Follow Us On

29

November

2020

Sunday

ദൈവപുത്രന് ജന്മമേകിയ അമ്മ

ദൈവപുത്രന്  ജന്മമേകിയ അമ്മ

അമ്മ ഒരു സംസ്‌കാരമാണെന്ന തിരിച്ചറിവാണ് എന്റെ സര്‍ഗയാത്രയുടെ ആധാരം. ഇന്ത്യയില്‍ ജനിച്ചു വളര്‍ന്നതുകൊണ്ട് മാതാപിതാ ഗുരു ദൈവം എന്ന വാക്യം എനിക്ക് നക്ഷത്രപ്രകാശമായി. രാജ്യം അമ്മയാണ്. ഭാഷ അമ്മയാണ്. പ്രകൃതി അമ്മയാണ്. എല്ലാ മുതിര്‍ന്ന സ്ത്രീകളും മാതാവിനെപ്പോലെ അഭിവന്ദ്യരാണ് എന്നത് എന്റെ സംസ്‌കാരം. അത് ജന്മഭൂമികയില്‍നിന്ന് ഉള്‍ക്കൊണ്ടതാണ്. പില്‍ക്കാലത്ത് എന്നെ പഠിപ്പിക്കുകയും ഞാന്‍ വായിച്ച് കൂടുതല്‍ ഉള്‍ക്കൊള്ളുകയും ചെയ്ത വിശ്വാസത്തിന്റെ പുസ്തകത്തിലും മാതൃചൈതന്യം നിറഞ്ഞുനിന്നു.
നമ്മുടെ നാട്ടിലെ ദൈവാലയങ്ങള്‍ ഏറെയും അമ്മയുടെ പരിശുദ്ധി അനുഭവപ്പെടുന്നതാണ്. വിശുദ്ധ വേദപുസ്തകം വായിച്ച് പഠിക്കാനുള്ള എളിയ ശ്രമം എന്റെ ജീവിതത്തെ ആശങ്കരഹിതവും ഭദ്രവും പ്രത്യാശാപൂര്‍ണവും ആക്കിയിട്ടുണ്ട്. അസ്വസ്ഥതകളുടെ പീഠഭൂമിയില്‍ അലയുവാന്‍ വിധിക്കപ്പെട്ട ജനത്തിന് ഈശ്വരകല്പിതമായ പ്രത്യാശ സ്ത്രീയില്‍നിന്ന് പിറക്കുന്നവന്‍ വൈരികളെ തകര്‍ക്കും എന്നതാണ്. പഴയ നിയമ കാലത്ത് ആവര്‍ത്തിക്കപ്പെടുന്ന ദൈവത്തിന്റെ സാന്ത്വനശബ്ദങ്ങളുടെ മൂര്‍ത്തീഭാവമായിട്ടാണ് മനുഷ്യാവതാരം സംഭവിക്കുന്നത്. ദൈവം മനുഷ്യനായി അവതരിക്കുന്നു. പാപങ്ങള്‍ക്ക് പൊറുതി നല്‍കി രക്ഷാമാര്‍ഗം കാണിച്ചു കൊടുക്കുന്നു. പഴയ നിയമകാലത്തുനിന്ന് വേര്‍തിരിഞ്ഞ് പുതിയ യുഗപ്പിറവി സംഭവിക്കുന്നത് അതോടുകൂടിയാണ്. മനുഷ്യപുത്രന്റെ തിരുപ്പിറവി.
സ്വര്‍ഗത്തിന്റെ ദൂതന്‍ ഒരു ഗ്രാമീണ ബാലികയോട് ദൈവത്തിന്റെ അനുഗ്രഹം അറിയിക്കുന്നു; കൃപ നിറഞ്ഞവളേ നിനക്ക് സമാധാനം. ലോകത്തിന്റെ രക്ഷകന്‍ നിന്നില്‍നിന്ന് ജന്മമെടുക്കും. അവന്‍ ജനതയുടെ പാപത്തിന്റെ നുകം എടുത്തുമാറ്റും. രക്ഷയുടെ വിധി നടപ്പാക്കും. ഇത് സകല ജനത്തിനും സംഭവിക്കാനാരിക്കുന്ന വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത. ഈ ദൈവവചനം ഉള്‍ക്കൊള്ളുന്നതിന് മറിയം എന്ന ബാലികയ്ക്ക് സ്വാഭാവികമായും കഴിഞ്ഞില്ല. ദൈവത്തിന്റെ അനന്തമായ കൃപയില്‍ അവള്‍ അഭയം കണ്ടെത്തി. ആ വിശ്വാസത്തിന്റെ ശക്തി പൂര്‍ണമായി ഉള്‍ക്കൊണ്ടു. ദൈവവചനം അനുസരിച്ച് അവള്‍ ഗര്‍ഭം ധരിച്ചു. മനുഷ്യപുത്രന് ജന്മം നല്‍കി.
