്‍ കണ്ണൂര്‍ മേലേചൊവ്വയില്‍ പാവനാത്മ വൈസ് പ്രൊവിന്‍സ് തുടങ്ങി തലശേരി അതിരൂപതയില്‍ ശുശ്രൂഷകള്‍ കൂടുതല്‍ വ്യാപിപ്പിക്കാനും കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിച്ചു.
കണ്ണൂര്‍ മേഖലയിലെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഫാ. സ്‌കറിയ കല്ലൂര്‍ ഇപ്പോള്‍ കപ്പൂച്ചിന്‍ സഭയുടെ ഏഴംഗ സാര്‍വദേശീയ പീസ് കൗണ്‍സിലില്‍ ഇന്ത്യയില്‍നിന്നുള്ള ഏക പ്രതിനിധിയാണ്. പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് ചെയര്‍മാനും നിരവധി സമാധാന കമ്മിറ്റികളുടെ മുന്‍നിര പ്രവര്‍ത്തകനുമാണ്.
മലബാറിലെ സംഘര്‍ഷബാധിത മേഖലകളില്‍ സമാധാനദൂതുമായി ചെല്ലുകയും സമാധാന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ശ്രമിക്കുന്നു. ദുരിതബാധിതര്‍ക്ക് ആശ്വാസം എത്തിക്കുക, സംഘര്‍ഷം വ്യാപിപ്പിക്കാതിരിക്കുന്നതിന് ശ്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സുമനസുകളുടെ കൂട്ടായ്മയാണ് പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ്.
എല്ലാ മതമേലധ്യക്ഷന്മാരും സമാധാനശ്രമങ്ങള്‍ക്ക് വലിയ പിന്തുണയും സഹകരണവും നല്‍കുന്നു. രാഷ്ട്രീയഭിന്നതകളുടെ പേരില്‍ ലോകത്തൊരിടത്തും കേട്ടിട്ടില്ലാത്ത ക്രൂരതയാണ് രാഷ്ട്രീയ എതിരാളികള്‍ പലപ്പോഴും ചെയ്യുന്നത്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കാന്‍ ക്രിസ്തുനാമത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വലിയ പ്രയോജനം ചെയ്യുന്നുണ്ടെന്ന് അച്ചന്‍ പറയുന്നു.
ഭീകരമായ ദ്രോഹത്തിനെതിരെ പ്രതികരിക്കാന്‍പോലും ആരും ഇല്ലാത്ത സ്ഥിതിയായിരുന്നു. അരുതേ കാട്ടാള എന്ന് അക്രമികളുടെ മുഖത്തുനോക്കി പറയാന്‍ ആരുമില്ലായിരുന്നു. ഇപ്പോള്‍ കണ്ണൂര്‍ മേഖലയില്‍ എവിടെയെങ്കിലും അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അവിടെ ഓടിയെത്താന്‍ അച്ചന്റെ നേതൃത്വത്തില്‍ സമാധാനപ്രവര്‍ത്തകര്‍ രംഗത്തുണ്ട്.
സമാധാനയജ്ഞത്തില്‍ സഹകരിക്കുന്ന എല്ലാവരെയും അണിനിരത്തിയായിരുന്നു പ്രവര്‍ത്തനങ്ങളെല്ലാം. ആന്ധ്രയിലെ അഞ്ചുവര്‍ഷക്കാലത്തെ സേവനകാലത്തെ അനുഭവങ്ങളും സഭയുടെ പ്രബോധനങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായി. പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ പീസ് പ്രവര്‍ത്തനം കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കാനും കൂടുതല്‍ ജനകീയമാക്കുവാനും തീരുമാനിച്ചായിരുന്നു ഫോറം പ്രവര്‍ത്തനങ്ങള്‍. ദേശീയ തലത്തില്‍ പ്രമുഖ ഗാന്ധിയനായ ഡോ. പി.വി. രാജഗോപാല്‍ ചെയര്‍മാനും റവ. ഡോ. സ്‌കറിയ കല്ലൂര്‍ കോ-ഓര്‍ഡിനേറ്ററുമായി കമ്മിറ്റി രൂപീകരിച്ചു.
‘സമാധാനവും നീതിയുടെയും പ്രകൃതിയുടെയും സമഗ്രതയും’ എന്ന പേരില്‍ ആഗോളതലത്തില്‍ കപ്പൂച്ചിന്‍ സഭാനേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കര്‍മനിരതമാക്കുന്നതിനുമുള്ള കമ്മിറ്റിയില്‍ അംഗമായി സഭാനേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. റോം ആസ്ഥാനമായുള്ള കമ്മിറ്റിയില്‍ കേരളത്തിലെയും ഭാരതത്തിലെയും പ്രവര്‍ത്തനപരിചയം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാനും അച്ചന് കഴിയുന്നു.
