Follow Us On

08

July

2020

Wednesday

അതിജീവനത്തിന്റെ മാതൃകാ പാഠങ്ങള്‍

അതിജീവനത്തിന്റെ  മാതൃകാ പാഠങ്ങള്‍

1924 ലെ പ്രളയത്തിന് ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തത്തിനാണ് 2018 ല്‍ കേരളം സാക്ഷ്യം വഹിച്ചത്. സമകാലിക കേരള സമൂഹം ദര്‍ശിച്ച മഹാപ്രളയം നാടിനെ കടന്നു പോയിട്ട് ഒരു വര്‍ഷം. സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ പ്രസ്തുത ദുരന്തം വരുത്തിവച്ച ആഘാതം, ആ ദുരന്തത്തോടുള്ള സമൂഹത്തിന്റെ പ്രതികരണം, ദുരന്തത്തിലൂടെ സമൂഹത്തിനു ലഭിച്ച മുന്നറിയിപ്പുകള്‍, ദുരന്തം വഴി സമൂഹം നേടിയെടുത്ത തിരിച്ചറിവുകള്‍ എന്നിവയൊക്കെ ഈ ദുരന്തം അവശേഷിപ്പിച്ച അടയാളങ്ങളില്‍ പെടുന്നവയോ പെടേണ്ടവയോ ആണ്.
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി ഏതൊരു ദുരന്തമുഖത്തും നല്ല സമരിയക്കാരന്റെ മുഖവും ദൗത്യവുമായി അടിയന്തിര ശുശ്രുഷയ്ക്കായി പ്രാദേശിക രൂപത സംവിധാനത്തിനൊപ്പം ഓടിയെത്തുന്ന കാരിത്താസ് ഇന്ത്യ കേരളത്തിലെ മഹാപ്രളയത്തിലും തനതു ശൈലിയുമായി കാഴ്ചവച്ച പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സമരിയക്കാരന്റെ മുഖമുള്ള അടിയന്തിര ജീവകാരുണ്യ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മാത്രമല്ല മറ്റുള്ളവരുടെയും സഹായം സ്വീകരിച്ചുകൊണ്ട് ദുരിതബാധിതരെ പുതുജീവിതത്തിലേക്കു കൈപിടിച്ചു കയറ്റുവാന്‍ സത്രക്കാരന്റെ വേഷപ്പകര്‍ച്ചയോടെ അതിജീവന പുനരധിവാസ പ്രവര്‍ത്തനങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷക്കാലമായി കാരിത്താസ് ഇന്ത്യ വ്യാപൃതരായിരുന്നു. ജനപങ്കാളിത്തത്തോടെ നടത്തിയ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ അടുത്ത പടിയായി ദുരന്തങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കുന്ന സമൂഹ നിര്‍മിതി എന്ന ലക്ഷ്യവുമായി മുന്നേറുകയാണ് കാരിത്താസ് ഇന്ത്യ.
മഹാപ്രളയത്തിലെ സമാശ്വാസം