ഓരോ ചുവടുവയ്പ്പിലും ആ അമ്മ മകന്റെ ചൈതന്യം ഉള്‍ക്കൊണ്ടു. ക്ലേശങ്ങളുടെ നടുവില്‍ താന്‍ പെറ്റുവളര്‍ത്തിയ മകന്‍. അവന്‍ ഭൂമിയുടെ ഉര്‍വ്വരത വീണ്ടെടുക്കും. അന്ധകാരത്തിന്റെ നിഴലുകള്‍ അകറ്റി സ്വര്‍ഗത്തിന്റെ പ്രകാശം പരത്തും. ജറുസലേം ദൈവാലയത്തില്‍ മകനെ പ്രാര്‍ത്ഥനാപൂര്‍വം കാഴ്ചവച്ചപ്പോള്‍ ശിമയോന്‍ എന്ന താപസന്റെ അനുഗ്രഹവചനം അവള്‍ കേട്ടു. ആ താപസന്‍ ശിശുവിനെ കൈയിലെടുത്ത് ദൈവത്തെ വാഴ്ത്തിക്കൊണ്ട് പറഞ്ഞത്, ‘എല്ലാ ജനപഥങ്ങളുടെയും മുമ്പില്‍ ഒരുക്കിയിരിക്കുന്ന രക്ഷ എന്റെ കണ്ണുകള്‍ കണ്ടിരിക്കുന്നു എന്നാണ്.’ തുടര്‍ന്ന് അമ്മയോട് പറഞ്ഞത് ഇങ്ങനെ: ‘ഇതാ ഈ ശിശു ഇസ്രായേലില്‍ അനേകരുടെ വീഴ്ചയ്ക്കും ഉയര്‍ച്ചയ്ക്കും കാരണമാകും. നിന്റെ ഹൃദയത്തില്‍ ഒരു വാള്‍ കടന്നുകയറുകയും ചെയ്യും.’
അമ്മ ശിശുവിനെ ഹൃദയത്തോട് ചേര്‍ത്തുപിടിച്ചു ഒരാശ്വാസംപോലെ, പ്രാര്‍ത്ഥനപോലെ.
ക്രിസ്മസ് ദൈവാനുഗ്രഹത്തിന്റെ നിറവേറലാണ്. സ്ത്രീയിലൂടെ സംഭവിക്കുന്ന മാതൃത്വത്തിന്റെ മഹനീയതയാണ് പുരുഷനെ അറിയാതെ ഗര്‍ഭിണിയാകുന്ന സ്ത്രീ. മകന്റെമേല്‍ അവള്‍ക്കുള്ള അവകാശവും അധികാരവും പൂര്‍ണവും താരതമ്യങ്ങള്‍ ഇല്ലാത്തതും. അങ്ങനെ ഒരു അമ്മയും മകനും.
മകന്‍ വളര്‍ന്ന് വേദപഠനം പൂര്‍ത്തിയാക്കി സിനഗോഗുകളില്‍ പ്രസംഗിച്ച് ദൈവഹിതം നിറവേറ്റാന്‍ ശ്രമിക്കുന്നു. അപ്പോഴൊക്കെ നിഴലുപോലെ അമ്മയും പിന്നാലെ. അവള്‍ മകന്റെ ദൗത്യനിര്‍വഹണത്തിന് സഹായിയായിമാത്രം ജീവിച്ചു. ആ അമ്മയ്ക്ക് ജീവിതത്തില്‍ മറ്റൊന്നും നിര്‍വഹിക്കാനില്ല. മകന്റെ രക്ഷാകരദൗത്യം പൂര്‍ണമാക്കുകമാത്രം. ചരിത്രത്തില്‍ ഇങ്ങനെയൊരു മാതൃപുത്രബന്ധം നമുക്ക് കണ്ടെത്താനാകില്ല. അമ്മയുടെ വാക്കുകള്‍ കേട്ട് അത്ഭുതപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന പുത്രന്‍. അമ്മ അവന്റെ സ്‌നേഹിതരോട് നിര്‍ദേശിക്കുന്നു: ‘നിങ്ങള്‍ അവന്‍ പറയുന്നതുപ്രകാരം പ്രവര്‍ത്തിക്കുവിന്‍.’
കാലങ്ങളിലൂടെ യാത്ര ചെയ്യുന്ന മനുഷ്യസമൂഹത്തോട് ആ അമ്മ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നു. ‘നിങ്ങള്‍ അവന്‍ പറയുന്നതുപ്രകാരം പ്രവര്‍ത്തിക്കുവിന്‍.’
