Follow Us On

24

August

2019

Saturday

ഞാന്‍ അവനില്‍ വിശ്വസിക്കാന്‍ അവന്‍ ആരാണ് ?

ഞാന്‍ അവനില്‍ വിശ്വസിക്കാന്‍  അവന്‍ ആരാണ് ?

യേശു ഒരു അന്ധന് കാഴ്ച നല്‍കുന്ന സംഭവവും അതിന്റെ അനന്തര ഫലങ്ങളുമാണ് യോഹന്നാന്‍ 9:1-12, 35-38 വചനങ്ങളില്‍ വിവരിച്ചിരിക്കുന്നത്. യേശു നിലത്ത് തുപ്പി, തുപ്പല്‍കൊണ്ട് ചെളിയുണ്ടാക്കി, ആ ചെളി അന്ധന്റെ കണ്ണുകളില്‍ പൂശി, എന്നിട്ട് സീലോഹ കുളത്തില്‍ പോയി കഴുകുവാന്‍ പറഞ്ഞു. ആ മനുഷ്യന്‍ പോയി കഴുകി, കാഴ്ചയുള്ളവനായി തിരിച്ചുവന്നു. ഈ സംഭവത്തോട് പല ആളുകള്‍ പ്രതികരിച്ചത് പലവിധത്തിലാണ്. അദ്ദേഹത്തെ അറിയാമായിരുന്ന ചിലര്‍ പറഞ്ഞു: ഇവനല്ലേ അവിടെയിരുന്ന് ഭിക്ഷ യാചിച്ചിരുന്നത്? മറ്റു ചിലര്‍ അത് ശരിവച്ചു. വേറൊരു കൂട്ടര്‍ പറഞ്ഞു: അല്ല, അത് ഇവനല്ല, ഇവന്‍ അവനെപ്പോലെ ഇരിക്കുന്നതേ ഉള്ളൂ. ഒരു സാബത്ത് ദിവസമാണ് യേശു ഈ മനുഷ്യനെ സുഖപ്പെടുത്തിയത്. അതിനാല്‍ ഫരിസേയര്‍ പറഞ്ഞു: യേശു ദൈവത്തില്‍നിന്ന് ഉള്ളവനല്ല; കാരണം അവന്‍ സാബത്ത് അനുസരിക്കുന്നില്ല. അപ്പോള്‍ വേറൊരു കൂട്ടര്‍ പ്രതികരിച്ചു: പാപിയായ ഒരു മനുഷ്യന് എങ്ങനെ ഇത്തരം പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയും? അങ്ങനെ ഈ സംഭവത്തെച്ചൊല്ലി യഹൂദര്‍ക്കിടയില്‍ ഭിന്നത ഉണ്ടായി.
അപ്പോള്‍ അവര്‍ അവന്റെ മാതാപിതാക്കളെ വരുത്തി ചോദ്യം ചെയ്തു. അവര്‍ പറഞ്ഞ മറുപടി ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കള്‍ അവരോട് പറഞ്ഞ കാര്യങ്ങള്‍ ഇവയാണ്: ഒന്ന്, അവന്‍ ഞങ്ങളുടെ മകനാണ്. രണ്ട്, അവന്‍ അന്ധന്‍ ആയിരുന്നു. മൂന്ന്, ഇപ്പോള്‍ അവന് കാഴ്ചശക്തിയുണ്ട്. നാല്, അവന്‍ എങ്ങനെ കാണുന്നുവെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അഞ്ച്, ആരാണ് അവന്റെ കണ്ണുകള്‍ തുറന്നതെന്ന് ഞങ്ങള്‍ക്ക് അറിഞ്ഞുകൂട. ആറ്, അതിനാല്‍ നിങ്ങള്‍ അവനോടുതന്നെ ചോദിക്കുവിന്‍; കാരണം അവന്‍ പ്രായപൂര്‍ത്തിയായ, ഉത്തരം പറയാന്‍ പ്രാപ്തിയുള്ള മനുഷ്യനാണ്. ഏഴ്, അതിനാല്‍ നിങ്ങള്‍ ചോദിച്ചാല്‍ അവന്‍ ഉത്തരം പറയും.
