Follow Us On

09

December

2019

Monday

അധ്വാനം നിഷ്ഫലമാകാന്‍ അനുവദിക്കരുത്‌

അധ്വാനം  നിഷ്ഫലമാകാന്‍  അനുവദിക്കരുത്‌

സ്വന്തം സുഖസൗകര്യങ്ങളും ആരോഗ്യവും കണക്കിലെടുക്കാതെ കഠിനാധ്വാനം ചെയ്യുന്നവരാണ് ഭൂരിപക്ഷവും. പ്രിയപ്പെട്ടവരെക്കുറിച്ചുള്ള കരുതലുകളാണ് അതിനവരെ പ്രേരിപ്പിക്കുന്നത്. ഞാന്‍ കഷ്ടപ്പെട്ടാലും കുഴപ്പമില്ല, എന്റെ മക്കള്‍, സഹോദരങ്ങള്‍, തന്നെ ആശ്രയിച്ചു കഴിയുന്ന മറ്റുള്ളവര്‍ സുഖമായി ജീവിക്കണമെന്ന ആഗ്രഹം. ഗള്‍ഫ് രാജ്യങ്ങളില്‍ ലേബര്‍ വിസയില്‍ ജോലി ചെയ്യുന്ന പലരും അസൗകര്യങ്ങളുടെ നടുവിലാണ് ജീവിതംതള്ളിനീക്കുന്നത്. തിരിച്ചുപോരാന്‍ തോന്നിയാലും അതില്‍നിന്നെല്ലാം അവരെ പിന്തിരിപ്പിക്കുന്നത് പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ചിന്തകളായിരിക്കും. തന്റെ പണം ഉപയോഗിച്ച് ജീവിക്കുന്നവരെക്കുറിച്ചുള്ള ബോധ്യങ്ങള്‍ കഷ്ടപ്പാടുകള്‍ സഹിക്കാനുള്ള ബലമായി മാറുന്നു. പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നവര്‍ അവരുടെ ആത്മരക്ഷയെക്കുറിച്ച് ചിന്തിക്കാറുണ്ടോ? സഹോദരങ്ങള്‍ക്കും പ്രിയപ്പെട്ടവര്‍ക്കും ഭൗതീക സൗകര്യങ്ങള്‍ ഒരുക്കുന്നവര്‍ അവരുടെ ആത്മീയ ജീവിതത്തെക്കുറിച്ചും ആലോചിക്കണം.
മറ്റുള്ളവര്‍ക്കായി ത്യാഗങ്ങള്‍ ഏറ്റെടുക്കുന്നത് അവരോടുള്ള സ്‌നേഹത്തെപ്രതിയാണ്. കുടുംബത്തിനായി കഠിനാധ്വാനം നടത്തേണ്ടത് കടമയാണ്. അവരോടുള്ള സ്‌നേഹമാണ് അതിന് പ്രേരിപ്പിക്കുന്നത്. അവര്‍ നന്നായി ജീവിക്കണമെന്നും ഉന്നതനിലയില്‍ എത്തണമെന്നുമൊക്കെ ആഗ്രഹിക്കുമ്പോള്‍ ഭൗതീകജീവിതത്തില്‍ മാത്രമല്ല, ആത്മീയതയിലും അത് ആഗ്രഹിക്കണം. ഈ ഭൂമിയിലെ ജീവിതം വളരെ ഹ്രസ്വമാണ്. ഏറിയാല്‍ 100 വയസുവരെ. അതാണ് നിത്യജീവിതത്തിന് വഴിയൊരുക്കുന്നത്. ക്രിസ്തീയ കുടുംബങ്ങളില്‍ നിലനില്ക്കുന്ന കുടുംബ പ്രാര്‍ത്ഥനയും ആത്മീയ അന്തരീക്ഷവും പാരമ്പര്യമായി കൈമാറിവന്ന വിശ്വാസത്തിന്റെ ഭാഗമാണ്. ആധുനിക കാലം മത്‌സരാന്തരീക്ഷന്റേതാണ്. കഠിനാധ്വാനം ചെയ്താലേ വിജയിക്കാന്‍ കഴിയൂ എന്നൊരു ചിന്ത ഇപ്പോഴുണ്ട്. വിജയത്തിന് കുറുക്കുവഴികള്‍ ഇല്ലാത്തതിനാല്‍ കഠിനാധ്വാനം അനിവാര്യമാണ്. എന്നാല്‍, അതിന് പലരും കണ്ടെത്തുന്ന എളുപ്പമാര്‍ഗം കുടുംബത്തില്‍നിന്നും ആത്മീയതയെ പടിയിറക്കുകയാണ്. ഇതു വലിയ അപകടമാണ്. ഞായറാഴ്ചകളില്‍പ്പോലും ദൈവാലയത്തില്‍ പോകുന്നതില്‍നിന്ന് മക്കള്‍ക്ക് ചില മാതാപിതാക്കളെങ്കിലും ഇളവു നല്‍കാന്‍ തുടങ്ങും. സമയം പാഴാക്കാതെ അവര്‍ പഠിക്കട്ടെ എന്ന മനോഭാവമാണ് അവരെ നയിക്കുന്നത്. അലോചിച്ചുനോക്കിയാല്‍ അതിലെ മണ്ടത്തരം മനസിലാകും. ഞായറാഴ്ചകളില്‍ രണ്ടോ മൂന്നോ മണിക്കൂറുകള്‍ ദൈവാലയത്തില്‍ പോകുന്നതിനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കുമായി മാറ്റിവച്ചാല്‍ വലിയ നഷ്ടം സംഭവിക്കുമെന്ന് കരുതുന്നവര്‍ മൊബൈലിന്റെയും ഇന്റര്‍നെറ്റിയും മുമ്പില്‍ എത്ര സമയം ചെലവഴിക്കുന്നുണ്ടാകും? ഉറച്ച ആത്മീയടിത്തറ ഇല്ലെങ്കില്‍ യൗവനത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ ആത്മീയതയില്‍നിന്നും അകന്നുനില്ക്കാന്‍ ആഗ്രഹിക്കും. പ്രായത്തിന്റെ പ്രത്യേകതകൂടിയാണ് വിശ്വാസത്തെയും മൂല്യങ്ങളെയും തള്ളിപ്പറയാന്‍ ശ്രമിക്കുന്നത്.
മക്കളുടെ നല്ല ഭാവി ആഗ്രഹിക്കുന്ന മാതാപിതാക്കള്‍ അവര്‍ക്ക് വിശ്വാസത്തില്‍ ആഴപ്പെടുത്തിയുള്ള പരിശീലനമാണ് കൊടുക്കേണ്ടത്. ദൈവത്തോട് ചേര്‍ന്നുനിന്നു വളരുന്ന കുട്ടികളാണ് കുടുംബത്തിനും സമൂഹത്തിനും അനുഗ്രഹങ്ങളായി മാറുന്നത്. ഈ ലോകത്തില്‍ അവര്‍ എത്ര ഉന്നതമായ പദവികള്‍ വഹിച്ചാലും നിത്യതയില്‍ അതു പ്രയോജനപ്പെടുന്നില്ലെങ്കില്‍ എന്തു പ്രയോജനമാണുള്ളത്? പഠനത്തിന്റെയും ജോലിയുടെയും ഭാഗമായി മാതാപിതാക്കളുടെ ദൃഷ്ടിയില്‍നിന്നും അകന്നുജീവിക്കാന്‍ തുടങ്ങുമ്പോള്‍ വഴിതെറ്റിപ്പായുന്ന യുവജനങ്ങളെപ്പറ്റി ധാരാളം കേട്ടിട്ടുണ്ട്. ഉറച്ച ആത്മീയ അടിത്തറയും മൂല്യബോധവുമുള്ള മക്കള്‍ എവിടെ ജീവിച്ചാലും അതവരുടെ സ്വഭാവത്തിന്റെ ഭാഗമായിട്ടുണ്ടാകും. അങ്ങനെയുള്ളവരെക്കുറിച്ച് ആലോചിച്ച് മാതാപിതാക്കള്‍ക്ക് ആകുലപ്പെടേണ്ടിവരില്ല.
പ്രിയപ്പെട്ടവര്‍ക്കുവേണ്ടി ത്യാഗങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ അവരുടെ നിത്യതയെക്കുറിച്ചുള്ള സ്വപ്‌നങ്ങളും ഉണ്ടാകണം. ആഗ്രഹങ്ങള്‍ ഭൗതികതയില്‍ ഒതുങ്ങിപ്പോകരുത്. പ്രാര്‍ത്ഥിക്കുന്നതിനും ആത്മീയ കാര്യങ്ങള്‍ക്കുമായി കുറച്ചുസമയം നീക്കിവച്ചതിന്റെ പേരില്‍ ആരും പിന്നിലാകില്ല. ദൈവത്തെ മറന്ന് ജീവിക്കുമ്പോഴാണ് ലോകത്തിന്റെ വഴികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. പ്രിയപ്പെട്ടവര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊക്കെ ഈ ലോകത്തില്‍ അംഗീകാരങ്ങള്‍ ലഭിക്കുമ്പോള്‍ എല്ലാവര്‍ക്കും സന്തോഷമുണ്ടാകും. അതിലും എത്രയോ പ്രധാനപ്പെട്ടതാണ് ദൈവത്തിന്റെ അംഗീകാരം. വഴിതെറ്റി സഞ്ചരിക്കുന്നവരെ ദൈവവഴികളിലേക്ക് ആനയിക്കേണ്ടത് ഉത്തരവാദിത്വമായി ഓരോരുത്തരും ഏറ്റെടുക്കണം. പ്രത്യേകിച്ച്, പ്രിയപ്പെട്ടവര്‍. അല്ലെങ്കില്‍ നമ്മുടെ കഠിനാധ്വാനങ്ങള്‍ നിഷ്ഫലമാകില്ലേ?

Leave a Comment

Your email address will not be published. Required fields are marked with *

Similar Posts

Latest Posts

Don’t want to skip an update or a post?