മഹാപ്രളയം താണ്ഡവമാടിയപ്പോള്‍ കേരളത്തിലെ 13 ജില്ലകളിലും കാരിത്താസ് ഇന്ത്യ രൂപതാ സൊസൈറ്റികള്‍ വഴി കാര്യക്ഷമമായ ഇടപെടലുകളാണ് നടത്തിയത്. തകര്‍ന്നവരേയും, തളര്‍ന്നവരെയും ദുരിതത്തിലും ദുരന്തത്തിലും പെട്ട് സര്‍വ്വസ്വവും നഷ്ടപ്പെട്ട് പ്രകൃതിയുടെ വിക്രിയകള്‍ക്ക് മുന്‍പില്‍ പകച്ച് നിന്നവരെയും ഒപ്പം ചേര്‍ത്ത് നിര്‍ത്തി സാന്ത്വനത്തിന്റേയും സ്‌നേഹത്തിന്റെയും നീരുറവകളിലൂടെയാണ് കാരിത്താസ് ഇന്ത്യ പ്രതിരോധം തീര്‍ത്തത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രളയബാധിത മേഖലകളിലെല്ലാം എത്തിചേരാന്‍ കഴിഞ്ഞു.
കാരിത്താസ് ഇന്ത്യ വിഭാവനം ചെയ്ത് കേരളത്തില്‍ വിജയകരമായി നടപ്പിലാക്കി വരുന്ന ആശാ കിരണം കാന്‍സര്‍ സുരക്ഷ യജ്ഞത്തിന്റെ 29,000 പരിശീലനം സിദ്ധിച്ച സന്നദ്ധ പ്രവര്‍ത്തകര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളികളായി.
ആഹാരവും വെള്ളവും വസ്ത്രവുമില്ലാതെ വലഞ്ഞ മനുഷ്യര്‍ക്ക് ആദ്യഘട്ടത്തില്‍ അവശ്യവസ്തുക്കള്‍ എത്തിച്ചു നല്‍കാനും പ്രളയം ഒന്നുകുറഞ്ഞ ഘട്ടത്തില്‍ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരികെ പോയവര്‍ക്ക് ആരോഗ്യ ശുചിത്വ സംരക്ഷണ കിറ്റുകളും, ഗൃഹോപകരണങ്ങള്‍ അടങ്ങിയ അവശ്യസാധന കിറ്റുകളും നല്‍കാനും ശ്രദ്ധിച്ചു. വയനാട് ജില്ലയിലെ മലയോര മേഖലയില്‍ ആദിവാസി സമൂഹത്തിന് 10,785 കിറ്റുകള്‍ നല്‍കി. ബാക്കി മേഖലകളിലായി 14,578 കിറ്റുകളും നല്‍കി. 7500 രൂപ വിലവരുന്ന കിറ്റുകളാണ് ഓരോ കുടുംബങ്ങള്‍ക്കും ലഭ്യമാക്കിയത്. കൂടാതെ ദുരന്തമുഖത്തെ ജനങ്ങളുടെ ആരോഗ്യ ശുചിത്വ സംരക്ഷണ പ്രവര്‍ത്തനങ്ങളിലും കൃത്യമായ ഇടപെടല്‍ നടത്തി.
പ്രളയം രൂക്ഷമായി ബാധിച്ച മേഖലകളിലെ 5000 കുട്ടികള്‍ക്ക് ബേബി കിറ്റുകള്‍, വാഷ് കിറ്റുകള്‍, പഠന സാമഗ്രികള്‍ എന്നിവ നല്‍കിയതിനൊപ്പം പ്രളയത്തിന്റെ രൂക്ഷത അനുഭവിച്ച കുട്ടികള്‍ക്ക് മാനസിക സന്തോഷം നല്‍കുന്ന കേന്ദ്രങ്ങളുടെ നിര്‍മ്മാണവും നടത്തി. സംസ്ഥാന ഗവണ്‍മെന്റിന്റെ സമഗ്ര ശിശു സംരക്ഷണ പദ്ധതിയായ ഐ.സി.ഡി.എസ് പദ്ധതിയുമായി ചേര്‍ന്നാണ് സൗഹൃദ കേന്ദ്രങ്ങള്‍ നിര്‍മിച്ചത്.

