Follow Us On

08

July

2020

Wednesday

ലിബിയയില്‍ വധിക്കപ്പെട്ടവര്‍ ഈജിപ്തിന്റെ ദേശീയ രക്തസാക്ഷികള്‍

ലിബിയയില്‍ വധിക്കപ്പെട്ടവര്‍  ഈജിപ്തിന്റെ ദേശീയ രക്തസാക്ഷികള്‍

രക്തസാക്ഷികളുട സഭയാണ് കോപ്റ്റിക് സഭ. വിശ്വാസത്തിന്റെ ആദ്യനൂറ്റാണ്ടു മുതല്‍ കഠിനമായ പീഡനങ്ങള്‍ക്ക് വിധേയമാവുകയും നൂറുകണക്കിന് രക്തസാക്ഷികളാല്‍ ധന്യമാക്കപ്പെടുകയും ചെയ്ത സഭയാണിത്. രണ്ടാം നൂറ്റാണ്ടുമുതല്‍ കോപ്റ്റിക് സഭയില്‍ രക്തസാക്ഷികള്‍ വിടര്‍ന്നു. മുസ്ലീം ഭരണം വന്നതോടെ ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുകയും ഇല്ലാതാക്കപ്പെടുന്നതിലേക്ക് എത്തുകയും ചെയ്തു. രക്തസാക്ഷികളുടെ ആ പാരമ്പര്യം അടുത്ത കാലംവരെ തുടര്‍ന്നു.
2013 ഓഗസ്റ്റില്‍ മുസ്ലീം ബ്രദര്‍ഹുഡിന്റെ പീഡനം മൂലം 1600 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി അപ്പര്‍ ഈജിപ്തിലെ ദൈവാലയങ്ങളും ആശ്രമങ്ങളും അടക്കേണ്ടി വന്നു. ഞായറാഴ്ച കൂര്‍ബാന റദ്ദാക്കേണ്ട സാഹചര്യം ഉണ്ടായി. 2015-ല്‍ ഐ.എസുകാര്‍ ക്രൈസ്തവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി വധിച്ചു. ലിബിയയില്‍ 21 ഈജിപ്തുകാരെ വിശ്വാസത്തിന്റെ പേരില്‍ കഴുത്തറുത്ത് കൊന്നത് ലോകമാകെ ഞെട്ടലോടെ കണ്ട കാഴ്ചയാണ്. 2018 ല്‍ മിനിയായില്‍ ബസിനുനേരെയും ബൊട്രോസെയായിലെ പള്ളിക്കുനേരെയും ആക്രമണം നടന്നു. പിന്നീട് മെനാസ് പള്ളിയില്‍ ആക്രമണം ഉണ്ടായി. ഇവയെല്ലാം ഇക്കാലത്ത് നടന്നവയാണ്. എന്നാല്‍, നമ്മുടെ കണ്‍മുമ്പില്‍ത്തന്നെ സാഹചര്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ പീഡനങ്ങള്‍ ഇല്ല. പ്രസിഡന്റ് ക്രിസ്മസിനു ദൈവാലയത്തില്‍ വന്ന് ആശംസകള്‍ അര്‍പ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുന്നു. വിശ്വാസത്തെ ഇല്ലാതാക്കാന്‍ ആയുധങ്ങള്‍ക്കോ മറ്റു വിശ്വാസപ്രമാണങ്ങള്‍ക്കോ കഴിയില്ലെന്ന് ലോകത്തെ ഓര്‍മപ്പെടുത്തുന്നതുപോലെ.
ഒരു വര്‍ഷത്തിലെ 365 ദിവസങ്ങളില്‍ ഇരുന്നൂറിലധികം ദിവസങ്ങളിലും ഉപവസിച്ചു പ്രാര്‍ത്ഥിക്കുന്ന സഭാസമൂഹമാണ് കത്തോലിക്കാ സഭയിലെ പാത്രിയാര്‍ക്കല്‍ സഭയായ ഈജിപ്തിലെ കോപ്റ്റിക് സഭ. സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിന്റെ സിംഹാസനത്തില്‍ ഭാഗ്യമോടെ വാഴുന്ന അലക്‌സാണ്ട്രിയായുടെയും ആഫ്രിക്കയുടെയും പാത്രിയാര്‍ക്കീസ് ഇബ്രാഹിം ഇസഹാക് സെദ്രാക് ബാവ അനുസ്മരിച്ചു.
