Follow Us On

28

March

2024

Thursday

ജീവിതം ദൈവദാനമായി മാത്രം കാണുന്നു

ജീവിതം ദൈവദാനമായി മാത്രം കാണുന്നു

പളളിക്വയറിലൂടെയാണ് ഞാന്‍ സംഗീതരംഗത്ത് എത്തുന്നത്. 1996-ലായിരുന്നു ആദ്യമായി കാസെറ്റില്‍ പാടാന്‍ തുടങ്ങുന്നത്. അന്നത്തെ കാലത്ത് പ്രധാനമായും കാസെറ്റുകളാണല്ലോ ഉള്ളത്. വില്‍സണ്‍ ഉതുപ്പ് എന്നാണ് അന്നൊ ക്കെ നാട്ടിലൊക്കെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഗായകരായ ‘വില്‍സണ്‍’മാരുള്ളതുകൊണ്ട് പേരിന് പിന്നില്‍ പിറവം എന്ന സ്ഥലപ്പേരുകൂടി പിന്നീട് ചേര്‍ത്തു. കഴിഞ്ഞ 23 വര്‍ഷത്തോളമായി ഇതേപേരില്‍ വ്യത്യസ്തമായ ഒരുപാട് വഴികളിലൂടെ ദൈവം നടത്തുന്നു.
സംഗീതത്തില്‍ എന്റെ ഗുരു എന്ന് പറയാവുന്നത്  വെച്ചൂര്‍ ആര്‍ രതീശനാണ്. അദേഹമാണ് എന്നെ കര്‍ണാടക സംഗീതപാഠമൊക്കെ ആദ്യമായി പഠിപ്പിക്കുന്നത്. ഞങ്ങളുടെ ഇടവകയില്‍ മാറിമാറി വരുന്ന വൈദികര്‍ വഴിയാണ് ഞാന്‍ സംഗീതം ശാസ്ത്രീയമായി പഠിച്ചത്. പള്ളി ക്വയറില്‍ സജീവമായിരുന്നതുകൊണ്ടാകാം ഇടവകയില്‍ വരുന്ന വൈദികരെല്ലാം എന്നോട് പറയുമായിരുന്നു, കുറച്ച് സംഗീതം പഠിക്കുന്നത് നല്ലതാണെന്ന്. വീട്ടിലാണെങ്കില്‍ അമ്മയ്ക്കും ഇതേ ആഗ്രഹമാണുണ്ടായിരുന്നത്. അമ്മയും ചേട്ടന്മാരും സഹോദരിമാരും പാടുമായിരുന്നു. പക്ഷേ അവരാരും ശാസ്ത്രീയമായി സംഗീതം അഭ്യസിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഗുരുവിന്റെ അടുത്തുപോയി സംഗീതം പഠിക്കാന്‍ അവര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. പ്രമുഖ ഗായകനായ എസ്.കെ സുബ്രഹ്മണ്യ അയ്യരുടെ കീഴില്‍ മൂന്നുവര്‍ഷത്തോളം സംഗീതം അഭ്യസിച്ചു. അദേഹം ഒരു ഗുരു എന്നതിനേക്കാള്‍ സ്‌നേഹിതനോടെന്നതുപോലെയാണ് എന്നോട് ഇടപെട്ടത്. സംഗീതത്തില്‍ ഉയരങ്ങള്‍ താണ്ടാനുള്ള വഴികളെല്ലാം അദേഹമാണ് തുറ ന്നുതന്നത്.
