Follow Us On

17

October

2019

Thursday

നന്ദിയുടെ ബലികള്‍ തിരുസന്നിധിയിലെത്തട്ടെ!

നന്ദിയുടെ ബലികള്‍  തിരുസന്നിധിയിലെത്തട്ടെ!

പ്രഭാഷകന്റെ പുസ്തകം 35:1-1 ഭാഗത്തുനിന്നുള്ള ചില വചനങ്ങള്‍ ചിന്താവിഷയമാക്കാം. ഇതില്‍ ചില വചനങ്ങള്‍ ഉദ്ധരിക്കട്ടെ; നിയമം പാലിക്കുന്നത് നിരവധി ബലികള്‍ അര്‍പ്പിക്കുന്നതിന് തുല്യമാണ്; കല്‍പനകള്‍ അനുസരിക്കുന്നത് സമാധാനബലിക്ക് തുല്യവും. കരുണയ്ക്ക് പകരം കരുണ കാണിക്കുന്നത് ധാന്യബലിക്ക് തുല്യമാണ്. ഭിക്ഷ കൊടുക്കുന്നവന്‍ കൃതജ്ഞതാബലിയര്‍പ്പിക്കുന്നു. ദുഷ്ടതയില്‍നിന്ന് ഒഴിയുന്നത് കര്‍ത്താവിന് പ്രീതികരമാണ്; അനീതി വര്‍ജിക്കുന്നത് പാപപരിഹാരബലിയാണ്… ആദ്യഫലം സമര്‍പ്പിക്കുമ്പോള്‍ ലുബ്ധ് കാട്ടരുത്. കാഴ്ച സമര്‍പ്പിക്കുമ്പോള്‍ മുഖം വാടരുത്. സന്തോഷത്തോടെ ദശാംശം കൊടുക്കുക. അത്യുന്നതന്‍ നല്‍കിയതുപോലെ അവിടുത്തേക്ക് തിരികെ കൊടുക്കുക. കഴിവിനൊത്ത് ഉദാരമായി കൊടുക്കുക. കര്‍ത്താവ് പ്രതിഫലം നല്‍കുന്നവന്‍ ആണ്; അവിടുന്ന് ഏഴിരട്ടിയായി തിരികെ തരും.
ലേവ്യരുടെ പുസ്തകം ഒന്നുമുതല്‍ ഏഴുവരെ അധ്യായങ്ങളില്‍ വിവിധതരം ബലി അര്‍പ്പണങ്ങളെപ്പറ്റി പറയുന്നുണ്ട്. ഒന്നാം അധ്യായം പറയുന്നത് ദഹനബലിയെപ്പറ്റിയാണ്. മൃഗങ്ങളെയോ പക്ഷികളെയോ ആണ് ദഹനബലിയായി അര്‍പ്പിച്ചിരുന്നത്. ദഹിപ്പിക്കുവാനുള്ള ബലിമൃഗത്തിന്റെ തലയില്‍ കൈകള്‍ വയ്ക്കണമായിരുന്നു. അത് ബലിയര്‍പ്പിക്കുന്ന നമ്മുടെ പാപപരിഹാരത്തിനായി സ്വീകരിക്കപ്പെടുമായിരുന്നു.
രണ്ടാം അധ്യായം വിവരിക്കുന്നത് ധാന്യബലിയെപ്പറ്റിയാണ്. അധ്യായം മൂന്ന് സമാധാനബലിയെപ്പറ്റി പറയുന്നു. ഇവിടെയും ബലിമൃഗത്തെ ദഹിപ്പിച്ചാണ് ബലിയര്‍പ്പിച്ചിരുന്നത്. അധ്യായം നാല് പാപപരിഹാരബലിയെപ്പറ്റി പ്രതിപാദിക്കുന്നു. മനുഷ്യര്‍ ചെയ്ത പാപങ്ങളുടെ പരിഹാരമെന്ന നിലയിലാണ് പാപപരിഹാരബലി അര്‍പ്പിച്ചിരുന്നത്. ബലിമൃഗത്തെ കൊന്ന് അതിനെ ദഹിപ്പിക്കുകയും അതിന്റെ രക്തം തളിക്കുകയും ചെയ്തുകൊണ്ടാണ് ഈ ബലി അര്‍പ്പിച്ചിരുന്നത്. അഞ്ചാം അധ്യായത്തില്‍ പ്രായശ്ചിത്തബലിയെപ്പറ്റി പറയുന്നു. കര്‍ത്താവിന്റെ നിയമങ്ങള്‍ ലംഘിച്ചതിന് പരിഹാരമായിട്ടാണ് ഈ ബലി അര്‍പ്പിച്ചിരുന്നത്.