ഐക്യരാഷ്ട്ര സഭയുടെ സമാധാന പ്രവര്‍ത്തനങ്ങളിലും കല്ലൂരച്ചന്‍ സജീവമായി പങ്കാളിയാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സ്വിറ്റ്‌സര്‍ലണ്ടില്‍ നടന്ന സമ്മേളനത്തിലും പങ്കെടുത്തിരുന്നു. കണ്ണൂര്‍ ജില്ലയില്‍ നടപ്പാക്കിയ സമാധാന പ്രവര്‍ത്തനമാതൃകയില്‍ പാക്കിസ്ഥാന്‍ കപ്പൂച്ചിന്‍ സഭ നടപ്പാക്കുന്ന ശ്രമങ്ങളുമായി സഹകരിച്ചുവരുന്നു.
കണ്ണൂര്‍ ആസ്ഥാനമായി ‘യുവശക്തി നാടിന്റെ വിമോചനത്തിന്’ എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വലിയ വിജയമാണ്. ‘യൂത്ത് പീസ് ഫോറം’ കര്‍മരംഗത്ത് സജീവമാണ്. ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി, പ്രമുഖ ഗാന്ധിയന്‍ ഡോ. പി.വി. രാജഗോപാല്‍, കെ.പി.എ. റഹിം തുടങ്ങിയവര്‍ രക്ഷാധികാരികളും ഫാ. സ്‌കറിയ കല്ലൂര്‍ ഫൗണ്ടര്‍ ഡയറക്ടറും ഫാ. സണ്ണി തോട്ടപ്പള്ളി അസിസ്റ്റന്റ് ഡയറക്ടറുമാണ്. അക്രമ (രാഷ്ട്രീയ, മത) പ്രവണതകളെ കുറച്ചുകൊണ്ടുവരിക, ജനങ്ങളെ നിസംഗമായ സമാധാനകാംക്ഷികള്‍ എന്ന നിലയില്‍നിന്നും ക്രിയാത്മകതയുള്ള സമാധാനപ്രവര്‍ത്തകരാക്കി മാറ്റുക, ഒരുലക്ഷം വിദ്യാര്‍ത്ഥികളെ സമാധാന സന്ദേശവാഹകരാക്കുക, സ്ത്രീകളെ സമാധാന പ്രവര്‍ത്തനങ്ങളുടെ മുന്നണിപ്പോരാളികളാക്കി മാറ്റുക തുടങ്ങിയ ലക്ഷ്യങ്ങളോടെയുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. മലബാറിലെ എല്ലാ മേഖലകളിലും വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് യൂത്ത് പീസ് ഫോറം വലിയ സംഭാവന ചെയ്തുവരുന്നു.
”വിശുദ്ധ ഫ്രാന്‍സിസിന്റെ കര്‍മപരിപാടികള്‍ക്ക് ആധുനിക കാലത്ത് വലിയ പ്രാധാന്യമുണ്ട്. മനുഷ്യനെയും പ്രകൃതിയെയും സേവിക്കാനും ലോകസമാധാനയജ്ഞങ്ങള്‍ക്ക് ഊര്‍ജമേകാനും കപ്പൂച്ചിന്‍ സഭാവൈദികരുടെ സംഭാവന വലുതാണ്. അതിലൂടെ ക്രിസ്തുവിന്റെ സ്‌നേഹസന്ദേശം കൂടുതല്‍ വ്യാപിപ്പിക്കാന്‍ കഴിയുന്നുണ്ട്.” അച്ചന്‍ പറയുന്നു.
പാവനാത്മ പ്രൊവിന്‍സായി ഉയര്‍ത്തിയപ്പോള്‍ പ്രഥമ പ്രൊവിന്‍ഷ്യാളായി കല്ലൂരച്ചനെ നിയോഗിച്ചു. 2012-ല്‍ ടി.പി ചന്ദ്രശേഖരന്‍ ക്രൂരമായി കൊല്ലപ്പെട്ടശേഷം സമാധാനശ്രമങ്ങള്‍ക്കായി കൂടുതല്‍ സജീവമായി. കപ്പൂച്ചിന്‍ സഭാമേലധികാരികള്‍ വേണ്ട പ്രോത്സാഹനം നല്‍കി.
തലശേരി, കോട്ടയം അതിരൂപതാധ്യക്ഷന്മാരും കണ്ണൂര്‍, ബത്തേരി രൂപത മെത്രാന്മാരും ഹിന്ദു, മുസ്ലീം മതനേതാക്കളും പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിച്ചു. സമാധാനശ്രമങ്ങള്‍ക്കായി കൂടുതല്‍ ജനവിഭാഗങ്ങളെ അണിനിരത്തി, ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ കഴിഞ്ഞു. ഒരു ദിവസത്തെ പൂര്‍ണ ഉപവാസത്തോടെയാണ് പ്രവര്‍ത്തനരംഗത്തിറങ്ങിയത്. ഉപവാസപ്രാര്‍ത്ഥനായജ്ഞത്തില്‍ വിദ്യാര്‍ത്ഥികളും യുവജനങ്ങളും സ്ത്രീകളുമെല്ലാം പങ്കാളികളായി. ഫ്രാന്‍സിസ്‌കന്‍ എന്ന പേരില്‍ അറിയപ്പെടുകയും അക്രമങ്ങളും കൊലപാതക പരമ്പരകളും നടക്കുമ്പോള്‍ കാഴ്ചക്കാരനായി നോക്കിയിരിക്കുവാന്‍ അച്ചന് കഴിയുമായിരുന്നില്ല.
കണ്ണൂര്‍ കേന്ദ്രമാക്കി അക്രമരാഷ്ട്രീയത്തിനെതിരായി തുടങ്ങിയ ജനകീയ പ്രസ്ഥാനത്തിലൂടെ അക്രമസംഭവങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളും കുറയ്ക്കുവാനും ജനങ്ങളില്‍ പരസ്പര സ്‌നേഹവും വിശ്വാസവും വളര്‍ത്തുവാനും കഴിഞ്ഞിരിക്കുന്നു. ക്രൈസ്തവര്‍ വിരളമായി മാത്രമുള്ള പ്രദേശങ്ങളില്‍ അച്ചന്റെ ശുശ്രൂഷയും പ്രവര്‍ത്തനവും വഴി സുവിശേഷസാക്ഷ്യമാകാന്‍ കഴിയുന്നു.

 

പ്ലാത്തോട്ടം മാത്യു

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?