”മരൂഭൂമിയിലെ താപസര്‍ ചിട്ടപ്പെടുത്തിയ ജീവിതക്രമമായതുകൊണ്ടാവണം ഇത്രയേറെ ഉപവാസദിനങ്ങള്‍ ഞങ്ങളുടെ പാരമ്പര്യത്തിന്റെ ഭാഗമായത്. ഈജിപ്തിലെ ക്രൈസ്തവരില്‍ 90 ശതമാനവും അംഗങ്ങളായ കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികളും കത്തോലിക്കാസഭാ വിശ്വാസികളും ഇന്നും ഭക്തിയോടും തീക്ഷണതയോടും കൂടെ ഈ ഉപവാസനിയമങ്ങള്‍ പാലിക്കുന്നു. കത്തോലിക്കാ വിഭാഗം പക്ഷേ കുറെ ദിനങ്ങള്‍ കുറവു ചെയ്തിട്ടുണ്ട്.” പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്പിയും ബഥനി പ്രസ്ഥാനത്തിന്റെ സ്ഥാപകനുമായ ദൈവദാസന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ 66-ാം ഓര്‍മ്മപ്പെരുനാളില്‍ സംബന്ധിക്കുവാന്‍ തിരുവനന്തപുരത്ത് എത്തിയതായിരുന്നു പാത്രിയാര്‍ക്കീസ് ബാവ. മലങ്കരസഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്ക ബാവയുടെ അതിഥിയായി എത്തിയ പാത്രിയാര്‍ക്കീസ് ബാവ തിരുവന്തപുരം പട്ടത്തുള്ള മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസായ തിരുസന്നിധിയില്‍ വച്ചാണ് സണ്‍ഡേ ശാലോമിന് കൂടിക്കാഴ്ച അനുവദിച്ചത്.
കത്തോലിക്കാ സഭാകൂട്ടായ്മയിലെ 24 വ്യക്തിസഭകള്‍ തമ്മിലുള്ള കൂട്ടായ്മ ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തന്റെ സന്ദര്‍ശനമെന്നും മാര്‍ ക്ലീമിസ് ബാവ തിരിച്ചു സന്ദര്‍ശനത്തിന് എത്തുമെന്നും പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. 824 ല്‍ പുനഃസ്ഥാപിക്കപ്പെട്ട അലക്‌സാണ്ട്രിയായിലെ കത്തോലിക്കാ പാത്രിയാര്‍ക്കീസ് സിംഹാസനത്തിലെ ആറാമത്തെ പാത്രിയാര്‍ക്കയാണ് 2013 ജനുവരി 15 ന് തെരഞ്ഞെടുക്കപ്പെട്ട ഇബ്രാഹിം ഇസഹാക് സെദ്രാക് ബാവ. സഭയുടെ തലവനും പിതാവും എന്ന നിലയില്‍ അല്ക്‌സാണ്ട്രിയായിലെ ഈശോയുടെ സ്വര്‍ഗോരോഹണ ദൈവാലയവും കെയ്‌റോയിലെ മെത്രാപ്പോലീത്ത എന്ന നിലയില്‍ കൈറോയിലെ ഈജിപ്തിന്റെ ദിവ്യനാഥയുടെ കത്തീഡ്രലും അദ്ദേഹത്തിന്റെ ഭദ്രാസന ദൈവാലയങ്ങളാണ്.
സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിനാല്‍ സ്ഥാപിതമായ കോപ്റ്റിക് സഭ ക്രൈസ്തവ സഭകളിലെ ഏറ്റവും പുരാതനമായ സഭകളില്‍ ഒന്നാണ്. കോപ്റ്റിക് എന്നാല്‍ ഈജിപ്ഷ്യന്‍ എന്നാണര്‍ത്ഥം. അതിപ്രാചിന ഭാഷയായ ഹൈരോഗ്ലിഫിക്‌സില്‍ നിന്നും ഉണ്ടായ ഭാഷയാണിത്. ക്രൈസ്തവ ലോകത്തിലെ ഏറ്റവും വലിയ കലാശാലയായിരുന്നു അല്‌സാണ്ട്രിയ. ക്രിസ്തുവിജ്ഞാനിയത്തിന്റെ കേന്ദ്രമായിരുന്നു അവിടം. വി.അത്തനാസിയോസ്, വി. ക്ലമന്റ് തുടങ്ങിയ ദൈവശാസ്ത്രജ്ഞരുടെ ആസ്ഥാനമായിരുന്നു. മറിയത്തിന്റെ ദൈവമാതൃത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ച 431- ലെ ഏഫേസുസ് സുനഹദോസില്‍ നടുനായകത്വം വഹിച്ചതും ദൈവമാതാവാണ് മറിയം എന്ന് സമര്‍ത്ഥിച്ചതും സഭയുടെ അന്നുവരെ ഉണ്ടായിരുന്ന വിശ്വാസത്തെ കാത്തുസൂക്ഷിക്കുന്നതിന് നേതൃത്വം കൊടുത്തതും അലക്‌സാണ്ട്രിയായിലെ വിശുദ്ധ സിറില്‍ ആയിരുന്നു. അലക്‌സാണ്ട്രിയയ്ക്ക് ആദിമകാലം മുതല്‍ ക്രൈസ്തവ പാത്രിയാര്‍ക്ക സിംഹാസനങ്ങളില്‍ രണ്ടാം സ്ഥാനമുണ്ടെന്ന് ബാവ പറഞ്ഞു. രണ്ടാം സ്ഥാനം കോണ്‍സ്റ്റാന്റിനോപ്പിളിനാണ് എന്ന് വാദവും ഉണ്ട്.
? കോപ്റ്റിക് സഭയുടെ ഉപവാസ ദിനങ്ങള്‍ ഏതെല്ലാമാണ്
എല്ലാ തിങ്കളും ബുധനും വെള്ളിയും ഉപവാസദിനങ്ങളാണ്. വലിയ നോമ്പ് ഓര്‍ത്തഡോക്‌സുകാര്‍ക്ക് 55 ദിവസമാണ്. കത്തോലിക്കര്‍ 40 ദിവസം ഉപവസിക്കുന്നു. ക്രിസ്മസ് നോമ്പും 40 ദിവസമുണ്ട്. കത്തോലിക്കര്‍ ഇപ്പോള്‍ ക്രിസ്മസിന് ഒരുക്കമായി 15 ദിവസമാണ് ഉപവസിക്കുന്നത്. ക്രിസ്മസ് കാലത്ത് പരിശുദ്ധ മറിയത്തോടുള്ള വണക്കം വളരെ ശക്തമായി നടക്കുന്നു. അടുത്ത പ്രധാന നോമ്പ് ശ്ലീഹന്മാരുടെ തിരുനാളിന്റെ ഭാഗമായാണ്. പന്തക്കുസ്ത മുതല്‍ ജൂലൈ 12-ന് തിരുനാള്‍ ദിനം വരെ ഉപവാസമാണ്. ചില വര്‍ഷം അത് 40 ദിവസം വരും. മറിയത്തിന്റെ സ്വര്‍ഗാരോപണത്തിന് ഒരുക്കമായി 15 ദിവസത്തെ ഉപവാസമുണ്ട്.
? കോപ്റ്റിക് ആരാധനക്രമത്തിന്റെ സവിശേഷതകള്‍
കോപ്റ്റിക് കത്തോലിക്കാ സഭ ഗ്രിഗോറിയന്‍ കലണ്ടറാണ് പിന്‍ചൊല്ലുന്നത്. ഓര്‍ത്തഡോക്‌സുകാര്‍ ജൂലിയന്‍ കലണ്ടറും. അതുകൊണ്ട് അവര്‍ക്ക് ക്രിസ്മസ് ജനുവരി ഏഴിനാണ് വരിക. ഗ്രാമങ്ങളിലെ കത്തോലിക്കരും ഈ കലണ്ടറാണ് അനുഗമിക്കുന്നത്. വിശുദ്ധ കുര്‍ബാനയുടെ മൂന്നു ക്രമങ്ങള്‍ സഭയില്‍ ഉണ്ട്
1. വിശുദ്ധ ബേസിലിന്റെ കുര്‍ബാന – സാധാരണ ദിനങ്ങളില്‍ ഈ ക്രമത്തിലാണ് ബലി അര്‍പ്പിക്കുന്നത്. 2. ഗ്രിഗോറിയന്‍ കുര്‍ബാന – ആഘോഷമായ വേളകളില്‍ 3. വിശുദ്ധ സിറിലിന്റെ ക്രമം – വലിയ നോമ്പു കാലത്ത്.

