Follow Us On

09

December

2019

Monday

ലോക രാജ്യങ്ങൾക്ക് വീണ്ടും ഹംഗറിയുടെ ഓർമപ്പെടുത്തൽ: പ്രഥമം, പ്രധാനം കുടുംബങ്ങൾ

ലോക രാജ്യങ്ങൾക്ക് വീണ്ടും ഹംഗറിയുടെ ഓർമപ്പെടുത്തൽ: പ്രഥമം, പ്രധാനം കുടുംബങ്ങൾ

ബുഡാപെസ്റ്റ്: കുടുംബാസൂത്രണം, ദാരിദ്ര്യ നിർമാർജനം എന്നിങ്ങനെയുള്ള തൊടുന്യായങ്ങൾ ചൂണ്ടിക്കാട്ടി ജനനനിരക്ക് വെട്ടിക്കുറയ്ക്കുന്ന ലോകരാജ്യങ്ങൾക്ക്, അസാധാരണ നടപടിയിലൂടെ വീണ്ടും ഹംഗറിയുടെ ഓർമപ്പെടുത്തൽ! മൂന്നു കുട്ടികളിൽ കൂടുതലുള്ള കുടുംബങ്ങൾക്ക് വലിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച ഹംഗേറിയൻ നടപടിയെ അപ്രകാരം വീക്ഷിക്കണമെന്ന നിരീക്ഷണം ശക്തമാകുകയാണ്.

കുടുംബം എന്നത് സമൂഹത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ പ്രഥമവും പ്രധാനവുമായ ശിലയാണ്, ക്രൈസ്തവ വിശ്വാസത്തിനു മാത്രമേ പുതിയ യൂറോപ്പ് കെട്ടിപ്പടുക്കാൻ സാധിക്കൂ ലോകത്തിന് വിശിഷ്യാ, യൂറോപ്പിന് ഈ രണ്ട് ഓർമപ്പെടുത്തലുകളാണ് പുതിയ നടപടിയിലൂടെ ഹംഗറി മുന്നോട്ടുവെക്കുന്നത്.

ക്രൈസ്തവ മൂല്യങ്ങളിൽ അടിസ്ഥാനമിട്ട് ഭരണം നടത്തുന്ന പ്രധാനമന്ത്രി വിക്ടർ ഒർബന്റെ ഭരണകൂടം ആനുകൂല്യങ്ങളും മറ്റും നൽകി വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടികൾ തുടങ്ങിയിട്ട് ഏതാനും വർഷങ്ങളായി. ഇതിൽ ഏറ്റവും പുതുതാണ്, മൂന്ന് കുട്ടികളും അതിൽ കൂടുതലുമുളള ദമ്പതികൾക്ക് 33,000 ഡോളർ സമ്മാനമായി പ്രഖ്യാപിച്ച നടപടി.

വിവാഹിതരാകുന്ന ദമ്പതികൾക്ക് ലോണായാണ് തുക നൽകുന്നതെങ്കിലും മൂന്ന് കുട്ടികൾ അവർക്കുണ്ടായാൽ ആ തുക തിരികെ നൽകേണ്ടതില്ല. ഇപ്പോൾ തന്നെ ഈ പദ്ധതിക്കായി 2400 കുടുംബങ്ങൾ രജിസ്റ്റർ ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ. ദമ്പതികളിൽ ഒരാളെങ്കിലും ആദ്യമായി വിവാഹം ചെയ്യുന്നയാളായിരിക്കണം, സ്ത്രീക്ക് 18 മുതൽ 40 വയസുവരെ മാത്രമേ പ്രായം പാടുള്ളൂ എന്നിങ്ങനെ ചില നിബന്ധനയുമുണ്ട്.

ജനസംഖ്യയിലെ കുറവ് പരിഹരിക്കാൻ ഈ വർഷമാദ്യം ‘കുടുംബ ബഡ്ജറ്റ്’ ഹംഗറി പ്രഖ്യാപിച്ചിരുന്നു. പുതിയ പദ്ധതിയും ബഡ്ജറ്റിന്റെ ഭാഗമാണ്. വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ അമ്മമാർക്ക് മൂന്നു വർഷത്തെ പ്രസവാവധിയും നാലിൽ കൂടുതൽ കുട്ടികളുള്ള അമ്മമാർക്ക് ഇൻകം ടാക്‌സ് ഇളവും പ്രഖ്യാപിച്ചത് ഈയിടെയാണ്.

ക്രിസ്തീയ ദർശനങ്ങൾക്കനുസരിച്ച് ഹംഗറി നടപ്പാക്കുന്ന പദ്ധതികളുടെ ഫലങ്ങളും അമ്പരപ്പിക്കുന്നതാണ്. കുടുംബമൂല്യങ്ങൾക്ക് വില കുറയുന്ന യൂറോപ്പിൽ വിവാഹ കുടുംബ സംവിധാനങ്ങൾ വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, വിക്ടർ ഓർബൻ ഭരണത്തിലേറിയ 2010 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവാഹ കുടുംബ വിഷയങ്ങളിൽ സംഭവിക്കുന്ന മാറ്റങ്ങൾ യൂറോപ്പ് കൺതുറന്നു കാണണം.

2010- 2018 കാലഘട്ടത്തിൽ ഭ്രൂണഹത്യകളുടെ എണ്ണത്തിലുണ്ടായത് 33% കുറവാണ്. വിവാഹമോചനം നേടുന്നവരുടെ എണ്ണത്തിലും കുറവുണ്ടായി 22.5%. ഇക്കാലഘട്ടത്തിനിടയിൽ വിവാഹങ്ങളുടെ എണ്ണത്തിൽ 43% വർദ്ധനവുമുണ്ടായി. ജനപ്രിയ പദ്ധതികളുമായി മൂന്നാം വട്ടവും തുടർച്ചയായി ഭരണം നടത്തുന്ന അദ്ദേഹത്തിന് ജനങ്ങളുടെ പിന്തുണയും നാൾക്കുനാൾ വർധിക്കുകയാണ്. ഇത് വിക്ടർ ഒർബൻ തുടങ്ങിവെച്ച പദ്ധതികളുടെ വിജയമായി തന്നെ വ്യാഖ്യാനിക്കാം.

ചിത്രത്തിന്റെ അടിക്കുറിപ്പ്‌: ആദ്യ തവണ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്ത (2010) വിക്ടർ ഒർബൻ കുടുംബത്തോടൊപ്പം അന്ന് പാപ്പയായിരുന്ന ബനഡിക്ട് 16-ാമനെ സന്ദർശിച്ചപ്പോൾ. (ഫയൽ ചിത്രം)

 

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Don’t want to skip an update or a post?