Follow Us On

10

December

2019

Tuesday

കളിക്കളത്തിലെ ഇടയന്‍

കളിക്കളത്തിലെ ഇടയന്‍

വിശുദ്ധ ജോണ്‍ പോള്‍ മാര്‍പാപ്പ കര്‍ദിനാളായിരിക്കുമ്പോള്‍ ഒട്ടനവധി സ്‌പോര്‍ട്‌സ് മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സ്‌കീയിംഗ് അദേഹത്തിന് ഹരമായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയും വലിയ ഫുട്‌ബോള്‍ കമ്പക്കാരനാണ്. അര്‍ജന്റീനയിലെ ടോപ് ഡിവിഷനില്‍ കളിക്കുന്ന സാന്‍ ലോറെന്‍സോയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഇഷ്ട ടീം തന്നെ.
2008-ല്‍ സാന്‍ ലോറെന്‍സോ ക്ലബ്ബ് ഫ്രാന്‍സിസ് പാപ്പക്ക് ഫുട്‌ബോളില്‍ മെംബര്‍ഷിപ്പ് കാര്‍ഡു പോലും അനുവദിച്ചിരുന്നുവത്രേ.
ഇതുപോലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ ആവേശത്തോടെ കാണുന്നൊരു ബിഷപ് നമുക്കുമുണ്ട്. ഇടയ്ക്ക് അദേഹം കളിക്കളത്തിലുമിറങ്ങും. തിരുവനന്തപുരം സഹായമെത്രാനായ ഡോ. ആര്‍. ക്രിസ്തുദാസാണ് കളികളത്തിലെ വേറിട്ട സാന്നിധ്യമാകുന്നത്.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ നടന്ന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ ഇടയ്ക്ക് കളിക്കാനിറങ്ങുന്ന അദ്ദേഹം ഏറെ ജനപ്രിയ ഇടയനാണ്. സോമതീരം ലിഫ കപ്പിന്റെ പ്രദര്‍ശന മത്സരത്തിലാണ് കളേര്‍ഴ്‌സ് ഇലവനു വേണ്ടി കഴിഞ്ഞ മാസം ബിഷപ് ബൂട്ട് അണിഞ്ഞത്. പ്രസ് ക്ലബ് ഇലവനായിരുന്നു അന്ന് എതിരാളികള്‍… ദേശീയ സംസ്ഥാന ഫുട്‌ബോള്‍ താരങ്ങളെ സംഭാവന ചെയ്ത തീരദേശ ഗ്രാമമായ അടിമലത്തുറയിലാണ് ബിഷപ് ജനിച്ചത്.
ജന്മഗ്രാമത്തിന്റെ ഫുട്‌ബോള്‍ ആവേശം ബിഷപ് ക്രിസ്തുദാസ് ഹൃദയത്തില്‍ താലോലിക്കുന്നു. ‘സെമിനാരി ജീവിത കാലത്തിനുമുമ്പേ തനിക്ക് ഫുട്‌ബോള്‍ ഹരമായിരുന്നു’; ബിഷപ് പറയുന്നു.
”ഭൗതികമായി ചിന്തിച്ചാല്‍ എനിക്ക് കായികരംഗത്തോട് തോന്നിയ കമ്പം ദൈവനിയോഗംപോലെയാണെന്ന് പറയാം.” ബിഷപ് അങ്ങനെയാണ് അതെക്കുറിച്ച് പറഞ്ഞത്.
”എന്റെ ബാല്യകാലത്ത് സ്‌പോര്‍ട്‌സിനോടുള്ള ഭ്രമം ആ വിധത്തിലാണ് വന്നു ഭവിച്ചത്. കുടുംബത്തില്‍ അപ്പന്‍, അമ്മ, സഹോദരങ്ങള്‍ എല്ലാവരും എന്റെ കായികരംഗത്തോടും പ്രത്യേകിച്ച് ഫുട്‌ബോളിനോടുമുള്ള ആഗ്രഹത്തെ പിന്തുണച്ചു. മാത്രമല്ല, അയല്‍വാസികളും ബന്ധുമിത്രാദികളും അങ്ങേയറ്റം പ്രോത്സാഹിപ്പിച്ചു. പഠനത്തിനൊപ്പം