ആശാ കിരണം
പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിലെ 13 ജില്ലകളിലും ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് അതിജീവന്‍ പദ്ധതി കാരിത്താസ് ഇന്ത്യ നടപ്പിലാക്കിയത്. മലയാള മക്കള്‍ക്ക് അതിജീവനത്തിനുള്ള വഴി കാണിച്ച് കൊടുത്ത് കാരിത്താസ് ഇന്ത്യ മാതൃകകള്‍ സൃഷ്ടിച്ചു. ദുരന്തബാധിത ഗ്രാമങ്ങളിലെ അര്‍ഹരായ കുടുംബങ്ങളെ കണ്ടെത്തുവാനും ഓരോ കുടുംബങ്ങളുടേയും നഷ്ടത്തിന്റെ തീവ്രത കണ്ടുപിടിക്കുവാനും അതാത് രൂപത സൊസൈറ്റികളുടെ നേതൃത്വത്തില്‍ സര്‍വ്വേയും പഠനങ്ങളും നടത്തി ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അതിജീവന്‍ പദ്ധതിയില്‍ അഞ്ച് മേഖലകള്‍ തിരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഉള്‍ക്കൊള്ളിച്ചത്.

0 ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ / ടോയ്‌ലറ്റ് നിര്‍മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍

പരമ്പരാഗത ജീവന, വികസന ശേഷി പ്രവര്‍ത്തനങ്ങളുടെ പുനരുദ്ധാരണം

ദുരന്തങ്ങളെ തടയുന്നതിനുള്ള കാര്യക്ഷമത പരിപോഷണ പ്രവര്‍ത്തനങ്ങള്‍

സാമ്പത്തിക പിന്തുണയും ഭക്ഷ്യേതര കിറ്റുകളുടെ വിതരണം

ഗവണ്മെന്റ് ഇതര സംഘടനകളുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിങ്ങനെ തലങ്ങളിലായാണ് പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചത്.

കൂടാതെ വിതരണ കമ്മറ്റി, പരിഹാര കമ്മിറ്റി എന്നിവയെ ഓരോ വാര്‍ഡിലും ജനപങ്കാളിത്തത്തോടെ തെരഞ്ഞെടുത്തു. കാരിത്താസ് വോളണ്ടിയര്‍മാര്‍ ഓരോ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കു വഹിക്കുന്നു. 940 ഭവന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, 2100 ടോയ്‌ലറ്റുകള്‍ നിര്‍മ്മാണ/പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍, തൊഴിലും വരുമാന മാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ട 8350 കുടുംബങ്ങളില്‍ ജീവിതശേഷി വികസന പദ്ധതികള്‍ എന്നിവയ്‌ക്കൊപ്പം ആരോഗ്യമുള്ള സമുഹത്തിന്റെ നിര്‍മ്മിതി ലക്ഷ്യം വച്ച് വാഷ് കിറ്റുകള്‍ ഓരോ വീടുകളിലും എത്തിക്കുകയും അവ ഉപയോഗിക്കുന്നതിനുള്ള പരിശീലനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ വഴി നല്‍കുകയും ചെയ്തു. പ്രകൃതിയുടെയും പ്രകൃതി വിഭവങ്ങളുടെയും സംരക്ഷണ പദ്ധതികളും അതിജീവനില്‍പ്പെടുന്നു. നീര്‍ത്തട പദ്ധതികളുടെ സംരക്ഷണം, കുളങ്ങളുടെയും കിണറുകളുടെയും സംരക്ഷണം, കൈത്തോടുകള്‍, ചാലുകള്‍, അരുവികള്‍ എന്നിവയുടെ സംരക്ഷണം, സംരക്ഷണഭിത്തി നിര്‍മ്മിക്കല്‍ എന്നിങ്ങനെ പ്രകൃതി വിഭവങ്ങളുടെ പരിപാലന പദ്ധതികള്‍ നടപ്പിലാക്കി. 60 കുളങ്ങള്‍ നവീകരിച്ചു. 485 കിണറുകള്‍ നവീകരിച്ചു. 280 കിണറുകളില്‍ ജല പരിശോധന നടത്തി. കൂടാതെ കുടിവെള്ള പ്രശ്‌നം ഏറ്റവും രൂക്ഷമായി ബാധിച്ച ആലപ്പുഴ ജില്ലയിലെ പ്രദേശങ്ങളില്‍ ടാങ്കുകള്‍ സ്ഥാപിച്ച് ശുദ്ധജലം ലഭ്യമാക്കി. വാട്ടര്‍ പ്യൂരിഫയര്‍ വിതരണവും നടത്തി. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം കൃഷി സ്ഥലം നഷ്ടപ്പെട്ട 400 കുടുംബങ്ങള്‍ക്ക് കൃഷി സ്ഥലം ഒരുക്കി നല്‍കുവാനും അതിജീവന്‍ പദ്ധതിയിലൂടെ സാധിച്ചു.
എക്കോ പ്രോഗ്രാം
യൂറോപ്യന്‍ യൂണിയന്റെ സഹകരണത്തോടെ നടപ്പിലാക്കിയ എക്കോ പദ്ധതിയുടെ ഭാഗമായി എറണാകുളം, ആലപ്പുഴ ജില്ലകളിലെ 6 പഞ്ചായത്തുകളിലെ 7917 വീടുകളില്‍ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 2744 കുടുംബങ്ങള്‍ക്ക് പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നല്‍കി. 3330 രുപ മൂല്യമുള്ള ഭക്ഷ്യേതര കിറ്റുകള്‍ 2721 കുടുംബങ്ങളില്‍ നല്‍കി. 220 ടോയ്‌ലറ്റുകളുടെ നവീകരണം, 100 കിണറുകളുടെ നവീകരണം, 100 കിണറുകളിലെ ജല പരിശോധന, ആലപ്പുഴ ജില്ലയിലെ എല്ലായിടത്തും കുടിവെള്ള വിതരണം എന്നിവ പ്രോഗ്രാം വഴി നടപ്പിലാക്കി.
ഇവ കൂടാതെ മലയാള നാടിനോടുള്ള കരുതലും സ്‌നേഹവും വിവിധ നാടുകളില്‍ നിന്ന് കടല്‍ കടന്നെത്തിയപ്പോള്‍ ഒട്ടേറെ പദ്ധതികള്‍ക്ക് ജീവന്‍ പകരാനായി. ഇടുക്കി ജില്ലയിലെ 5 പഞ്ചായത്തുകളില്‍ 17 വില്ലേജുകളിലായി 44 ആദിവാസി കുടികളിലെ 3930 കുടുംബങ്ങളില്‍ അതിജീവനത്തിനായുള്ള പദ്ധതികള്‍ നടപ്പാക്കിയതും 811 കുടുംബങ്ങളില്‍ 10,000 രൂപ വീതം സാമ്പത്തിക സഹായം നല്‍കിയതും 1980 കുടുംബങ്ങളില്‍ ഭക്ഷ്യേതര കിറ്റുകള്‍ വിതരണം ചെയ്തതും അര്‍ഹതപ്പെട്ട മറ്റു 1139 കുടുംബങ്ങളില്‍ 1500 രൂപ വീതം സാമ്പത്തിക പിന്തുണ നല്‍കിയതുമൊക്കെ അവയില്‍ ചിലതാണ്.