ഭൂമിയില്‍ ദൈവപുത്രന്റെ രക്ഷാകരദൗത്യം തുടര്‍ന്ന് നിര്‍വഹിക്കുന്നതിന് നിയുക്തമായിരിക്കുന്ന സഭയുടെ അനുശാസനത്തില്‍ ഈ അമ്മയുടെ വാക്കുകളുടെ ശക്തിയുണ്ട്. അതുകൊണ്ടാണ് വിശുദ്ധരില്‍ വിശുദ്ധയായി അവള്‍ ആദരിക്കപ്പെടുന്നത്. സഭയുടെ രക്ഷകയും വിശുദ്ധരില്‍ വിശുദ്ധയുമാണ് അവള്‍. പാപരഹിതയായി ജനിച്ച് പുണ്യത്തിന്റെ വഴിയിലൂടെമാത്രം സഞ്ചരിച്ച് ഒടുവില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട പരിശുദ്ധ ദൈവജനനി.
വിശുദ്ധ നാടുകളില്‍ യാത്ര ചെയ്യാന്‍ എനിക്ക് പല സന്ദര്‍ഭങ്ങള്‍ കൈവന്നിട്ടുണ്ട്. ബൈബിളിന്റെ ഭൂമിയും ആകാശവും കൃത്യമായി നിരീക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്നില്‍ വേദന വളര്‍ത്തിയത് കാല്‍വരിയിലെ ദിവ്യബലി സംഭവിച്ച രംഗസ്ഥലിയിലാണ്. അവിടെ നാട്ടിയ കുരിശില്‍ മകന്‍ ഹോമബലിയായി സ്വയം അര്‍പ്പിക്കുന്നത് നോക്കിനില്‍ക്കുന്ന അമ്മയുടെ ചിത്രം. അവളുടെ ഹൃദയത്തിലൂടെ വാള്‍ തുറഞ്ഞു കയറുന്നു. നിഷ്‌കളങ്കരക്തം വീണ് ഭൂമിയുടെ ഹൃദയം തുടുക്കുന്നു. കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു. കാറ്റ് വീര്‍പ്പടക്കി നില്‍ക്കുന്നു. ആ അമ്മയും കരഞ്ഞ് കണ്ണീര്‍ വറ്റി ശിലാപ്രതിമപോലെ. മകന്‍ മരിച്ച് മൂന്നാംനാള്‍ ഉയിര്‍ത്ത് എഴുന്നേല്‍ക്കുന്നു. മകന്റെ സാന്നിധ്യമില്ലാത്ത ഭൂമിയില്‍ അമ്മയ്ക്കും ഇടമില്ല. മകന്‍ അവളില്‍നിന്ന് പിറന്നു. ആ ഭൂമിയില്‍ മകന് ജന്മം നല്‍കി അവള്‍ അമ്മയായി സ്വര്‍ഗത്തിന്റെ ചൈതന്യം പരത്തി. കാലം കടന്നുപോയപ്പോള്‍ അമ്മ സ്വര്‍ഗ്ഗാരോപിതയാകുന്നു.
ആ മഹനീയ സന്ദര്‍ഭത്തിന്റെ ഓര്‍മയുടെ നാളുകളിലൂടെ നാം കടന്നുപോകുകയാണ്. സ്വര്‍ഗത്തിലിരുന്ന് മനുഷ്യരാശിക്ക് പ്രകാശത്തിന്റെ വഴികള്‍ അനുഭവപ്പെടുത്തുന്ന മകനും ആ മകന്റെ അമ്മയും. ഇത് താരതമ്യങ്ങളില്ലാത്ത അതിവിസ്മയകരമായ അനുഗ്രഹത്തിന്റെ വേദപാഠം. ആ അമ്മയുടെ അനുഗ്രഹത്തോടെ രക്ഷകനായ പുത്രനോട് നാം അനുഗ്രഹം പ്രാര്‍ത്ഥിക്കുന്നു. അമ്മയുടെ മധ്യസ്ഥം നമുക്ക് ജീവന്റെ രക്ഷ ഉറപ്പു നല്‍കുന്നു.
‘പരിശുദ്ധ ദൈവമാതാവേ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.’
കാലത്തിന്റെ മനുസില്‍ മുഴങ്ങുന്ന മനോഹരപ്രാര്‍ത്ഥനാരീതി.

ഡോ. ജോര്‍ജ് ഓണക്കൂര്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?