പക്ഷേ സംഗീത രംഗത്തേക്ക് കടന്നു വരുന്നത് ഫാ. ആന്റണി ഉരുളിയാനിക്കല്‍ സി.എം.ഐയുടെ പ്രചോദനത്താലാണ്. അന്ന് ഞങ്ങളുടെ അസിസ്റ്റന്റ് വികാരിയായി വന്ന ഫാ. തോമസ് കരിമ്പിന്‍കാലായില്‍ എന്ന യുവവൈദികന്‍ പള്ളിയിലൊരു ക്വയര്‍ രൂപീകരിച്ചു. പാടാനും സംഗീതഉപകരണം വായിക്കാനുമൊക്കെ കഴിവുള്ളവരെ അതില്‍ അംഗങ്ങളാക്കി. എന്നെയും അങ്ങനെ ഉള്‍പ്പെടുത്തി. ആ നാളുകളില്‍ അടുത്തുള്ള പള്ളിയിലൊക്കെ കല്യാണത്തിനും മറ്റു ചടങ്ങുകള്‍ക്കുമൊക്കെ അവരുടെ ഗായകസംഘത്തിലേക്ക് എന്നെയും വിളിക്കുമായിരുന്നു. അങ്ങനെ പോയൊരു ദിവസം കോതമംഗലം രൂപതയിലെ ഒരു ദൈവാലയമായ തോട്ടക്കര പള്ളിയില്‍ എനിക്ക് പാടാന്‍ അവസരം ലഭിച്ചു. അന്നവിടെ വിശുദ്ധ ബലിയര്‍പ്പിക്കാനെത്തിയത് ഉരുളിയാനിക്കല്‍ അച്ചനായിരുന്നു.
അച്ചന് എന്റെ പാട്ട് ഇഷ്ടപ്പെട്ടു. കീ ബോര്‍ഡ് വായിക്കുന്ന വ്യക്തിയോട് പറഞ്ഞുവിട്ടു, പള്ളിയില്‍ പാടിയ പയ്യന്റെ ശബ്ദം നന്നായിരിക്കുന്നുവെന്നും അച്ചനെ കാണണമെന്നും. എന്നാല്‍ അദേഹം എന്നോട് അക്കാര്യം പറയാന്‍ മറന്നുപോയി. കുറേനാളുകള്‍ക്കുശേഷം അച്ചന്‍ വീണ്ടും ഇതേ ചോദ്യം അയാളെ ഓര്‍മ്മിപ്പിച്ചു.
അന്നേരമാണ് അയാള്‍ എന്നെക്കുറിച്ച് മുമ്പും തിരക്കിയിരുന്നല്ലോ എന്ന് ഓര്‍ക്കുന്നത്. അദേഹം ഉടനെ അടിയന്തിരമായി അച്ചനെ കാണണമെന്ന് എന്നെ വിളിച്ച് ഓര്‍മിപ്പിച്ചു. അങ്ങനെ ഞാന്‍ അച്ചനെ കാണാനെത്തിയപ്പോള്‍ അദ്ദേഹം വിശദമായി പരിചയപ്പെട്ടു. കാഞ്ഞിരപ്പള്ളി അമലാ സ്റ്റുഡിയോയില്‍ ഒരുപാട്ട് പാടാന്‍ വരണമെന്ന് അച്ചന്‍ പറഞ്ഞു. അങ്ങനെയാണ് അച്ചനുവേണ്ടി ആദ്യമായി കാസെറ്റില്‍ പാടുന്നത്. ദൈവം പിന്നിട് ഒരുപാട് തലങ്ങളിലുടെ മുന്നോട്ട് കൊണ്ടുപോയി. ‘ഓര്‍മകളില്‍ ഒരു മഞ്ഞുകാലം’ എന്ന സിനിമയക്കുവേണ്ടി പാട്ട് പാടാനും ഇതില്‍ അഭിനയിക്കാനുംപോലും അവസരം കിട്ടി.
റിയാലിറ്റിഷോകളുടെ കാലമാണിത്. പാടാനും സംഗീത രംഗത്ത് തിളങ്ങാനും ആഗ്രഹിച്ചെത്തുന്ന പുതിയ തലമുറ നമ്മെ അത്ഭുതപ്പെടുത്തും. എനിക്ക് അവരോട് പറയാന്‍ ഒരു കാര്യമേയുള്ളൂ. ”എളിമപ്പെടുക. ഇതാണ് പ്രധാനമായ കാര്യം. ഏതൊരു ജീവജാലവും വളരുമ്പോള്‍ അതു കുനിയുമല്ലോ. വാഴ ഉദാഹരണം. നാം വളരുന്തോറും കൂടുതലായി എളിമപ്പെടാന്‍ കഴിയണം.” എ ളിമയുള്ളവരെ ദൈവം കൈനീട്ടി സഹായിക്കും എന്നകാര്യം തീര്‍ച്ചയാണ്.

വില്‍സണ്‍ പിറവം
(ഗായകന്‍)

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?