Follow Us On

23

February

2020

Sunday

ഇത് കര്‍ത്താവിന്റെ കണ്ടക്ടര്‍

ഇത് കര്‍ത്താവിന്റെ കണ്ടക്ടര്‍

35 വര്‍ഷം ഒരു സ്വകാര്യ ബസിലെ കണ്ടക്ടര്‍ ജോലി ചെയ്ത്  യേശുവിന്റെ വചനത്തിന്റെ സാക്ഷിയായി ജീവിച്ച അനുഭവങ്ങള്‍ ഏറെ പങ്കുയ്ക്കാനുണ്ട് തോമസ് അമ്പാട്ടിന്. ഇടുക്കി  രൂപതയിലെ എഴുകുംവയല്‍ സ്വദേശിയാണ് ഇദ്ദേഹം.

ഏതൊരു ജോലിയും ദൈവത്തെ മഹത്വപ്പെടുത്താന്‍ പറ്റുന്ന രീതിയില്‍ ക്രമീകരിക്കാനാകും. ചെയ്യുന്ന ജോലിയോട് നൂറുശതമാനം നീതി പുലര്‍ത്തിയാല്‍ അതിലൂടെ മറ്റുള്ളവര്‍ക്ക് ദൈവത്തെ കാണിച്ചുകൊടുക്കാനും സാധിക്കും. ദൈവരാജ്യ ശുശ്രൂഷയ്ക്ക് ഒട്ടും സമയം കണ്ടെത്താന്‍ കഴിയാത്ത മേഖലകളിലും മനസുവച്ചാല്‍ അതിന് സാധിക്കും. ദൈവം അതിനുള്ള വഴികളും തുറന്നുതരും.
ഒരു സ്വകാര്യ ബസിലെ കണ്ടക്ടര്‍ ജോലി ചെയ്ത് യേശുവിന്റെ വചനത്തിന്റെ സാക്ഷിയായി ജീവിച്ച അനുഭവങ്ങള്‍ ഏറെ പങ്കുയ്ക്കാനുണ്ട് തോമസ് അമ്പാട്ടിന്. ഇടുക്കി രൂപതയിലെ എഴുകുംവയല്‍ സ്വദേശിയാണ് ഇദ്ദേഹം. 35 വര്‍ഷം ബസിലെ കണ്ടക്ടറായിരുന്ന തോമസ് 1991-ല്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍വച്ച് ധ്യാനത്തില്‍ പങ്കെടുത്തതിലൂടെയാണ് നവീകരണരംഗത്തേക്ക് വരുന്നത്. പുകവലിയുടെ ദുഃശീലമുണ്ടായിരുന്ന ഇദ്ദേഹത്തിന് അതില്‍നിന്നും പൂര്‍ണമായ മോചനം ലഭിച്ചു.
തനിക്ക് കിട്ടിയ യേശു അനുഭവം മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കണം എന്ന ചിന്തയായിരുന്നു പിന്നീടങ്ങോട്ട്. ദിനംപ്രതി ആയിരക്കണക്കിന് ആളുകളുമായി ഇടപെടുന്നുവെങ്കിലും ടിക്കറ്റ് കൊടുക്കലും പണം വാങ്ങലുമായി തിരക്കിട്ട ജീവിതംതന്നെ. എങ്ങനെ വചനം പറയും എന്ന ചിന്ത വളര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ തന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ ‘യേശു ഏക രക്ഷകന്‍’, ‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്നീ രണ്ടു വചനങ്ങള്‍ തയ്ച്ച് ചേര്‍ക്കുവാന്‍ തീരുമാനിച്ചു. ടിക്കറ്റെടുക്കുന്ന ഓരോ വ്യക്തിയും ഈ വചനം ശ്രദ്ധിക്കുകയും വായിക്കുകയും ചെയ്യും. വര്‍ഷങ്ങള്‍ നീണ്ട ജോലിക്കിടയില്‍ ലക്ഷക്കണക്കിനാളുകള്‍ ഇവ വായിക്കാനിടയായിട്ടുണ്ട്. അതുവഴി അനേകര്‍ക്ക് ക്രിസ്തുവിനെ കണ്ടെത്താനും ഇടയായിട്ടുണ്ട്. നല്ലതും ചീത്തയുമായ ധാരാളം അനുഭവങ്ങള്‍ ഇതുമൂലം ഉണ്ടായിട്ടുണ്ട്. നല്ല അനുഭവങ്ങളാണ് കൂടുതലും.
