Follow Us On

09

December

2019

Monday

ചരിത്രം സൃഷ്‌ടിച്ച ഗാനവും സിനിമയും

ചരിത്രം  സൃഷ്‌ടിച്ച  ഗാനവും സിനിമയും

ശ്രോതാക്കളുടെ ഹൃദയങ്ങളെ ദൈവസന്നിധിയിലേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ ‘ഐ ക്യാന്‍ ഒണ്‍ലി ഇമാജിന്‍’ എന്ന ഗാനത്തിന് അസാമാന്യമായ മികവുണ്ട്. ബാര്‍ട്ട് മില്ലാര്‍ഡ് എന്ന 29-കാരന്‍ എഴുതിയ വരികളാണെന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. അതും വെറും 10 മിനിറ്റുകൊണ്ട് പിറവിയെടുത്ത ഗാനം. ജീവിതം മുഴുവന്‍ ഗാനത്തില്‍ ഉണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. ആ വരികള്‍ എഴുതുമ്പോള്‍ അവന്റെ മനസ് ദൈവത്തോടൊപ്പമായിരുന്നു. സ്വര്‍ഗത്തിലെ അഭൗമികമായ കാഴ്ചകളെപ്പറ്റിയാണ് ഇതിലെ വര്‍ണനകള്‍. 1999-ലാണ് ഗാനത്തിന്റെ പിറവി. രചയിതാവുതന്നെ സംഗീതവും ആലാപനവും നിര്‍വഹിച്ചിരിക്കുന്നു എന്ന അപൂര്‍വതയും ഇതിനുണ്ട്. പിതാവ് ആര്‍തറിന്റെ അപ്രതീക്ഷിത വേര്‍പാട് ഏല്പിച്ച ആഘാതത്തില്‍നിന്നാണ് ഗാനത്തിന്റെ പിറവി. തന്റെ പിതാവ് സ്വര്‍ഗത്തില്‍ ദൈവത്തോടൊപ്പമാണെന്ന ചിന്തയാണ് ഗാനത്തിന്റെ ആകെത്തുക.
അമ്മ ഉപേക്ഷിച്ച വീട്
ആര്‍തര്‍- അഡലെ ദമ്പതികളുടെ മകനായി 1972 ഡിസംബര്‍ ഒന്നിന് അമേരിക്കയിലെ ഡാളസിനടുത്തുള്ള ഗ്രീന്‍വില നഗരത്തിലായിരുന്നു ബാര്‍ട്ടിന്റെ ജനനം. 10-ാം വയസില്‍ അമ്മയെ നഷ്ടപ്പെട്ട കുട്ടിയായിരുന്നു ബാര്‍ട്ട്. അവന്റെ പ്രിയപ്പെട്ട അമ്മ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുകയായിരുന്നു. മറ്റുവിധത്തിലുള്ള ബന്ധങ്ങളൊന്നും ആയിരുന്നില്ല കാരണം. ഭര്‍ത്താവിന്റെ ക്രൂരതകളായിരുന്നു വീട് ഉപേക്ഷിക്കാന്‍ അവരെ പ്രേരിപ്പിച്ചത്. ശാരീരികവും മാനസികവുമായി അയാള്‍ അവരെ പീഡിപ്പിച്ചിരുന്നു. അമ്മയ്ക്ക് മകനും മകന് അമ്മയും ഏറെ പ്രിയപ്പെട്ടതായിരുന്നു. പിതാവിന്റെ മര്‍ദ്ദനങ്ങള്‍ അവനും ഏല്‌ക്കേണ്ടിവന്ന അവസരങ്ങളും കുറവായിരുന്നില്ല. അമ്മയുടെ സാന്ത്വനത്തില്‍ ആ പത്തുവയസുകാരന്‍ തന്റെ വേദനകളെ മറന്നു. വീടുപേക്ഷിച്ച് പോകുന്ന സമയത്ത് ഒറ്റപ്പെട്ടുപോകുന്ന മകനെക്കുറിച്ചുപോലും ചിന്തിക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ലായിരിക്കാം.