സ്‌പോര്‍ട്‌സ് രംഗത്തും നല്ലൊരു വരവേല്‍പ്പാണ് സ്‌കൂളില്‍നിന്നും ലഭിച്ചത്. കലോത്സവത്തോടനുബന്ധിച്ച് നടക്കാറുള്ള സ്‌പോര്‍ട്‌സ് ഇനങ്ങളില്‍ മിക്കതിനും സമ്മാനം ലഭിച്ചിരുന്നു. സാംസ്‌കാരിക മേഖലയില്‍ പല പ്രസ്ഥാനങ്ങളുമൊരുക്കിയിരുന്ന കളിക്കളത്തിലെ മത്സരങ്ങളില്‍ വിജയത്തിലെത്താന്‍ അതുവഴി സാധിച്ചു.”ബിഷപ് പറയുന്നു.
”പത്താം ക്ലാസ് കഴിഞ്ഞ അവസരത്തിലാണ് തിരുവനന്തപുരം അതിരൂപതയില്‍ നടന്ന ദൈവവിളി ക്യാമ്പില്‍ പങ്കെടുത്തത്. അവിടെ പ്രവേശനം ലഭിച്ചു. അങ്ങനെ സെമിനാരിയില്‍ പ്രവേശിച്ച് നീണ്ട പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം പുരോഹിതനായി. ഇപ്പോള്‍ സഭയിലെ ഒരു മെത്രാനും.” അദേഹം പുഞ്ചിരിക്കുന്നു.
”സെമിനാരി അന്തരീക്ഷം എന്നെ വരവേറ്റത് പ്രാര്‍ത്ഥനാനിറവിലേക്കായിരുന്നു. അതോടൊപ്പം മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കാനുള്ള വേദിയും തുറന്നുകിട്ടി. കായികപരിശീലനത്തിലൂടെ വേദന, കോപം, മനസിലെ സംഘര്‍ഷം തുടങ്ങിയ വൈകാരികഭാവം കുറെയൊക്കെ നിയന്ത്രിക്കപ്പെട്ടു. സ്‌പോര്‍ട്‌സില്‍ എനിക്ക് മുമ്പുണ്ടായിരുന്ന പരിചയം സെമിനാരിയില്‍ ഗുണപ്രദമായി.
അതിരൂപതയില്‍ ഇടവക വികാരി, സൂസപാക്യം പിതാവിന്റെ സെക്രട്ടറി, കെ.സി.വൈ.എം ഡയറക്ടര്‍, ജൂബിലി ആശുപത്രി ചാപ്ലിന്‍, മൈനര്‍ സെമിനാരിയില്‍ റെക്ടര്‍, ആലുവ മേജര്‍ സെമിനാരിയില്‍ ആധ്യാത്മികഗുരു തുടങ്ങിയ പദവികളിലെല്ലാം എന്നില്‍ ഉളവാക്കിയത് ഒരു സ്‌പോര്‍ട്‌സ്മാന്‍ അനുഭവം തന്നെയാണ്.
ആസ്ട്രിയയില്‍ ഉന്നത പഠനം നടത്തുമ്പോഴും റോമില്‍ ഡോക്ടറേറ്റിന് പഠിക്കുമ്പോഴുമെല്ലാം ഫുട്‌ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം ഓര്‍മിക്കുന്നു.
”ദൈവം കൊതിക്കുന്ന ഒരു മനുഷ്യനാവുകയാണ് എന്റെ വൈദിക ജീവിതത്തിലെ ലക്ഷ്യം. ജീവിതം മുഴുവന്‍ നന്മ പ്രകാശിപ്പിക്കുന്നതിനുള്ള വഴിയാണ് പ്രാര്‍ത്ഥന. ആഴമായ വിശ്വാസം ജീവിതത്തിലുടനീളം എന്നെ മുന്നോട്ട് നയിക്കുന്നു. ശുശ്രൂഷകളില്‍ ശക്തി നിറയാനും അനേകരെ കര്‍ത്താവിനായി നേടാനും എനിക്ക് ഈ രംഗം സഹായകമാണ്. ” കാലത്തിനൊപ്പം ഇങ്ങനെ ഓടാന്‍ നമ്മുടെ ഇടയന്മാര്‍ക്ക് കഴിഞ്ഞിരുന്നെങ്കില്‍…

ഡോ.റോബര്‍ട്ട് ശാന്തിനഗര്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?