ഒരിക്കല്‍ ഒരു മദ്യപാനി ബസില്‍ കയറി. അസഭ്യം പറഞ്ഞ് യാത്രക്കാരെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. ശത്രുക്കളെ സ്‌നേഹിക്കുക എന്ന വാക്യം ഷര്‍ട്ടിന്റെ പോക്കറ്റില്‍ എഴുതിയിരിക്കുന്നതിനാല്‍ അയാളോട് ദേഷ്യപ്പെടാനും സാധിക്കുകയില്ല. പ്രാര്‍ത്ഥിച്ചുകൊണ്ട് അയാളെ സമീപിച്ചു. ചീത്ത പറഞ്ഞ ആ മനുഷ്യന്‍ പെട്ടെന്ന് അടങ്ങി. അയാള്‍ ഒരിടത്തിരുന്നു. സ്‌നേഹത്തോടെ അയാളോട് സംസാരിച്ചു, ഈശോയെക്കുറിച്ച് പറഞ്ഞു, മദ്യത്തില്‍ നിന്നും മോചനം നേടേണ്ടതിനെക്കുറിച്ചും പറഞ്ഞു. വളരെ ശാന്തനായി ഇറങ്ങിപ്പോയ ആ മനുഷ്യനെക്കുറിച്ചാണ് ബസിലെ യാത്രക്കാര്‍ പോലും പിന്നീട് സംസാരിച്ചത്.
കര്‍ത്താവ് നല്‍കുന്ന ബോധ്യങ്ങള്‍
കരിസ്മാറ്റിക് ധ്യാനത്തില്‍ പങ്കെടുക്കുന്നതിന് ഏതാനും മാസംമുമ്പ് പിതാവിന്റെ രോഗവുമായി ബന്ധപ്പെട്ട് കോട്ടയം മെഡിക്കല്‍ കോളജില്‍ കഴിയേണ്ടി വന്നു. അവിടുത്തെ ജീവിതത്തിനിടയില്‍ പാവപ്പെട്ടവരുടെ വേദന കണ്ട് മനസിലാക്കാനും അലിവുള്ള ഹൃദയം സ്വന്തമാക്കാനും സാധിച്ചു. ആശുപത്രിയില്‍ കഴിയുമ്പോള്‍ അടുത്ത ബഡില്‍ കിടന്ന രോഗി മരിച്ചു. ഡോക്ടര്‍ വെള്ളത്തുണികൊണ്ട് ശരീരം മൂടി. എന്നിട്ടും അടുത്ത് നിന്ന മരിച്ചയാളുടെ ഭാര്യയ്ക്ക് കാര്യം മനസിലായില്ല. ആ സാധു സ്ത്രീ അവിടെത്തന്നെ നിന്നു. കുറെ സമയം കഴിഞ്ഞപ്പോള്‍ തോമസുചേട്ടന്‍ അടുത്തുചെന്ന് മരണവിവരം അറിയിച്ചു. അവര്‍ക്ക് അപ്പോഴാണ് കാര്യം മനസിലായത്. വീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകാന്‍ ആരും സഹായിക്കാനില്ല. പെട്ടെന്ന് എന്ത് ചെയ്യണമെന്ന് തോമസിനും നിശ്ചയമുണ്ടായിരുന്നില്ല. എങ്കിലും കര്‍ത്താവ് നല്‍കിയ ബോധ്യമനുസരിച്ച് കുറച്ച് പേരോട് പണം വാങ്ങി ആംബുലന്‍സ് വിളിച്ചു. രാത്രിയോടെ മൃതശരീരം അവരുടെ ഗ്രാമത്തിലെത്തിച്ചു. സാധുക്കളെ സഹായിക്കണമെന്ന ചിന്ത കുറെക്കൂടി ശക്തമായത് ഈ സംഭവത്തോടെയാണ്.
ഇദേഹത്തിന്റെ കണ്ടക്ടര്‍ ജോലി മറ്റുള്ളവരില്‍നിന്നും തികച്ചും വ്യത്യസ്തമാണ്. എല്ലാവരോടും സ്‌നേഹത്തോടെ ഇടപെടുന്ന ശൈലിയാണത്. അതുവഴി ധാരാളം സൗഹൃദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഭിക്ഷക്കാര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍വരെ എത്തിനില്‍ക്കുന്നതാണ് സൗഹൃദവലയം. എല്ലാം ബസ് ജോലിയിലൂടെ ലഭിച്ചതും. നിരവധി പുരസ്‌കാരങ്ങള്‍ കണ്ടക്ടര്‍ ജോലിയിലൂടെ ലഭിച്ചിട്ടുണ്ട്. മികച്ച കണ്ടക്ടറായി അദ്ദേഹം പലതവണ തിരഞ്ഞെടുക്കപ്പെട്ടു. റോട്ടറി ക്ലബ് ഉള്‍പ്പെടെയുള്ള സംഘടനകളും അദേഹത്തെ ആദരിച്ചിട്ടുണ്ട്.