ഒരു ക്രിസ്ത്യന്‍ സംഘടന നടത്തിയ അവധിക്കാല ക്യാമ്പില്‍ പങ്കെടുക്കുന്നതിന് ബാര്‍ട്ടറെ ക്യാമ്പിലാക്കിയിട്ട് തിരിച്ചുപോകുന്ന വഴിക്കായിരുന്നു അമ്മ എന്നെന്നേക്കുമായി കുടുംബത്തോട് വിടപറഞ്ഞത്. അവന്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ അമ്മ ഉണ്ടായിരുന്നില്ല. അമ്മയെ കാണാത്തതിന്റെ വേദനയില്‍ വീടു മുഴുവന്‍ പരിശോധിച്ചപ്പോള്‍ അമ്മയുടെ സാധനങ്ങള്‍ ഒന്നും അവിടെ ഇല്ലെന്ന് അവന് മനസിലായി. 10 വയസേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അമ്മ അവരെ ഉപേക്ഷിച്ചുപോയി എന്ന സത്യം അവന്‍ തിരിച്ചറിഞ്ഞു. കുടുംബത്തില്‍ നിറഞ്ഞുനിന്നിരുന്ന അരക്ഷിതാവസ്ഥകള്‍ അവനെ പ്രായത്തില്‍ കൂടുതല്‍ പക്വമതിയാക്കിയിരുന്നു. അമ്മ എവിടെ എന്ന ചോദ്യത്തിന്് അറിയില്ലെന്നായിരുന്നു പിതാവിന്റെ മറുപടി. പപ്പ കാരണമാണ് അമ്മ പോയതെന്ന് അവന്‍ പറഞ്ഞെങ്കിലും അദ്ദേഹമതു നിഷേധിച്ചു. തുടര്‍ന്ന് ആ വീട്ടില്‍ അവര്‍ രണ്ടുപേരും മാത്രമായി.
ഫുട്‌ബോളിനോട് വിട
ഒരു വീട്ടില്‍ താമസിക്കുമ്പോഴും അവരുടെ മനസുകള്‍ തമ്മില്‍ വലിയ അകല്‍ച്ചയിലായിരുന്നു; മാതാപിതാക്കളുടെ വേര്‍പിരിയലുകള്‍ മക്കളുടെ മനസുകളെയും സ്വപ്‌നങ്ങളെയുമാണ് തകര്‍ക്കുന്നത് എന്ന് തെളിയിക്കുംവിധം. അമ്മ ഉപേക്ഷിച്ചു പോയതിനെക്കുറിച്ച് പലരും പറഞ്ഞെങ്കിലും അതിന്റെ കാരണങ്ങള്‍ ആരും അന്വേഷിച്ചില്ല. ഇത്രയും സ്വഭാവ വൈകൃതങ്ങള്‍ക്ക് ഉടമയായ പിതാവിനൊപ്പം ഒരു മൂന്നാം ക്ലാസുകാരന്‍ എങ്ങനെ ജീവിക്കുമെന്ന് അവരാരും ആലോചിച്ചില്ല. പിതാവിന്റെ അനിയന്ത്രിതമായ കോപമായിരുന്നു ഏറ്റവും പ്രശ്‌നം. ദേഷ്യം വന്നാല്‍ കൈയില്‍ കിട്ടുന്നതെല്ലാം വലിച്ചെറിയും. മകനെ പൈശാചിക ഭാവത്തോടെയായിരുന്നു ഉപദ്രവിച്ചിരുന്നത്. സഹിക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങള്‍ അവന്റെ മുമ്പില്‍ ഉണ്ടായിരുന്നില്ല. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നിടംവരെ അതു തുടര്‍ന്നു.
ദൈവത്തിന്റെ പദ്ധതികള്‍ എപ്പോഴും വിസ്മയകരങ്ങളായിരിക്കും എന്നു പറയുന്നതിന് അടിവരയിടുന്ന രീതിയിലാണ് ബാര്‍ട്ടിന്റെ സംഗീത ലോകത്തേക്കുള്ള പ്രവേശനം. അക്കാലങ്ങളില്‍ സംഗീതത്തെക്കുറിച്ച് അവന്‍ ചിന്തിച്ചിട്ടുണ്ടോ എന്നുപോലും സംശയമാണ്. സ്‌പോര്‍ട്‌സിലായിരുന്നു ബാര്‍ട്ടിന് താല്പര്യം. ഫുട്‌ബോളായിരുന്നു ഇഷ്ടയിനം. സ്‌കൂള്‍ ടീമില്‍ ഇടംനേടി. ഫുട്‌ബോളിനോടുള്ള താല്പര്യം പാരമ്പര്യമായിരുന്നു. അവന്റെ പിതാവ് ആര്‍തര്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ താരമായിരുന്നു. പിതാവിന്റെ പ്രീതിപിടിച്ചുപറ്റുക എന്ന ആഗ്രഹത്തോടെയായിരുന്നു തുടക്കത്തില്‍ അവന്‍ ഫുട്‌ബോളിലേക്ക് തിരിഞ്ഞത്. പിന്നീടതൊരു വികാരമായി മാറി. ഗ്രൗണ്ടില്‍വച്ച് കണങ്കാലുകള്‍ക്ക് ഒരുപോലെ പരുക്ക് ഏറ്റതുമൂലം ഫുട്‌ബോളിനോട് വിടപറയേണ്ടിവന്നു.
