Follow Us On

29

November

2020

Sunday

പരിശുദ്ധ കന്യാമറിയം സമര്‍പ്പണത്തിന്റെ സാക്ഷ്യകൂടാരം

പരിശുദ്ധ കന്യാമറിയം സമര്‍പ്പണത്തിന്റെ സാക്ഷ്യകൂടാരം

നോമ്പുനോറ്റ് വ്രതവിശുദ്ധികളോടെ നമ്മള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആഘോഷിക്കുകയാണ്. എല്ലാ നോമ്പുകളും സ്‌നേഹത്തില്‍നിന്നും ഉരുവാകുന്ന ത്യാഗങ്ങളാണ്. പരിശുദ്ധ അമ്മ നമ്മള്‍ക്കെന്നും ഏറെ പ്രിയപ്പെട്ടവളായതുകൊണ്ടാണ് അമ്മയുടെ ജനനത്തിനും വേര്‍പാടിനും തിരുനാള്‍ ആഘോഷിക്കുന്നതും നോമ്പ് നോല്‍ക്കുന്നതും. എട്ടുനോമ്പും പതിനഞ്ച് നോമ്പും ഈ തിരുനാളുകളോടനുബന്ധിച്ചുള്ളതാണല്ലോ. നോമ്പുകള്‍ തിരുനാളിന്റെ പ്രാധാന്യത്തെയും പ്രത്യേകിച്ച് തിരുനാളാഘോഷിക്കുന്ന വ്യക്തിയുടെയും സംഭവത്തിന്റെയും പ്രാധാന്യം നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്.
മറിയത്തിന്റെ പ്രതീകങ്ങള്‍
സഭാപിതാക്കന്മാര്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രതീകങ്ങളായി പഴയ നിയമത്തിലെ പല കാര്യങ്ങളും ചൂണ്ടിക്കാണിക്കുന്നു. പൂര്‍വപിതാവായ യാക്കോബ് ദര്‍ശനത്തില്‍ കണ്ട ഗോവണിയായും (ഉല്‍പത്തി 28:10-14) അഗ്നി ആവസിച്ചിട്ടും എരിഞ്ഞടങ്ങാത്ത മുള്‍പ്പടര്‍പ്പായും (പുറപ്പാട് 3:1-5) അഹറോന്റെ പുഷ്പിച്ച വടിയായും (സംഖ്യ 18:8-10) വാഗ്ദാന പേടകമായും (ജോഷ്വാ 3:14; 4:24) ഗിദയോന്റെ രോമവസ്ത്രമായും (ന്യായാ. 6:36-40) സ്വര്‍ഗീയ സിംഹാസനമായും (ഏശയ്യാ 6:1-3) എസക്കിയേലിന്റെ ദര്‍ശനങ്ങളിലെ പൂട്ടിയ വാതിലായും (എസക്കിയേല്‍ 43:1-4; 44:1) എല്ലാം പരിശുദ്ധ കന്യകാമറിയം വ്യാഖ്യാനിക്കപ്പെടുന്നു. പ്രാര്‍ത്ഥനകളില്‍, പ്രത്യേകിച്ചും ബുധനാഴ്ചകളിലെ യാമപ്രാര്‍ത്ഥനകളില്‍, സീറോ മലബാര്‍ ആരാധനാക്രമത്തിലെ ഈ പ്രതീകങ്ങളെല്ലാംതന്നെ കീര്‍ത്തനങ്ങളായി കടന്നുവരുന്നുണ്ട്.
ഈശോയോട് ചേര്‍ന്ന്
പരിശുദ്ധ കന്യാമറിയത്തെ ഈശോമിശിഹായോട് ചേര്‍ത്തുമാത്രം വിചിന്തനം ചെയ്യുന്ന രീതിയാണ് പൗരസ്ത്യ സഭകളുടേത്. അതുകൊണ്ട് മരിയന്‍ ദൈവശാസ്ത്രം ക്രിസ്തു വിജ്ഞാനീയത്തിലും സഭാവിജ്ഞാനീയത്തിലും ആരാധനക്രമത്തിലും അന്തര്‍ലീനമായി കിടക്കുന്നു. അതുകൊണ്ടുതന്നെ പരിശുദ്ധ അമ്മയുടെ ഐക്കണുകള്‍ ഈശോയിലേക്ക് നയിക്കുന്ന ധ്യാനാനുഭവങ്ങളാണ്.