? ഈജിപ്തിലെ ക്രൈസ്തവരുടെ സംഖ്യ എത്രവരും
ഈജിപ്തില്‍ 10 കോടി ജനങ്ങളുണ്ട്. അവരില്‍ ഒരു കോടി ക്രൈസ്തവരാണ്. ക്രൈസ്തവരില്‍ 90 ശതമാനവും ഓര്‍ത്തഡോക്‌സ് വിഭാഗക്കാരാണ്. കത്തോലിക്കര്‍ മൂന്നു ലക്ഷത്തോളമാണ്. കത്തോലിക്കരില്‍ കോപ്റ്റിക്, ലത്തീന്‍, ബൈസന്റൈന്‍, അന്ത്യോക്യന്‍, അര്‍മേനിയന്‍ വിഭാഗങ്ങള്‍ ഉണ്ട്. കോപ്റ്റിക് കത്തോലിക്കാ സഭ പാത്രിയാര്‍ക്കല്‍ സഭയാണ്. അലക്‌സാണ്ടറിയാണ് ആസ്ഥാനം. അദ്ദേഹം കയ്‌റോയിലെ ആര്‍ച്ച്ബിഷപ്പുമാണ്. 1824 ല്‍ പാത്രിയാര്‍ക്ക സ്ഥാനം പുനഃസ്ഥാപിച്ചെങ്കിലും 1899 ലാണ് ആദ്യത്തെ കത്തോലിക്കാ പാത്രിയാര്‍ക്കിസ് ഉണ്ടായത്. കിറില്ലോസ് ദ്വിതിയന്‍. ഞാന്‍ ആറാമത്തെ പാത്രിയാര്‍ക്കിസാണ്. സാനാഗ് ലുക്‌സോര്‍, മിനിയ, ഗുസെ, ഇസ്മായിലിയ, അസ്യുത് എന്നീ രൂപതകളും ഉണ്ട്. വിദേശങ്ങളിലും കോപ്റ്റിക് ഇടവകകളുണ്ട്. അമേരിക്ക (2), കാനഡ (2), ഓസ്‌ട്രേലിയ (2), ഫ്രാന്‍സ് (2), ഇറ്റലി (2), ലെബനോന്‍ എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ഇടവകകള്‍ ഉള്ളത്. കുവൈറ്റ് അടക്കം മറ്റു പലയിടത്തുംനിന്നും ഇടവകള്‍ക്കായുള്ള വിശ്വാസികളുടെ ആവശ്യമുണ്ട്.
? ഓര്‍ത്തഡോക്‌സ് സഭയെക്കുറിച്ച്
ഈജിപ്തിലെ ക്രൈസ്തവരില്‍ 90 ശതമാനവും ഓര്‍ത്തഡോക്‌സുകാരാണ്. ആദിമ സഭയില്‍ സഭാ തലവനെ പാപ്പ എന്ന് വിളിച്ചിരുന്നത് കോപ്റ്റിക് സഭയിലാണ്. റോമസഭ പിന്നീടാണ് ആ വാക്ക് ഉപയോഗിച്ചു തുടങ്ങിയത്. ഓര്‍ത്തഡോക്‌സ് സഭയുടെ തലവനെ ഇപ്പോഴും പാപ്പ എന്നാണ് വിളിക്കുന്നത്. വലിയ പിതാവ് എന്നര്‍ത്ഥം വരും. 188-മത്തെ തലവനാണ് ഇപ്പോഴത്തെ തവദ്രാസ് പാപ്പ. ദൈവത്തിന്റെ ദാനം എന്നാണ് ആ വാക്കിന് അര്‍ഥം. കത്തോലിക്കരുമായി നല്ല ബന്ധം സൂക്ഷിക്കുന്ന ബാവയാണ് അദ്ദേഹം. 451 ലെ കാല്‍സിഡന്‍ സിനഡില്‍ വച്ചാണ് കത്തോലിക്കാ സഭയുമായി വേര്‍പെട്ടത്. ദൈവശാസ്ത്രപരമായ ഭിന്നതകള്‍ ഒന്നുമില്ല. അവ പ്രകടിപ്പിക്കുന്നതില്‍ മാത്രമാണ് വ്യത്യാസം.