മാനസാന്തരം അവിശ്വസനീയം
കലാ-കായിക മേഖലകളില്‍ ഏതെങ്കിലുമൊരു വിഷയം തിരഞ്ഞെടുക്കണമെന്ന് സ്‌കൂളില്‍ നിര്‍ബന്ധം ഉണ്ടായിരുന്നു. അങ്ങനെയാണ് സംഗീത ക്ലാസില്‍ എത്തിയത്. ബാര്‍ട്ടിന്റെ പാട്ട് യാദൃശ്ചികമായി കേള്‍ക്കാനിടയായ അധ്യാപികയാണ് അവനില്‍ ആരുമറിയാതെ കിടക്കുന്ന ഗായകനെ കണ്ടെത്തിയത്. സംഗീത ക്ലാസില്‍ ചേര്‍ന്നെങ്കിലും ആ വിവരം പിതാവില്‍നിന്നും മറച്ചുവച്ചു. സംഗീത പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ പതിച്ചിരിക്കുന്ന ബാനര്‍ കണ്ടാണ് മകന്‍ ഗായകനായ വിവരം പിതാവ് അറിഞ്ഞത്. പിറ്റേന്ന് ക്ഷമാപണവുമായി പിതാവിന്റെ അടുത്ത് ചെന്നെങ്കിലും അദ്ദേഹം ഒരു പ്ലെയിറ്റ് എടുത്ത് അവനെ എറിയുകയാണ് ചെയ്തത്. അതു നെറ്റിയില്‍ ഏല്പിച്ച മുറിവിനെക്കാളും വലുതായിരുന്നു മനസിന് ഏല്പിച്ച ആഘാതം. അവനത് താങ്ങാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ബാര്‍ട്ട് വീട്ടില്‍നിന്നും ഇറങ്ങി… ആ നഗരത്തിനോടുതന്നെ അവന്‍ വിടപറഞ്ഞു.
സ്‌കോട്ട് ബ്രിക്‌ലിന്റെ ക്രിസ്ത്യന്‍ ബാന്റില്‍ ഗായകനായി ചേര്‍ന്നു. ബാര്‍ട്ടിന്റെ കുടുംബത്തെ കുറിച്ച് മനസിലാക്കിയ ബ്രിക്ല്‍ വീട്ടില്‍പ്പോയി പിതാവിനെ കാണാന്‍ ഉപദേശിച്ചു. ഒരു രാത്രിയിലാണ് അവന്‍ വീട്ടിലെത്തിയത്. പിറ്റേന്ന് രാവിലെ എഴുന്നേല്ക്കുമ്പോള്‍ അവനുവേണ്ടി ഭക്ഷണമൊരുക്കി കാത്തിരിക്കുന്ന പപ്പയെയാണ് കണ്ടത്. ആ കാഴ്ച ബാര്‍ട്ടിന് അവിശ്വസനീയമായിരുന്നു. ജീവിതത്തില്‍ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്. മകന്റെ അമ്പരപ്പ് മുഖഭാവത്തില്‍നിന്നും വായിച്ചെടുത്ത ആര്‍തര്‍ പറഞ്ഞു, ”ഞാനിപ്പോള്‍ ഒരു ക്രിസ്ത്യാനിയാണ്. എന്റെ ജീവിതവും കാഴ്ചപ്പാടുകളും മുഴുവന്‍ മാറി. പതിവായി ദൈവാലയത്തില്‍ പോകുകയും എല്ലാ ദിവസവും ബൈബിള്‍ വായിക്കുകയും ചെയ്യുന്നു.” എന്നാല്‍, ആ വാക്കുകള്‍ വിശ്വാസത്തിലെടുക്കാന്‍ അവന് സാധിച്ചില്ല.