പക്ഷിമൃഗാദികളെ കൊന്ന് ബലി അര്‍പ്പിക്കുന്ന രീതി യേശുവിന്റെ മരണത്തോടുകൂടി അവസാനിച്ചു. യേശുവിന്റെ മരണശേഷം യഹൂദര്‍ക്കിടയില്‍ പക്ഷി-മൃഗാദികളെ കൊന്ന് സമര്‍പ്പിക്കുന്ന ബലികള്‍ ഉണ്ടായിട്ടില്ല. എല്ലാ പാപങ്ങളും ഏറ്റെടുത്ത് യേശു ബലിവസ്തുവായി അര്‍പ്പിക്കപ്പെടുകയായിരുന്നു. ആ ബലിയുടെ പുനരര്‍പ്പണമാണല്ലോ സഭയിലെ ബലിയര്‍പ്പണം. പല നിയോഗങ്ങളോടെ ഇന്ന് നമ്മള്‍ ബലി അര്‍പ്പണം നടത്താറുണ്ട്. പാപപരിഹാരാര്‍ത്ഥം ബലി സമര്‍പ്പണം നടത്താറുണ്ട്. അനുഗ്രഹങ്ങള്‍ക്ക് നന്ദിയായി ബലി സമര്‍പ്പിക്കാറുണ്ട്. ദുരന്തങ്ങള്‍ ഒഴിവായി പോകണം എന്ന നിയോഗത്തോടെ ബലി സമര്‍പ്പണം നടത്താറുണ്ട്. ഇത്തരം ബലി സമര്‍പ്പണങ്ങള്‍ ഉദ്ദിഷ്ടകാര്യങ്ങള്‍ നടന്നുകിട്ടുന്നതിന് കാരണമാകുന്നുണ്ട് എന്ന് നാം വിശ്വസിക്കുന്നു.
കൃതജ്ഞതാബലിയെപ്പറ്റിയാണ് ഇന്ന് നമ്മള്‍ ചിന്തിക്കുന്നത്. ദാനധര്‍മ്മം നല്‍കുക എന്നത് നന്ദിയുടെ ബലിയാണ്. എന്താണിങ്ങനെ പറയാന്‍ കാരണം? ദാനധര്‍മ്മം ചെയ്യുന്നത് ഉള്ളതിന്റെ പങ്കാണ്. ആര്‍ക്കാണ് കൊടുക്കുന്നത്? ഇല്ലാത്തവര്‍ക്ക്, അഥവാ അത്യാവശ്യത്തിനുപോലും ഇല്ലാത്തവര്‍ക്ക്. ഉള്ളവര്‍ക്ക് എന്തുകൊണ്ട് ഉണ്ടായി? ഇല്ലാത്തവര്‍ക്ക് എന്തുകൊണ്ട് ഇല്ലാതെപോയി? നിരവധി ന്യായങ്ങളും കാരണങ്ങളും രണ്ടിനും പുറകില്‍ പറയാനുണ്ട്. ഉള്ളവര്‍ പറയും: എന്റെ കഴിവാണ്. ഞാന്‍ കഷ്ടപ്പെട്ടതുകൊണ്ടാണ്. ഞാന്‍ അധ്വാനിച്ചതുകൊണ്ടാണ്. ഞാന്‍ സൂക്ഷിച്ചും വിവേകത്തോടെയും കൈകാര്യം ചെയ്തതുകൊണ്ടാണ്. എന്റെ പൂര്‍വികര്‍ എനിക്ക് തന്നതുകൊണ്ടാണ്. ഇല്ലാത്തവര്‍ പറയും: പൂര്‍വികരായി ഒന്നും കിട്ടിയില്ല. തുടക്കം ഒന്നും ഇല്ലായ്മയില്‍ നിന്നായിരുന്നു. ഉണ്ടായിരുന്നു, പൂര്‍വികരായി എല്ലാം നശിപ്പിച്ചതാണ്. എത്ര അധ്വാനിച്ചിട്ടും രക്ഷപെടുന്നില്ല. കൃഷി നശിച്ചു. ബിസിനസ് പരാജയപ്പെട്ടു. രോഗിയായതിനാല്‍ ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വലിയ ബാധ്യതകള്‍ ഉണ്ടായി. മറ്റുള്ളവര്‍ ചതിച്ചു. ഉള്ളത് കള്ളുകുടിച്ചും ഉഴപ്പിയും നശിപ്പിച്ചു. പണിയെടുത്തില്ല…
