Follow Us On

29

November

2020

Sunday

എല്ലാം പരിശുദ്ധ അമ്മയുടെ അനുഗ്രഹം

എല്ലാം പരിശുദ്ധ അമ്മയുടെ  അനുഗ്രഹം

പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥത യാചിച്ചാല്‍ കിട്ടാത്തത് ഒന്നുമില്ല. ഇത് എന്റെ സ്വന്തം അനുഭവമാണ്. എത്ര വിഷമകരമായ സാഹചര്യമായാലും അമ്മ നമ്മെ കൈവിടുകയില്ല. എനിക്ക് രണ്ടു പെണ്‍കുട്ടികളാണുളളത്. പെണ്‍കുഞ്ഞുങ്ങളുള്ള എല്ലാ മാതാപിതാക്കളുടെയും ആഗ്രഹം മകള്‍ക്ക് നല്ലൊരു മരുമകനെ കിട്ടണമെന്നായിരിക്കുമല്ലോ. ഞങ്ങളും അതില്‍നിന്നും വ്യത്യസ്തരായിരുന്നില്ല. ഇക്കാര്യം ഭാര്യയോട് പറഞ്ഞപ്പോള്‍, അവള്‍ പറഞ്ഞു: ”നമുക്ക് ലൂര്‍ദില്‍ പോയി അമ്മയോട് അപേക്ഷിച്ചതിനു ശേഷം മതി ബാക്കിയെല്ലാം. ലൂര്‍ദില്‍ പോകാനുള്ള ആഗ്രഹം മൊട്ടിട്ടത് അങ്ങനെയാണ്. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു അത്. സണ്‍ഡേശാലോം വായനക്കാര്‍ക്കായി ഞാന്‍ ആ അനുഭവം പറയാം.
അങ്കമാലിക്കാരന്‍ അഡ്വ. സാജു ജേക്കബ് കുടുബസമേതം ജര്‍മനിയിലെ കൊളോണ്‍ നഗരത്തില്‍ താമസിക്കുന്നുണ്ട്. ലൂര്‍ദില്‍ പോകാനുള്ള എന്റെ ആഗ്രഹം ഞാന്‍ സാജുവിനോട് പറഞ്ഞു. ജര്‍മനിയില്‍ ചെന്നാല്‍ കാറെടുത്ത് ഫ്രാന്‍സിന്റെ തെക്കേ അറ്റത്തുള്ള ലൂര്‍ദ്ദില്‍ കൊണ്ടുപോകാമെന്ന് അദ്ദേഹം ഏറ്റു.
ഇക്കാര്യം ഭാര്യ(ഷീലു)യോടു പറഞ്ഞപ്പോള്‍ അവള്‍ ആഹ്ലാദവതിയായി. മൂത്തമകളുടെ കല്യാണത്തിനുമുമ്പ് മാതാവിന്റെ ദര്‍ശനസ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കാനുള്ള അവസരം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന വാശിയിലായിരുന്നു ഞങ്ങള്‍.
നോമ്പുനോറ്റുവേണം ലൂര്‍ദ്ദില്‍ പോകേണ്ടതെന്ന മരിയഭക്തയായ ഷീലുവിന്റെ അഭിപ്രായത്തോട് എനിക്ക് തെല്ലും വിയോജിപ്പും ഉണ്ടായില്ല. സാജുവിനോട് ഇക്കാര്യം പറഞ്ഞപ്പോള്‍ അവരും നോമ്പു നോക്കാമെന്ന് ഏറ്റു.
പിന്നീട് പോകാനുള്ള തയാറെടുപ്പായി. കൊളോണില്‍ എത്തിയപ്പോള്‍ സാജുവിന്റെ സുഹൃത്തായ മുസ്ലീം സഹോദരനും അദ്ദേഹത്തിന്റെ ഭാര്യയും കൂട്ടിനെത്തി. ഞങ്ങള്‍ ആറുപേര്‍ സംഘത്തിലുള്ളതു കാരണം ഒരു മിനി വാന്‍ സംഘടിപ്പിച്ചു.
യാത്ര തുടങ്ങിയപ്പോള്‍ ഷീലു മാതാവിനെക്കുറിച്ചുളള പാട്ട് പാടാന്‍ തുടങ്ങി. അപ്പോള്‍ ഞങ്ങളെ സ്തബ്ധരാക്കിക്കൊണ്ട് മുസ്ലീം കൂട്ടുകാരന്റെ ഭാര്യ വാഹിദയും മരിയ ഭക്തിഗാനങ്ങള്‍ കൂടെപ്പാടി.