ക്രൂരനും പരുക്കനുമായിരുന്ന തന്റെ പിതാവിന് മാനസാന്തരം ഉണ്ടാകുമെന്ന് മകന്‍ ബാര്‍ട്ട് മില്ലാര്‍ഡിന് ചിന്തിക്കുവാന്‍പോലും കഴിയുമായിരുന്നില്ല. പിതാവിന്റെ ക്രൂരതകള്‍ ഏല്പിച്ച പരിക്കുകള്‍ മനസിലും ശരീരത്തിലുമൊക്കെ അത്രയധികം പതിഞ്ഞുകിടന്നിരുന്നു. ക്രൂരതയുടെ പര്യായമായിരുന്നു അവനെ സംബന്ധിച്ചിടത്തോളം സ്വന്തം പിതാവ്. ദൈവത്തിന് ഒന്നും അസാധ്യമല്ലെന്ന് ചിന്തിക്കാനുള്ള ആത്മീയതയൊന്നും ബാര്‍ട്ടിനില്ലായിരുന്നു. അല്ലെങ്കില്‍ത്തന്നെ അങ്ങനെയുള്ള ബോധ്യങ്ങളോ പരിശീലനമോ ജീവിതത്തില്‍ ഒരിക്കലും ലഭിച്ചിട്ടുണ്ടായിരുന്നില്ല. അമ്മയില്ലാതെ, പരുക്കനായ പിതാവിന്റെ ഒപ്പം വളര്‍ന്ന ബാര്‍ട്ട് മില്ലാര്‍ഡിന്റെ കൗമാരവും യൗവനവും ആത്മീയതയില്‍ ആഴപ്പെട്ടതായിരുന്നില്ല. ആര്‍തര്‍ ക്രിസ്തുവിനെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പ്രതിഷ്ഠിച്ചു എന്നുമാത്രമല്ല, ബൈബിള്‍ വായനയും പ്രാര്‍ത്ഥനയും ദൈവാലയത്തില്‍പ്പോക്കുമൊക്കെ ജീവിതത്തിന്റെ ഭാഗമാക്കി മാറ്റുകയും ചെയ്തിരുന്നു. എത്ര കഠിന ഹൃദയനും പാപിയുമാണെങ്കിലും ആരെയും എഴുതിത്തള്ളരുതെന്നും ഒരു നിമിഷംകൊണ്ട് ജീവിതവും കാഴ്ചപ്പാടുകളും മാറിമറിയാമെന്നും തെളിയിക്കുംവിധം.
ജീവിതം അഭ്രപാളികളിലേക്ക്
പിതാവിന്റെ മനഃപരിവര്‍ത്തനം യാഥാര്‍ത്ഥ്യമാണെന്ന് ബാര്‍ട്ട് തിരിച്ചറിഞ്ഞത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്. അപ്പോഴേക്കും കാന്‍സറിന്റെ അവസാന സ്റ്റേജിലായിരുന്നു ആര്‍തര്‍. അദ്ദേഹം രോഗം എല്ലാവരില്‍നിന്നും മറച്ചുപിടിച്ചിരുന്നു. പിതാവിനോട് പൂര്‍ണമായി ക്ഷമിച്ച് അദ്ദേഹത്തിന്റെ അടുത്ത് എത്തിയെങ്കിലും അവര്‍ക്ക് ഒരുമിച്ച് ജീവിക്കുവാന്‍ അധിക ദിവസങ്ങള്‍ അവശേഷിച്ചിരുന്നില്ല. താമസിയാതെ ആര്‍തര്‍ മരണമടഞ്ഞു. പിതാവിന്റെ മാറ്റം ബാര്‍ട്ടിനെ ഏറെ സ്വാധീനിച്ചു. യഥാര്‍ത്ഥത്തില്‍ ആര്‍തര്‍ മോശം മനുഷ്യനോ കലഹക്കാരനോ ആയിരുന്നില്ല. ഒരു കാലത്ത് നല്ലൊരു ഭര്‍ത്താവും ഉത്തരവാദിത്വമുള്ള പിതാവുമായിരുന്നു.