ഒരിക്കല്‍ ഒരു രോഗിയും സഹായിയുംകൂടി ബസില്‍ കയറാന്‍ വന്നു. സ്വകാര്യവാഹനം വിളിച്ച് പോകാന്‍ പണമില്ലാത്ത അവസ്ഥയിലാണ് അവര്‍ ബസില്‍ കയറുന്നത്. രോഗിയുടെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. അയാള്‍ ഇടയ്ക്കിടെ കരയുന്നുണ്ടായിരുന്നു. കട്ടപ്പനയില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളജിലേക്കുള്ള യാത്രയ്ക്കിടയില്‍ തോമസുചേട്ടന്‍ അയാള്‍ക്കുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. കോട്ടയത്ത് എത്തിയപ്പോഴേക്കും രോഗിക്ക് വലിയ ആശ്വാസം അനുഭവപ്പെട്ടു.
ഇതേ രോഗി വൈകിട്ട് മടങ്ങിയതും തോമസുചേട്ടന്റെ വണ്ടിയിലായിരുന്നു. അപ്പോഴേക്കും രോഗിയുടെ മുഖം പ്രസന്നമായിരുന്നു. പ്രാര്‍ത്ഥനയുടെയും ജപമാലയുടെയും ശക്തി കൂടുതല്‍ ബോധ്യമാകുന്ന സംഭവമായിരുന്നു അത്.
ജപമാല ജീവിതശൈലിയായതിന് പിന്നില്‍
ബസ് ജീവിതം തുടങ്ങിയ നാളുകളില്‍ നാല് സിസ്റ്റേഴ്‌സ് ബസില്‍ കയറി. തോമസുചേട്ടന്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ സന്തോഷകരമായ ഇടപെടലില്‍ ആകൃഷ്ടരായ അവര്‍ നാല് ജപമാലകള്‍ തോമസുചേട്ടന് സമ്മാനിച്ച് മറ്റ് ജീവനക്കാര്‍ക്കും നല്‍കാന്‍ പറഞ്ഞു. അന്നുമുതല്‍ ജപമാല ധരിക്കുന്നത് ശീലമാക്കി. ജപമാലഭക്തി ജീവിതത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു.
ഏതാനും വര്‍ഷംമുമ്പ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നുവരികയായിരുന്നു. ശക്തമായ മഴയും കാറ്റും ഇടിമിന്നലുമെല്ലാംകൊണ്ട് ഭീകരാന്തരീക്ഷം. റോഡില്‍ കുറച്ച് മണ്ണ് ഇടിഞ്ഞുകിടന്നിരുന്നു. മുന്നോട്ട് പോകാന്‍ ശ്രമിക്കവേ അടുത്ത വീട്ടുകാര്‍ വിളിച്ചതിനാല്‍ തിരിച്ചുനടന്നു. ഈ സമയം കടന്നുപോകേണ്ട സ്ഥലത്ത് ഉരുള്‍പൊട്ടലുണ്ടായി. മുന്നോട്ട് നടന്നിരുന്നെങ്കില്‍ തീര്‍ച്ചയായും മരണം സംഭവിക്കുമായിരുന്നു. തൊട്ടടുത്തുള്ള വീട്ടിലേക്ക് കയറി. ആ കുടുംബത്തിലെ അംഗവും അദ്ദേഹത്തിന്റെ ബന്ധത്തില്‍പ്പെട്ട കുടുംബവും ശത്രുതയിലായിരുന്നു. തങ്ങള്‍ നില്‍ക്കുന്ന വീട് സുരക്ഷിതമല്ലാത്തതിനാല്‍ ബന്ധുവീട്ടിലേക്ക് പോകാന്‍ തോമസുചേട്ടന്‍ അയാളെ സ്‌നേഹപൂര്‍വം നിര്‍ബന്ധിച്ചു. അവര്‍ ഒടുവില്‍ അത് അംഗീകരിച്ചു. അങ്ങനെ ഇരുകുടുംബങ്ങളും ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രമ്യതയിലായി. ഈ സംഭവം തകരുന്ന കുടുംബബന്ധങ്ങളില്‍ ഇടപെടാന്‍ പ്രേരണയായി. ഇതേസമയത്താണ് വികാരിയച്ചന്റെ നിര്‍ദേശപ്രകാരം ഒരു തൊഴില്‍തര്‍ക്കം പരിഹരിക്കാന്‍ നിയുക്തനാകുന്നത്. സങ്കീര്‍ണമായ ആ പ്രശ്‌നം ഏതാനും നാളത്തെ പ്രാര്‍ത്ഥനയും ചര്‍ച്ചകളും ഉപദേശങ്ങളുംവഴി പരിഹരിക്കാന്‍ സാധിച്ചു.
