Follow Us On

29

November

2020

Sunday

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ

കാലിത്തൊഴുത്ത് മുതല്‍ കാല്‍വരി വരെ

വീട്ടുമുറ്റത്തെ കല്ലില്‍ അലക്കിയെടുത്ത തുണികള്‍ പിഴിഞ്ഞ് അയയില്‍ ഉണങ്ങാനിടുന്ന ഒരു യുവതി…
അല്ലെങ്കില്‍ വീട്ടിനകത്തെ ഏകാന്തതയില്‍ പ്രാര്‍ത്ഥനയില്‍ സ്വയം മറന്നിരിക്കുന്ന ഒരു യുവതി…
അഥവാ കാറ്റത്തിളകുന്ന നേര്‍ത്ത വെള്ളത്തുണിയാല്‍ ശിരസ് മറച്ച് താഴ്‌വര കടന്ന് കുന്നിന്‍ മുകളിലെ ദൈവാലയത്തിലേക്ക് പോകുന്ന യുവതി. അത് മറിയമാണെന്ന് സങ്കല്‍പിക്കാം.
അവളുടെ കാതില്‍ ആകാശവീഥികളില്‍നിന്ന് ഒരു സന്ദേശം മുഴങ്ങിക്കേള്‍ക്കുന്നു.
”പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും. അത്യുന്നതന്റെ ശക്തി നിന്നില്‍ ആവസിക്കും. നീ ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.”
ഏതോ വരപ്രസാദത്താല്‍ അത് ഗബ്രിയേല്‍ ദൂതന്‍ നല്‍കുന്ന ദൈവവചനമാണെന്ന് അവള്‍ തിരിച്ചറിഞ്ഞു.
വിനയവും കുലീനതയുംകൊണ്ട് അനുഗ്രഹിക്കപ്പെട്ട ആ യുവതി അറിയാതെ നടുങ്ങിപ്പോകുന്നു. അവളുടെ ഹൃദയം ചോദിച്ചു: ”ഇതെങ്ങനെ സംഭവിക്കും? ഞാന്‍ പുരുഷനെ അറിയുന്നില്ലല്ലോ?”
ഗബ്രിയേല്‍ ദൂതന്റെ വാക്കുകളിലെ രഹസ്യം അവള്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു.
പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും എന്നാണ് സന്ദേശം.
ദൈവഹിതം അങ്ങനെയെങ്കില്‍ അതൊരു ദൈവാനുഗ്രഹമാണെന്ന് തിരിച്ചറിയാന്‍ മറിയത്തിന് എളുപ്പം കഴിഞ്ഞു.
”ഇതാ, ഞാന്‍ കര്‍ത്താവിന്റെ ദാസി! നിന്റെ വചനംപോലെ എനിക്ക് ഭവിക്കട്ടെ.”
ആ നിമിഷംതൊട്ട് തുടങ്ങിയതാണ് മറിയത്തിന് ജീവിതത്തെ സംബന്ധിച്ച ഉല്‍ക്കണ്ഠകള്‍. തന്റെ ജീവിതം എങ്ങനെയായിത്തീരാന്‍ പോകുന്നു!
ബേത്‌ലഹെമിലെ കാലിത്തൊഴുത്തില്‍ ഉണ്ണിയേശു പിറന്ന നിമിഷങ്ങളില്‍ ആകാശങ്ങളില്‍നിന്ന് ദേവദൂതന്മാരുടെ മംഗളഗീതങ്ങള്‍ അവള്‍ കേട്ടു. ആകാശത്തില്‍ ഉദിച്ച ഒരു നക്ഷത്രത്തിന്റെ തിളക്കം ആകാശഭൂമികകളെ ദിവ്യവെളിച്ചംകൊണ്ട് നിറയ്ക്കുന്നതും അവള്‍ കണ്ടു. എല്ലാം നിമിഷനേരത്തേക്ക്.
പിന്നെ ഹേറോദേസിന്റെ കല്‍പന കേട്ട് ഞെട്ടി. തന്റെ പൊന്നോമനപുത്രനെ മാറോടടക്കിപ്പിടിച്ച് ജോസഫ് തെളിക്കുന്ന കഴുതയുടെ പുറത്തേറി ഈജിപ്തിലേക്ക്. യാതനയുടെ ദീര്‍ഘദൂരങ്ങള്‍ അവളെ കാത്തിരിക്കുന്നു.
യേശു പലസ്തീനിലും മറ്റും പരസ്യശുശ്രൂഷ തുടങ്ങിയതില്‍ പിന്നെ മറിയം മനഃസ്വസ്ഥത എന്തെന്ന് അറിഞ്ഞിട്ടുണ്ടോ? തന്റെ പുത്രന്‍ ഇപ്പോള്‍ എവിടെ ആയിരിക്കും? ആരുടെകൂടെ ആയിരിക്കും? അവന് ശത്രുക്കളുണ്ടോ? അവന്റെ ശത്രുക്കള്‍ വഴിയില്‍ അവനെ കാത്തിരിക്കുന്നുണ്ടോ?
അവന്‍ പരിശുദ്ധാത്മാവിനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണെങ്കിലും ശത്രുക്കള്‍ക്ക് അതറിയില്ലല്ലോ. രോഗികളെയും പാപികളെയും ദുര്‍ബലരെയും അനാഥരെയും പരദേശികളെയും പരിരക്ഷിച്ച് നടക്കുന്നതിനിടയില്‍ എവിടെയെങ്കിലും അവന് ഇടര്‍ച്ച സംഭവിക്കുമോ? അവന്റെ കൂടെ ആരാണുള്ളത്? അവന് തുണയായി ആരാണുള്ളത്? മീന്‍പിടുത്തക്കാരും ഫരിസേയരുമൊക്കെ കാവലുണ്ടെങ്കിലും ആ അമ്മയുടെ മനസ് അങ്ങനെ എപ്പോഴും ആകുലപ്പെടുന്നു.