ഒരു അപകടത്തില്‍ തലയ്ക്ക് സംഭവിച്ച ക്ഷതമാണ് ആര്‍തറെ പരുക്കനാക്കിയത്. അപകടത്തില്‍ പുറമേ കാര്യമായ പരിക്കുകള്‍ ഉണ്ടായിരുന്നില്ലെങ്കിലും തലച്ചോറിനേറ്റ ക്ഷതം മൂന്നാഴ്ച ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന രീതിയില്‍ മാരകമായിരുന്നു. അപകടത്തിന് മുമ്പ് ഭാര്യയെ നുള്ളിനോവിക്കുകപോലും ചെയ്തിട്ടില്ലാത്ത ആര്‍തര്‍ എത്ര ക്രൂരമായി അവരെ ഉപദ്രവിക്കാനും മടിയില്ലാത്ത മനുഷ്യനായി. ആ മാറ്റങ്ങള്‍ അപകടത്തിന്റെ ബാക്കിപത്രമാണെന്ന് തിരിച്ചറിയാന്‍ കുടുംബത്തിനും കഴിഞ്ഞിരുന്നില്ല. ബാര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അവന്‍ ഓര്‍മവയ്ക്കുമ്പോഴേക്കും പിതാവ് ക്രൂരതയുടെ പര്യായമായിരുന്നു.
കാന്‍സര്‍ ആര്‍തറുടെ ശരീരത്തിലെ കോശങ്ങളെ കീഴടക്കിയപ്പോള്‍ ആത്മാവിന് പുതുജനനത്തിനുള്ള അവസരമായി മാറി. മകന്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോകുന്നതിന് തൊട്ടുമുമ്പ് തനിക്ക് കാന്‍സറാണെന്ന് പിതാവ് ആര്‍തര്‍ മനസിലാക്കിയിരുന്നു. എന്നാല്‍, അദ്ദേഹമത് ആരെയും അറിയിച്ചില്ല. പിതാവിനെക്കുറിച്ചുള്ള അറിവും അദ്ദേഹത്തിന്റെ മാനസാന്തരവും ആ മകനില്‍ സ്‌നേഹമായി വളര്‍ന്നു. തുടര്‍ന്നതു ദൈവഭക്തിയായി മാറി. തന്റെ പിതാവ് ദൈവസന്നിധിയിലാണെന്ന വിശ്വാസത്തില്‍നിന്നാണ് ഐ ക്യാന്‍ ഒണ്‍ലി ഇമാജിന്‍ എന്ന ഗാനം പിറന്നത്. ആ തിരിച്ചറിവ് ബാര്‍ട്ടിന്റെ ജീവിതത്തിലെ സുഗന്ധമായിത്തീര്‍ന്നു. ബാര്‍ട്ടിന്റെ ഭാര്യ ഷാനന്‍. അഞ്ച് മക്കളാണ് ഈ ദമ്പതികള്‍ക്ക്.
ഗാനത്തിന്റെ പിന്നിലെ കഥ- ആര്‍തറിന്റെയും ബാര്‍ട്ടിന്റെയും അമ്മയുടെയും ജീവിതമായിരുന്നു സിനിമയായത്. 2018-ല്‍ റിലീസ് ചെയ്ത് സാമ്പത്തികമായി വന്‍ വിജയമായിത്തീര്‍ന്ന സിനിമയുടെ പേരും ഐ ക്യാന്‍ ഒണ്‍ലി ഇമാജിന്‍ എന്നായിരുന്നു. ഏഴ് മില്യണ്‍ ഡോളര്‍ ചെലവഴിച്ച് നിര്‍മ്മിച്ച സിനിമ 85 മില്യണ്‍ ഡോളര്‍ സ്വരുക്കൂട്ടി എന്നാണ് കണക്ക്. ക്രിസ്ത്യന്‍ സിനിമകളുടെ കളക്ഷന്‍ ചരിത്രത്തില്‍ ആറാം സ്ഥാനമാണ് ഈ സിനിമയ്ക്ക്. ഐ ക്യാന്‍ ഒണ്‍ലി ഇമാജിനിലെ വരികള്‍ എഴുതുമ്പോള്‍ ഒരുപക്ഷേ ദൈവം അദൃശ്യനായി ബാര്‍ട്ടിന്റെ വിരലുകളില്‍ പിടിച്ചിട്ടുണ്ടാകണം. അതുകൊണ്ടായിരിക്കാം ലോകം മുഴുവന്‍ ഈ ഗാനം ഹൃദയത്തില്‍ ഏറ്റുവാങ്ങിയത്.

ജോസഫ് മൈക്കിള്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?