കുടുംബപ്രശ്‌നങ്ങള്‍ക്ക് പരിഹാരം
തോമസുചേട്ടന്‍ കണ്ടക്ടര്‍ ജോലി അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്നുള്ള കാലം എന്തു ചെയ്യുമെന്ന് ചിന്തിച്ചു. കര്‍ത്താവിനുവേണ്ടി എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചു. അങ്ങനെയാണ് നിസാരവും സങ്കീര്‍ണവുമായ കാരണങ്ങളാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്ന അനേക കുടുംബങ്ങളെ കൂട്ടിയിണക്കാനുള്ള ദൗത്യത്തില്‍ പങ്കുചേരുന്നത്. ഒരിക്കലും യോജിക്കാനാകില്ല എന്ന് പറഞ്ഞ് വേര്‍പിരിഞ്ഞ് കഴിഞ്ഞിരുന്ന അമ്പതോളം ദമ്പതികളെ ഒരുമിപ്പിക്കാന്‍ തോമസുചേട്ടന് സാധിച്ചു. സൗമ്യമായ ഇടപെടലുകളിലൂടെയും പ്രാര്‍ത്ഥനയിലൂടെയുമെല്ലാം എത്ര തകര്‍ന്ന ബന്ധങ്ങളെയും കൂട്ടിയിണക്കാന്‍ കഴിയുമെന്ന് ഇദ്ദേഹം പറയുന്നു. രണ്ടുപേരെയും കേള്‍ക്കാന്‍ തയാറായും പരസ്പരം നന്മകള്‍ കണ്ടെത്താന്‍ പ്രേരിപ്പിച്ചുമാണ് ഈ ദൗത്യം ഇദ്ദേഹം നിര്‍വഹിക്കുന്നത്. എത്ര മോശം വ്യക്തിയായാലും പത്ത് നന്മകളെങ്കിലും ജീവിതപങ്കാളിക്ക് കണ്ടെത്താന്‍ കഴിയും. എന്തെങ്കിലും കുറവുകളില്ലാത്ത ഒരു കുടുംബവും ലോകത്തില്ല. അതിനാല്‍ കുറവുകള്‍ ഉള്‍ക്കൊണ്ട് മുന്നോട്ട് പോവുകയാണ് ഉചിതം. പലപ്പോഴും ഏറെ സങ്കീര്‍ണവും ത്യാഗപൂര്‍ണവുമായ ദൗത്യനിര്‍വഹണമാണിത്. സ്വയം കഴുതയായാലേ ഒരുവനെ നേടുവാന്‍ സാധിക്കൂ . ഇതാണ് തോമസുചേട്ടന്റെ ആപ്തവാക്യം. പരിഹാസങ്ങളും അപമാനങ്ങളും പലപ്പോഴും നേരിടേണ്ടി വന്നിട്ടുണ്ട്. അവയെല്ലാം ദൈവസന്നിധിയില്‍ സമര്‍പ്പിച്ച് മുന്നോട്ട് നീങ്ങുന്നു. അനുദിനമുള്ള ദിവ്യബലിയാണ് ശക്തിസ്രോതസ്. മൂന്ന് കിലോമീറ്റര്‍ രാവിലെ നടന്ന് ജപമാല ചൊല്ലി അന്നത്തെ നിയോഗങ്ങളെല്ലാം മാതാവിന് സമര്‍പ്പിച്ചാണ് പള്ളിയില്‍ എത്തുന്നത്.
വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയില്‍ പ്രവര്‍ത്തിക്കുകയും ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്യുന്ന ത് ജീവിതശൈലിയാണെന്ന് പറയാം. ഇടവകയില്‍ ഒരു പാലിയേറ്റീവ് യൂണിറ്റ് ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. രണ്ട് സിസ്റ്റേഴ്‌സ് ഉള്‍പ്പെടെ ഇരുപതോളം അംഗങ്ങള്‍ കൂട്ടായ പരിശ്രമത്തിലൂടെ രോഗികളുടെ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും വേണ്ട പരിചരണം