ആ ആകുലതകള്‍ക്കെന്നാണ് ഒരവസാനം?
പീലാത്തോസിന്റെ ന്യായപീഠത്തിന് മുമ്പില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന മകന്റെ മുഖം എത്രമേല്‍ നിസംഗമായിരുന്നു! അവന് എവിടുന്ന് കിട്ടി ഈ സഹനശക്തി, ദൈവകൃപയില്‍നിന്നല്ലാതെ?
ഒടുവില്‍ അവനെ ക്രൂശിക്ക…. ബറാബാസിനെ വിട്ടുതരിക എന്ന് ജനങ്ങള്‍ കൂവിയാര്‍ക്കുമ്പോള്‍ ആ അമ്മ അനുഭവിച്ച ആത്മദുഃഖത്തെ എങ്ങനെ അളക്കും?
കൂറ്റന്‍ കുരിശും വഹിച്ച് കാല്‍വരിയിലേക്കുള്ള ഇടുങ്ങിയ വഴിയേ വേച്ചു വേച്ചു നടക്കുമ്പോള്‍ യേശുവിന്റെ വേദന സഹിച്ചത് യേശുവല്ല, അവന്റെ അമ്മയാണ്.
ആള്‍ക്കൂട്ടത്തിനിടയില്‍ കരച്ചിലടക്കിക്കൊണ്ട് അമ്മ നില്‍ക്കുന്നുണ്ടായിരുന്നല്ലോ അവിടെ.
എന്റെ മകന് പകരം എന്നെ കുരിശില്‍ തറയ്‌ക്കെന്ന് ആ അമ്മ എത്ര പ്രാവശ്യം നെഞ്ചത്തടിച്ച് വിലപിച്ചിട്ടുണ്ടാകണം!
ക്രൂശിതനായ ക്രിസ്തുവിന്റെ അരികെ വേദന കടിച്ചിറക്കിക്കൊണ്ട് ക്രിസ്തുവിന്റെ പ്രാണവേദന കണ്ടുനില്‍ക്കേണ്ടി വന്ന ഒരമ്മ…
‘എന്റെ ദൈവമേ, എന്റെ ദൈവമേ… കഴിയുമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്നും അകറ്റിത്തരണമേ’ എന്ന് യേശു നിലവിളിക്കുമ്പോള്‍ ആ അമ്മ ഭൂമിയില്‍ കുനിഞ്ഞിരുന്ന് പൊട്ടിക്കരഞ്ഞിട്ടുണ്ടാകണം.
മകന്റെ ആ കുരിശുമരണം കണ്ടുനില്‍ക്കേണ്ടി വരുന്ന ഒരമ്മ…
”നിന്റെ ഹൃദയത്തിലൂടെ ഒരു വാള്‍ കടന്നുപോകുമെന്ന് ദൈവം വിധിച്ചത് അങ്ങനെ നിവൃത്തിയായി.
പക്ഷേ, ആ വാള്‍ ഏതെങ്കിലുമൊരു പടയാളിയുടെ കൈയിലെ വാള്‍പോലെയുള്ള വാള്‍ ആയിരുന്നില്ല. സഹനത്തിന്റെ വാള്‍. സങ്കടത്തിന്റെ വാള്‍. അങ്ങനെയൊക്കെയാണ് ആ വാളിനെ ഇപ്പോള്‍ ലോകം കാണുന്നത്.
കാലിത്തൊഴുത്ത് മുതല്‍ കാല്‍വരിവരെ ആ അമ്മ മകനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകളും സങ്കടങ്ങളുമായി അവനെ അനുയാത്ര ചെയ്തു. ലോകത്തില്‍ വേറൊരമ്മയെ ഞാനങ്ങനെ കണ്ടിട്ടില്ല.
സ്വര്‍ഗാരോപിതയായ കന്യാമറിയം ശിരസിലണിഞ്ഞിരിക്കുന്ന സ്വര്‍ണമുടിക്കും മകന്‍ കാല്‍വരിയിലേക്കുള്ള യാത്രയില്‍ അണിഞ്ഞ മുള്‍മുടിക്കും തമ്മില്‍ എന്തെങ്കിലും അന്തരമുണ്ടോ?
പാപപങ്കിലമായ ലോകത്തെ തന്റെ കണ്ണീരാലും രക്തത്താലും കഴുകിയെടുക്കുക എന്ന നിയോഗം യേശുവിന്റെ ജീവിതംകൊണ്ട് നിറവേറി. അമ്മ കന്യാമറിയത്തിന്റെ സ്‌നേഹം ആ ജീവിതത്തിനും മരണത്തിനും കാവല്‍നിന്നു. ഗത്‌സെമനില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ യേശു അനുഭവിക്കുന്ന വേദന കണ്ട് താഴ്‌വരയിലെ ദേവദാരുവൃക്ഷത്തിന് ഹൃദയം പൊട്ടി. ആ മരം രണ്ടായി പിളര്‍ന്നു. മറ്റ് മരങ്ങള്‍ ഇലകള്‍ പൊഴിച്ച് കരഞ്ഞു.
കന്യകാമറിയത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അമ്മ നഷ്ടപ്പെട്ട എനിക്ക് കന്യകാമറിയം കാവലുണ്ടെന്ന് തോന്നിപ്പോകുന്നു.

പെരുമ്പടവം ശ്രീധരന്‍

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?