ഹൂസ്റ്റൺ: ക്രിസ്തുവിന്റെ പ്രകാശം കണ്ടെത്തിയ നാൾമുതൽ ജീവിതത്തിൽനിന്ന് ഇരുട്ട് അകന്ന് തുടങ്ങിയെന്ന് സാക്ഷിച്ച് മുൻ സിനിമാതാരം മോഹിനി ക്രിസ്റ്റീന. തന്റെ ജീവിത പരിവർത്തനം സീറോ മലബാർ നാഷണൽ കൺവെൻഷൻ വേദിയിൽ പങ്കുവെക്കുകയായിരുന്നു ഇപ്പോൾ സുവിശേഷ പ്രവർത്തനരംഗത്ത് വ്യാപൃതയായ ക്രിസ്റ്റീന.
വഴിയും സത്യവും ജീവനുമായ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചാൽ ജീവിതം പ്രഭാപൂരിതമാകുമെന്നും അവർ ഓർമിപ്പിച്ചു. ജീവിതക്ലേശങ്ങളിലും രോഗപീഡകളിലും മാനസിക അസ്വസ്ഥതകളിലുമെല്ലാം നമ്മെ താങ്ങിനിർത്താൻ സത്യദൈവമായ ക്രിസ്തുവിനല്ലാതെ മറ്റൊരു മരുന്നിനോ മന്ത്രത്തിനോ കഴിയില്ല.
എന്നാൽ, ക്രിസ്തു കൂടെയുണ്ടെങ്കിൽ ദുഷ്ടാരൂപികൾക്ക് നമ്മെ കീഴടക്കാനോ നമ്മിൽ ആവസിക്കാനോ കഴിയില്ല. 24-ാം വയസിൽ ആദ്യ കുഞ്ഞിന് ജന്മം നൽകിയ ശേഷമാണ് ‘സ്പോണ്ടിലോസിസ്’ എന്ന രോഗം വില്ലനായെത്തിയത്. ഏകാന്തതയും വിഷാദവും എന്നെ വീർപ്പുമുട്ടിച്ചു. ഉറക്കമില്ലാത്ത ഒരുപാട് രാത്രികൾ. ആത്മഹത്യചെയ്യുന്നതിനെക്കുറിച്ചുവരെ ചിന്തിച്ച ദിനങ്ങൾ.
ഒടുവിൽ, അദൃശ്യനായ ദൈവത്തോട് പ്രാർത്ഥിച്ചുതുടങ്ങി. ആയിടെയാണ് ഒരു ബൈബിൾ ലഭിച്ചത്. അൽപ്പം ആശങ്കയോടെ അതെടുത്ത് വായിക്കാൻ തുടങ്ങി. അങ്ങനെ ഉറക്കമില്ലാത്ത രാത്രികാലങ്ങളിൽ അദ്യശ്യനായ ദൈവത്തെ പ്രകാശത്തിലൂടെ കണ്ടുതുടങ്ങി ഞാൻ.
ബൈബിളുമായുള്ള അടുപ്പവും അതിലൂടെ ലഭിച്ച ക്രിസ്തുഅനുഭവവും എന്നെ ദൈവാലയത്തിലേക്ക് നയിച്ചു. ദിവ്യകാരുണ്യനാഥൻ വസിക്കുന്ന ദൈവാലയത്തിലെ തിരുക്കർമങ്ങളും പരിശുദ്ധമാതാവിന്റെ സാമീപ്യം നിറഞ്ഞുനിൽക്കുന്ന ജപമാല പ്രാർത്ഥനകളും സ്തുതിഗീതങ്ങളും ഹൃദയത്തിന് സമാധാനവും ശാന്തിയും നൽകിതുടങ്ങി. പിന്നീടാണ് ഡിവൈൻ ധ്യാനകേന്ദ്രത്തിലെത്തുകയും ദൈവസാന്നിധ്യം തൊട്ടറിയാനുള്ള അവസരങ്ങൾ ലഭിക്കുകയും ചെയ്തത്.
സത്യദൈവത്തെ തിരിച്ചറിഞ്ഞ മോഹിനിയെന്ന ഞാൻ അങ്ങനെ ക്രിസ്റ്റീനയെന്ന നാമം സ്വീകരിച്ച് ക്രിസ്തുസാക്ഷിയായി. പിന്നീടിങ്ങോട്ട് ദൈവാനുഗ്രഹത്തിന്റെ പ്രവാഹമാണ് താൻ അനുഭവിക്കുന്നതെന്നും ക്രിസ്റ്റീന സാക്ഷ്യപ്പെടുത്തി. പരിശുദ്ധ അമ്മയിലൂടെയാണ് ഈശോയുടെ വഴിയിലേക്ക് താൻ എത്തിയതെന്ന് സാക്ഷിച്ച ക്രിസ്റ്റീന, ജീവിതത്തിൽ നേരിട്ടുകൊണ്ടിരിക്കുന്ന അന്ധകാരത്തെ അകറ്റാൻ ക്രിസ്തുവാകുന്ന പ്രകാശം ജീവിതത്തിൽ ഉണ്ടാകണമെന്ന് ഓർമിപ്പിച്ചാണ് സാക്ഷ്യം അവസാനിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *