Follow Us On

29

November

2020

Sunday

പരിശുദ്ധ അമ്മയും സ്വാതന്ത്ര്യദിനവും

പരിശുദ്ധ അമ്മയും  സ്വാതന്ത്ര്യദിനവും

ഭാരതീയരുടെ ഭാഗ്യമാണ് നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യദിനത്തില്‍ ത്തന്നെ പരിശുദ്ധ അമ്മയുടെ സ്വര്‍ഗാരോപണ തിരുനാളുംകൂടി ആഘോഷിക്കാന്‍ കഴിയുന്നു എന്നുള്ളത്. ഭാരതത്തിന്റെ രാജ്ഞിയായ മാതാവ് ഭാരതീയരായ നമ്മുടെ പ്രാര്‍ത്ഥന കേട്ട് എല്ലാ അന്ധകാരങ്ങളില്‍നിന്നും നമ്മെ മോചിപ്പിക്കും എന്ന പ്രത്യാശയാണ് നമുക്ക് വേണ്ടത്. അമ്മയോട് ചേര്‍ന്നുനിന്ന്, അമ്മയോടൊപ്പം സഞ്ചരിച്ച്, അമ്മ നടന്ന കനല്‍വഴികളിലൂടെ നടന്നാല്‍, അമ്മയെപ്പോലെ സ്വര്‍ഗാരോപണം നമുക്കും സാധ്യമാകും എന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്.
പ്രീഡിഗ്രി പഠനകാലത്ത് വിശ്വാസജീവിതത്തിന്റെ സംഘര്‍ഷങ്ങളിലൂടെ കടന്നുപോകുമ്പോള്‍ എന്നെ ഏറെ അരോചകപ്പെടുത്തിയ കാര്യമായിരുന്നു സഭയിലെ അതിരുകവിഞ്ഞ മാതൃഭക്തി. ഈ കാലഘട്ടത്തില്‍ ജപമാല ചൊല്ലല്‍, നൊവേനകള്‍ തുടങ്ങിയ ഭക്താഭ്യാസങ്ങള്‍ എന്നെ അസ്വസ്ഥതപ്പെടുത്തിയിരുന്നു. കരിസ്മാറ്റിക് നവീകരണത്തിലൂടെ എനിക്ക് വളരാന്‍ കഴിഞ്ഞതായിരുന്നു മേല്‍പറഞ്ഞ അസ്വസ്ഥതയ്ക്ക് ദൈവം നല്‍കിയ പോംവഴി. പ്രത്യേകിച്ചും ആ കാലത്ത് ഞാന്‍ പരിചയപ്പെടാന്‍ ഇടയായ ഫാ. കനീഷ്യസ് സി.എം.ഐ (ഇദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നു) എന്റെ തെറ്റിദ്ധാരണകളെ മാറ്റിത്തന്ന നല്ലൊരു വൈദികനായിരുന്നു. ജപമാല ഒരു ‘മിലിട്ടറി മാര്‍ച്ച്’ ആണെന്നാണ് അച്ചന്‍ പറഞ്ഞത്. നാരകീയ ശക്തികളെ തുരത്തിയോടിക്കാന്‍, ജപമാലയില്‍ കൃത്യമായും ക്രമമായും അടുക്കും ചിട്ടയോടുംകൂടി കോര്‍ത്തിണക്കിയ ഓരോ പ്രാര്‍ത്ഥനകളും ഒരു കൂട്ടം മനുഷ്യര്‍ ഒന്നിച്ചുചൊല്ലുന്നതിനെക്കാള്‍ മികച്ച പ്രതിവിധിയില്ല എന്നാണ് അച്ചന്‍ പഠിപ്പിച്ചത്. പരിശുദ്ധ അമ്മയോടൊപ്പം നടത്തുന്ന ഈയൊരു ‘സൈനികമാര്‍ച്ച്’ ശത്രുക്കളുടെമേല്‍ വിജയം വരിക്കാന്‍, പ്രത്യേകിച്ചും ആത്മീയമേഖലയില്‍ എനിക്ക് ഏറെ ഉപകാരമായിട്ടുണ്ട് എന്നുള്ളത് സ ധൈര്യം പ്രഘോഷിക്കാന്‍ കഴിയുന്നുണ്ട്.
ജപമാലയില്ലാത്ത ഒരു ദിവസംപോലും എനിക്കിന്ന് ചിന്തിക്കാനാവില്ല. അസാധ്യമെന്ന് വിചാരിച്ച പല കാര്യങ്ങളും എന്റെ ജീവിതത്തില്‍ നടത്തിക്കിട്ടാന്‍ മാതാവ് എന്നെ സഹായിച്ചത് ജപമാലയിലൂടെയാണ്.
പള്ളോട്ടൈന്‍ സഭയുടെ സ്ഥാപകനായ സെന്റ് വിന്‍സെന്റ് പള്ളോട്ടി വരപ്പിച്ച ഒരു ചിത്രമാണ് ‘ശ്ലീഹന്മാരുടെ രാജ്ഞിയായ പരിശുദ്ധ മറിയം.’ പന്തക്കുസ്താനുഭവം ശ്ലീഹന്മാര്‍ക്ക് ആദ്യമായി സാധ്യമാകുന്നത് പരിശുദ്ധ അ മ്മയോടൊപ്പമാണ്. പരിശുദ്ധാത്മാവിനെ സ്വീകരിക്കാന്‍ ശിഷ്യന്മാര്‍ക്ക് സാധിച്ചത് പരിശുദ്ധ അമ്മയോടൊപ്പമാണെങ്കില്‍, ഇന്നും ആത്മാവിന്റെ സാന്നിധ്യം നമുക്ക് ലഭിക്കാന്‍ ഏറ്റവും എളുപ്പമുള്ള മാര്‍ഗം പരിശുദ്ധ അമ്മയുടെ മധ്യസ്ഥസഹായമാണ്. ആ ചിത്രത്തില്‍ പത്രോസ് തന്റെ കൈയിലിരിക്കുന്ന താക്കോല്‍ താഴെവച്ചാണ് അമ്മയോടൊപ്പം ഇരിക്കുന്നത്. ജീസസ് യൂത്തിന്റെ പരിശീലന പരിപാടികളുടെ ‘ഐക്കണ്‍’ ആയി ഈ ചിത്രമാണ് സ്വീകരിച്ചിരിക്കുന്നത്. ക്രിസ്തുവിനുവേണ്ടി ജീവിക്കാന്‍ യുവജനങ്ങളെ പ്രചോദിപ്പിക്കുന്ന മാതൃമനസുള്ള ഒരു വ്യക്തിയുടെ സാന്നിധ്യവും സാമീപ്യവും പരിശുദ്ധ അമ്മയിലൂടെ ലഭിക്കും എന്ന പ്രത്യാശയാണ് ഇതിന്റെ പിന്നിലുള്ളത്.
മനുഷ്യര്‍ക്ക് ഏറ്റവും ഹൃദ്യവും മനോഹരവുമായി ദൈവത്തെ കാണാന്‍ കഴിയുന്നത് മാതാവിലൂടെയാണ് എന്ന സത്യമാണ് നാം പ്രഘോഷിക്കേണ്ടത്. മാതാവാണ് ക്രിസ്തുവിലേക്കുള്ള നമ്മുടെ എളുപ്പവഴി. കൊച്ചുത്രേസ്യ പുണ്യവതി പറയുന്നപോലെ സ്വര്‍ഗത്തിലെത്തുവാനുള്ള കുറുക്കുവഴി.

എഡ്വേര്‍ഡ് എടേഴത്ത്‌

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?