? മാതാവിനോടും വിശുദ്ധരോടുമുള്ള ഭക്തി
കോപ്റ്റിക് സഭയുടെ ക്രിസ്തു വിജ്ഞാനീയത്തില്‍ മറിയത്തിനു വലിയ സ്ഥാനമുണ്ട്. ക്രിസ്തു, മറിയത്തിന്റെ മകനാണ്. മറിയം ക്രിസ്തുവിനെ തന്ന അമ്മയാണ്. പുര്‍ണ്ണ മനുഷ്യനും പൂര്‍ണ്ണ ദൈവവുമാണ് യേശു. ദൈവത്തിലേക്കുള്ള ഏക വഴിയാണ് യേശു. യേശുവിലേക്കുള്ള ഏക സത്യവഴി മറിയവും. സൂര്യനും ചന്ദ്രനും പോലെയാണവര്‍. മാതാവ് കഴിഞ്ഞാല്‍ ഈജിപ്തില്‍ ഏറെ വണങ്ങപ്പെടുന്നത് ഗീവര്‍ഗിസ് സഹദയാണ്. ആ വിശുദ്ധന്റെ നാമത്തില്‍ ധാരാളം പള്ളികള്‍ ഇരു വിഭാഗത്തിലുമുണ്ട
? കയ്‌റോയിലെ സൈറ്റുണിലെ മാതാവിന്റെ പ്രത്യക്ഷപ്പെടലിനെക്കുറിച്ച്
അവിടെ മാതാവ് പ്രത്യക്ഷപ്പെട്ടു എന്ന് ഓര്‍ത്തഡോക്‌സുകാര്‍ പറയുന്നു. കത്തോലിക്കരും അവിടെ പോയി പ്രാര്‍ത്ഥിക്കുന്നുണ്ട്. ഈജിപ്തിലെ മിക്കവാറും വിടുകളില്‍ കത്തോലിക്കരും ഓര്‍ത്തഡോക്‌സുകാരും ഉണ്ടാവും.
? 2015 ല്‍ ലിബിയയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച 21 പേരെക്കുറിച്ച്
അവര്‍ ഈജിപ്തിന്റെ ദേശീയ രക്തസാക്ഷികളാണ്. അവരില്‍ ഓര്‍ത്തഡോക്‌സുകാരും കത്തോലിക്കരും ഉണ്ടായിരുന്നു. ജീവിക്കാന്‍ ജോലി തേടി പോയവര്‍. വിശ്വാസത്തിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന അവര്‍ എല്ലാവരുടെയും വിശുദ്ധരാണ്. അവരില്‍ ഒരാള്‍ കോപ്റ്റിക്‌പോലും അല്ലായിരുന്നു എന്നാണ് പറയുന്നത്. ക്രൈസ്തവനുമല്ലായിരുന്നു. ആ സംഭവം കേട്ടപ്പോള്‍ ആദ്യം വല്ലാത്ത ഞെട്ടലാണ് ഉണ്ടായത്. സാവകാശം അത് വെല്ലുവിളിയായി. വിശ്വാസം ഏറ്റുപറയാനുള്ള തന്റേടം. കാണിക്കുവാനുള്ള വെല്ലുവിളി. തിളങ്ങുന്ന ക്രൈസ്തവ മാതൃക. ക്രൈസ്തവരില്‍ വല്ലാത്ത വിശ്വാസ ഉണര്‍വാണുണ്ടായത്. മുസ്ലീമുകള്‍ പോലും നമ്മെക്കുറിച്ച് നല്ലതു പറയാന്‍ കാരണമായി.