പൗരസ്ത്യ സഭകളിലെ മാതാവിന്റെ ഐക്കണുകളില്‍ പുത്രനായ മിശിഹായിലേക്ക് കൈചൂണ്ടി നില്‍ക്കുന്ന പരിശുദ്ധ അമ്മയെയാണ് കാണാന്‍ കഴിയുക. ആദ്യകാല സാര്‍വത്രിക സൂനഹദോസുകളും ഈ ഒരു നിലപാടാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് കാണാം.
ദൈവപുത്രനെ സ്തുതിക്കുന്നതിനും മഹത്വപ്പെടുത്തുന്നതിനും പുത്രനില്‍നിന്നും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനും പരിശുദ്ധ കന്യാമറിയത്തിന്റെ സ്മരണയെ ഫലപ്രദമായി സഭ കണ്ടെത്തുന്നു. ഈശോമിശിഹായെ അടുത്ത് അനുഗമിച്ച പരിശുദ്ധ അമ്മ ഈശോയോടുചേര്‍ന്ന് ജീവിക്കാനും പ്രവര്‍ത്തിക്കാനും നമ്മള്‍ക്കെന്നും മാതൃകയാണെന്നും തിരുസഭ എന്നും നമ്മളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഈശോമിശിഹായെ ഒഴിച്ചുനിര്‍ത്തിയുള്ള മാതാവിന്റെ സ്മരണകളും ഭക്താനുഷ്ഠാനങ്ങളും സഭാപാരമ്പര്യത്തിന് വിരുദ്ധവുമാണ്.
”ശിശുവിനെ അമ്മയായ മറിയത്തോടുകൂടെ കണ്ട് മുട്ടിന്മേല്‍ വീണ് ആരാധിച്ചു” (മത്തായി 2:11). യഥാര്‍ത്ഥത്തില്‍ ദൈവപുത്രനായ ഈശോയുടെ മനുഷ്യാവതാര രഹസ്യങ്ങള്‍ ഉള്‍ക്കൊള്ളുവാനും വിശ്വസിച്ചുറപ്പിക്കാനും പ്രഖ്യാപിക്കാനും ഉള്ള നീക്കത്തിന്റെ ഫലമായാണ് സഭയില്‍ പരിശുദ്ധ കന്യാമറിയത്തെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ ആഴപ്പെട്ടത് എന്ന് കാണാം. സാര്‍വത്രിക സഭയിലെ ആദ്യത്തെ നാല് സാര്‍വത്രിക സൂനഹദോസുകളും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. നിഖ്യ (325) കോണ്‍സ്റ്റാന്റിനോപ്പിള്‍ (381) എഫേസൂസ് (431) കാല്‍സിഡോണ്‍ (451) എന്നീ സൂനഹദോസുകളുടെ കാനോനകള്‍ ഇക്കാര്യം വെളിപ്പെടുത്തുന്നു. ദൈവപുത്രനായ ഈശോമിശിഹായില്‍നിന്നും ദൈവത്വവും മനുഷ്യത്വവും വേര്‍തിരിക്കാനാവില്ലെങ്കില്‍ പുത്രന് മനുഷ്യത്വം – മാംസരക്തങ്ങള്‍ – നല്‍കിയ കന്യാമറിയത്തെ ഈശോയില്‍നിന്നും മാറ്റിനിര്‍ത്തി വിചിന്തനം ചെയ്യാനാവില്ലെന്ന കാഴ്ചപ്പാടാണ് ഈ സാര്‍വത്രിക സൂനഹദോസുകളെല്ലാം നല്‍കുന്നത്.
തിരുനാള്‍ ചരിത്രം
ആറാം നൂറ്റാണ്ടില്‍ ജറുസലേമില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ ആചരിച്ചിരുന്നതിന്റെ രേഖകള്‍ ലഭ്യമാണ്. ആറാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ത്തന്നെ പാലസ്തീനായിലും സിറിയയിലുമുള്ള പല പള്ളികളിലും ഓഗസ്റ്റ് 15-ന് മാതാവിന്റെ ദേഹവിയോഗത്തിന്റെ ഓര്‍മ ആചരിക്കാന്‍ തുടങ്ങിയിരുന്നു. 