കാരിത്താസ് ഗ്രാമങ്ങള്‍
പ്രളയാനന്തര കേരളത്തിന് കരുത്ത് പകര്‍ന്ന് കാരിത്താസ് ഇന്ത്യ നടത്തിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരളത്തില്‍ കാരിത്താസ് ഗ്രാമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. വയനാട് ജില്ലയിലെ പഞ്ചായത്തുകളിലാണ് അതിജീവന പ്രവര്‍ത്തനങ്ങളിലൂടെ കാരിത്താസ് ഗ്രാമങ്ങള്‍ പിറന്നത്. വീടുകളുടെ നവീകരണം, ടോയ്‌ലറ്റ് നിര്‍മാണം, കിണര്‍ നവീകരണം, കൃഷിഭൂമി ഒരുക്കല്‍, ജൈവ ക്യഷി പദ്ധതികള്‍, പാരമ്പര്യ ജല സ്രോതസുകളുടെ സംരക്ഷണം, ജീവിതശേഷി വികസന പദ്ധതികള്‍ എന്നിങ്ങനെ ആശയറ്റ മനുഷ്യര്‍ക്ക് പ്രത്യാശയും പ്രതീക്ഷയും നല്‍കി വിവിധ പദ്ധതികള്‍ നടപ്പാക്കിയ പ്രദേശങ്ങളെ കോര്‍ത്തിണക്കിയാണ് കാരിത്താസ് ഗ്രാമങ്ങള്‍ രൂപംകൊണ്ടത്.
അതിജീവനത്തില്‍നിന്നും കിട്ടിയ പാഠങ്ങള്‍, കരുത്ത് പകര്‍ന്ന അനുഭവങ്ങള്‍, ചിന്തകള്‍, കാഴ്ചപ്പാടുകള്‍ എല്ലാം സ്വാംശീകരിച്ചെടുത്ത് കാരിത്താസ് ഇന്ത്യ അതിജീവനത്തിന്റെ തുടര്‍ഘട്ടമായ നവജീവനിലേക്ക് കടക്കുകയാണ്. കഴിഞ്ഞ അരനൂറ്റാണ്ടിന്റെ അനുഭവസമ്പത്ത് ഇതിന് ഏറെ സഹായകരമാണ്.
32 രൂപതാ സൊസൈറ്റികള്‍ വഴി തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളില്‍ നാനാജാതി മതസ്ഥരായ ജനങ്ങള്‍ക്ക് പ്രതീക്ഷയുടെ തിരിനാളം പകര്‍ന്ന് നല്‍കി സുസ്ഥിരമായ വികസനത്തിന്റെ മുന്നൊരുക്കങ്ങള്‍ നടത്തി. പ്രളയത്തിന്റെ അറിവും അനുഭവവും കൂട്ടി ചേര്‍ത്താണ് നവജീവന്‍ വിഭാവനം ചെയ്തിരിക്കുന്നത്.
കേരളത്തിലെ തെരഞ്ഞെടുത്ത 320 ഗ്രാമങ്ങളിലും ശാസ്ത്രീയ പരിശീലനം ലഭിച്ച കര്‍മസമിതികളായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റികളുടെ രൂപീകരണം, സന്നദ്ധ പ്രവര്‍ത്തകരുടെ ക്രോഡീകരണം, ഗ്രാമതല പഠനങ്ങളിലൂടെ, പ്രശ്‌നങ്ങളും സാധ്യതകളും മനസിലാക്കി, ഗ്രാമതല പദ്ധതികള്‍ ആസൂത്രണം ചെയ്യുന്ന കര്‍മ്മനിരതരായ സമൂഹത്തിന്റെ നിര്‍മ്മിതിയാണ് ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ അസമിലും നേപ്പാളിലും മഹാരാഷ്ട്രയിലും പ്രളയബാധിതരുടെ കണ്ണീരൊപ്പാനുള്ള ശ്രമത്തില്‍ വ്യാപൃതരാണ് കാരിത്താസിന്റെ സന്നദ്ധഭടന്മാര്‍. തീവ്ര കാലാവസ്ഥാനുഭവങ്ങള്‍ തുടര്‍ച്ചയാവുകയാണ്. വരള്‍ച്ച, വെള്ളക്ഷാമം, ഉഷ്ണകാലത്തും കടലാക്രമണം, ഓഖി, പിന്നീട് വന്ന മഹാപ്രളയം, പ്രകൃതി മാറുകയാണ്.
പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള മുന്നേറ്റത്തിന്റെയും ചരിത്രം പേറുന്ന ഒരു ജനതയുടെ സുസ്ഥിര വികസനം തന്നെയാണ് നവജീവന്‍ പദ്ധതിയിലൂടെ കാരിത്താസ് ഇന്ത്യ മുന്നോട്ടുവയ്ക്കുന്നത്. അത് പ്രളയ ദുരന്തത്തില്‍ നിന്നുള്ള കരകയറല്‍ മാത്രമല്ല, മറിച്ച് വരാനിരിക്കുന്ന ദുരന്തങ്ങളെയും അവ അനുഭവിക്കാനിടയാകുന്ന തലമുറകളെയും ലക്ഷ്യമിടുന്നു.

 ഫാ. പോള്‍ മൂഞ്ഞേലി

Leave a Comment

Your email address will not be published. Required fields are marked with *

Latest Postss

Don’t want to skip an update or a post?