? 2017 ലെ ഫ്രാന്‍സിസ് പാപ്പയുടെ ഈജിപ്ത് സന്ദര്‍ശനം എന്തു ചലനങ്ങളാണ് ഉണ്ടാക്കിയത്
ഫ്രാന്‍സിസ് പാപ്പ കാലത്തിന്റെ പ്രവാചകനാണ്. സ്‌നേഹമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. മനുഷ്യരെ സ്‌നേഹിക്കുകയും അതിന് ആഹ്വാനം നടത്തുകയും ചെയ്യുന്നു. അഭയാര്‍ത്ഥികളെ സ്‌നേഹിക്കുന്നു. അതു പ്രശ്‌നം ഉണ്ടാക്കുന്നുണ്ടല്ലോ. പരിഹരിക്കേണ്ടത് രാഷ്ട്രീയ വൈഭവമാണ്. മാര്‍പാപ്പയുടെ സന്ദര്‍ശനം ഈജിപ്തിനെ ശരിക്കും ഇളക്കി മറിച്ചു. അദ്ദേഹം ജനഹൃദയം കവര്‍ന്നു. അവരില്‍ വലിയ സ്വാധീനം ഉണ്ടാക്കി. പാപ്പയുടെ ലാളിത്യം, സ്‌നേഹം, എല്ലാം സാധാരണക്കാരുടെപോലും ജീവിതങ്ങളെ സ്വാധിനിച്ചു. സിസ്റ്റത്തില്‍ മാറ്റം വന്നു എന്ന് പറയാനാവില്ല. അതു സാവകാശമേ വരൂ.
? രാഷ്ട്രവും ഭരണാധികാരികളുമായുള്ള ബന്ധം എങ്ങനെയാണ്
ഇപ്പോള്‍ നല്ല ബന്ധമാണ്. പ്രസിഡന്റ് അബ്ദുള്‍ ഫത്താ എല്‍-സിസി ക്രിസ്മസിന് പള്ളിയില്‍ വന്ന് ആശംസ അറിയിക്കും. ഇപ്പോള്‍ ക്രൈസ്തവര്‍ക്കു നേരെ ആക്രമണങ്ങളില്ല. ഭീകര പ്രവര്‍ത്തകര്‍ ഉണ്ടാവാം. ആക്രമിക്കുകയും ചെയ്യാം. പക്ഷേ സര്‍ക്കാര്‍ സാധ്യമായ എല്ലാ സംരക്ഷണവും തരുന്നു.
മുസ്ലീം ബ്രദര്‍ഹുഡ് നാടിന് വിപത്തായിരുന്നു. ഈജിപ്ത് പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി എന്നോട് നന്നായി പെരുമാറി. 2013 ല്‍ പാത്രിയാര്‍ക്കീസായപ്പോള്‍ അംഗീകരിച്ചു. പക്ഷേ അദ്ദേഹം ബ്രദര്‍ ഹുഡുകാരുടെ പാവയായിരുന്നു.
? നാടിന്റെ വികസനപ്രവര്‍ത്തനങ്ങളില്‍ സഭയുടെ സഹകരണം എങ്ങനെയാണ്
ഞങ്ങള്‍ ഒന്നാമതായി ഈജിപ്തുകാരണാണ്. ഈജിപ്തുകാരായ ക്രൈസ്തവര്‍. നാടിന്റെ പുരോഗതി നമ്മുടെ ചുമതലയാണ്. ഞങ്ങളുടെ വിശ്വാസം അതിന് ഞങ്ങളെ നിര്‍ബന്ധിക്കുന്നു. ക്രൈസ്തവ സ്‌നേഹത്തിന് സാക്ഷ്യം കൊടുക്കുന്ന ശുശ്രൂഷകളാണ് നമുക്കുള്ളത്. 170 വിദ്യാലയങ്ങള്‍ നടത്തുന്നുണ്ട്.
വലിയ ആശുപത്രികള്‍ ഇല്ല. ക്ലിനിക്കുകള്‍ ഉണ്ട്. നാട്ടുകാരെ സ്‌നേഹിക്കുക, അവരെ സഹായിക്കുക, ഇത് ക്രൈസ്തവ ദൗത്യമാാണ്.