529-ല്‍ നിര്യാതനായ ജറുസലേമിലെ വിശുദ്ധ തിയദോറിന്റെ ചരിത്രത്തില്‍ ഓഗസ്റ്റ് 15-ലെ ഈ തിരുനാളിന്റെ വിവരണമുണ്ട്. ഏഴാം നൂറ്റാണ്ടിലാണ് വിശുദ്ധ സെര്‍ജിയൂസ് ഒന്നാമന്‍ മാര്‍പാപ്പ (687-701) ഓഗസ്റ്റ് 15-നുള്ള പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ പാശ്ചാത്യലോകത്ത് വ്യാപകമാക്കിയത്. 1950-ല്‍ പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പ മറിയത്തിന്റെ സ്വര്‍ഗാരോപണം വിശ്വാസസത്യമായി പ്രഖ്യാപിച്ചു.
ശരീരത്തിന്റെ മഹത്വം
പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണം ശരീരത്തിന്റെ മഹത്വത്തെക്കുറിച്ച് നമ്മളെ ഓര്‍മിപ്പിക്കുന്നുണ്ട്. നമ്മുടെ ശരീരം ദൈവത്തിന്റെ ആലയമാണെന്ന ഓര്‍മപ്പെടുത്തല്‍. അതിനെ ആദരപൂര്‍വം കാണണമെന്ന ബോധ്യം നമുക്ക് തരുന്നു. കൂദാശകളുടെ സ്വീകരണംവഴി നമ്മള്‍ പരിശുദ്ധാത്മാവ് കുടികൊള്ളുന്നവരായിത്തീരുന്നുവെന്ന് പൗലോസ് ശ്ലീഹ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ.
നമ്മളോടുതന്നെ ആദരവ് പുലര്‍ത്താനും ഒപ്പം മറ്റുള്ളവരോട് ആദരവ് പുലര്‍ത്താനും പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗാരോപണത്തില്‍ അടങ്ങിയിരിക്കുന്ന ശരീരത്തിന്റെ ദൈവശാസ്ത്രം നമ്മളോട് പറയുന്നുവെന്നോര്‍ക്കാം.
പരിശുദ്ധ കന്യാമറിയത്തിന്റെ ‘നിന്റെ ഹിതംപോലെ എന്നില്‍ ഭവിക്കട്ടെ’ എന്ന സമര്‍പ്പണം ചരിത്രത്തെ പരിവര്‍ത്തനം ചെയ്യിക്കുക മാത്രമല്ല, ക്രിസ്തീയ ദൈവവിളിയുടെ അര്‍ത്ഥതലങ്ങളെല്ലാംതന്നെ വ്യക്തമാക്കുന്നുവെന്ന് ആദ്യനൂറ്റാണ്ട് മുതല്‍ത്തന്നെ തിരുസഭ തിരിച്ചറിയുന്നുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാണ് 2011-ല്‍ ജര്‍മനിയില്‍വച്ച് ത്രികാലജപം (കര്‍ത്താവിന്റെ മാലാഖ) ദൈവജനത്തോടൊത്ത് ചൊല്ലുമ്പോള്‍ പരിശുദ്ധ അമ്മയുടെ സമര്‍പ്പണത്തോട് നമ്മുടെ എല്ലാവരുടെയും സമര്‍പ്പണം ചേര്‍ത്തുവയ്ക്കാന്‍ പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ ആഹ്വാനം ചെയ്തത്.
”മാതാവിന്റെ സമര്‍പ്പണവും മനുഷ്യവംശത്തിന്റെ രക്ഷയ്ക്കായുള്ള ദൈവികപദ്ധതിയുടെ സമര്‍പ്പണവും ഈശോയുടെ കുരിശിന്റെ താഴെ നില്‍ക്കുന്ന നമ്മളെല്ലാം യോഹന്നാന്‍ ശ്ലീഹായോടൊപ്പം ഏറ്റെടുത്തുകൊണ്ട് പരിശുദ്ധ കന്യാമറിയത്തോടൊപ്പം തുടരുന്നു” (യോഹന്നാന്‍ 19:27). അതുകൊണ്ടുതന്നെ നമ്മുടെ ക്രിസ്തീയ ജീവിതം സഫലമാകുന്നത് പരിശുദ്ധ അമ്മയോടൊത്ത് സമര്‍പ്പണത്തിന്റെ ഭാഗമാകുമ്പോഴാണ്.

ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?