നല്‍കുകയും ചെയ്യുന്നു. രോഗശയ്യയിലായരിക്കുന്നവര്‍ക്ക് ആത്മീയമായ സഹായങ്ങള്‍ ധാരാളം ആവശ്യമുണ്ട്. നല്ല മരണത്തിന് പലരെയും ഒരുക്കേണ്ടതുണ്ട്. പ്രത്യാശയും സന്തോഷവും പകര്‍ന്നു നല്‍കേണ്ടവരുണ്ട്. സാമ്പത്തിക സഹായങ്ങള്‍, രോഗീപരിചരണം, മുറി വൃത്തിയാക്കല്‍ തുടങ്ങിയവയൊക്കെ ആവശ്യമായി വരും. ടീം വര്‍ക്കിലൂടെ ഇത്തരം കാര്യങ്ങള്‍ നടപ്പിലാക്കുന്നു. നേത്രദാനത്തിന് തയാറായ ഏഴുപേരുടെ കണ്ണുകള്‍ യഥാസമയം ഇടപെട്ട് ശേഖരിച്ചതുവഴി പതിനാല് പേര്‍ക്ക് കാഴ്ചയുടെ ലോകം തുറന്നു കിട്ടി. പാലിയേറ്റീവ് പ്രസ്ഥാനത്തിലൂടെയാണ് ഇത് സാധിച്ചത്. രൂപതയില്‍ ഏറ്റവും കൂടുതല്‍ പേര്‍ നേത്രദാനം നടത്തിയ ഇടവകയാകാനും ഇതുവഴി സാധിച്ചു. എല്ലാ വര്‍ഷവും രോഗികള്‍ക്കുവേണ്ടി പ്രത്യേക കുര്‍ബാന പാലിയേറ്റീവ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ക്രമീകരിക്കാറുണ്ട്.
തോമസുചേട്ടന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലും പ്രോത്സാഹനവുമായി നിലകൊള്ളുന്നത് ഭാര്യ ത്രേസ്യാമ്മയാണ്. മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്: മിന്നു, ലിന്നു, ലിബിന്‍.
കുടുംബത്തകര്‍ച്ചകള്‍ക്ക് പ്രധാനകാരണം മദ്യപാനമാണ്. മദ്യനിരോധന സമിതിയുമായി ചേര്‍ന്ന് മദ്യത്തിനെതിരായ പ്രവര്‍ത്തനങ്ങളിലും തോമസുചേട്ടന്‍ പ്രവര്‍ത്തനനിരതനാണ്. ഇടവകയ്ക്ക് പുറത്തുള്ള കുടുംബങ്ങളിലേക്കും തോമസുചേട്ടന്‍ കടന്നുചെല്ലാറുണ്ട്. കല്ലാര്‍ സബ്-സോണ്‍ കോ-ഓര്‍ഡിനേറ്ററായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. നവദര്‍ശനധ്യാനകേന്ദ്രവുമായി ബന്ധപ്പെട്ട് കൗണ്‍സലിങ്ങ് ശുശ്രൂഷയിലും ഇദ്ദേഹം വ്യാപൃതരാണ്.
ഒരു കണ്ടക്ടര്‍ എന്ന നിലയില്‍ എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറി ഒരിക്കലും ദേഷ്യപ്പെടാത്ത കണ്ടക്ടര്‍, കൃത്യമായി ബാലന്‍സ് കൊടുക്കുന്ന കണ്ടക്ടര്‍ എന്നീ നിലകളിലെല്ലാം നാട്ടുകാരുടെ പ്രശംസ പിടിച്ചുപറ്റിയ ഇദ്ദേഹത്തെക്കുറിച്ച് പ്രമുഖ മാധ്യമങ്ങളിലും വാര്‍ത്തവന്നിട്ടുണ്ട്.
ആത്മീയ ജീവിതവും ഭൗതികജീവിതവും തമ്മില്‍ വേര്‍പിരിക്കാനാവാത്തവിധം ക്രിസ്തുവില്‍ ഒന്നാക്കി മാറ്റിയതാണ് തോമസുചേട്ടനെ വ്യത്യസ്തനാക്കിയത്. എളിമയോടെ വ്യാപരിച്ചുകൊണ്ട് ഏത് പ്രസ്ഥാനത്തിലും ഇടപെടാനും പരിഹാരം കണ്ടെത്തുവാനും ഇദ്ദേഹത്തിന് സാധിക്കുന്നത് ദൈവത്തിന്റെ പ്രത്യേക കൃപകൊണ്ടുതന്നെ.

സുബിന്‍ തോമസ്

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?