അതിനാല്‍ യഹൂദര്‍ അന്ധനായിരുന്ന മനുഷ്യനെ വീണ്ടും വിളിപ്പിച്ചു. അവര്‍ യേശുവിനെപ്പറ്റി മോശം അഭിപ്രായം അവന്റെ മനസില്‍ ഉണ്ടാക്കാന്‍ ശ്രമം തുടങ്ങി. അവര്‍ പറഞ്ഞു: ദൈവത്തെ മഹത്വപ്പെടുത്തുക. ആ മനുഷ്യന്‍ (യേശു) പാപിയാണെന്ന് ഞങ്ങള്‍ക്ക് അറിയാം. അപ്പോള്‍ ഈ മനുഷ്യന്‍ എങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തണം എന്നാണവര്‍ ആവശ്യപ്പെട്ടത്? യേശു ചെയ്ത അത്ഭുതം എടുത്തുപറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്താനല്ല അവര്‍ പറഞ്ഞത്.
യേശുവിനെ തള്ളിപ്പറഞ്ഞുകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്തുവാനാണ് അവര്‍ അവനെ പ്രേരിപ്പിച്ചത്. എന്നാല്‍ അവരുടെ ആഗ്രഹത്തോട് കാഴ്ച കിട്ടിയ മനുഷ്യന്‍ സഹകരിച്ചില്ല. അദ്ദേഹം ഒരു നിഷ്‌ക്കളങ്കന്‍ ആയിരുന്നുവെന്ന് മനസിലാക്കാം. തനിക്ക് കാഴ്ച കിട്ടിയ കാര്യങ്ങള്‍ വിശദീകരിക്കുവാന്‍ അവര്‍ ആവശ്യപ്പെട്ടപ്പോള്‍, അവര്‍ യേശുവിന്റെ ശിഷ്യരാകാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ആ മനുഷ്യന്‍ വിചാരിച്ചത്. നിങ്ങളും അവന്റെ ശിഷ്യരാകാന്‍ ആഗ്രഹിക്കുന്നുവോ എന്ന് കാഴ്ച ലഭിച്ചവന്‍ നേതാക്കളോട് ചോദിച്ചത് അതുകൊണ്ടാണ്. യേശു പാപിയാണെന്ന് തന്നെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചവരെ ദൈവശാസ്ത്രം ഉപയോഗിച്ച് ഈ മനുഷ്യന്‍ തിരുത്തുകയാണ്. അദ്ദേഹം പറഞ്ഞു: ദൈവം പാപികളുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നില്ല എന്ന് നമുക്കറിയാം. എന്നാല്‍ ദൈവത്തെ ആരാധിക്കുകയും അവന്റെ ഇഷ്ടം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്റെ പ്രാര്‍ത്ഥന ദൈവം ശ്രവിക്കുന്നു
ഇനി നമുക്ക് ധ്യാനിക്കാവുന്ന ചില കാര്യങ്ങളിലേക്ക് കടക്കാം. ഒന്ന്, തന്റെ വിശ്വാസത്തിന് ആരുടെ മുമ്പിലും സാക്ഷ്യം നല്‍കുവാന്‍ ഈ പാവം മനുഷ്യന്‍ മടി കാണിക്കുന്നില്ല. യേശുവിനെപ്പറ്റി ഈ മനുഷ്യന് കാര്യമായി ഒന്നും അറിയുകയില്ല. കാരണം അന്ധയാചകന്‍ ആയിരുന്നു. പക്ഷേ ഈ സംഭവത്തിലൂടെ ദൈവം കൂടെയുള്ള, അതിനാല്‍ പ്രത്യേക സിദ്ധികള്‍ ഉള്ള ഒരാളാണ് യേശു എന്ന് അയാള്‍ മനസിലാക്കി. തന്നെയുമല്ല. സംഭവങ്ങള്‍ നടക്കുമ്പോഴും ഈ മനുഷ്യന്‍ യേശുവിനെ കണ്ണുകള്‍കൊണ്ട് കണ്ടിട്ടില്ല. അന്ധനായിരിക്കുമ്പോഴാണ് യേശു ചേറ് പുരട്ടി സിലോഹയില്‍ പോയി കഴുകുവാന്‍ പറഞ്ഞത്. കാഴ്ച കിട്ടിയശേഷം യേശുവിനെ കാണാന്‍ ശ്രമിച്ചുമില്ല എന്നതും നാം ശ്രദ്ധിക്കണം.