കാരണങ്ങള്‍ എന്തുമാകട്ടെ. ഇപ്പോഴത്തെ അവസ്ഥ എന്താണ്? ഉള്ളവര്‍ക്ക് ധാരാളം ഉണ്ട്. ഇല്ലാത്തവര്‍ക്ക് തീരെ ഇല്ല. ഉള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ആവശ്യങ്ങള്‍ ഉണ്ട്; ആഗ്രഹങ്ങള്‍ ഉണ്ട്. ഉള്ളവര്‍ക്ക് എല്ലാം ധാരാളമായി നിറവേറ്റി കഴിഞ്ഞാലും ഇഷ്ടംപോലെ മിച്ചം. ഇല്ലാത്തവര്‍ക്ക് അത്യാവശ്യങ്ങള്‍പോലും നിറവേറ്റാന്‍ പറ്റുന്നില്ല.
ഇല്ലാത്തവരെ ഉള്ളവര്‍ സഹായിക്കണം എന്ന് പറയുന്നതിന്റെ മുമ്പില്‍ ഒരു ആത്മീയ കാരണം ഉണ്ട്. ഉണ്ടായതിന്റെ പിന്നില്‍ പല ന്യായങ്ങളും ഉന്നയിക്കാനുണ്ടെങ്കിലും, ഉണ്ടായതിന്റെ അടിസ്ഥാനകാരണം ദൈവാനുഗ്രഹമാണ്. ഈ ദൈവാനുഗ്രഹം പല വഴിക്കാണ് ലഭിച്ചത്. പിതൃസ്വത്തായി; ആരോഗ്യമായി; ബുദ്ധിയായി; കഴിവുകളായി; നല്ല അവസരങ്ങളായി; സഹായിക്കുന്ന ആളുകളായി…. ഇങ്ങനെ ദൈവാനുഗ്രഹം ലഭിച്ചതുകൊണ്ടാണ് നമുക്ക് സമൃദ്ധി ഉണ്ടായത്. ഉണ്ടായതിന്റെ പിന്നില്‍ ഈ ദൈവാനുഗ്രഹം ഉണ്ടെന്ന് വിശ്വസിക്കുന്നവര്‍ അതിനെയോര്‍ത്ത് ദൈവത്തോട് നന്ദി ഉള്ളവര്‍ ആയിരിക്കും. ആ നന്ദിയുടെ വികാരം ഉള്ളവര്‍ നന്ദിയുടെ, കൃതജ്ഞതയുടെ ബലി ദൈവത്തിന് അര്‍പ്പിക്കും. ഉള്ളതിന്റെ, ദൈവം തന്നതിന്റെ, ഒരു വീതം ഇല്ലാത്തവര്‍ക്ക് കൊടുക്കുവാനുള്ള പ്രചോദനം ഉണ്ടാകുന്നത് അപ്പോഴാണ്. ഉള്ളതിന്റെ പിന്നിലുള്ള ദൈവാനുഗ്രഹം ഓര്‍ത്തുകൊണ്ട്, ഉള്ളതിന്റെ ഒരു ഭാഗം ഇല്ലാത്തവര്‍ക്ക് കൊടുക്കുമ്പോള്‍ അത് കൃതജ്ഞതാബലിയായി മാറുന്നു എന്നാണ് പ്രഭാഷകനിലൂടെ ദൈവം പറയുന്നത്. പ്രഭാഷകന്‍ 3:30 പറയുന്നു: ജലം ജ്വലിക്കുന്ന അഗ്നിയെ കെടുത്തുന്നതുപോലെ ദാനധര്‍മ്മം പാപത്തിന് പരിഹാരമാണ്. കൊടുക്കുന്ന ധാരാളം മനുഷ്യര്‍ ഇന്ന് നമുക്കിടയില്‍ ഉണ്ട്. മിച്ചത്തില്‍ നിന്നല്ല, യേശു ചൂണ്ടിക്കാണിച്ച വിധവയപ്പോലെ, ആവശ്യങ്ങള്‍ ത്യജിച്ചുവരെ കൊടുക്കുന്നവര്‍ ഉണ്ട്. അവരെയെല്ലാം ദൈവം അനുഗ്രഹിക്കും. ഉണ്ടായിട്ടും ധാരാളം മിച്ചമുണ്ടായിട്ടും ഒട്ടും കൊടുക്കാത്തവരും ഉണ്ട്. അവരും കൊടുത്തുകൊണ്ട് നന്ദിയുടെ ബലികള്‍ അര്‍പ്പിക്കട്ടെ. അപ്പോള്‍ സമൃദ്ധി ഉണ്ടാകും.

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?