വാഹിദയ്ക്ക് മാതാവിനോട് വലിയ സ്‌നേഹമാണ്. അവരുടെ പാട്ടില്‍ അത് വ്യക്തമായിരുന്നു. മുന്‍കൂട്ടി പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ലൂര്‍ദ്ദില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന വിശ്രമാലയത്തില്‍ എത്തി.
എത്രയുംവേഗം പള്ളിയില്‍ പോകാനുള്ള ആവേശത്തിലായിരുന്നു ഞങ്ങള്‍. ദൂരെനിന്നും പള്ളി കണ്ടപ്പോള്‍ത്തന്നെ സംതൃപ്തിയായി. കന്യകാമാതാവ് കൊച്ചു പെണ്‍കുട്ടിക്ക് (പില്‍ക്കാലത്ത് അവരും കന്യാസ്ത്രീയായി) പ്രത്യക്ഷപ്പെട്ട ലൂര്‍ദ്ദ്.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നും വിശ്വാസികള്‍ ഒഴുകിയെത്തുന്ന ലൂര്‍ദ്ദ്! മാതാവിന്റെ സന്നിധിയില്‍ എത്താന്‍ എല്ലാവര്‍ക്കും എന്തൊരു ആവേശമായിരുന്നു. ചിലര്‍ അവരോളം വലുപ്പത്തിലുള്ള മെഴുകുതിരി ചുമലിലേന്തി വരുന്നു. കാഴ്ചവസ്തുക്കളുമായി മറ്റുചിലര്‍. ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക, ഏഷ്യ, ചൈന, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ളവരാണ് ഏറെയും.
രോഗികളെ സ്‌ട്രെച്ചെറിലും വീല്‍ചെയറിലുമായി കൊണ്ടുവരുന്നു. അല്പസമയത്തിനുള്ളില്‍ പള്ളിയുടെ അങ്കണം മുഴുവന്‍ ജനസമുദ്രമായി. പ്രധാന അള്‍ത്താരയ്ക്കുമുമ്പില്‍ എത്താന്‍ ഞങ്ങള്‍ക്ക് കഠിനപ്രയത്‌നം നടത്തേണ്ടി വന്നു.
അപ്പോള്‍ അവിടെ ഫ്രഞ്ചുഭാഷയില്‍ വിശുദ്ധ കുര്‍ബാന നടക്കുകയായിരുന്നു. പള്ളിയുടെ മുന്‍നിരകള്‍ മുഴുവന്‍ രോഗികളും അശരണരും മാത്രം. സ്‌ട്രെച്ചെറിലും വീല്‍ചെയറിലും രോഗികളുടെ നിരകള്‍. സ്‌ട്രെച്ചെറില്‍ കിടത്തിയ ഒരു രോഗിയുടെ അടുത്ത് ഞാനും ഷീലുവും നിന്നു. അവരുടെ വേദന കണ്ടപ്പോള്‍ മനസു പിടഞ്ഞു. ഇത്തരം വേദനകളൊന്നും എനിക്കില്ല. എന്താണ് എനിക്ക് വേണ്ടത്? മകളുടെ കല്യാണം ഭംഗിയായി നടക്കണം. ദൈവാശ്രയമുള്ള ചെക്കനെ വേണം. കല്യാണം കഴിഞ്ഞ് അവര്‍ നാടിനും നാട്ടാര്‍ക്കും കൊള്ളാവുന്നവരായി, ക്രിസ്തുവില്‍ അടിസ്ഥാനമിട്ട് ജീവിക്കണം. അതിന് മാതാവ് ഞങ്ങള്‍ക്കുവേണ്ടി മധ്യസ്ഥം യാചിക്കണം. നേരത്തെ പറഞ്ഞതുപോലെ ഈ ആവശ്യം ഉണര്‍ത്തിക്കാനാണ് ഞാനും ഭാര്യയും കൂട്ടുകാരും ലൂര്‍ദ്ദിലെത്തിയത്.
എന്നാല്‍, തൊട്ടടുത്തു നില്‍ക്കുന്നവരുടെ വേദന കണ്ടപ്പോള്‍, അവരുടെ വിതുമ്പല്‍ കേട്ടപ്പോള്‍ ഞാനും വിതുമ്പിപ്പോയി.
ദൈവമേ! കണ്ണീരില്‍ കുതിര്‍ന്ന ഇവരുടെ ആവശ്യം നിറവേറ്റിക്കൊടുക്കണമേ എന്നായി എന്റെ പ്രാര്‍ത്ഥന.
അള്‍ത്താരയില്‍ നില്‍ക്കുന്നവരും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുന്നവരും ഏകമനസോടെ, ഏകശബ്ദത്തില്‍ യാചിക്കുന്നത് ഉള്‍ക്കിടിലത്തോടെ ഞങ്ങള്‍ കണ്ടു. ചുറ്റും നോക്കി, എല്ലാവരുടെയും മുഖത്ത് കണ്ണീര്‍ത്തോടുകള്‍! കരഞ്ഞു കരഞ്ഞ് കലങ്ങിയ കണ്ണുകള്‍! പ്രാര്‍ത്ഥനയ്ക്ക് ഭാഷയെന്തിന്?
മനസിന്റെ ഇംഗിതങ്ങള്‍ അറിയുന്നവളുടെ മുമ്പില്‍ നില്‍ക്കുമ്പോള്‍ എന്ത് ആവശ്യങ്ങളാണ് ഉണര്‍ത്തിക്കേണ്ടത്?
അമ്മേ! എനിക്ക് ഒന്നും പറയാനാകുന്നില്ല. എന്റെ ഒരാവശ്യവും നിറവേറ്റിത്തന്നില്ലെങ്കിലും വേദന തിന്നുന്ന, എന്റെ അടുത്തു കിടക്കുന്ന, ഞാന്‍ ഒരിക്കലും അറിയാത്ത ഈ മനുഷ്യന്റെ പ്രാര്‍ത്ഥന കേള്‍ക്കണമേ! കണ്ണുകളടച്ച്, ഏകാഗ്രതയോടെ ഞാന്‍ പ്രാര്‍ത്ഥിച്ചു. ധാരധാരയായി ഒഴുകുന്ന കണ്ണുനീര്‍ നിയന്ത്രിക്കാന്‍ ഞാന്‍ ശ്രമിച്ചതേ ഇല്ല. അപ്പോള്‍ കാതുകളില്‍ ഒരു ഗാനവീചി അലയടിച്ചു. അന്തരിച്ച എന്റെ അമ്മച്ചി നിത്യവും പാടുന്ന പാട്ട്…
”കണ്ണുനീര്‍ താഴ്‌വരയില്‍
ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവനെന്‍
കാര്യം നടത്തിത്തരും….”
പള്ളിയില്‍നിന്നു പിരിയുമ്പോള്‍ എനിക്കും ഭാര്യയ്ക്കും സമാധാനമായി. എന്തൊരനുഭവം! ഇത് മാതാവിന്റെ കൃപ. അല്ലെങ്കില്‍ പിന്നെന്താണ്…? നാട്ടില്‍ തിരിച്ചെത്തി. ഒരു മാസം കഴിഞ്ഞപ്പോള്‍ ഒരു വാര്‍ത്ത, പത്തനംതിട്ട കാതോലിക്കേറ്റ് സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ റവ. ജേക്കബ് ഫിലിപ്പിന്റെയും കാതോലിക്കേറ്റ് കോളജ് പ്രഫസര്‍ കുഞ്ഞമ്മയുടെയും മകന്‍ ഫിലിപ്പ് ജേക്കബ് അഹമ്മദാബാദിലെ ഐ.ഐ.എംല്‍ നിന്നും ഒന്നാം റാങ്കോടെ എം.ബി.എ പരീക്ഷ പാസായിരിക്കുന്നു.
ഐ.ഐ.എം അഹമ്മദാബാദില്‍നിന്നും ഒന്നാം റാങ്കു നേടിയ ആദ്യ മലയാളി! ഈ ചെറുക്കനായിരിക്കുമോ എന്റെ മകളുടെ പ്രതിശ്രുതവരന്‍? ഓര്‍ത്തഡോക്‌സ് സഭയുടെ മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പക്കോമിയോസ് തിരുമേനിയോട് മധ്യസ്ഥത യാചിച്ചു. (വൈദികസെമിനാരിയില്‍ ജേക്കബ് ഫിലിപ്പച്ചനും പക്കോമിയോസ് തിരുമേനിയും സഹപാഠികളായിരുന്നു)
പിന്നെ, കാര്യങ്ങള്‍ ശരവേഗത്തിലാണ് നടന്നത്. 2006 ഏപ്രില്‍ 21 ന് പരുമല പള്ളിയില്‍വച്ച് ഞങ്ങളുടെ മകള്‍ അന്ന വിവാഹിതയായി. അതേ, ഫിലിപ്പ് ജേക്കബുമായി. നിറഞ്ഞ മനസുമായി മദ്ബഹായിലേക്കു നോക്കിയപ്പോള്‍ ഉണ്ണിയേശുവിനെ മടിയില്‍ ഇരുത്തി ലാളിക്കുന്ന മാതാവിന്റെ ചിത്രം! ലോകൈകനാഥന് ജന്മം നല്‍കിയ ധന്യയായ മാതാവിന്റെ ചിത്രം.

ജിജി തോംസണ്‍ ഐ.എ.എസ്.

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?