? ദൈവവിളികള്‍ ഉണ്ടോ
ദൈവവിളികള്‍ക്ക് കുറവില്ല. കന്യാസ്ത്രീ മഠത്തിലേക്കും അര്‍ത്ഥിനികള്‍ എത്തുന്നുണ്ട്. രണ്ടു ദേശീയ സന്യാസിനി സമൂഹങ്ങള്‍ അവിടെ ഉണ്ട്. 1. സിസ്റ്റേഴ്‌സ് ഓഫ് ദ സേക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ്. 2. കോപ്റ്റിക് സിസ്റ്റേഴ്‌സ് ഓഫ് ദ സെക്രട്ട് ഹാര്‍ട്ട് ഓഫ് ജീസസ് ആന്റ ദി ഇമ്മക്യുലേറ്റ് ഹാര്‍ട്ട് ഓഫ് മേരി.
? പാത്രിയാര്‍ക്ക സ്ഥാനവും സഭയും
പ്രാചിനകാലം മുതല്‍ സഭയില്‍ മാര്‍പാപ്പയും പാത്രിയാര്‍ക്കാമാരും ഉണ്ടായിരുന്നു. മാര്‍പാപ്പായെ തെരഞ്ഞെടുക്കുന്നതിന് വോട്ടവകാശമുള്ള കര്‍ദിനാള്‍ പദവി പില്‍ക്കാലത്തു വന്നതാണ്. പാത്രിയാര്‍ക്കീസുമാര്‍ക്കു മാര്‍പാപ്പ തെരഞ്ഞെടുപ്പില്‍ കര്‍ദിനാള്‍ പദവി സ്വീകരിക്കാതെ തന്നെ വോട്ടവകാശം കോടുക്കണമെന്നാണ് എന്റെ പക്ഷം.
? സോഷ്യല്‍ മീഡിയയെ അങ്ങ് എങ്ങനെ കാണുന്നു
വളരെ ശക്തമാണത്. അതില്‍ നന്മയു തിന്മയും ഉണ്ട്. പെട്ടെന്ന് വാര്‍ത്ത എത്തുന്നതുപോലുള്ള നന്മകള്‍. എന്നാല്‍ പലപ്പോഴും ആഴമില്ലാത്ത വാര്‍ത്തകളാണ് വരിക. ആഴമുള്ള അറിവ് വേണമെന്നുപോലും പലര്‍ക്കും ഇല്ല.
? സഭകളുടെ കൂട്ടായ്മ
സഭകളുടെ കൂട്ടായ്മ വളരണം, ശക്തമാകണം. ഞാന്‍ വന്നതും അതിനാണ്. ക്ലിമീസ് ബാവ അവിടെയും വരും. പര്‌സപരം അറിയുക. പൗരസ്ത്യസഭകള്‍ കൂടുതല്‍ അറിയണം. ഇവിടെ പല സ്ഥലങ്ങളും ഞങ്ങള്‍ സന്ദര്‍ശിച്ചു. ഒരു അപ്പസ്‌തോലിക സഭയുടെ തിളക്കം അനുഭവിക്കാനായി. സഭയുടെ ശുശ്രൂഷകള്‍ കണ്ടു. വളരെ മനോഹരം. എത്ര ശക്തമായ ഇടപെടലുകള്‍ നടത്തുന്നു. വിദ്യാഭ്യാസം, ആതുര ശുശ്രൂഷ, മാധ്യമങ്ങള്‍… അക്രൈസ്തവരായ ആയിരങ്ങളെ സഭ ശുശ്രൂഷിക്കുന്നു. ക്രിസ്തുവിന്റെ സാന്നിധ്യത്തിന്റെ അടയാളമല്ലേ ഇത്.
? കേരള സഭയോട് അങ്ങേക്ക് എന്താണ് പറയാനുള്ളത്
ജീവനുള്ള സഭയാണ് നിങ്ങള്‍. നല്ല പാരമ്പര്യം, അപ്പസ്‌തോലിക സഭ. അക്രൈസ്തവരുമായി നല്ല ബന്ധം. അല്മായര്‍ക്കു കൂടുതല്‍ നേതൃത്വ പരിശിലനം കൊടുക്കുക. അവരെ മുന്നിലേക്ക് കൊണ്ടുവരിക. ഭാവിക്ക് അതു കൂടുതല്‍ നല്ലതാവും, അത്യാവശ്യവും. ദൈവം അനുഗ്രഹിക്കട്ടെ പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം എല്ലാവര്‍ക്കും ലഭിക്കട്ടെ.

 ടി. ദേവപ്രസാദ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?