ഈ സംഭവങ്ങളെല്ലാം കഴിഞ്ഞപ്പോള്‍ മതനേതാക്കള്‍ അവനെ പുറത്താക്കി. ഇത് യേശു അറിഞ്ഞു. അതിനാല്‍ അവനെ കണ്ടപ്പോള്‍ യേശു ചോദിച്ചു: മനുഷ്യപുത്രനില്‍ നീ വിശ്വസിക്കുന്നുവോ? അവന്‍ ചോദിച്ചു: ഞാന്‍ അവനില്‍ വിശ്വസിക്കേണ്ടതിന് അവന്‍ ആരാണ്? അതായത് യേശു തന്നെ സുഖപ്പെടുത്തിയിട്ടും യേശു ദൈവമാണെന്ന് അയാള്‍ മനസിലാക്കിയിട്ടില്ല. യേശു പറഞ്ഞു: നിന്നോട് സംസാരിക്കുന്ന ഞാന്‍തന്നെയാണ് മനുഷ്യപുത്രന്‍. ഉടനെ ഈ മനുഷ്യന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ വിശ്വസിക്കുന്നു.
നമ്മുടെ ജീവിതത്തിലേക്ക് വരാം. യേശുവില്‍നിന്ന് എന്തുമാത്രം അനുഗ്രഹങ്ങളാണ് നമുക്ക് ലഭിച്ചിരിക്കുന്നത്. പക്ഷേ നമ്മള്‍ പലപ്പോഴും അത് തിരിച്ചറിയുന്നില്ല. അന്ധനായിരുന്നിട്ട് കാഴ്ച കിട്ടിയത് ദൈവാനുഗ്രഹമായി നാം കാണുന്നു. എന്നാല്‍ കാഴ്ചയുള്ളവനായി ജനിച്ചതിനും ഇപ്പോഴും കാണുന്നതിനും പിന്നില്‍ ദൈവാനുഗ്രഹം നമ്മള്‍ കാണാറില്ല. രോഗം വന്ന് മരണത്തോളം എത്തി സുഖപ്പെട്ടാല്‍ ദൈവം ഇടപെട്ടതായി നാം കരുതും. എന്നാല്‍ ഒരു രോഗവും ഇല്ലാതെ സംരക്ഷിച്ചാല്‍, അവിടെ ദൈവാനുഗ്രഹം കാണുന്നില്ല. കടബാധ്യത ദൈവാനുഗ്രഹത്താല്‍ വീട്ടിയാല്‍ ദൈവാനുഗ്രഹം കണ്ടെന്നുവരും. എന്നാല്‍ ഒരിക്കലും കടം ഉണ്ടാകാതെയും സാമ്പത്തികസുസ്ഥിതിയിലും ദൈവം പരിരക്ഷിച്ചാല്‍ ദൈവാനുഗ്രഹം കാണണം എന്നില്ല. ഓരോരുത്തര്‍ക്കും ജീവിതത്തില്‍ ദൈവം ചെയ്ത എണ്ണമറ്റ അനുഗ്രഹങ്ങള്‍ അവര്‍ക്ക് ബോധ്യപ്പെട്ടിരുന്നെങ്കില്‍ എല്ലാവരും ദൈവത്തില്‍ വിശ്വസിക്കുകയും ദൈവത്തെ പ്രണമിക്കുകയും ചെയ്യുമായിരുന്നു. അനുഗ്രഹങ്ങള്‍ മനുഷ്യര്‍ പ്രാപിക്കുന്നു; എന്നാല്‍ അന്ധനെപ്പോലെ അനുഗ്രഹദാതാവിനെ തിരിച്ചറിയുന്നില്ല. ഇതാണ് അനേകരുടെ പ്രശ്‌നം. അനുഗ്രഹദാതാവിനെ തിരിച്ചറിയാനും പ്രണമിക്കാനും കൃപ കിട്ടിയ നമ്മള്‍ ഭാഗ്യവാന്മാരല്ലേ?

ഫാ. ജോസഫ് വയലില്‍ CMI

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?